പഞ്ഞമാസമെന്നു പണ്ട് പേർ കേട്ട കള്ളകർക്കിടകം നാളെ വന്നെത്തുകയാണ്. ക്ഷേത്രങ്ങളിൽ ഇനി രാമായണ ( Ramayana ) പാരായണത്തിന്റെ നാളുകൾ. മിക്ക ഹൈന്ദവ ഭവനങ്ങളിലും പ്രത്യേകിച്ച് മലബാറില്‍ ദശപുഷ്പങ്ങള്‍ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്ക്കുന്ന ചടങ്ങ് നടക്കാറുണ്ടെന്ന് നാമേവർക്കുമറിയാം.
മനോബലമേകുന്ന ആചാരങ്ങൾ അനുഷ്ഠിക്കുന്ന വേളയിൽ തന്നെ പ്രതികൂല കാലാവസ്ഥയാലും വിഷലിപ്തമായ ജീവിത ശൈലിയാലും ശരീരത്തിന് സംഭവിച്ച കോട്ടങ്ങൾ പരിഹരിക്കുവാനായി പണ്ടു കാലം മുതൽ ‘കർക്കിടകക്കഞ്ഞി’ എന്ന ഔഷധക്കഞ്ഞി മലയാളികൾ സേവിച്ചിരുന്നു.
എന്നാൽ ഇന്നോ സൂപ്പർമാർക്കറ്റുകളും മെഡിക്കൽ ഷോപ്പുകളിലും പാക്കറ്റുകളിൽ ലഭിക്കുന്ന കഞ്ഞിക്കിറ്റുകൾ സുലഭമാണെങ്കിലും അവയുടെ ഔഷധ മൂല്യത്തെ പറ്റി പൊതുവെ സംശയമുയരുന്നുണ്ട്. കർക്കിടക്കാലത്ത് നടത്തുന്ന ഉഴിച്ചിൽ, പിഴിച്ചിൽ പരിപാടികൾ നന്നായി മാർക്കറ്റ് ചെയ്ത് ‘സുഖ ചികിത്സ’യെന്ന വാഗ്ദാനവുമായി പഞ്ചനക്ഷത്ര ആശുപത്രികൾ വരെ ഈ വേളയിൽ തയ്യാറായിക്കഴിഞ്ഞു.
‘ആടി സെയിൽ’ എന്ന വ്യാജേന ‘സ്റ്റോക്ക് ക്ലിയറൻസ്’ സെയിലുമായി വസ്ത്ര വിപണിയും മുന്നിലുണ്ട്. കർക്കിടകത്തിന് മുൻപ് തന്നെ ‘ആടി’ കൊണ്ടു വരുന്നതിൽ വസ്ത്ര വ്യാപാരികൾ മത്സരിക്കുന്ന കാഴ്ചയാണ് ഓരോ വർഷവും കണ്ടു വരുന്നത്. കച്ചവടക്കണ്ണുകൾ ഇങ്ങനെ പലവിധത്തിൽ വിപണിയിൽ വിലസവെ രാഷ്ട്രീയ മുതലെടുപ്പും ഈ വേളയിൽ അരങ്ങേറുകയാണ്.
മാലിന്യങ്ങളെ പുറന്തള്ളി വീടും പരിസരവും ശുദ്ധമാക്കുന്ന ‘ചേട്ടയെ പുറത്താക്കൽ’ ചടങ്ങും നാലമ്പല ദർശനവും കർക്കിടക മാസത്തിലെ വാവുബലിയും പ്രശസ്തമാണല്ലോ. മലയാള മാസത്തിലെ കറുത്തവാവ് ദിവസം പൂർവികർക്കു വേണ്ടി ബലിധർപ്പണം നടത്തുമെങ്കിലും കർക്കിടവാവു ബലിക്കു തന്നെയാണ് പ്രാധാന്യം. കർക്കിടക പൂജകളിൽ ഏറ്റവും പ്രധാനമായ സത്യനാരായണ ബലിയും കർക്കിടകത്തിലെ ലക്ഷ്മീബലിയും ക്ഷേത്രങ്ങളിൽ നടക്കാറുണ്ടെങ്കിലും അവയേക്കാൾ പ്രാധാന്യം രാമായണ പാരായണത്തിനാണ് കാലങ്ങളായി കൈവന്നിരിക്കുന്നത്.
