‘പാടും ക്രൂര’നായ പാവം ഉമ്മുക്ക   

ഇന്ന് ഒക്ടോബർ 29. ഉമ്മറിന്റെ ഓർമ ദിനം.  മലയാളികൾക്ക് മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് കെ പി ഉമ്മർ. 1929 ഒക്ടോബർ 11 ന് കോഴിക്കോട് ജനിച്ച ഉമ്മർ നമ്മെ വിട്ടുപിരിയുന്നത്  2001 ഒക്ടോബർ 29ന് ചെന്നൈയിൽ  വെച്ചാണ്. മരിക്കുമ്പോൾ  72 വയസ്സ് പ്രായം. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉമ്മറിന്റെ ശൈലീകൃതമായ സംഭാഷണ ശൈലി ഏറെ ശ്രദ്ധേയമായിരുന്നു. 

പുതു തലമുറ ഇന്ന് ഉമ്മറിനെ അറിയപ്പെടുന്നത് തന്നെ അദ്ദേഹത്തിന്റെ  സംഭാഷണങ്ങളിലൂടെയാണ്. 1956 ൽ ‘രാരിച്ചൻ എന്ന പൗര’നിലൂടെയാണ് അഭിനയ ജീവിതത്തിന്റെ തുടക്കം. മൂന്നാമത്തെ ചിത്രമായിരുന്നു എം.ടിയുടെ ‘മുറപ്പെണ്ണ്’.  ശോഭന പരമേശ്വരൻ നായർ നിർമിച്ച് എ വിൻസന്റ് സംവിധാനം ചെയ്ത ‘മുറപ്പെണ്ണി’ലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ വേഷങ്ങൾ തേടിയെത്തി. 

അഭിനയ ജീവിതത്തിന്റെ ആദ്യകാലത്ത് തന്നെ എം ടിയുടെ  കഥാപാത്രത്തെ അവതരിപ്പിക്കാനായതിൽ താൻ ഏറെ സന്തോഷവാനാണെന്ന് അദ്ദേഹം പറയുമായിരുന്നു. ‘മനസ്സേ നിനക്ക് മംഗളം’, ‘ഇത് നല്ല തമാശ’, ‘അതിരാത്രം’, ‘അർഹത’, ‘അയ്യർ ദി ഗ്രെയ്‌റ്റ്’ , ‘അടിമകൾ ഉടമകൾ’, ‘ഇവിടെ തുടങ്ങുന്നു’, ‘കളിയിൽ അല്പം കാര്യം’, ‘നാടോടിക്കാറ്റ്’ തുടങ്ങി നൂറുകണക്കിന് ചലച്ചിത്രങ്ങളിൽ ഉമ്മർ  വേഷമിട്ടിട്ടുണ്ട്; പ്രധാനമായും വില്ലൻ വേഷങ്ങൾ. 1998 ൽ പുറത്തിറങ്ങിയ ഫാസിലിന്റെ ‘ഹരികൃഷ്ണൻസ്’ ആണ് അവസാന ചിത്രം. നസീറിന്റെയും സത്യന്റെയുമെല്ലാം തല്ലു കൊള്ളാൻ വിധിക്കപ്പെട്ട ബലാൽസംഗ വീരനായിട്ടായിരുന്നു കിട്ടിയ കഥാപാത്രങ്ങളിലധികവും.

‘ ഉമ്മുക്ക’ എന്ന് ചലച്ചിത്രലോകത്ത് സ്നേഹപൂർവ്വം അറിയപ്പെട്ട ഉമ്മറെന്ന നടന് പാട്ടുമായുള്ള ബന്ധത്തെ ഓർത്തെടുക്കുകയാണ് പ്രമുഖ “പാട്ടെഴുത്തുകാരൻ ” രവി മേനോൻ  തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ…

ഇന്ന് കെ പി ഉമ്മറിന്റെ ഓർമ്മദിനം; ‘പാടും ക്രൂര’നായ പാവം ഉമ്മുക്ക 

അപ്രതീക്ഷിതമായി ഒരു പശു ഇടപെട്ടില്ലായിരുന്നെങ്കിൽ താൻ പാട്ടുകാരനായിപ്പോയേനെ എന്ന് പ്രശസ്ത നടൻ കെ പി ഉമ്മർ പറഞ്ഞുകേട്ടിട്ടുണ്ട്. കളിയും കാര്യവും ചേരുംപടി ചേർത്ത് ഒരു സുഹൃദ്സദസ്സിൽ കോഴിക്കോടൻ ബിരിയാണിക്കൊപ്പം ഉമ്മുക്ക വിളമ്പിയ രസികൻ കഥ.

