ആണവയുഗത്തിന്‍റെ മരവിച്ച വീക്ഷണം ചിത്രീകരിച്ച് മിലാക്

കൊച്ചി: ആണവോര്‍ജ്ജം വന്‍തോതില്‍ ഉപയോഗിക്കുന്നതിന്‍റെ അപകടം ഭയപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിക്കുകയാണ് ബോസ്നിയ ഹെര്‍സെഗോവിനയില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റ് റാഡെന്‍കോ മിലാക്. കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ഫോര്‍ട്ട്കൊച്ചി ആസ്പിന്‍വാള്‍ ഹൗസിലാണ് ഈ വീഡിയോ പ്രതിഷ്ഠാപനം ഒരുക്കിയിട്ടുള്ളത്.

മനുഷ്യകുലത്തിന്‍റെ ഓര്‍മ്മയിലൂടെയുള്ള യാത്രയാണ് ഈ പ്രതിഷ്ഠാപനത്തിന്‍റെ കാതല്‍. മനുഷ്യകുലം നേരിട്ട വന്‍ദുരന്തങ്ങളാണ് ഈ വിഡിയോയിലൂടെ സന്ദര്‍ശകരിലേക്ക് എത്തിക്കുന്നത്. എന്നാല്‍ കൗതുകകരമായ കാര്യം വീഡിയോയിലൊന്നും ഇവയുടെ ദൃശ്യങ്ങളില്ലെന്നതാണ്.

ഫ്രം ദി ഫാര്‍ സൈഡ് ഓഫ് ദി മൂണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിഷ്ഠാപനത്തില്‍ താഴ്വാരങ്ങള്‍, അരുവികള്‍, വായു, പുക, ചെടികള്‍, ജീവജാലങ്ങള്‍ എന്നിവയെയാണ് കാണിക്കുന്നത്. പിന്നീട് മനുഷ്യനെയും അവന്‍ നിര്‍മ്മിച്ച യന്ത്രങ്ങളെയും കാണിക്കുന്നു. ഫ്രഞ്ച് സംഗീതജ്ഞന്‍ ഗയേല്‍ റാക്കത്തോണ്‍ഡ്രാബെയുടെ സംഗീതമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
പഴയ യൂഗോസ്ലാവിയയിലെ ട്രാവ്നിക്കിലാണ് റാഡെന്‍കോ മിലാക് ജനിച്ചത്. പിന്നീട് ഈ സ്ഥലം ബോസ്നിയ ഹെര്‍സഗോവിന ആയി മാറി. ബെല്‍ഗ്രേഡിലെ യൂണിവേഴ്സിറ്റി ഓഫ് ഫൈന്‍ ആര്‍ട്സിലാണ് അദ്ദേഹം പഠിച്ചത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് മിലാക് 13 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോദൃശ്യം അവതരിപ്പിച്ചിരിക്കുന്നത്. അണുബോംബിന്‍റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കന്‍ ഭൗതിക ശാസ്ത്രജ്ഞന്‍ റോബെര്‍ട്ട് ഒപ്പെന്‍ഹെമറിന്‍റെ അഭിമുഖമാണ് വിഷയത്തില്‍ നേരിട്ട് എന്തെങ്കിലും ബന്ധമുള്ള ദൃശ്യം.

വീഡിയോ ദൃശ്യങ്ങള്‍ കാണികളെ ആകുലതകളിലേക്ക് നയിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ കറുപ്പ് പടര്‍ന്നു വരുന്നതോടെ മനുഷ്യന്‍റെ ഭാവനയ്ക്കും അപ്പുറത്താണ് ഇത് പറയുന്ന പ്രമേയമെന്നും മിലാക് പറഞ്ഞു.
വെനീസ് ബിനാലെയുടെ 57-മത് ലക്കത്തില്‍ മിലാക് ഈ പ്രതിഷ്ഠാപനം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബോസ്നിയ ഹെര്‍സഗോവിനയുടെ ദേശീയ പവലിയനിലായിരുന്നു ഇത് പ്രദര്‍ശിപ്പിച്ചത്.

ഭൂതം-ഭാവി-വര്‍ത്തമാനകാലത്തിലേക്ക് ബന്ധിപ്പിക്കാനാവാത്ത ആണവ യുഗത്തിന്‍റെ മരവിച്ച വീക്ഷണമാണ് ഈ പ്രതിഷ്ഠാപനത്തിലൂടെ താന്‍ വിശദീകരിക്കാന്‍ ശ്രമിച്ചതെന്ന് മിലാക് ചൂണ്ടിക്കാട്ടുന്നു. ഇരുട്ടില്‍ നേര്‍ത്തു വരുന്ന വെളിച്ചം ആഗ്രഹങ്ങളുംം ദുരന്തങ്ങളും തമ്മിലുള്ള ബന്ധത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

‘തത്കാൽ’ അറിഞ്ഞിരിക്കേണ്ടത് 

പ്രകൃതി സൗഹൃദ ഇന്ധനത്തിലേക്ക് മാറാൻ സംസ്ഥാനത്തെ ഗതാഗത മേഖല