നാവിൽ വെള്ളമൂറി കൊതിപ്പിക്കുന്ന ഇഷ്ടം

സകലതും  വലിച്ചെറിഞ്ഞ് പുറംതിരിഞ്ഞു നില്ക്കുന്ന ഈ  സൈബർ യുഗത്തിൽ ഒരു പുസ്തകത്തെപ്പോലെ  നമ്മോട് ചേർന്നുനിൽക്കുന്ന മറ്റൊന്നില്ല.  അലസ സമയങ്ങളിൽ ഒപ്പമെത്തുന്ന  പ്രിയ സുഹൃത്ത്…  പുറം ജാലകത്തിലൂടെ അറിയാതെ കേറിവന്ന് അരികത്തൊരു കസേരയിട്ടിരിക്കുന്ന  അടുപ്പങ്ങൾ…

കായികമായ  ഉണർവ് തരുന്ന ഒരു  വ്യായാമ മുറ പോലെ, മാനസികോല്ലാസം തരുന്ന തെറാപ്പി കൂടിയാണ് വായന. അത് ചിലപ്പോഴൊക്കെ സമയം നീങ്ങിപ്പോവാനുള്ള ഉപാധിയും ഉറക്കത്തിലേക്കുള്ള  സുഖകരമായ കൈവഴിയും ആവും.

വായനയുടെ ലോകത്തെ പുതുരുചികളും പഴയ മണങ്ങളും നാവിൽ വെള്ളമൂറി കൊതിപ്പിക്കുന്നുണ്ടെപ്പഴും. എന്നെ സംബന്ധിച്ച് വായന എന്റെ ഇഷ്ടം തന്നെയാണ്.

rathiP1ആത്മപീഡയുടെ വക്കിൽ പിടഞ്ഞിരുന്നപ്പോഴാണ് ഫയദോറിന്റെ പുസ്തകങ്ങൾ ഞാൻ  ആദ്യമായി എടുത്തു നോക്കുന്നത്. പിന്നീടിതേവരെ അപസ്മാര ബാധിതന് ഇരുമ്പുദണ്ഡ് പോലെ എനിക്കെന്നും കൺവെട്ടത്ത്, കൈയകലത്തിൽ അവയുണ്ടാവണം.

ഇസഡോറയിലെ സ്വാതന്ത്ര്യവും മാധവിക്കുട്ടിയുടെ എഴുത്തിന്റെ നിർമ്മലതയും രണ്ടാമൂഴത്തിലെ ഭീമനും എന്നെ പുതച്ചുറങ്ങി കടന്നുപോയിട്ടേയുള്ളു. ഉറക്കം കെടുത്തിയിട്ടുള്ള വായനകളുണ്ട്. ആടുജീവിതവും നജീബും കിടത്തിപ്പൊറുപ്പിച്ചിട്ടില്ല അന്നും ഇന്നും. ജയമോഹന്റെ പുസ്തകങ്ങളോട് ഒരു നാനാ പടേക്കർ  ചിത്രത്തോടുള്ള  ആവേശമാണെനിക്ക്. പിണഞ്ഞുമറിയാൻ കൊതിക്കുന്ന ആ ഒരു ഇത്.

സ്ത്രീജീവിതത്തിന്റെ കാഴ്ച്ചപ്പാടിലെ വൈവിധ്യങ്ങൾ അനുഭവിപ്പിച്ച പ്രതിഭാ റോയിയുടെ ദ്രൗപദി, തസ്ലീമ നസ്‌റിന്റെ പെൺകുട്ടിക്കാലം, പ്രൊതിമ ബേദിയുടെ ടൈംപാസ്സ്‌ ഒക്കെ ഇഷ്ടം നിറച്ചുവെച്ച പുസ്തകങ്ങളാണ്.

1booksമാധവിക്കുട്ടിയുടെ എഴുത്തിലൂടെ സഞ്ചരിക്കുമ്പോൾ അതെന്റേയും ഹൃദയമാണ് എന്ന ഓർമപ്പെടുത്തലാണ്. പ്രണയക്കൂടുതലും കെടുതിയും തണുപ്പിച്ചും വിയർപ്പിച്ചും ചന്ദനമണങ്ങൾ വീശിയും കടന്നങ്ങനെ പോകും.

