in

തെരുവിൽ മുഴങ്ങുന്നത് കേരളത്തെ തോൽപ്പിക്കാനുള്ള ആക്രോശങ്ങൾ: സാംസ്കാരിക പ്രവർത്തകർ

കോഴിക്കോട്: വിശ്വാസത്തിന്റെയും ആരാധനയുടേയും മണ്ഡലങ്ങളിൽ നിലനിൽക്കുന്ന അനീതികൾക്കും ലിംഗവിവേചനത്തിനുമെതിരായ മനുഷ്യസമൂഹത്തിന്റെ കുതിപ്പുകൾക്ക് ഗതിവേഗം പകരുന്ന സുപ്രീം കോടതിയുടെ നിർണ്ണായക വിധിയെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നതിന് പകരം, കാലുഷ്യങ്ങൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനും അതുവഴി വോട്ടുസമാഹരണത്തിനും സാധ്യതയാക്കി മാറ്റുന്ന കുടിലതകളാണ് തെരുവിൽ അരങ്ങേറുന്നതെന്ന് സംസ്ഥാനത്തെ സാംസ്കാരിക പ്രവർത്തകർ.

ശബരിമലയിൽ  പ്രായഭേദമെന്യേ സ്ത്രീ പ്രവേശം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നമ്മുടെ നവോത്ഥാനവഴികളിലൊരു നാഴികക്കല്ലാണ് എന്ന് ഓർമ്മിപ്പിച്ച സാംസ്കാരിക പ്രവർത്തകർ, വിശ്വാസം എന്ന മായികതയിൽ പെട്ട് വീട്ടമ്മമാരായ ഒട്ടനവധി സ്ത്രീകളും ഇതിന്റെ ഭാഗമാവുകയാണ്  എന്ന് കൂട്ടിച്ചേർത്തു.

പലവിധ സാമൂഹ്യാധികാര സന്ദർഭങ്ങളിൽ രൂപപ്പെട്ട മാനവികവിരുദ്ധതകളെ കാലാനുസൃതം തിരുത്തിയും നവീകരിച്ചുമാണ് മനുഷ്യസമൂഹം മുന്നേറിയത്. അടിമയുടമകാലത്ത് അടിമകൾക്കും ജാത്യാധികാരകാലത്ത് അവർണ്ണനും ഭൂവുടമവ്യവസ്ഥക്കാലത്ത് കുടിയാനും പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്നുവെന്നത് ചരിത്രമാണ്. ഇതിനെല്ലാം അതത് കാലത്ത് നിയമങ്ങളുടേയും ആചാരങ്ങളുടേയും പിൻബലവുമുണ്ടായിരുന്നു.  അടിച്ചമർത്തപ്പെട്ട മനുഷ്യർ ഒറ്റയ്ക്കും സംഘം ചേർന്നും നടത്തിയ ചെറുത്തു നിൽപ്പും പോരാട്ടങ്ങളുമാണ്  ദുഷിച്ച അധികാരവ്യവസ്ഥകളുടെ കടയറുത്തത്, അവർ പറഞ്ഞു.

സ്ത്രീകളുടെ കാര്യം അവിടെ നില്ക്കട്ടെ, വിശ്വാസികളിലെ മഹാഭൂരിപക്ഷം വരുന്ന അവർണ്ണരായ ആണുങ്ങളെ തന്നെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദം വരെ ഈ കേരളത്തിൽ പോലും അമ്പലത്തിൽ കയറ്റാതെ തടഞ്ഞതും ആചാരവിശ്വാസങ്ങളുടെ പേരിലായിരുന്നെന്ന കാര്യം നമുക്ക് മറക്കാനാവുമോ? കേളപ്പജിയും കൃഷ്ണപ്പിള്ളയും എ.കെ.ജീ യുമെല്ലാം നേതൃത്വം നൽകിയ ക്ഷേത്രപ്രവേശന സമരങ്ങളുടെ കരുത്തിലാണ്  ബഹുഭൂരിപക്ഷം ക്ഷേത്രമുറ്റം ചവിട്ടിയതെന്ന് നാം  ഓർക്കണം.

ആണധികാര പൗരോഹിത്യം പെണ്ണിന് നിഷേധിച്ച മൗലിക മനുഷ്യാവകാശങ്ങൾ ഈ ജനാധിപത്യകാലം അവൾക്ക് തിരിച്ചുനല്കുക തന്നെ വേണം.  ജനാധിപത്യകാലത്തിന്റെ ഗംഭീരമായ ആ തിരുത്തലാണ് സുപ്രീം കോടതി സുപ്രധാനവിധിയിലൂടെ നിർവഹിച്ചിരിക്കുന്നത്. നീതിയുടേയും ജനാധിപത്യത്തിന്റെയും വികാസവഴികൾക്ക് വിഘാതം നില്ക്കുന്ന രാഷ്ട്രീയ കക്ഷികൾ തീർച്ചയായും ചരിത്രത്തിന്റെ നിഷ്കരുണമായ വിചാരണ നേരിടേണ്ടി വരിക തന്നെ ചെയ്യും, സാംസ്‌കാരിക പ്രവർത്തകർ പ്രസ്താവനയിൽ പറഞ്ഞു.