രാമായണത്തിന്റെ പ്രാധാന്യം
മാനുഷിക ധര്‍മ്മത്തിന്റെ പ്രതീകമായ രാമായണം. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം വ്യക്തമായി പ്രകടിപ്പിച്ച രാമന് ആവിഷ്കരിച്ചത്. പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ സമചിത്തതയോടെ കൈകാര്യം ചെയ്യണമെന്ന് ‘രാമായണം’ കാട്ടിത്തരുന്നു.
”രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്കാര ചരിത്രത്തിലുണ്ടായിട്ടില്ല” എന്ന് വിവേകാനന്ദന് രാമായണത്തെക്കുറിച്ച് പ്രസ്താവിച്ചത് ഈ വേളയിൽ ഓർമ്മിക്കാം.
ഈശ്വരന്റെ അവതാരമായും മര്യാദാ പുരുഷനായും എഴുത്തച്ഛൻ രാമനെ അവതരിപ്പിച്ചപ്പോൾ വാത്മീകി സൃഷ്ടിച്ച രാമന് അവതാര പുരുഷനെന്നതിലുപരി ഇതിഹാസ പുരുഷനാണ്. ഈശ്വരതുല്യമായ രാമസ്തുതികള്‍ വാത്മീകി രാമായണത്തില്‍ കുറവാണെന്നിരിക്കെ ‘അദ്ധ്യാത്മ രാമായണം’ മഹാവിഷ്ണുവിന്റെ അവതാരമായ രാമന്റെ കഥയാണ്.
എന്നാൽ ‘രാമൻ’ എന്ന സങ്കൽപ്പം ഏതൊരു വിശ്വാസിയിലും ഉളവാക്കുന്ന വികാരം ഭക്തിയും ആദരവും നന്മയുമാണ്. തന്റെ സ്വാർത്ഥ ചിന്തകൾക്ക് മുൻതൂക്കം നൽകാതെ പ്രജാക്ഷേമത്തിനായി തന്റെ സർവ്വസ്വവും സ്വയം സമർപ്പിച്ച ആ യോഗിവര്യൻ പക്ഷേ ഇക്കാലത്ത് വിവാദ നായകനായി മാറിയത് കാലത്തിന്റെ കുസൃതി.
മൂലരാമായണം, വസിഷ്ഠ രാമായണം, തുളസീദാസ രാമായണം, കമ്പരാമായണം, കണ്ണശ്ശരാമായണം എന്നിവ പ്രസിദ്ധങ്ങളാണെങ്കിലും അദ്ധ്യാത്മ രാമായണത്തിനാണ് കേരളത്തിൽ കൂടുതൽ പ്രചാരം സിദ്ധിച്ചിരിക്കുന്നത്. രാമഭക്തിയുടെ സുധധാരയൊഴുക്കുന്ന; ശാരിക പൈങ്കിളിയെക്കൊണ്ട് എഴുത്തച്ഛന് ഭക്തിരസത്തോടെ ചൊല്ലിക്കുന്ന അദ്ധ്യാത്മ രാമായണമാണ് മലയാളികള്‍ക്ക് കൂടുതൽ പരിചിതം.
ആ ഭക്തി സാഗരത്തിൽ ആറാടുന്ന ഭക്തരെ ആത്മീയമായ ചിന്തകളിൽ നിന്ന് വേർപെടുത്തി അവിടെ കാലുഷ്യവും ശത്രുതയും നിറയ്ക്കുവാൻ ചില കുത്സിത പ്രവർത്തനങ്ങൾ നടക്കുന്നതിന് നാമിന്നു സാക്ഷികളാണ്.
നിശബ്ദമായ് പ്രാർത്ഥന നടത്താമെന്നിരിക്കെ എട്ടു ദിക്ക് പൊട്ടുമാറുച്ചത്തിൽ ഉച്ചഭാഷിണികൾ നിരത്തി അരോചക ശബ്ദത്തിൽ ശബ്ദമലിനീകരണം സൃഷ്ടിച്ചു കൊണ്ട് തങ്ങളുടെ പ്രാർത്ഥന ഏവരും കേൾക്കണമെന്ന ദുഷ്ടലാക്കോടെ പ്രഹസനം നടത്തുന്നതിൽ എല്ലാ മതങ്ങളും ഇന്ന് മത്സരിക്കുന്നതിൽ നിന്ന് ഇക്കാര്യം വ്യക്തമാണല്ലോ.
