rain, monsoon, films, writers, flood, farmers, poets, cinema, disaster, children, kids, students, holiday,Vaishali
in , ,

മഴ പെയ്യും നേരം

കൊടും ചൂടിൽ വേഴാമ്പലിനെ പോലെ ഏവരും കാത്തിരിക്കുകയും; അത് വന്നെത്തവെ ഹർഷോന്മാദത്തോടെ സ്വീകരിക്കപ്പെടുകയും എന്നാൽ ദിനമൊട്ടു കഴിയവെ ‘നാശം, ഈ മഴ പോകുന്നില്ലല്ലോ’ എന്ന പരിഭവം കേൾക്കേണ്ടി വരികയും ചെയ്യുന്ന മഴയെന്ന ( rain ) അത്ഭുത പ്രതിഭാസം ഈ കർക്കിടകത്തിലും അതൊന്നും ശ്രദ്ധിക്കാൻ നേരമില്ലെന്ന മട്ടിൽ തകർത്ത് പെയ്യുമ്പോൾ നെഞ്ചിൽ ആവലാതിയുമായി ബഹുഭൂരിപക്ഷം ജനത മലയോര പ്രദേശങ്ങളിലും തീരദേശങ്ങളിലുമായി ആശങ്കയോടെ കഴിയുകയാണ്.

നിർത്താതെ പെയ്യുന്ന മഴയിൽ ഡാമുകളിടെ ജലനിരപ്പ് ഉയരവെ ഇവരുടെ മനസ്സിൽ ഭീതിയുടെ അഗ്നി ആളിപ്പടരുന്നു. സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കുമ്പോഴും ഈ ദുരിതമഴയ്ക്ക് വേഗം അറുതി വരുത്തണേ എന്ന പ്രാർത്ഥനയിലാണ് ദുരിതബാധിത പ്രദേശങ്ങളിലെ ജനലക്ഷങ്ങൾ.

ചതിച്ചത് മഴയോ മനുഷ്യചെയ്തികളോ?

ഇപ്പോൾ തുടരുന്ന കനത്ത മഴയിൽ ആലപ്പുഴയിലെ കുട്ടനാട് പോലുള്ള കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഇക്കഴിഞ്ഞ മാസം കോഴിക്കോടും മലപ്പുറത്തും ഉരുൾപൊട്ടലുണ്ടായതും പരിശോധിക്കുമ്പോൾ ചതിച്ചത് മഴയോ മനുഷ്യചെയ്തികളോ എന്ന് ഒരിക്കൽ കൂടി മനസിരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രശ്‌നപരിഹാരത്തിന് മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. ദുര മൂത്ത മനുഷ്യരുടെ പലവിധ ചെയ്തികൾ ഒട്ടനവധി പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നത് ഇനിയും കണ്ടില്ലെന്ന് നടിക്കാനാകില്ല.

അനിയന്ത്രിതമായ പാറപൊട്ടിക്കൽ, മണ്ണെടുക്കൽ, കുന്നിടിക്കൽ, പാടങ്ങൾ ഉൾപ്പെടെയുള്ള തണ്ണീർത്തടങ്ങൾ നികത്തൽ, നീരൊഴുക്ക് തടയൽ, പുഴകളിൽ നിന്നും കടലിൽ നിന്നുമുള്ള മണലെടുപ്പ്, വനഭൂമി കൈയ്യേറൽ, മരങ്ങളെ വെട്ടി നശിപ്പിക്കൽ, ഉള്ള മരങ്ങളുടെ ചുവടുകളിൽ ചവർ കത്തിച്ചും കോൺക്രീറ്റ് പാകിയും അപകടരമായ അവസ്ഥയിലേക്കു നയിക്കൽ എന്നിവ നിർബാധം തുടരുമ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നഷ്‌ടമാകുകയാണ്.