വിശ്വാസികളിലെ അമ്പത് ശതമാനത്തെ അമ്പലത്തിന് പുറത്താക്കാൻ ആചാരയുദ്ധം നയിക്കാനിറങ്ങിയ ബിജെപിയാണ് ഹൈന്ദവവിശ്വാസത്തിന്റെ മൊത്തക്കുത്തക അവകാശവാദികളെന്നത് അപഹാസ്യമാണ്. ജനാധിപത്യത്തിന്റെയും മാനവികതയുടേയും വികസിത മൂല്യസങ്കല്പ്പങ്ങൾ ജനങ്ങളെ പരിചയപ്പെടുത്താനും പഠിപ്പിക്കാനും ബാധ്യതപ്പെട്ട ആധുനിക ജനാധിപത്യ പ്രസ്ഥാനങ്ങൾ നീതി വിധിക്കെതിരെ യുദ്ധം നയിക്കാനിറങ്ങിയത് നമ്മുടെ ജനാധിപത്യത്തിന്റെ ദുർവിധി തന്നെയാണ്.

സുപ്രീംകോടതി വിധിയെ മുൻ നിർത്തി അപായകരമായ സാമുദായിക ധ്രുവീകരണവും രണ്ടാം വിമോചനസമരവും ഉന്നമിടുന്ന സവർണ്ണ, വലതുപക്ഷ, വർഗ്ഗീയ അജണ്ടകൾക്ക് മുന്നിൽ നവോത്ഥാനകേരളത്തിന് കീഴടങ്ങാനാവില്ല, സാംസ്‌കാരിക പ്രവർത്തകർ പ്രസ്താവനയിൽ പറഞ്ഞു.

നിർണായകമായ ഈ ചരിത്രസന്ധിയിൽ വിട്ടുവീഴ്ച്ചയില്ലാത്ത നവോത്ഥാന നിലപാട് സ്വീകരിക്കാന് നമുക്കോരോരുത്തർക്കും   ഉത്തരവാദിത്തമുണ്ട്. കേരളത്തെ തോൽപ്പിക്കാനുള്ള ആക്രോശങ്ങളാണ് ആചാരസംരക്ഷണസമരത്തിന്റെ മറവിൽ തെരുവിൽ മുഴങ്ങുന്നതെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പ്രതിരോധത്തിന് മുഴുവന് ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്ന്  അഭ്യർത്ഥിക്കുന്നുവെന്ന് സാംസ്‌കാരിക പ്രവർത്തകർ പ്രസ്താവനയിൽ പറഞ്ഞു.

Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi ,

എം ജി എസ് നാരായണൻ, സച്ചിദാനന്ദൻ,  ബി.രാജീവൻ, സാറാ ജോസഫ്, എം. എൻ. കാരശ്ശേരി. സുനിൽ. പി. ഇളയിടം, എൻ പ്രഭാകരൻ, എം എം സോമശേഖരൻ, കെ അജിത, കൽപ്പറ്റ നാരായണൻ, എസ് ഹരീഷ്, വെങ്കിടേഷ് രാമകൃഷ്ണൻ, ഇ.പി.രാജഗോപാലൻ, ടി.ഡി.രാമകൃഷ്ണൻ, പി പവിത്രൻ, പി ഗീത, വി വിജയകുമാർ, കുരീപ്പുഴ ശ്രീകുമാർ, പ്രമോദ് രാമൻ, പി എഫ് മാത്യൂസ്, ഖദീജ മുംതാസ്, വി ആർ സുധീഷ്, സുസ്മേഷ് ചന്ദ്രോത്ത്, ആസാദ്, വീരാൻ കുട്ടി, കെ സി ഉമേഷ് ബാബു, രാഘവൻ പയ്യനാട്, എൻ പി ഹാഫീസ് മുഹമ്മദ്, എ. കെ  അബ്ദുൾഹക്കീം, ബിജോയ് ചന്ദ്രൻ, പി ജെ ബേബി, സനൽകുമാർ ശശിധരൻ, മനോജ് കാന, ഗിരിജ പതേക്കര, സിദ്ധാർത്ഥൻ പരുത്തിക്കാട്, കെ എം ഭരതൻ, സി അശോകൻ, കെ എസ് ഹരിഹരൻ, അജയൻ പി ഏ ജി, എൻ വി ബാലകൃഷ്ണൻ, കെ എൻ അജോയ് കുമാർ തുടങ്ങിയ സാംസ്‌കാരിക പ്രവർത്തകരാണ് പ്രസ്താവന പുറത്തിറക്കിയത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ക്രൈംബ്രാഞ്ച് പുനഃസംഘടിപ്പിക്കാൻ മന്ത്രിസഭ തീരുമാനം    

സ്പൈസ് കോസ്റ്റ് മാരത്തോണ്‍ രജിസ്റ്റേഷന്‍ ആരംഭിച്ചു