സ്‌കൂളുകളിൽ മഴവെള്ള സംപോഷണ പദ്ധതി

തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സർക്കാർ  സ്‌കൂളികളിൽ മഴവെള്ള സംപോഷണ പദ്ധതി നടപ്പിലാക്കുന്നു.

നിയോജക മണ്ഡലത്തിനു കീഴിലെ ആറു പഞ്ചായത്തുകളിലെ സർക്കാർ സ്‌കൂളുകളിലും ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായി ഗവ. യു.പി.എസ് നേമം, ഗവ. എൽ.പി.എസ് മച്ചേൽ, ഗവ. എച്ച്.എസ്.എസ് വിളവൂർക്കൽ, ഗവ. ജി.എച്ച്.എസ് കണ്ടല, യു.പി.എസ് ഭഗവതിനട എന്നീ സ്‌കൂളുകളിൽ മഴവെള്ള സംപോഷണ പദ്ധതി നടപ്പിലാക്കി കഴിഞ്ഞതായി ഐ.ബി സതീഷ് എം.എൽ.എ പറഞ്ഞു.

രണ്ടാം ഘട്ടമെന്നോണം മണ്ഡലത്തിലെ ഒമ്പത് സ്‌കൂളുകളെക്കൂടി പദ്ധതിയുടെ ഭാഗമാക്കിയതായും അദ്ദേഹം അറിയിച്ചു.

സ്‌കൂൾ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ പതിക്കുന്ന മഴവെള്ളം ശേഖരിച്ച് ഭൂമിക്കടിയിലേയ്ക്ക് എത്തിക്കുന്ന പദ്ധതിയാണ് മഴവെള്ള സംപോഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കെട്ടിടങ്ങളുടെ മേൽക്കുരയുമായി ബന്ധിപ്പിച്ചുള്ള പാത്തികൾ, പി.വി.സി പൈപ്പുകൾ വഴി മഴവെള്ളം കിണറിനടുത്തായി സ്ഥാപിച്ചിരിക്കുന്ന പിറ്റുകളിലെത്തിക്കും. പിറ്റുകളിൽ ശേഖരിക്കപ്പെടുന്ന മഴവെള്ളം ഭൂമിക്കടിയിലൂടെ കിണറിലേക്ക് സംഭരിക്കപ്പെടും.

ഇതിലൂടെ പരിസരത്തെ കുടിവെള്ള ലഭ്യത പരമാവധി ഉറപ്പ് വരുത്താനാകും. 1.5 മീറ്റർ വ്യാസത്തിലുള്ള കോൺക്രീറ്റ് റിംഗുകൾ ഉപയോഗിച്ചുള്ള 3500 ലിറ്റർ ശേഷിയുള്ള പിറ്റുകളാണ് ഇതിനായി നിർമ്മിച്ചിരിക്കുന്നത്.

ഓരോ റിംഗിനുമിടയിൽ നിശ്ചിത അളവിൽ ക്രമമായി കല്ലുകൾ ഘടിപ്പിച്ച് വിടവുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും അടിയിലായി ചെറിയ പാറ കഷണങ്ങൾ, ചല്ലികൾ എന്നിവ രണ്ടടി ഘനത്തിൽ നിരത്തിയിരിക്കുന്നു. ഒഴുകി വരുന്ന ഇലകളും മറ്റ് അസംസ്‌കൃത വസ്തുക്കളും പിറ്റിൽ എത്താതെ തടയാൻ വിവിധ ഭാഗങ്ങളിൽ അരിപ്പ ഘടിപ്പിച്ചിട്ടുള്ള മാൻഹോളുകളും നിർമ്മിച്ചിട്ടുണ്ട്.

വേനൽ കാലത്ത് വറ്റി വരണ്ടിരുന്ന പല സ്‌കൂളുകളിലെയും കിണറുകൾ മഴവെള്ള സംപോഷണി സ്ഥാപിക്കപ്പെട്ടതോടെ ജലസമൃദ്ധമായി. മാത്രമല്ല സമീപവാസികളുടെ വീടുകളിലെ കിണറുകളിലും ജലം സുലഭമായി ലഭിക്കുന്നുണ്ട്.  ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലത്തിലെ സ്‌കൂളുകൾ കേന്ദ്രമാക്കി മഴവെള്ള സംപോഷണി സ്ഥാപിക്കാനുള്ള തീരുമാനമെടുത്തതെന്നും എം.എൽ.എ അറിയിച്ചു.

സ്‌കൂളുകളിൽ വിജയകരമായതു കൊണ്ടു തന്നെ ആശുപത്രികളിലും, പോലീസ് സ്റ്റേഷനുകളിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും ഉൾപ്പടെ 22 ഇടങ്ങളിൽ മൂന്നാം ഘട്ടമെന്നോണം മഴവെള്ള സംപോഷണ പദ്ധതി ആരംഭിക്കുമെന്ന് ഭൂവിനിയോഗ കമ്മീഷണർ എ. നിസ്സാമുദ്ദീൻ അറിയിച്ചു. പദ്ധതി ആരംഭിക്കുന്നതിനുള്ള കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. 75 ലക്ഷം രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കുട്ടിക്കളിയല്ല ഈ സിനിമ, അമ്പരപ്പിക്കുന്ന സൃഷ്ടി 

പാറശ്ശാല കേരളത്തിലെ ആദ്യ സമ്പൂർണ തരിശ് രഹിത മണ്ഡലം