ഗർത്തങ്ങൾ നിറഞ്ഞ റോഡുകൾ, പകർച്ചവ്യാധി ഭീഷണിയുയർത്തി മാലിന്യങ്ങൾ, ദുരിതം പൊയ്തൊഴിയാത്ത മനസുമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ ഇതെല്ലാം വെറും സൂചനകൾ മാത്രമാണെന്നും വൻ വിപത്തിന് കാരണമാകും മുൻപ് ഒരു വീണ്ടു വിചാരത്തിനുള്ള സമയം അതിക്രമിച്ചെന്നും അധികൃതരും പൗരന്മാരും തിരിച്ചറിയേണ്ടിയിരിക്കുന്നു.

സാഹിത്യത്തിൽ മഴ തിമിർത്തു പെയ്തപ്പോൾ

rain, monsoon, films, writers, flood, farmers, poets, cinema, disaster, children, kids, students, holiday,Vaishali

ഇന്നോളമുണ്ടായിട്ടുള്ള സാഹിത്യത്തിൽ മഴയുടെ സാന്നിധ്യം പല വിധത്തിൽ പല ഭാവത്തിൽ പല രൂപത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളുമായി താദാത്മ്യം പ്രാപിക്കുന്ന രീതിയിൽ മഴയെ അവതരിപ്പിച്ചവർക്ക് പുറമെ മഴയെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ടും സാഹിത്യ സൃഷ്‌ടികൾ ഉണ്ടായിട്ടുണ്ട്. നല്ലൊരു മഴ ഏതൊരാളിന്റെ ഉള്ളിലാണ് ഒരു കവിയെ സൃഷ്‌ടിക്കാത്തത്!

മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ ‘ഭാഗവതം ദശമ സ്‌കന്ദ’ത്തിലെ ‘ഋതു വര്‍ണ്ണനം’ ഏറ്റവും നല്ല മഴ വര്‍ണ്ണനകളിലൊന്നാണ്. ‘കൃഷ്ണഗാഥ’യുടെ കർത്താവായ ചെറുശ്ശേരി ‘കുചേല സദ്ഗതി’യിലും കുമാരനാശാന്‍ ‘പ്രരോദന’ത്തിലും മഴയെ വിസ്മയത്തോടെ വിവരിച്ചിരിക്കുന്നു. പി. കുഞ്ഞിരാമന്‍ നായരും വൈലോപ്പിള്ളിയും തകഴിയും എംടിയും ടി.പത്മനാഭനും കുഞ്ഞുണ്ണി മാഷും മഴയെയും തങ്ങളുടെ രചനകളിൽ ഒപ്പം കൂട്ടിയിരുന്നു.

‘മഴ പെയ്യുന്നു, മഴ മാത്രമേ ഉള്ളൂ. കാലവര്‍ഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി, മഴ ചെറുതായി……’ ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവല്‍ അവസാനിക്കുന്നതിങ്ങനെ. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഒരു മഴക്കവിതയിൽ ‘പ്രളയമാണെങ്ങും ഇടവരാത്രിതന്‍ കരിമുകില്‍ച്ചിറ മുറിഞ്ഞു പേമഴയിടിഞ്ഞു ചാടുന്നു’ എന്ന് വിവരിച്ചിരിക്കുന്നു.

മഴയെ അത്യധികം പ്രണയിച്ച; മഴ കോരിച്ചൊരിയുന്ന ഒരു രാത്രിയില്‍ മഴയുടെ ശബ്ദം കേട്ട് ആത്മഹത്യ ചെയ്ത നന്തനാരുടെ കഥകളിലും മഴയുണ്ട്. തിരുവാതിര ഞാറ്റുവേലയിലെ തോരാമഴയത്ത് അന്യനാട്ടില്‍ നിന്നും നായകൻ വീട്ടിലെത്തുമ്പോള്‍ മഴയില്ല. നിരാശനായി അയാള്‍ തിരികെപ്പോകാനൊരുങ്ങുമ്പോള്‍ തിമിര്‍ത്തു പെയ്യാനുള്ള കരുത്തുമായി മഴ വരുന്നതായി വിവരിച്ച നന്തനാരുടെ പ്രശസ്തമായ ‘ഒരു വര്‍ഷകാല രാത്രി’ എന്ന കഥയിലും മഴ ഒരു കേന്ദ്ര കഥാപാത്രം തന്നെയാണ്.