1950 കളിൽ കോഴിക്കോട്ടെ ബ്രദേഴ്സ് ക്ലബ്ബിന്റെ വേദികളിൽ മുകേഷിന്റെ ഹിന്ദി ഗാനങ്ങൾ സ്ഥിരമായി പാടിയിരുന്നു സുമുഖനായ ഉമ്മർ — പ്രത്യേകിച്ച് `മേള’ എന്ന സിനിമയിൽ നൗഷാദ് ഈണമിട്ട ഗായേജാ ഗീത് മിലൻ കേ. “ശ്രുതിയും താളവുമൊക്കെ ഉണ്ടായിരുന്നോ എന്ന് ഓർമ്മയില്ല. ആരും പരാതി പറഞ്ഞു കേൾക്കാത്തത് കൊണ്ട് പാടിക്കൊണ്ടേയിരുന്നു എന്നു മാത്രം”. ഉമ്മറിന്റെ വാക്കുകൾ. ഒരു പരിപാടിക്കിടെ പാടുമ്പോൾ മെലിഞ്ഞുണങ്ങിയ ഒരു പശു വേദിയിൽ കയറി വന്നു. പാട്ട് തീരും വരെ ദയനീയമായി പാട്ടുകാരനെ നോക്കിക്കൊണ്ടിരുന്നു അത്.

“പാടിക്കഴിഞ്ഞു നോക്കുമ്പോൾ സ്വതേ ശുഷ്കമായ സദസ്സ് മിക്കവാറും കാലിയായിരിക്കുന്നു. പശുവും ഞാനും മാത്രമുണ്ട് രംഗത്ത്. അന്ന് നിർത്തിയതാണ് ഗാനാലാപനം‌”. തന്നിലേക്ക് നോക്കി പൊട്ടിച്ചിരിക്കാൻ ഒരിക്കലും മടികാണിച്ചിട്ടില്ലാത്ത ഉമ്മുക്ക അന്ന് പറഞ്ഞു.

സംഗീതപ്രേമിയാണെങ്കിലും സിനിമാഭിനയം തുടങ്ങിയ കാലം തൊട്ടേ പാട്ടിനൊത്ത് ചുണ്ടനക്കേണ്ട സന്ദർഭം ഉണ്ടാകരുതേ എന്നായിരുന്നു പ്രാർത്ഥന. തനിക്കൊരിക്കലും ഇണങ്ങാത്ത ഇടപാടാണ് മരംചുറ്റി പ്രേമവും നായികക്ക് പിന്നാലെയുള്ള ഓട്ടവും എന്ന് വിശ്വസിച്ചു ഉമ്മർ. പറഞ്ഞിട്ടെന്തു കാര്യം? രണ്ടാമത്തെ പടമായ `ഉമ്മ’ (1960) യിൽ തന്നെ പാടി അഭിനയിക്കേണ്ടി വന്നു അദ്ദേഹത്തിന്. നായികക്ക് പിന്നാലെ രാജാപ്പാർട്ട് വേഷം കെട്ടി “എൻ കണ്ണിന്റെ കടവിലടുത്താൽ'” എന്ന് പാടി നടന്ന സുന്ദരനായ ഉമ്മറിനെ ഇഷ്ടപ്പെട്ടവർ ഏറെയുണ്ടായിരുന്നു അന്ന്.

സ്നേഹജാൻ എന്ന തേനൊലിക്കുന്ന പേരിലാണ് ആ സിനിമയിൽ ഉമ്മർ അഭിനയിച്ചതെന്നത് മറ്റൊരു കൗതുകം. “പക്ഷേ പാട്ടുസീനുകൾ പിന്നീട് കണ്ടപ്പോൾ എനിക്കു തന്നെ ചിരിവന്നു. പാട്ടിനൊത്ത് ചുണ്ടനക്കുന്നതിന്റെ ടെൻഷൻ മുഖത്ത് ശരിക്കും കാണാം”. – ഉമ്മർ. അതെന്തായാലും മലയാളത്തിലെ എക്കാലത്തെയും മികച്ച ചില പാട്ടുകളെങ്കിലും വെള്ളിത്തിരയിൽ അനശ്വരമാക്കിയത് ഉമ്മറിലെ സുന്ദരനായ കാമുകനാണ് എന്നറിയുക: എത്ര ചിരിച്ചാലും ചിരി തീരുമോ (കണ്ണൂർ ഡീലക്സ്), കിഴക്കേ മലയിലെ വെണ്ണിലാവൊരു (ലോറാ നീ എവിടെ), നീലനിശീഥിനി (സി ഐ ഡി നസീർ), മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു (കാറ്റു വിതച്ചവൻ), കുളിക്കുമ്പോൾ ഒളിച്ചു ഞാൻ കണ്ടു (അച്ഛനും ബാപ്പയും), മൊഞ്ചത്തിപ്പെണ്ണേ നിൻ ചുണ്ട് (മരം), ഈശ്വരൻ ഹിന്ദുവല്ല (പോസ്റ്റമാനെ കാണാനില്ല), നടന്നാൽ നീയൊരു (തെറ്റ്)…

