വൃദ്ധസദനം: സൂക്ഷ്മ രാഷ്ട്രീയത്തിന്റെ കലാത്മകമായ ആവിഷ്കാരം

ടി വി കൊച്ചുബാവയുടെ  വൃദ്ധസദനം  ശ്രീചിത്രൻ എം ജെ വീണ്ടും വായിക്കുന്നു 

മലയാളം വേണ്ടത്ര ശ്രദ്ധിക്കാതെ കടന്നുപോയ സാഹിത്യകാരനും കൃതിയുമാണ് കൊച്ചുബാവയും വൃദ്ധസദനവുമെന്ന് ഈ രണ്ടാം വായനയിലും ബോദ്ധ്യപ്പെടുന്നു. ഖസാക്കും ആൾക്കൂട്ടവും മയ്യഴിപ്പുഴയും വായിച്ചും അതിവായിച്ചും ശീലിച്ച മലയാളഭാവുകത്വം ഇത്രമേൽ ധ്വനനശേഷിയാർന്ന, അനേകം അടരുകളുള്ള, സൂക്ഷ്മരാഷ്ടീയത്തിന്റെ കലാത്മകമായ ആവിഷ്കാരമായി പരിണമിയ്ക്കുന്ന ഈ കൃതിയെ അർഹിക്കുന്ന അളവിൽ വായിച്ചിട്ടില്ല.

ടി വി കൊച്ചുബാവയുടെ  വൃദ്ധസദനം  ശ്രീചിത്രൻ എം ജെ വീണ്ടും വായിക്കുന്നു


ശ്രീചിത്രൻ എം ജെ

ഭരണങ്ങാനത്തിനടുത്ത് ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി കുറച്ചുദിവസം നിന്ന കാലം. അടുത്തുള്ള ഒരു വീട്ടിലെ വല്യപ്പച്ചനുമായി പരിചയമായി. (വീടെന്നു പറഞ്ഞെന്നേയുള്ളൂ, ഏതാണ്ട് ഡ്രാക്കുളക്കോട്ട പോലെ ഒരു കൊട്ടാരം.) അവിടെ ആകെ വല്യപ്പച്ചനും ഭാര്യയും മാത്രമേയുള്ളൂ. മക്കൾ എല്ലാം വിദേശത്ത്. ഒരു ഹോം നെഴ്സ് ഉണ്ട്. കൃത്യസമയത്ത് കൃത്യ അളവിൽ കൃത്യമായ സമീകൃതാഹാരം തയ്യാറാക്കാനും മുറ്റത്തുള്ള ചെടികളെ ദിവസേന വെട്ടിവൃത്തിയാക്കാനും ഒരു ചേട്ടനും.

മുന്നിലുള്ള പട്ടിക്കൂട്ടിൽ ഒരു പട്ടിയുണ്ട്. ( പട്ടിയെന്നും പറഞ്ഞെന്നേയുള്ളൂ, കണ്ടാൽ പോത്താണെന്നേ പറയൂ.) റൂണി എന്നോ മറ്റോ ആണ് പേര്. വല്യപ്പച്ചൻ ‘റൂണി” എന്നു വിളിച്ചാൽ അത് കൂടിനരികിലേക്കു വരുന്നത് കാണാം.

ഒരുദിവസം അങ്ങേർ പറഞ്ഞു: “ ഞാൻ വിളിച്ചാൽ വിളികേൾക്കുന്ന ഒരു ജീവിയായി ഇപ്പോഴീ റൂണിയേ ഉള്ളൂ മോനേ. ആകെ ഇപ്പൊഴുള്ള ടെൻഷൻ എനിക്കു മുൻപേ ഇവൻ ചാവുമോ എന്നാ. എന്നാൽ ഞാൻ പിന്നെ ചാവും വരെ ആകെ കുടുങ്ങിപ്പോവും. ആരെയെങ്കിലുമൊന്ന് വിളിയ്ക്കണ്ടേ? വിളിച്ചാൽ ആരെങ്കിലുമൊന്ന് കേൾക്കണ്ടേ?”

ഏതാണ്ട് തമാശയായി പറഞ്ഞുതുടങ്ങി, അവസാനമടുത്തപ്പോൾ തൊണ്ടയിടറി അവസാനിപ്പിച്ച ആ വാചകവും വല്യപ്പച്ചന്റെ മുഖവും ഇപ്പൊഴുമോർമ്മയുണ്ട്. ഇന്നും വാർദ്ധക്യത്തിലെ ഏകാന്തതയും സങ്കടങ്ങളും ആരെങ്കിലും പറഞ്ഞാൽ പേരുപോലും അറിയാത്ത ആ വൃദ്ധനെ എനിയ്ക്കോർമ്മ വരും. ഇന്നദ്ദേഹം ഉണ്ടായിരിയ്ക്കാൻ ഒരു സാദ്ധ്യതയുമില്ല. റൂണിയാണോ വല്യപ്പച്ചനാണോ ആദ്യം പോയത്? എനിയ്ക്കറിയില്ല.