കേരളം കണ്ട ഏറ്റവും വലിയ മഴയും വെള്ളപ്പൊക്കവും സൃഷ്‌ടിച്ച; തൊണ്ണൂറ്റൊമ്പതിലെ രൂക്ഷമായ വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി തകഴി ശിവശങ്കരപ്പിള്ള എഴുതിയ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയും പ്രശസ്തമാണല്ലോ. ടി. പത്മനാഭന്റെ ‘മഴ, ഒടുവിലത്തെ മഴ’ എന്ന കഥയും മഴ സാഹിത്യ പട്ടികയിൽ സ്ഥാനം നേടാൻ യോഗ്യമാണ്. .

‘തൂവാനത്തുമ്പികള്‍’ക്ക് ആധാരമായ ‘ഉദകപ്പോള’ എന്ന നോവലില്‍ പത്മരാജന്‍ മഴയെയും കഥാപാത്രങ്ങൾക്കൊപ്പം നിലനിർത്തിയിരുന്നു. ഒന്‍പതാം നൂറ്റാണ്ടില്‍ കേരളത്തിലെത്തുകയും ഇവിടെ തിമിർത്തു പെയ്ത മഴ കണ്ട് അതിശയിക്കുകയും ‘മൺസൂൺ’ എന്ന പദം സംഭാവന ചെയ്യുകയും ചെയ്ത അറബി സഞ്ചാരികളും 1987-ല്‍ കേരളത്തിലെത്തുകയും മഴ ഭംഗിയിൽ മതി മറന്ന് മണ്‍സൂണിനെക്കുറിച്ചും അതൊപ്പം കേരളത്തിലെ പ്രകൃതിയെക്കുറിച്ചും രസകരമായി വിവരിച്ച അലക്‌സാണ്ടര്‍ ഫ്രേറ്ററും ഈ അവസരത്തിൽ പരാമർശിക്കപ്പെടേണ്ടവരാണ്. ഫ്രേറ്ററുടെ ‘ചേസിംഗ് ദ മണ്‍സൂണി’നെ  നല്ല മഴപ്പുസ്തകമായി സാഹിത്യലോകം കണക്കാക്കുന്നുണ്ട്.

മഴയിൽ പെയ്‌തുലഞ്ഞ മലയാള സാഹിത്യകാരികൾ

രാത്രിയിൽ പെയ്യുന്ന മഴയ്ക്ക് പലവിധ ഭാവതലങ്ങൾ കൽപ്പിക്കാമെങ്കിലും സുഗതകുമാരിയുടെ ‘രാത്രിമഴ’ എന്ന കവിതയിൽ സങ്കല്പിക്കപ്പെട്ട യുവഭ്രാന്തിയായി അവൾ പലപ്പോഴും അനുവാചകരുടെ മനസ്സിൽ തെളിയുന്നു. ‘രാത്രിമഴ, ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും കുനിഞ്ഞിരിക്കുന്നൊരു യുവതിയാം ഭ്രാന്തിയെപ്പോലെ….’ എന്നു സുഗതകുമാരി എഴുതി.

‘വൃദ്ധന്റെ പ്രണയം ചാഞ്ഞു പെയ്യുന്ന മഴ പോലെയാണെന്നും അത് പുൽനാമ്പുകളെ ഈറനാക്കുന്നുവെങ്കിലും വേരുകളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നില്ലെന്നും’ പ്രസ്താവിച്ച റോസ് മേരിയുടെ ‘ചാഞ്ഞു പെയ്യുന്ന മഴ’ എന്ന കവിത ചൂണ്ടിക്കാട്ടുന്ന പ്രണയ ദാരിദ്യ്രവും ചെറു മഴയും തമ്മിലുള്ള സാമ്യം ഓർക്കുന്നില്ലേ?

