പുൽവാമ: പിട്രോഡയുടെ അഭിമുഖം വിവാദമാകുന്നു 

ന്യു ഡൽഹി: സാം പിട്രോഡയുടെ എ എൻ ഐ അഭിമുഖം വിവാദമായി. കോൺഗ്രസ് പാർട്ടിയുടെ ഇന്ത്യൻ ഓവർസീസ് മേധാവിയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായ സാം പിട്രോഡ എ എൻ ഐക്ക് അനുവദിച്ച അഭിമുഖത്തിൽ പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചും ബലാക്കോട്ട്  വ്യോമാക്രമണത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് നൽകിയ മറുപടികളാണ് വിവാദമായത്. 

ഏതാനും തീവ്രവാദികൾ ഇന്ത്യയിൽ വന്നു നടത്തുന്ന ഭീകരാക്രമണത്തിന്റെ പേരിൽ പാകിസ്താനെ ഒന്നടങ്കം കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ബി ജെ പി കോൺഗ്രസിനെ ആക്രമിക്കാനുള്ള ആയുധമാക്കുകയാണ്. 

ആക്രമണത്തെക്കുറിച്ച് തനിക്കു കാര്യമായ അറിവില്ലെന്നും അത് എല്ലാക്കാലത്തും സംഭവിക്കുന്നതാണെന്നും അഭിമുഖത്തിൽ സാം പിട്രോഡ പറയുന്നുണ്ട്. മുംബൈയിലും അത് സംഭവിച്ചിരുന്നു. വിമാനങ്ങൾ അയച്ച് അന്നും പ്രതികരിക്കാമായിരുന്നു. എന്നാൽ അതല്ല ശരിയായ സമീപനം.  ഏതാനും ഭീകരവാദികളുടെ പേരിൽ പാകിസ്താന് ” ശിക്ഷ” നൽകുന്നത് ശരിയല്ല. എട്ടുപേർ( 26/ 11 തീവ്രവാദികൾ) വരുന്നു, എന്തെങ്കിലും ചെയ്യുന്നു. അതിന്റെ പേരിൽ ആ രാജ്യത്തിൻറെ മേൽ ചാടിവീഴുന്നതിൽ കാര്യമില്ല. ചിലയാളുകൾ  ഇവിടെ വന്ന് ആക്രമണം നടത്തിയാൽ ആ രാജ്യത്തെ മുഴുവൻ പൗരന്മാരും അതിന്  ഉത്തരവാദികളാണെന്ന ചിന്ത ബാലിശമാണ്. ഞാനതിൽ വിശ്വസിക്കുന്നില്ല, അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.

വിവാദ അഭിമുഖം വന്നതിനു തൊട്ടു പിറകെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലെത്തി. തുടർച്ചയായ ഭീകരാക്രമണങ്ങളും ആവർത്തിച്ചുള്ള പ്രകോപനശ്രമങ്ങളും ഉണ്ടായിട്ടും തങ്ങളുടെ ഭരണകാലത്ത് യു പി എ സർക്കാർ പാകിസ്താനെതിരെ ഒന്നും ചെയ്തില്ല. തീവ്രവാദത്തോടുള്ള കോൺഗ്രസിന്റെ സമീപനം മറനീക്കി പുറത്തുവന്നിരിക്കുകയാണ്, അതും കോൺഗ്രസ്  കുടുംബത്തിൻെറ ഏറ്റവും വിശ്വസ്തനായ ആളിന്റെ നാവിൽനിന്നു തന്നെ, മോദി കുറ്റപ്പെടുത്തി.

രാജ്യത്തിനിത് നേരത്തെ അറിയാമായിരുന്നു. തീവ്രവാദത്തോടും ഭീകരവാദികളോടും പ്രതികരിക്കുവാൻ കോൺഗ്രസിന് ശക്തിയില്ല. എന്നാൽ  ഇത് പുതിയ ഇന്ത്യയാണ്. തീവ്രവാദികൾക്ക് മനസ്സിലാവുന്ന അവരുടെ അതേ ഭാഷയിൽ, പലിശ സഹിതം മറുപടി പറയാൻ അറിയുന്ന ഇന്ത്യ, മോദി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയുടെ ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ  വിശ്വാസ്യതയേയും സാം പിട്രോഡ ചോദ്യം ചെയ്തു. താൻ ഒരു ഗാന്ധിയനാണെന്നും ചർച്ചകളും സംവാദങ്ങളുമാണ് പ്രശ്നപരിഹാരത്തിനുള്ള  തന്റെ വഴിയെന്നും അഭിമുഖത്തിൽ സാം പിട്രോഡ പറയുന്നുണ്ട്. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളാണ് താൻ നടത്തുന്നതെന്ന് പറയുന്ന അദ്ദേഹം  ഒരു ശാസ്ത്രജ്ഞനെന്ന നിലയിൽ  യുക്തിയും ഡാറ്റയുമാണ് തന്റെ പിൻബലങ്ങളെന്നും പറഞ്ഞു. ഏതൊരു രാജ്യത്തിന്റെയും പൗരന്മാർക്ക് ഇത്തരം വിവരങ്ങൾ അറിയാനുള്ള അവകാശമുണ്ട്. അത് ചോദിക്കുമ്പോൾ ദേശവിരുദ്ധത ആരോപിക്കുന്നതിൽ ഒരു കാര്യവുമില്ല. 

വിവാദ അഭിമുഖം കോൺഗ്രസ്സിനെ പ്രതിരോധത്തിലാക്കും.  

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ചൂടുള്ളതൊക്കെയും ഇനി വേണ്ടെന്ന് വയ്ക്കാം

ക്യാന്‍സര്‍ ചികിത്സ: റേഡിയോ ആക്ടീവ് സോഴ്‌സ് ലഭ്യമാക്കും