in

ഖദർ സാരി ചുറ്റി ‘രംഗീല ഗേൾ’ തെരഞ്ഞെടുപ്പ് ഗോദയിൽ 

മുംബൈ: കനത്ത മേക്കപ്പില്ല. ആഭരണം എന്ന് പറയാൻ കാതിൽ ചെറിയൊരു സ്റ്റഡ് മാത്രം. നെറ്റിയിൽ ഒരു കൊച്ചുപൊട്ട്. പിറകിൽ ഒതുക്കത്തിൽ കെട്ടിവച്ച മുടി. ഒറ്റ നോട്ടത്തിൽ തന്നെ ലാളിത്യം തുളുമ്പുന്ന ഖദർ സാരിയും. 

പറഞ്ഞുവരുന്നത്  തൊണ്ണൂറുകളിൽ വെള്ളിത്തിരയെ ഇളക്കിമറിച്ച രംഗീല ഗേളിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്കുള്ള മെയ്ക് ഓവറാണ്. അടിമുടി രാഷ്ട്രീയക്കാരിയായാണ്  ഊർമിള മണ്ഡോദ്കർ എന്ന ചലച്ചിത്ര താരം  തന്റെ നാല്പത്തി നാലാം വയസ്സിൽ  തെരെഞ്ഞെടുപ്പ് ഗോദയിലേക്ക്  ഇറങ്ങുന്നത്.

അതിരാവിലെ ഖദർ സാരി ചുറ്റി മുംബൈ നോർത്ത് മണ്ഡലത്തിൽ  തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനെത്തിയ  ഊർമിളയോട് മാധ്യമ പ്രവർത്തകരുടെ ആദ്യ ചോദ്യം സ്വാഭാവികമായും  വേഷത്തെപ്പറ്റിയായിരുന്നു. എന്തുകൊണ്ട് ഖദർ ? ഇന്ദിര ഗാന്ധിയുടെ വഴിയിലാണോ ?  മറുപടി ഇരുത്തം വന്ന ഒരു  രാഷ്ട്രീയക്കാരിയുടേത്. വസ്ത്രധാരണം കൊണ്ട് മാത്രമായില്ല. ആദർശത്തിലും നിലപാടിലുമെല്ലാം അതാവണം. അങ്ങിനെയാണ് മാറ്റങ്ങൾക്ക് കാരണമാവേണ്ടത്. 

നേരത്തെ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംബന്ധിച്ച ഊർമിള അവരെയും കൈയിലെടുത്തു.  ഒരു സിനിമാ താരത്തിന് എന്തിന് പിന്തുണ നൽകണം എന്ന് ആരെങ്കിലും  ചോദിച്ചാൽ ജനാധിപത്യത്തിലെ താരങ്ങൾ സാധാരണക്കാർ മാത്രമാണ്  എന്ന മറുപടി  നല്കാൻ  പാർട്ടി പ്രവർത്തകരോട് അവർ ആഹ്വാനം  ചെയ്തു.

കന്നി പോരാട്ടത്തിൽ ഊർമിളക്കായി കോൺഗ്രസ് നൽകിയിരിക്കുന്നത് നോർത്ത് മുംബൈ മണ്ഡലമാണ്. മുഖ്യ എതിരാളി ബി ജെ പി യിലെ ഗോപാൽ ഷെട്ടി. 2014 ലെ  പൊതു തെരഞ്ഞെടുപ്പിൽ നാലുലക്ഷത്തിലധികം വോട്ടിനാണ് ഷെട്ടി മഹാരാഷ്ട്ര കോൺഗ്രസ് പി സി സി അധ്യക്ഷൻ സഞ്ജയ് നിരുപമിനെ തറ പറ്റിച്ചത്.  പരിണത പ്രജ്ഞരായ നേതാക്കളെ ഒഴിവാക്കി ഊർമിളയെ രംഗത്തിറക്കിയുള്ള  കോൺഗ്രസിന്റെ പരീക്ഷണം വിജയിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഏതായാലും അണികളിൽ ആവേശം വിതറി ഊർമിള പ്രചരണത്തിൽ മുന്നേറുകയാണ്. ബി ജെ പിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ തള്ളി കോൺഗ്രസ് മുന്നോട്ടുവെക്കുന്ന സ്നേഹത്തെയും സഹിഷ്ണുതയെയും സ്വീകരിക്കാൻ വോട്ടർമാരോട് അവർ അഭ്യർഥിക്കുന്നു.

ശ്രീറാം ലഗുവിന്റെ മറാത്തി ചിത്രം സാകൂലിൽ ഒരു ബാല താരമായി വന്ന് ശേഖർ കപൂറിന്റെ മസൂമിലൂടെ ശ്രദ്ധേയയായ ഊർമിള മണ്ഡോദ്കർ റാം ഗോപാൽ വർമയുടെ രംഗീലയിലൂടെ ഇന്ത്യൻ ചലച്ചിത്രലോകത്തെ മുഴുവൻ ഇളക്കിമറിച്ച താരമാണ്. ഒരേ സമയം വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടാൻ അഭിനേതാവെന്ന നിലയിൽ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യൻ, ജുദായ്, മേരെ സപ്നോം കി റാണി, സത്യ, മസ്ത്, ദില്ലഗി, കോൻ, പ്യാർ തൂനെ ക്യാ കിയ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. റാം ഗോപാൽ വർമയുടെ ഭൂതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ ക്രിട്ടിക്സ് അവാർഡ് നേടി.

ജാനു ബറുവയുടെ മേ ഗാന്ധി കോ നഹി മാര ഊർമിളയുടെ  പ്രകടന മികവ് കണ്ട മറ്റൊരു ചിത്രമാണ്. കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച നൈനയും ശ്രദ്ധേയ ചിത്രമാണ്. തമിഴ്, തെലുഗ്, മലയാളം ഉൾപ്പെടെ ഒട്ടു മിക്ക ഇന്ത്യൻ ഭാഷകളിലും ഊർമിള അഭിനയിച്ചിട്ടുണ്ട്. കമൽഹാസനൊപ്പം ചാണക്യനിലും മോഹൻലാലിനൊപ്പം തച്ചോളി വർഗീസ് ചേകവരിലുമാണ് മലയാളത്തിൽ അവർ മുഖം കാണിച്ചത്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സോനാക്ഷി ചോദിക്കുന്നു: ഇത് എന്തേ നേരത്തെ തോന്നാതിരുന്നത് അച്ഛാ?

ഡിജിറ്റല്‍ റേഡിയോ സോഫ്റ്റ് വെയർ : ഇന്‍ടോട്ടിന്  കൊറിയന്‍ കമ്പനിയുടെ കരാര്‍