മാതൃത്വത്തിന്റെ കവിയായിരുന്ന ബാലാമണിയമ്മയുടെ ‘മഴവെള്ളത്തില്‍’ എന്ന പ്രശസ്തമായ കവിതയോ? ‘അമ്മേ, വരൂ, വരൂ വെക്കം വെളിയിലേയ്ക്കല്ലങ്കിലിമ്മഴ തോര്‍ന്നു പോമെ; എന്തൊരാഹ്ളാദമാ മുറ്റത്തടിക്കടി പൊന്തുന്ന വെള്ളത്തില്‍ത്തത്തിച്ചാടാന്‍!’ എന്നാണ് ആ സാഹിത്യകാരി കുറിച്ചു വച്ചത്.

ബാലാമണിയമ്മയുടെ മകളും സുപ്രസിദ്ധ സാഹിത്യകാരിയുമായ മാധവിക്കുട്ടിയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥയെ ആസ്പദമാക്കി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര് തന്നെ ‘മഴ’ എന്നായിരുന്നുവല്ലോ.

മലയാള ചലച്ചിത്രങ്ങളിൽ മുഖം കാട്ടിയ മഴ

rain, monsoon, films, writers, flood, farmers, poets, cinema, disaster, children, kids, students, holiday,Vaishali

‘മഴ’ എന്ന ചിത്രത്തിന് പുറമെ കമൽ സംവിധാനം ചെയ്ത ‘പെരുമഴക്കാലം’ എന്ന ചിത്രത്തിൽ മഴ കഥാപാത്രങ്ങളുടെ വികാരങ്ങളുമായി താദാത്മ്യം പ്രാപിച്ച് വിവിധ രൂപത്തിൽ വിളങ്ങിയത് പ്രേക്ഷകർക്ക് അത്ര വേഗം മറക്കാനാകില്ലല്ലോ. ഭരതൻ എന്ന കലാകാരന്റെ മികവിൽ വിരിഞ്ഞ ‘വൈശാലി’ എന്ന ചിത്രത്തിൽ മഴ എത്ര സുന്ദരമായാണ് ഓരോ ഫ്രെയിമിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മഴ ഒരു കഥാപാത്രത്തെപ്പോലെ പ്രത്യക്ഷപ്പെടുന്ന സിനിമകളിലൊന്നാണ് ഷാജി. എന്‍. കരുണിന്റെ ‘പിറവി’.

‘ഇടവപ്പാതി’, ‘തൂവാനത്തുമ്പികള്‍’ എന്നിങ്ങനെ ഒട്ടനവധി മലയാള ചിത്രങ്ങളിൽ മഴ അതിസുന്ദരമായി ചിത്രീകരിക്കപ്പെട്ടു. ‘മഴയെത്തും മുൻപേ’ എന്ന കാവ്യഭംഗി തുളുമ്പുന്ന ചലച്ചിത്ര നാമം പോലെ ‘ഉദയനാണ് താരം’ എന്ന ചിത്രത്തിൽ സൂചിപ്പിച്ച ‘അന്നു പെയ്ത മഴയിൽ’ എന്ന ടൈറ്റിൽ അത്ര വേഗം ഓർമ്മയിൽ നിന്ന് മാഞ്ഞു പോകുവതെങ്ങനെ!

‘മഴ പെയ്തു മാനം തെളിഞ്ഞ നേരം’, ‘മഴയിൽ രാത്രി മഴയിൽ’, ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി’ എന്നിങ്ങനെ നിരവധി ചലച്ചിത്ര ഗാനങ്ങൾ ഓർമ്മയിൽ തെളിയാറുണ്ടെങ്കിലും ‘അഴകിയ രാവണൻ’ എന്ന ചിത്രത്തിൽ വിവിധ മഴയാൽ മനസ്സിൽ കുളിരു കോരിയ ആ ചലച്ചിത്ര ഗാനമാകും ഏറ്റവുമാദ്യം മനസ്സിൽ ഓടിയെത്തുക.