രാമായണ പാരായണവും രാഷ്ട്രീയവും
സ്വന്തം പാർട്ടി കാലങ്ങളായി പുലർത്തി വരുന്ന നിലപാടുകളെ വളച്ചൊടിച്ച് തങ്ങൾക്ക് അനുകൂലമാക്കുക. പറഞ്ഞു വരുന്നത് രാമായണ പാരായണം എന്ന ഹൈന്ദവ ആചാരത്തെ രാഷ്ട്രീയപാർട്ടികൾ മുതലെടുക്കുന്നതിനെ കുറിച്ചാണ്. അതെ, അതാണ് പ്രധാന വിഷയം; വോട്ട് ബാങ്ക് സംരക്ഷണം. അതിനായി മതത്തെയും ജാതിയെയും കൂട്ടു പിടിക്കുക.
അതിപ്പോൾ ക്ഷേത്രങ്ങളായാലും പള്ളികളായാലും അതിന് മാറ്റമൊന്നുമില്ല. മതാധ്യക്ഷന്മാർ ആത്മീയ പോഷണത്തിന് ഊന്നൽ നൽകേണ്ടവരാണെന്ന ഉത്തരവാദിത്തം മറന്ന് അധികാര കേന്ദ്രങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തവെ ലൗകിക വിഷയങ്ങളിൽ അവർക്കുള്ള പ്രാധാന്യം വർദ്ധിക്കുകയും പകരം ആദ്ധ്യാത്മികത കപടമാകുകയും ചെയ്യുന്നതിനാൽ സമൂഹം കൂടുതൽ കലുഷിതമാകുന്നു.
പണ്ട് ‘പഞ്ഞ മാസം’ എന്നറിയപ്പെട്ടിരുന്ന കർക്കിടക മാസത്തിലെ കഷ്ടതകൾക്കും ദുരിതങ്ങൾക്കും ഒരു പരിഹാരമെന്ന നിലയിലാണ് രാമായണ പാരായണം ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിയിരുന്നത്. കനത്ത മഴയും ദാരിദ്ര്യവും കൊടികുത്തി വാണിരുന്ന കർക്കിടക്കാലത്ത് ആ ദുരിതങ്ങളെ തരണം ചെയ്യുവാനുള്ള മനോബലമേകുന്ന ഉപാധിയായി രാമായണത്തെ കണ്ടിരുന്നു അക്കാലങ്ങളിൽ.
അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണമെന്നിരിക്കെ അതിന്റെ പ്രാധാന്യത്തെ ചൊല്ലി ആർക്കുമില്ല സംശയം. എന്നാൽ ആർ എസ് എസും വിശ്വ ഹിന്ദു പരിഷത്തുമുൾപ്പെടെയുള്ള സംഘടനകൾ തീവ്ര ഹൈന്ദവ നിലപാടുമായി ക്ഷേത്രങ്ങളിൽ പിടിമുറുക്കുന്നതിനെ ചെറുക്കുവാനായി മറ്റ് രാഷ്ട്രീയ പാർട്ടികൾ കൂടി ഇത്തവണ രാമായണ മാസാചരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
രാമായണം മാസാചരണവും കോൺഗ്രസ്സും
വിവാദം രൂക്ഷമായതിനെ തുടർന്ന് രാമായണം മാസം ആചരിക്കാനുള്ള തീരുമാനത്തിൽ നിന്ന് കോൺഗ്രസ് സംഘടനയായ ‘വിചാർ വിഭാഗ്’ പിന്മാറിയിരിക്കുകയാണ്.
സിപിഎം രാമായണമാസം ആചരിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസും ക്ഷേത്രാചാരങ്ങളിലേക്ക് ഇറങ്ങാന്‍ കച്ച മുറുക്കുന്നതിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന് എംഎല്‍എ രംഗത്തെത്തിയിരുന്നു.
