പൊതുമേഖല പുത്തന്‍ വിപണനതന്ത്രം ആവിഷ്കരിക്കണം: ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആസ്തിയെ പണമാക്കി മാറ്റുന്നതിനുള്ള വിപണതന്ത്രങ്ങള്‍ ആവിഷ്കരിക്കണമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്.

സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ (കെടിഡിസി) സൗജന്യ താമസവും കുറഞ്ഞ നിരക്കില്‍ ഭക്ഷണവും വാഗ്ദാനം ചെയ്യുന്ന പ്രീമിയം ലൈഫ് മെംബര്‍ഷിപ്പ് കാര്‍ഡ് പദ്ധതി കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇത്തരത്തിലുള്ള നൂതന വിഭവ സമാഹരണത്തിനാണ് പ്രീമിയം ലൈഫ് മെംബര്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നതെന്നും ഇതിന് വ്യാപക പ്രചാരണം നല്‍കുന്നതിലൂടെ  കെടിഡിസിക്ക് സ്വയം പര്യാപ്തത നേടാനാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഗൃഹാതുരമായ അന്തരീക്ഷമാണ് കെടിഡിസിയുടെ എല്ലാ സ്ഥാപനങ്ങളും പ്രദാനം ചെയ്യുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തലസ്ഥാനത്ത് 125 കോടിരൂപയുടേതുള്‍പ്പെടെ  വിനോദസഞ്ചാരമേഖലയുടെ സമഗ്ര വികസനത്തിന്  കേരളത്തിലുടനീളം വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും അവയില്‍ ചിലതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

 പ്രീമിയം ലൈഫ് മെംബര്‍ഷിപ് പദ്ധതിയുടെ വിളംബര പത്രിക ധനമന്ത്രിയും ഉദ്ഘാടന കാര്‍ഡ് ടൂറിസം മന്ത്രിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദിഖ് അഹമ്മദിനു കൈമാറി. മെംബര്‍ഷിപ് തുക ഡോ.സിദ്ദീഖ് അഹമ്മദ് ധനമന്ത്രിക്കും കൈമാറി.

കേരള വിനോദ സഞ്ചാരമേഖലയുടെ മുഖമുദ്രയായ കെടിഡിസി വെല്ലുവിളികളെ നേരിടുന്നതിനും വിപുലീകരിക്കുന്നതിനുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ പറഞ്ഞു.

കെടിഡിസിയുടെ 70 സ്ഥാപനങ്ങളെ കോര്‍ത്തിണക്കിയിരിക്കുന്ന പദ്ധതിയില്‍ വ്യക്തിഗത ആജീവനാന്ത അംഗത്വത്തിന് (കെടിഡിസി എലീറ്റ് എന്‍സെമ്പിള്‍) പത്തു ലക്ഷം രൂപയും സ്ഥാപനങ്ങളുടെ മൂന്നു വര്‍ഷത്തേക്കുള്ള അംഗത്വത്തിന് (കെടിഡിസി കോര്‍പ്പറേറ്റ് കളക്ടീവ്) 15 ലക്ഷം രൂപയുമാണ്  ഫീസായി ഈടാക്കുന്നതെന്ന്  കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ രാഹുല്‍ ആര്‍ പറഞ്ഞു.

സ്ഥാപനങ്ങള്‍ക്ക് കണ്‍വെന്‍ഷനുകളും മീറ്റിംഗുകളും  സംഘടിപ്പിക്കുന്നതിനുള്ള മുഖ്യ അന്തര്‍ദേശീയ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാനും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതനുസരിച്ച് പദ്ധതിയില്‍ അംഗത്വം നേടുന്ന വ്യക്തികള്‍ക്കും  സ്ഥാപനങ്ങള്‍ക്കും  ഹില്‍ സ്റ്റേഷനുകളും  ബിച്ച് റിസോര്‍ട്ടുകളുമടക്കം കെടിഡിസിയുടെ എല്ലാ സ്ഥാപനങ്ങളിലും നിശ്ചിത നിരക്കില്‍ മേല്‍ത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കും. വര്‍ഷത്തിലൊരിക്കല്‍ ഏഴ് രാത്രി സൗജന്യ താമസത്തിനും അവസരം ലഭിക്കും.

ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് (അയാട്ട) സീനിയര്‍ വൈസ് പ്രസിഡന്‍റ്  ഇഎം നജീബ്, കെടിഡിസി   മാര്‍ക്കറ്റിംഗ് മാനേജര്‍ രാജ് മോഹന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ബോട്ട് ഡ്രൈവര്‍മാര്‍ക്കും ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരഗ്രാമം പദ്ധതിക്ക് തുടക്കമായി 

സ്ത്രീകള്‍ക്ക് ആദരവും അംഗീകാരവും സര്‍ക്കാരിന്റെ സാംസ്‌കാരിക പ്രതിബദ്ധത: മുഖ്യമന്ത്രി