പ്രണയമണിത്തൂവല്‍ പൊഴിച്ച; പവിഴ മഴയായും മഴവില്‍ക്കുളിരഴകു വിരിഞ്ഞ മഴ; വര്‍ണ്ണ മഴയായും ഗന്ധര്‍വ്വഗാനമായും ആദ്യാനുരാഗമായും വിളങ്ങിയതിന് പുറമെ പനിനീര്‍ മഴയായും കണ്ണീര്‍ മഴയായും തെളിനീര്‍ മഴയായും പൂന്തേന്‍ മഴയായുമൊക്കെ പ്രേക്ഷക മനസുകളിൽ പെയ്തിറങ്ങിയത് ഇന്നും തോർന്നിട്ടില്ല.

പ്രണയമഴ പെയ്യുമ്പോൾ

പ്രണയം മഴ പോലെയാണെന്നും അതല്ല മഴ സ്വയമേവ പ്രണയമാണെന്നും എന്തിലുമേതിലും കാൽപ്പനിക സൗന്ദര്യം ദർശിക്കുന്ന പ്രണയാതുരരായവരൊക്കെയും കാലാകാലങ്ങളായി സങ്കൽപ്പിച്ചു കൂട്ടുന്നു. പ്രണയകാലത്തെ മഴനൂലുകൾ മോഹങ്ങൾക്ക് ചിറകുകൾ നെയ്യുമ്പോൾ വിരഹ വേളയിൽ അത് കൂരമ്പുകളായി ഹൃദയങ്ങളെ വേദനിപ്പിക്കുന്നു.

ഒരു കുടക്കീഴിൽ ഇരു ഹൃദയങ്ങളൊന്നായി മാറിയ പ്രണയജോടികൾ മഴയത്ത് തോളോടുതോൾ ചേർന്ന് മുന്നോട്ടു പോകവെ സ്വപ്ന സദൃശ്യമായ അനുഭവത്താൽ എത്രയോ നല്ല പൈങ്കിളി കവിതകളും കാൽപ്പനിക ഭംഗിയേറിയ കഥകളും മറ്റും ആ ഇണക്കിളികളുടെയുള്ളിലും നാമ്പെടുത്തിരിക്കാം. അതെന്തായാലും പുതുമഴയുടെ മണവും തണുപ്പും ഏറ്റവും നന്നായി നുകരുന്നത് ഒരു പക്ഷെ പ്രണയിക്കുന്നവർ തന്നെയാകാം.

കലാലയ മഴ

ക്ലാസ് മുറികളിലിരിക്കവെ പുറത്തു തകർത്ത് പെയ്യുന്ന മഴയെ വായ് നോക്കിയിരിക്കുമ്പോൾ ശ്രദ്ധ അറിയാതെ പതറുന്നതും; ഒരു കഷ്ണം ചോക്കോ ഡസ്റ്ററോ പാഞ്ഞു വന്ന് ആ ആസ്വാദനപ്രക്രിയയിൽ നിന്ന് ആ തരള ഹൃദയത്തെ ഉണർത്തുന്നതും; ചോദ്യം ചോദിക്കവെ കണ്ണും മിഴിച്ച് നിന്നതിനാൽ സഹപാഠികളിൽ നിന്ന് അട്ടഹാസചിരികൾ ഉയരവെ അതുവരെ ഉറക്കം തൂങ്ങിയിരുന്നവർ കൂടി ആ ചിരിയിൽ പങ്കു ചേരുന്നതും; അധ്യാപകരുടെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ ബഹളം വച്ചു കൊണ്ട് മഴയും പുറത്ത് പൊട്ടിച്ചിരിക്കുന്നതിന് എത്രയോ കലാലയങ്ങൾ ഇതിനോടകം സാക്ഷ്യം വഹിച്ചിരുന്നു.