ഇപ്പൊഴിതോർക്കാൻ കാരണം, ടിവി കൊച്ചുബാവയുടെ ‘വൃദ്ധസദനം’ ഒരിയ്ക്കൽ കൂടി വായിക്കേണ്ടിവന്നതാണ്. മലയാളം വേണ്ടത്ര ശ്രദ്ധിക്കാതെ കടന്നുപോയ സാഹിത്യകാരനും കൃതിയുമാണ് കൊച്ചുബാവയും വൃദ്ധസദനവുമെന്ന് ഈ രണ്ടാം വായനയിലും ബോദ്ധ്യപ്പെടുന്നു. ഖസാക്കും ആൾക്കൂട്ടവും മയ്യഴിപ്പുഴയും വായിച്ചും അതിവായിച്ചും ശീലിച്ച മലയാളഭാവുകത്വം ഇത്രമേൽ ധ്വനനശേഷിയാർന്ന, അനേകം അടരുകളുള്ള, സൂക്ഷ്മരാഷ്ടീയത്തിന്റെ കലാത്മകമായ ആവിഷ്കാരമായി പരിണമിയ്ക്കുന്ന ഈ കൃതിയെ അർഹിക്കുന്ന അളവിൽ വായിച്ചിട്ടില്ല. അർത്ഥത്തെ Communicate ചെയ്യാനും Conceal ചെയ്യാനും ഒരേസമയം ഭാഷയെ ശക്തമാക്കുന്ന ആഖ്യാനമാണ് കൊച്ചുബാവയുടേത്. ആഖ്യാനത്തിലെ ഈ അനന്യതയും തുടർന്ന് കഥാസാഹിത്യത്തിന്റെ വളർച്ചയിൽ പരിഗണനാർഹമായതേയില്ല.

സക്കറിയയിൽ നിന്ന് കൊച്ചുബാവയിലേക്കും ( തിരിച്ചും) ബന്ധിപ്പിയ്ക്കുന്ന ഒരു നൂലുണ്ട്. അതിസൂക്ഷ്മതയോടെ കഥാശിൽപ്പം കൊത്തിപ്പണിയുന്ന തച്ചന്മാരാണിരുവരും – എന്നാൽ ശിൽപ്പത്തിലെന്ന പോലെ പ്രമേയത്തിലും തീരെച്ചെറിയ ഒരേകകം മാത്രം വായനക്കാരന് അവർ നൽകുന്നു. പലപ്പോഴും പ്രമേയത്തിന്റെ നൈരന്തര്യം തന്നെ ഭഞ്ജിക്കപ്പെട്ട ഒരു കഥാതന്തു മാത്രം. ദുർമേദസ്സിന്റെ പൊടിപോലുമില്ലാത്ത ആ കഥാതന്തുവിന്റെ വിള്ളലുകളിലൂടെ നൂണിറങ്ങി പ്രമേയത്തിന്റെ സമഗ്രത കണ്ടുപിടിയ്ക്കാൻ കഷ്ടപ്പെടുന്നവർക്ക് അതാവാം, അല്ലാത്തവർക്ക് സുഖമായി വായിച്ചുപോവുകയും ചെയ്യാം.

ഏതായാലും, ആ പഴയ വല്യപ്പച്ചന്റെ ഇടറിയ ശബ്ദത്തിലെ ഗദ്ഗദം എനിയ്ക്കിപ്പോൾ കൂടുതൽ വ്യക്തമായി കേൾക്കാം, കൊച്ചുബാവയ്ക്ക് നന്ദി. നാൽപ്പതുകളിൽ പൊലിഞ്ഞുപോയ കൊച്ചുബാവയുടെ ജീവിതം എൺപതുകളുടെ മഹാസങ്കടങ്ങളെ തുറന്നിട്ടുതന്നാണല്ലോ പോയത് എന്ന വിസ്മയം ബാക്കിയും.

 – എഫ് ബി പോസ്റ്റ് 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേന്ദ്രം നൽകിയത് 18 കോടി മാത്രം; കണ്ണന്താനം കളവ് പറയുന്നു: ദേവസ്വം മന്ത്രി

ജാതിയുടെ രാഷ്ട്രഭരണം