‘നാലു വോട്ടു കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുതെന്നും ബിജെപിയെ നേരിടാന്‍ ഇതല്ല മാര്‍ഗമെന്നുമാണ്’ മുരളീധരന് പ്രതികരിച്ചത്. എന്നാൽ എല്ലാ മതങ്ങളെയും ഒരു പോലെ ആദരിക്കുന്ന കോൺഗ്രസ് രാമായണം മാസം ആചരിക്കുന്നതിൽ തെറ്റില്ലെന്നാണ് പ്രതിപക്ഷ നേതാവായ ചെന്നിത്തലയുടെ അഭിപ്രായം.
ക്ഷേത്രങ്ങളിലെ ബിജെപിയുടെ കടന്നുകയറ്റം ചെറുക്കാന്‍ സിപിഎമ്മിന്റെ പിന്തുണയുള്ള സംസ്കൃത സംഘമാണ് രാമായണമാസം ആചരിക്കാൻ തീരുമാനിച്ചതെങ്കിൽ കോണ്‍ഗ്രസില്‍ കെപിസിസിയുടെ വിചാര്‍ വിഭാഗാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. കര്‍ക്കിടക മാസാരംഭമായ ജൂലൈ 17-ന് തിരുവനന്തപുരത്തു വച്ച് കെപിസിസിയുടെ പരിപാടി അരങ്ങേറുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
സാഹിത്യ-രാഷ്ട്രീയ രംഗങ്ങളിൽ സുപ്രസിദ്ധനായ ശശി തരൂര്‍ എംപി ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നും അറിയിപ്പുണ്ടായിരുന്നു. ”ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാൽ അവർ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാൻ’ ആക്കി മാറ്റുമെന്നും” ശശി തരൂർ അടുത്തിടെ പ്രസ്താവിച്ചതും അതിനെതിരെ കൊൽക്കത്ത കോടതി നടപടി സ്വീകരിച്ചതും ഈ വേളയിൽ ഓർക്കാം. അടുത്തമാസം 14-ന് തരൂര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് കൊല്‍ക്കത്ത കോടതിയുടെ നിര്‍ദേശം.
നിലപാടുകൾ മാറ്റിയും മറിച്ചും സിപിഎം
ശ്രീകൃഷ്ണ ജയന്തിക്കുള്ള ബദല്‍ ശോഭായാത്രക്കു പിന്നാലെ രാമായണ മാസാചരണത്തിന് സി.പി.എം നേതൃത്വം നല്കുന്ന വാർത്ത നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നുവല്ലോ. രാമായണം സംഘപരിവാറിന്റെ സ്വകാര്യ സ്വത്തല്ലെന്ന് സ്ഥാപിക്കാനായി നേരത്തെ സെമിനാറുകൾ നടത്താൻ നേരത്തെ സ് പി എം ആഭിമുഖ്യമുള്ള സംസ്കൃത സംഘം തീരുമാനിച്ചിരുന്നു. എന്നാൽ വിവാദത്തെ തുടർന്ന് സംഭവത്തിൽ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തിയിരുന്നു.
സിപിഎം രാമായണമാസം ആചരിക്കില്ലെന്ന് വിശദീകരിച്ച് രംഗത്തെത്തിയ കോടിയേരി ‘സംസ്കൃതസംഘം’ സിപിഎമ്മിന്റെ സംഘടനയല്ലെന്ന് വ്യക്തമാക്കിയിരുന്നു. സ്വതന്ത്രസംഘടനയുടെ പരിപാടി സിപിഎമ്മിനെതിരായ ആയുധമാക്കുന്നുവെന്നും കോടിയേരി ആരോപിച്ചിട്ടുണ്ട്.
ആരാധനാലയങ്ങളിൽ പിടിമുറുക്കുന്ന രാഷ്ട്രീയപാർട്ടികൾ
കേരളത്തിൽ വേരോട്ടം ശക്തമാക്കുവാനായി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ബിജെപി ആർ എസ് എസിന്റെ സഹായത്തോടെ ക്ഷേത്രങ്ങളിൽ പിടിമുറുക്കുന്ന കാഴ്ച കൂടുതൽ കൂടുതൽ പ്രകടമാകുകയാണ്.