കുട്ടികളുടെ പ്രിയ മഴ

rain, monsoon, films, writers, flood, farmers, poets, cinema, disaster, children, kids, students, holiday,Vaishali

തീവ്ര പ്രകാശത്തിൽ മിന്നുന്ന മിന്നലും കാതടപ്പിക്കുന്ന ഇടിമുഴക്കവുമൊന്നും വകവയ്ക്കാതെ തന്റെ കൈക്കുമ്പിളിൽ മഴയെ ആവോളം നിറയ്ക്കാനായി മുറ്റത്തേയ്ക്ക് വെമ്പൽ പൂണ്ടിറങ്ങുന്ന കുഞ്ഞുങ്ങളെ എത്ര ക്രൂരമായാണ് മാതാപിതാക്കൾ തല്ലും കൊടുത്ത് പിടിച്ചു കൊണ്ട് പോകുന്നത്. മഴയാൽ ലഭിച്ച അവധി ആഘോഷം മഴയിൽ കളിച്ച് രസിക്കാൻ അവസരമേകുന്നില്ലെന്നതാണ് സത്യം. പനി പിടിക്കുമെന്ന് പേടിച്ച് സ്വന്തം കുഞ്ഞുങ്ങളെ വീട്ടു തടവറയിലാക്കുന്ന രക്ഷിതാക്കളിൽ പലരും പക്ഷെ തങ്ങളുടെ ഗൃഹാതുരത്വം ഏറ്റവും നന്നായി അയവിറക്കുന്നതും ഇത്തരം മഴക്കാലത്തു തന്നെയാണെന്നതും അതിവിചിത്രം.

കർഷകരുടെ കാത്തിരിപ്പും ആവലാതിയും

കുംഭ-മീനച്ചൂടിൽ മണ്ണുണങ്ങവെ കർഷക മനസുകളിൽ കുടിയിരിക്കുന്ന ആധി ഇടവപ്പാതിയെത്തുന്നതോടെ കുടിയൊഴിക്കപ്പെടുന്നു. എന്നാൽ ചിങ്ങത്തിലെ കൊയ്ത്തുത്സവത്തിന് തയ്യാറെടുക്കുന്ന വയലേലകളിൽ കർക്കിടകമഴ തിമിർത്തു ചെയ്യുമ്പോൾ ആവലാതി പൂണ്ട കർഷകരുടെ മിഴികളും തോരാതെ കണ്ണീർമഴ പൊഴിക്കുന്നു. തുലാപ്പാതിയും ഇടവപ്പാതിയുമൊക്കെ കർഷക ജീവിതവുമായി എത്ര അഭേദ്യ ബന്ധമാണ് കാലങ്ങളായി സ്ഥാപിച്ചെടുത്തിരിക്കുന്നത്.

കാർഷിക സംസ്കാരം ഒട്ടനവധി വെല്ലുവിളികൾ നേരിടുകയാണെങ്കിൽ കൂടിയും മണ്ണിനെ അത്യധികം സ്നേഹിക്കയാൽ ഇപ്പോഴും കാർഷിക വൃത്തി തുടരുന്നവർക്ക് ‘മഴ ചതിച്ചെന്ന’ പരിഭവം ഇടക്കിടെ പറയേണ്ടി വരുന്നതിന് കാരണം അധികൃതരുടെ ദീർഘവീക്ഷണമില്ലാത്ത നടപടികൾ തന്നെയല്ലേ?

മഴ സുലഭമായി ലഭിക്കുന്ന വേളയിൽ അത് കാര്യക്ഷമമായി സംരക്ഷിക്കുവാനുള്ള ‘മഴക്കൊയ്ത്തുകൾ’ പൂർണ്ണതോതിൽ ലക്ഷ്യം കാണാതിരിക്കുകയും അതിവർഷ വേളയിൽ വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷണമേകാൻ നീർച്ചാലുകൾ കാലാകാലങ്ങളിൽ സംരക്ഷിക്കാത്തതിന്റെയും പ്രതിഫലനമല്ലേ കർഷകരുടെ നിരന്തര ദുരിതങ്ങൾക്കുള്ള കാരണം.