ഭിക്ഷ, ഭിക്ഷാ പാത്രത്തെ തേടുന്ന പോലെ, എന്റെ സ്നേഹത്തെ പുണർന്ന് സ്വീകരിക്കാൻ ഒരു ശരീരത്തെ തേടുകയായിരുന്നു എന്ന ആമിയുടെ ഒറ്റവരിയിൽ കെട്ടിവലിക്കപ്പെട്ട ഒട്ടേറെ സ്‌ത്രീജീവിതങ്ങളുടെ നിഴലുകൾ ഞാനും കാണുന്നുണ്ട്, എന്നെയെന്നപോലെ…വിഷമങ്ങൾ  മറകെട്ടിയ അരമതിലിൽ ചാരിയിരുന്ന് അവരെ വായിക്കുമ്പോൾ അവരായി പരിവർത്തനപ്പെടാൻ  ഞാൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്.

രവികുമാർ വാസുദേവന്റെ പരിഭാഷ ബ്ലോഗ് തന്നിട്ടുള്ള വായനാനുഭവം വിസ്മയകരം തന്നെ. അക്കാ മഹാദേവി, റിൽകെ, ഫ്ലോബർ, വാൻഗോഗ്, കാഫ്ക എന്നിവരെ മത്സരിച്ച്‌ വായിച്ചിട്ടുണ്ട്. ദിവസത്തിൽ ഒരിക്കലെങ്കിലും പരിഭാഷയിലൂടെ കയറിപ്പോവാതെ വയ്യ. നിശ്ചലതയുടെ  ഒരു  തടാകം പോലെ പരന്നു കിടക്കുന്ന അനന്തതയിലേക്ക് ഒരു ചെറു നൂലിന്റെ കനം  പോലുമില്ലാതെ പറന്നുയരുക… നിരാലംബതയും  നിരാശ്രയത്വവും എന്നെ  എപ്പോഴും അങ്ങോട്ടേക്കുള്ള പടികൾ ചവിട്ടിക്കും. ശരിക്കുപറഞ്ഞാൽ ഇതൊരു  ദിനചര്യ തന്നെ.

ചിലർ എഴുത്തിലൂടെ സംവദിക്കുന്നത് എന്നോട് മാത്രമാണെന്ന് തോന്നും. കാഫ്ക മിലെനയ്ക്ക് എഴുതിയ പ്രണയ ലേഖനങ്ങൾക്കു മറുപടി എഴുതിയെഴുതി കൈ കടഞ്ഞിട്ടുണ്ട്.

വ്യഥിതവും നിന്ദ്യവുമായ ജീവിതാനുഭവങ്ങളിൽ നിന്നു കരകയറാൻ സഹായിച്ചിട്ടുള്ളത് പ്രവാചകൻ തന്നെ. ചില പുസ്തകങ്ങൾ ഉൾക്കരുത്തുള്ള അനുഭവമാകുന്നത് പുനർവായനകളിൽ ആണ്.  പി.എൻ. ദാസിന്റെ ജീവിതഗാനം ഉണർവ് കൂട്ടുന്ന, വെളിച്ചം തരുന്ന മരുന്ന് പോലെ.

ചില സൗഹൃദങ്ങളെ, സ്നേഹങ്ങളെ അവരുടെ പുസ്തകത്തിലൂടെ അനുഭവിക്കാനാവും. അവരുടെ പെരുമാറ്റ വൈചിത്ര്യങ്ങൾ, ഒപ്പം സഞ്ചരിക്കുന്ന സൗഹൃദങ്ങൾ എല്ലാം.  ഗിരീഷ് ജനാർദ്ദനനും മണിലാലും ബീന ഫൈസലും അങ്ങനെയാണ് മനസ്സിൽ ഇടം പിടിച്ചത്.  മണിലാലിന്റെ മാർജാരൻ വായന രേഖാചിത്രമാക്കിത്തന്ന പ്രിയ സൗഹൃദമാണ്  എനിക്ക് അസലു. ഇവരെയെല്ലാം വായിച്ച് അവരുടെ കാമനകളെ, മാതിരികളെ ഏറ്റുവാങ്ങി ഞാനൊരു സ്വപ്ന സഞ്ചാരിയായി.