ഹൈന്ദവ സംരക്ഷണമെന്ന അവകാശവാദവുമായി ക്ഷേത്രകാര്യങ്ങളിലും ആചാരങ്ങളിലും പിടിമുറുക്കുന്ന പ്രവണത കൂടിക്കൂടി വരുന്നുവെന്ന് സ്പഷ്ടമായപ്പോഴാണല്ലോ മറ്റ് രാഷ്ട്രീയ പാർട്ടികളും ഈ രംഗത്തേയ്ക്ക് കടന്നു വന്നത്.
തിരഞ്ഞെടുപ്പ് വേളകളിൽ രാഷ്ട്രീയ നേതാക്കന്മാർ മതാദ്ധ്യക്ഷന്മാർക്കു മുന്നിൽ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നിൽക്കുന്നതും ആർക്ക് വോട്ട് നൽകണമെന്ന് മതമേധാവികൾ വിശ്വാസികളോട് ആജ്ഞാപിക്കുന്നതും ഇക്കാലത്ത് സർവ്വ സാധാരണമായിരിക്കുന്നു. എന്നാൽ തന്റെ രാഷ്ടീയ നിലപാടിൽ മതത്തിനെ വലിച്ചിഴക്കേണ്ടതില്ലെന്ന് ഓരോ പൗരനും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അധികാര പോരാട്ടത്തിൽ മതവും രാഷ്ട്രീയവും
മതം അധികാര കേന്ദ്രങ്ങളിൽ പിടി മുറുക്കുന്നതിന് ചരിത്രം പലപ്പോഴും സാക്ഷികളായിട്ടുണ്ട്. നവോത്ഥാനത്തിന് തൊട്ടു മുൻപ് വരെ റോമൻ കത്തോലിക്കയിലെ പുരോഹിതന്മാർ എത്രയേറെ സ്വാധീനം ഭരണകാര്യങ്ങളിൽ നടത്തിയിരുന്നു എന്നും ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ള വളരെയേറെ പ്രബുദ്ധരെ മരണത്തിലേയ്ക്ക് നിർദയം തള്ളിവിട്ടതിനും ചരിത്രം സാക്ഷിയാണ്. ഇന്ത്യയിലെ സ്ഥിതിയും മറിച്ചായിരുന്നില്ലല്ലോ. എന്നും എക്കാലവും മത പുരോഹിതന്മാർ അധികാര കേന്ദ്രങ്ങളിൽ തങ്ങളുടെ മർക്കട മുഷ്ടി പ്രയോഗിച്ചതിന്റെ ഭവിഷ്യത്തുകൾ ചരിത്ര രേഖകളിൽ എമ്പാടും കാണാനാകും.
മനുഷ്യ മനസുകളെ വിമലമാക്കുവാനുള്ള മാർഗ്ഗമെന്ന നിലയിലും ആത്മീയമായ ഔന്നത്യം പ്രാപിക്കുവാൻ ഓരോ വിശ്വാസിയെയും പ്രാപ്തരാക്കേണ്ട ഉത്തരവാദിത്തമുള്ള മതങ്ങൾ അക്കാര്യം അനുഷ്ഠിക്കാതെ അധികാര കേന്ദ്രങ്ങൾക്ക് പിന്നാലെ പായുമ്പോൾ നഷ്ടമാകുന്നത് വിശ്വാസ സമൂഹത്തിന്റെ ആത്മീയ ചൈതന്യമാണ്; മനോബലമാണ്; ആശ്രയമാണ്; സർവ്വോപരി വിശ്വാസം കൂടിയാണ്.
പ്രകടമായ ന്യൂന പക്ഷ പ്രീണനനയം പ്രമുഖ പാർട്ടികൾ കാലങ്ങളായി അനുവർത്തിക്കവെ അതിന്റെ പ്രതികരണമെന്നോണം ഭൂരിപക്ഷ പ്രീണനവുമായി മറ്റ് ചില പാർട്ടികൾ കൂടി രംഗത്തു വന്നപ്പോൾ ഒരു പുനർ ചിന്തയ്ക്ക് സമയമായെന്ന് പ്രബുദ്ധർ മുറവിളി കൂട്ടിയത് ബധിരകർണ്ണങ്ങളിലാണലോല്ലോ പതിച്ചത്. അതിന്റെ പ്രത്യാഘാതമാണ് ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് ഏവർക്കും നിഷ്പ്രയാസം മനസ്സിലാക്കാവുന്നതേയുള്ളൂ.