മഴയും ചൊല്ലുകളും

ചിങ്ങത്തിലെ മഴ ചിണുങ്ങിച്ചിണുങ്ങി, ചിങ്ങം ആദ്യം മഴയില്ലെങ്കില്‍ ആ ചിങ്ങം മഴയില്ല, ചിങ്ങാറും ചീച്ചിലും, മുച്ചിങ്ങം മഴയില്ലെങ്കില്‍ അച്ചിങ്ങം മഴയില്ല, മുച്ചിങ്ങം മഴ പെയ്താല്‍ മച്ചിങ്ങല്‍ നെല്ലുണ്ടാവില്ല, തുലാപ്പത്ത് കഴിഞ്ഞാൽ പ്ലാപ്പൊത്തിലുമിരിക്കാം, തുലാം പത്ത് കഴിഞ്ഞാല്‍ മരപ്പൊത്തിലും കിടക്കാം, കാലവർഷം കണ്ട് ഇരുന്നവരും തുലാവർഷം കണ്ട് ഓടിയവരും, മകരത്തിൽ മഴ പെയ്താൽ മണ്ണിന് വാതം, കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും ചോറ് മലയാള മാസങ്ങളെ ആധാരമാക്കി ഒട്ടനേകം പഴഞ്ചൊല്ലുകൾ കേരളത്തിൽ വ്യാപകമാണ്.

കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം, കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും നെല്ല് മുളയ്ക്കും , മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല, ഇടവത്തിൽ മഴ ഇടവഴി നീളെ, ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല, കർക്കിടകത്തിന് പത്തുവെയിൽ, കര്‍ക്കിടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു, കർക്കിടകം കറുത്താൽ ചിങ്ങം വെളുക്കും എന്നിങ്ങനെയുമുണ്ട്  മലയാള മാസങ്ങളെ ആധാരമാക്കിയ പഴഞ്ചൊല്ലുകൾ.

തിരുവാതിര ഞാറ്റില്‍ അമൃതമഴ, മകീരത്തിൽ മതിമറന്ന് പെയ്യണം, തിരുവാതിരയിൽ തിരു തകൃതി, തിരുവാതിരയില്‍ തിരിമുറിയാതെ, തിരുവാതിരയില്‍ നൂറുമഴയും നൂറുവെയിലും, മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും, അത്തം കറുത്താൽ ഓണം വെളുക്കും, തുലാപ്പത്ത് കഴിഞ്ഞാൽ പ്ലാപ്പൊത്തിലും കിടക്കാം എന്നിങ്ങനെ നാളുകളും മഴയും തമ്മിലുള്ള ബന്ധങ്ങളെ വ്യക്തമാക്കുന്ന ‘മഴച്ചൊല്ലുകള്‍’ കാർഷിക സംസ്‌കൃതിയുടെ സംഭാവനയാണ്.

rain, monsoon, films, writers, flood, farmers, poets, cinema, disaster, children, kids, students, holiday,Vaishali

പെരുമഴ പെയ്താൽ കുളിരില്ല, ചെമ്മാനം കണ്ടാൽ അമ്മാനം മഴയില്ല, അന്തിക്കു വന്ന മഴയും വിരുന്നും അന്നു പോകില്ല, മഴ പെയ്താൽ പുഴയറിയും, മുച്ചിങ്ങം മഴയില്ലെങ്കിൽ അച്ചിങ്ങം മഴയില്ല, അട മഴ വിട്ടാലും ചെടി മഴ വിടില്ല, മഴവെള്ളപ്പാച്ചിൽ മുറം കൊണ്ടു തടുക്കാമോ,
മഴ വീണാൽ സഹിക്കാം; മാനം വീണാലോ? ആയിരം വെയിലാവാം, അര മഴ വയ്യ, മഴ നിന്നാലും മരം പെയ്യും, മഴവെള്ളപ്പാച്ചിൽ മുറം കൊണ്ട് തടുക്കാമോ? എന്നും മറ്റും മഴച്ചൊല്ലുകൾ സമൃദ്ധമാണ്.

