ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഗുണഭോക്താക്കള്‍ക്ക് പോഷകാഹാരം എത്തിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും കാരണം വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയ സാഹചര്യത്തില്‍ അവിടെ കഴിയുന്ന വനിത ശിശുവികസന വകുപ്പിന്റെ ഗുണഭോക്താക്കള്‍ക്ക് ഐ.സി.ഡി.എസ്. സേവനങ്ങള്‍ എത്തിക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി.
ദുരിതാശ്വാസ ക്യാമ്പിലെ ആളുകളുടെ കണക്കില്‍ നിന്നും 6 വയസില്‍ താഴെയുള്ള കുട്ടികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ പട്ടിക തയ്യാറാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഈ പട്ടിക എല്ലാദിവസവും രാവിലേയും വൈകുന്നേരവും റവന്യൂ വകുപ്പുമായി ഒത്തുനോക്കേണ്ടതാണ്.

ക്യാമ്പ് നടക്കുന്ന കെട്ടിടത്തില്‍ അങ്കണവാടി സേവനങ്ങള്‍ നല്‍കുന്നതിന് ക്യാമ്പിന് സമീപത്ത് പ്രത്യേക സൗകര്യമൊരുക്കുന്നതാണ്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ പ്രത്യേക സൗകര്യമൊരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 

ക്യാമ്പിലുള്ള കുട്ടികളുടെ പോഷക നിലവാരം ഉറപ്പുവരുത്തുന്നതിന് അമൃതം ഉപയോഗിച്ചുള്ള വിഭവങ്ങള്‍ ഒരുനേരമെങ്കിലും നല്‍കേണ്ടതാണ്. കുട്ടികളുടെ തൂക്കം ദിവസവും രേഖപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. ഐ.സി.ഡി.എസ്. സൂപ്പര്‍ വൈസര്‍മാരും സി.ഡി.പി.ഒ.മാരും ക്യാമ്പ് തീരുന്നവരെ നിര്‍ബന്ധമായും ക്യാമ്പുകളില്‍ ഉണ്ടായിരിക്കേണ്ടതാണ്. ഗുണഭോക്താക്കള്‍ക്കുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സില്‍മാരുടെ സേവനം ഉറപ്പു വരുത്തേണ്ടതാണ്. 

പ്രോഗ്രാം ഓഫീസര്‍മാര്‍, സി.ഡി.പി.ഒ.മാര്‍, സൂപ്പര്‍ വൈസര്‍മാര്‍, എന്നിവര്‍ നേരിട്ട് ക്യാമ്പുകള്‍ സന്ദര്‍ശിക്കേണ്ടതും അങ്കണവാടി വഴി ഇവര്‍ക്ക് ലഭിക്കേണ്ടതായ ഭക്ഷ്യവസ്തുക്കള്‍ (അമൃതം ന്യൂട്രിമിക്‌സ്, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് ജനറല്‍ ഫീഡിംഗായി നല്‍കിവരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ) ക്യാമ്പുകളില്‍ എത്തിച്ചു നല്‍കേണ്ടതുമാണ്.

സന്ദര്‍ശന സമയത്ത് ശുചിത്വശീലങ്ങളെ കുറിച്ചും പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും ബോധവല്‍ക്കരണം നടത്തേണ്ടതാണ്. പോഷകാഹാരം വിതരണം നടത്തിയതു സംബന്ധിച്ചും ബോധവല്‍ക്കരണം നടത്തിയതു സംബന്ധിച്ചും ബന്ധപ്പെട്ട പ്രോഗ്രാം ഓഫീസര്‍മാര്‍ റിപ്പോര്‍ട്ടും നല്‍കേണ്ടതാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മഴക്കെടുതികള്‍ നേരിടാന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

പ്രളയത്തെ നേരിടാൻ എല്ലാ സംവിധാനങ്ങളുമൊരുക്കി സംസ്ഥാന സർക്കാർ