1 vayana1വട്ടം ചുറ്റി , അമ്പല മണി അടിച്ച്‌ നെഞ്ചിൽ തൊട്ട് പ്രാർത്ഥനയാവുന്ന ചില വായനകൾ ഉണ്ട്. നാൽക്കവലയിൽ ചുട്ടുപൊള്ളുന്ന ജീവിതങ്ങളെ നമ്മുടെ  കൈകൾ കൊണ്ട് കോരിയെടുത്ത്, ചാന്തും പൊട്ടും തൊടുവിച്ച്‌ ഒരുക്കിയിരുത്തി നാളെകൾ നിങ്ങളുടേതെന്നു ഓർമ്മപ്പെടുത്തുന്ന ചില വായനകൾ .

ഒറ്റയുടെ തുരുത്തുകളിൽനിന്നു ചില വന്യവ്യവഹാരങ്ങളിലേയ്ക്കു  കുടിയേറിപ്പാർക്കാൻ ഒറ്റക്കുളങ്ങളിൽ കുളിച്ച്‌ ഒറ്റക്കളങ്ങളിൽ ആടി അരുവി പോലെ ഒഴുകി രാവിനോട് കിന്നാരംചൊല്ലി മൃദുലമായിരിക്കുന്നതിൻറെ നൊമ്പരമറിഞ്ഞ് അതിന്റെ ആത്മ പാഠങ്ങളിൽ പരിക്കേറ്റ് രാവേത് പുലരിയേത് എന്ന് പറഞ്ഞുതരാത്ത  അറിയാ വായനകളുണ്ട്.

മറിച്ച്‌  മറിച്ച്‌ മടക്കി വെച്ച് വീണ്ടും മറിച്ച്‌ സൂക്ഷ്മതയോടെ, അതിസൂക്ഷ്മതയോടെ മടക്കി വെയ്ക്കുന്ന പ്രണയ ലേഖനങ്ങൾ പോലെ പൊടിയാതെ, പൊടിയ്ക്കാതെ ചേർത്തുവെയ്ക്കുന്ന ചില പുസ്തകങ്ങളും  ഉണ്ട്.

പ്രണയസുഗന്ധമായ ഒരു രാവിനെ ഒരു പ്രഭാതത്തെ കൈക്കുമ്പിളിൽ എടുക്കാൻ, തീപ്പെട്ടുപോയ സൗഹൃദങ്ങളെ  വീണ്ടു ഒന്നും വരച്ചുനോക്കാൻ, ജീവിതത്തിന്റെ നിഗൂഢതയെ ഒരു ഉറുമ്പുകടിയുടെ നിസ്സാരതയായി പരിഭാഷപ്പെടുത്താൻ …

amiകുന്നിറങ്ങിയും ചുരം കയറിയും കടലാഴങ്ങളും ആകാശത്തൊപ്പിയും തൊട്ട് ആത്മാവിൽ നുരഞ്ഞുപൊന്തുന്ന ലഹരിയോടെ അശ്രദ്ധയിലെ ആലസ്യത്തോടെ തീവ്രമായ പ്രണയത്തോടെ അവരെ തൊടുമ്പോൾ, വാക്കുകൾക്കതീതമായ ആ പേറ്റുനോവ് ഞാൻ അനുഭവിക്കും.

അത് കഴിഞ്ഞുള്ള ശാന്തതയിൽ ഞാനാ സത്യത്തെ ഹൃദയം കൊണ്ട് തൊട്ടറിയും. ഞാനീ  ഭൂമിയിൽ മറ്റൊരാളായി,  കൂടുതൽ മെച്ചപ്പെട്ട ഒരു ഞാനായി പുനർജനിച്ചിരിക്കുന്നു എന്ന് ….

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

E-cigarettes , dangers, study,health problems, harm, liver, electronic cigarettes , conventional cigarettes ,  fatty liver disease, circadian rhythm dysfunction, research,

ഇ-സിഗരറ്റ്: ഞെട്ടലേകുന്ന പുതിയ പഠനഫലവുമായി ഗവേഷകർ

three crore saplings , Kerala, environment day, Green Keral, state government, World Environment Da,Kudumbashree Mission, educational institutions, local-self-government institutions, NGO, forest department, 

മൂന്ന് കോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന പദ്ധതി; അവലോകനവുമായി മുഖ്യമന്ത്രി