മഴ വീണാല്‍ സഹിക്കാം മാനം വീണാലോ?, മാക്രി കരഞ്ഞാല്‍ മഴ പെയ്യുമോ?, കാലത്തു പെയ്യുന്ന മഴ വേഗം നില്‍ക്കും, മഴ നട്ടുച്ചക്കു പെയ്താല്‍ എട്ടുച്ചക്കും പെയ്യും, കടലില്‍ വില്ലു കണ്ടാല്‍ മഴ നീളും, മഴയൊന്നു പെയ്താല്‍ മരമേഴു പെയ്യും. മഴ ഇല്ലാഞ്ഞാല്‍ മരങ്ങള്‍ ഉണങ്ങും, മഴ നനയാതെ പുഴയില്‍ ചാടി, മഴ പെയ്താല്‍ പുഴയറിയും, മഴ പെയ്താല്‍ നിറയാത്തത് കോരി ഒഴിച്ചാല്‍ നിറയുമോ?,മഴയുമില്ല വിളയുമില്ല, മഴയെന്നു കേട്ടാല്‍ മാടു പേടിക്കുമോ?, മഴയൊന്നു പെയ്താല്‍ മരമേഴു പെയ്യും എന്നിങ്ങനെ മഴയ്ക്കും മനുഷ്യനും ഒത്തിണങ്ങുന്ന നിരവധി പഴംചൊല്ലുകൾ പ്രകൃതിയുടെ നിലപാടുകൾ വ്യക്തമാക്കുന്നു.

അതെ, മഴ ഒരു വികാരമാണ്. എല്ലാ ഭാവങ്ങളും പ്രതിഫലിപ്പിക്കുന്ന മഴ. എത്രകണ്ടാലും മതിവരാത്ത എന്തോ ഒരു വശീകരണശക്തിയുള്ള മഴയ്ക്ക് ചില നേരങ്ങളിൽ ആത്മീയ ചൈതന്യം മുന്നിട്ടു നിൽക്കും. ചിലപ്പോൾ ലജ്ജാവതിയായ നാടൻ പെണ്‍കൊടിയായി തളർന്നു പെയ്യുന്ന മഴ മറ്റു ചിലപ്പോൾ അലഞ്ഞു തിരിയുന്ന നാടോടിയെ പോലെ ലക്ഷ്യമില്ലാതലയും.

കലിതുള്ളിയെത്തുന്ന കാലവർഷവും, മണ്ണിന് ആശ്വാസമേകുന്ന വേനൽ മഴയും ഒക്കെച്ചേർന്ന് വിവിധ ഭാവങ്ങളിൽ മഴ വന്നെത്തവെ ചിലർക്കത് ഭാവനയുടെ ചിറകു വിടർത്താൻ സഹായകമായ പ്രേരകശക്തിയാകുന്നു. മറ്റ് ചിലർക്ക് ആഹ്ളാദമേകുമ്പോൾ മറ്റ് ചിലർക്ക് ദുരിതങ്ങൾ സമ്മാനിക്കുന്നു. ‘കര്‍ക്കിടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു’ എന്ന ചൊല്ലിനെ അന്വർത്ഥമാക്കിക്കൊണ്ട് ഈ മഴക്കെടുതി ഉടൻ തന്നെ അവസാനിക്കുമെന്നും പുത്തൻ പ്രതീക്ഷയുമായി പൊന്നിൻ ചിങ്ങം വൈകാതെ വന്നണയുമെന്നും പ്രത്യാശിക്കാം.

ശാലിനി വി എസ് നായർ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

​യു.എ. ഇ യിൽ പൊതുമാപ്പ് ലഭിക്കുന്നവരെ നാട്ടിലെത്തി​ക്കും

മുൻവിധികളില്ലാതെ ചരിത്രത്തെ വായിക്കുമ്പോൾ