പാട്ടഭിനയം മാനക്കേടു വരുത്തിവെച്ച കഥയും ഒരിക്കൽ വിവരിച്ചു കേട്ടിട്ടുണ്ട്. ചിത്രം `ദാഹം (1965)’. ഷീലയാണ് പടത്തിൽ ഉമ്മറിന്റെ ജോഡി. ഇരുവരും ചേർന്ന് “ഏകാന്ത കാമുകാ നിൻ വഴിത്താരയിൽ എകാകിനിയായ് വരുന്നൂ ഞാൻ” (എ എം രാജ, സുശീല) എന്ന യുഗ്മഗാനം പാടി അഭിനയിക്കുന്നു. “അന്നത്തെ ഏതു ചെറുപ്പക്കാരനെയും പോലെ ഷീലയോട് ഉള്ളിൽ ചെറിയൊരു പ്രേമമുണ്ട്; ആരാധനയും. ഒരുമിച്ച് ഞങ്ങൾ ആദ്യമായി അഭിനയിക്കുകയാണ്. അതിനെ കുറിച്ച് ഓർത്തപ്പോഴേ ആധി കൂടി; പിരിമുറുക്കവും. ഷീല വളരെ സ്വാഭാവികമായാണ് അഭിനയിക്കുന്നതെങ്കിലും ഞാൻ ഒട്ടും നോർമൽ അല്ല. നട്ടുച്ചക്കാണ് ഷൂട്ടിംഗ്. പാട്ട് പകുതിയായപ്പോഴേക്കും വിയർത്ത് ഒരു പരുവമായിരുന്നു ഞാൻ. ടെൻഷൻ മൂത്ത് വിറക്കാൻ വരെ തുടങ്ങി. ഇടയ്ക്ക് വെച്ച് ചിത്രീകരണം നിർത്തേണ്ടി വന്നു. വസ്ത്രം മാറിയാണ് പിന്നീട് ഷൂട്ടിംഗ് തുടർന്നത്. നല്ല സുഖമില്ല എന്നേ ഷീലയോടും സംവിധായകനോടും പറഞ്ഞുള്ളൂ. സത്യം എന്തെന്ന് എനിക്കല്ലേ അറിയൂ.”

മനോഹരമായി പാടുന്ന സുന്ദര വില്ലന്മാരുടെ കൂട്ടത്തിലായിരുന്നു ഉമ്മറിന്റെ മിക്ക കഥാപാത്രങ്ങളും. “അന്നൊക്കെ പടത്തിന്റെ നല്ലൊരു ഭാഗവും നായകനോട് തോളുരുമ്മി നിൽക്കുന്നയാളായിരിക്കും വില്ലൻ. പ്രഥമദൃഷ്ട്യാ മാന്യൻ. അവസാന റീലിലാണ് സംഗതി താളം തെറ്റുക. ഒന്നുകിൽ വിശ്വാസ വഞ്ചന. ഇല്ലെങ്കിൽ ബലാൽസംഗം. അതോടെ വില്ലൻ ശരിക്കും വില്ലനാകുന്നു. സിനിമയുടെ ആദ്യ ഘട്ടത്തിൽ നായികയെ പ്രേമിക്കുകയും പ്രണയഗാനം പാടുകയും ഒക്കെ ചെയ്യും വില്ലൻ. അങ്ങനെയാണ് എനിക്കും സിനിമയിൽ കുറച്ചു നല്ല പാട്ടുകൾ പാടാൻ അവസരം ലഭിച്ചത്,” ഉമ്മർ ഒരിക്കൽ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഉപതിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍ പട്ടിക അപേക്ഷകള്‍ നവംബര്‍ 1 വരെ നല്‍കാം 

ഒരു വിശ്വാസമുദ്രയും കുറ്റകൃത്യത്തെ സാധൂകരിക്കാനുള്ള സമ്മതപത്രമല്ല