മതങ്ങൾ അതിന്റെ വഴിയ്ക്ക് സഞ്ചരിക്കട്ടെ; രാഷ്ട്രീയം അതിന്റെ പാതയിലും. സമൂഹ നന്മയ്ക്കായി സമാന്തരമായി മാത്രം സഞ്ചരിക്കേണ്ട മതവും രാഷ്ട്രീയവും എപ്പോഴാണോ തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി പരസ്പരം കൈകോർക്കുന്നത് അപ്പോഴൊക്കെയും നഷ്ടം സംഭവിച്ചത് സമൂഹത്തിനാണെന്ന സത്യം ഇനിയെങ്കിലും മനസിലാക്കിയാൽ നന്നെന്ന് ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു.
തീവ്രവാദക്കേസുകൾ പോലുള്ള രാജ്യദ്രോഹ കുറ്റങ്ങളിൽ പിടിയിലാകുന്ന പ്രതികളെ സംരക്ഷിക്കാൻ മതാധ്യക്ഷൻമാരും രാഷ്ട്രീയ പ്രമുഖരും മത്സരിക്കുമ്പോൾ നഷ്ടമാകുന്നത് നമ്മുടെ മതേതരത്വവും മത സ്വാതന്ത്ര്യവും സഹോദര്യവുമാണെന്ന് ഒരുവേളയെങ്കിലും മത-രാഷ്ടീയ പ്രമുഖർ ഓർത്തെങ്കിൽ എത്ര നന്നായേനെ.
“രാമനാമം കലിയുഗം കടക്കാനുള്ള യാനഹത്രമാണ്. ധര്‍മ്മത്തിന്റെ ഏറ്റവും ഉച്ചസ്ഥായിലുള്ള സ്വരം.” എന്ന് മഹാത്മാഗാന്ധി പ്രസ്താവിച്ചതും രാമ രാജ്യമെന്ന ക്ഷേമ രാഷ്ട്രത്തിനായി അദ്ദേഹം നിലകൊണ്ടത് ഹിന്ദു മതത്തിന്റെ മാത്രം നന്മയ്ക്കായി മാത്രമായിരുന്നില്ലെന്നും നമുക്ക് ഓർക്കാം.
സമസ്ത പൗരന്മാർക്കും ക്ഷേമം ഭവിക്കുന്ന നല്ലൊരു ലോകത്തിനായി ഓരോ മനുഷ്യനും അനുവർത്തിക്കേണ്ട മാർഗ്ഗങ്ങൾ സുലഭമായി സമസ്ത മതഗ്രന്ഥങ്ങളിലും പ്രസ്താവിച്ചിട്ടുണ്ടെന്നിരിക്കെ അവ അനുവർത്തിച്ചു കൊണ്ട് നല്ലൊരു ലോകത്തിനായി ഓരോ പൗരനും മുന്നേറുമെന്ന പ്രത്യാശ പുലർത്താം.
ധര്‍മ്മവും അധര്‍മ്മവും, രാമനും രാവണനും തമ്മിലുള്ള യുദ്ധം അനാദികാലം മുതല്‍ മനുഷ്യചരിത്രത്തില്‍ പല പല രീതികളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നത് നഗ്ന സത്യമാണ്. അന്തിമമായ ജയം ധര്‍മ്മത്തിനും നന്മയ്ക്കുമാണെന്ന് വിളിച്ചോതുന്ന രാമായണ പാരായണ മാസം സമൃദ്ധിയുടെ പൊന്നിന് ചിങ്ങത്തിനായുള്ള കാത്തിരിപ്പിന്റെ മാസം കൂടിയാണെന്നതിനാൽ ഈ വിഷയത്തിൽ നമുക്ക് ശുഭ ചിന്ത കൈവിടാതിരിക്കാം. ‘കര്‍ക്കിടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു’ എന്ന ചൊല്ല് അന്വർത്ഥമാകട്ടെ.
ശാലിനി വി എസ് നായർ
Comments
0 comments