നാട് പുനർനിർമിക്കാൻ ധനശേഖരണ യജ്ഞം 11 മുതൽ 15 വരെ

തിരുവനന്തപുരം; പ്രളയക്കെടുതിയിൽനിന്നു കേരളത്തെ കൈപിടിച്ചുയർത്താൻ രക്ഷാപ്രവർത്തനത്തിലും ദുരിതബാധിത പ്രദേശങ്ങളിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കിയും മാതൃകയായ തിരുവനന്തപുരം, കേരളത്തിന്റെ പുനർ നിർമാണത്തിനായി ധനസമാഹരണത്തിനിറങ്ങുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരിൽനിന്നും പണം സ്വരൂപിച്ച് നവകേരളം സൃഷ്ടിക്കാനുള്ള യജ്ഞം സെപ്റ്റംബർ 11 മുതൽ 15 വരെ ജില്ലയിൽ നടക്കും. ചരിത്രപരമായ ഉദ്യമത്തിൽ എല്ലാവരും അകമഴിഞ്ഞു സഹകരിക്കണമെന്ന് സഹകരണ – ദേവസ്വം – ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രനും ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ജില്ലാ കളക്ടർ ഡോ. കെ. വാസുകി തുടങ്ങിയവരും ജില്ലയിലെ ആറു താലൂക്കുകളിൽ നേരിട്ടെത്തിയാണ് സംഭാവനകൾ സ്വീകരിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ചെക്കുകളും ഡ്രാഫ്റ്റുകളുമായി നേരിട്ട് ആർക്കും നൽകാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, സംഘടനകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണത്തോടെയാണു ധനശേഖണ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.

സെപ്റ്റംബർ 11നാണു തിരുവനന്തപുരം താലൂക്കിലെ ധനശേഖരണം. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അഞ്ചു വരെ വി.ജെ.ടി. ഹാളിൽ മന്ത്രിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തും. സെപ്റ്റംബർ 13നു രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നെടുങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിലും സെപ്റ്റംബർ 14നു രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ആറ്റിങ്ങൽ ടൗൺ ഹാളിലും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അഞ്ചു വരെ വർക്കല മുനിസിപ്പൽ ഓഫിസ് ഹാളിലും ധനശേഖരണം നടത്തും.

നെയ്യാറ്റിൻകര താലൂക്കിലെ ധനശേഖരണം സെപ്റ്റംബർ 15ന് രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നെയ്യാറ്റിൻകര ബോയ്‌സ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിലും കാട്ടാക്കട താലൂക്കിലേത് അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെ കാട്ടാക്കട ക്രിസ്റ്റിയൻ കോളജ് ഓഡിറ്റോറിയത്തിലും നടക്കും.

ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കുകളും ഡ്രാഫ്റ്റുകളും സർക്കാർ വകുപ്പുകൾ വഴിയും നൽകാം. ഓരോ താലൂക്ക് അടിസ്ഥാനത്തിൽ വകുപ്പുകൾ ശേഖരിക്കുന്ന തുക ഓരോ താലൂക്കിലും നിശ്ചയിച്ചിട്ടുള്ള സിറ്റിങ്ങിൽവച്ച് മന്ത്രിക്കു നേരിട്ടു കൈമാറും.

സ്‌കൂൾ കുട്ടികളും നവ കേരളത്തിന്റെ നിർമാണത്തിൽ പങ്കാളികളാകും. സെപ്റ്റംബർ 11ന് ജില്ലയിലെ സ്‌കൂളുകളിൽ ദുരിതാശ്വാസ ഫണ്ട് ശേഖരണം നടക്കും. പി.ടി.എയുടെ സഹകരണത്തോടെയാണ് എല്ലാ വിദ്യാലയങ്ങളിലും ഫണ്ട് ശേഖരിക്കുക. 11നു രാവിലെ 10ന് കോട്ടൺ ഹിൽ സ്‌കൂളിൽനിന്നും ഉച്ചയ്ക്ക് 12ന് പട്ടം സെന്റ് മേരീസ് സ്‌കൂളിൽനിന്നും ഫണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങും.

ധനസമാഹരണത്തെക്കുറിച്ച് ആലോചിക്കാൻ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ ഐ.ബി. സതീഷ്, ഡി.കെ. മുരളി, ബി. സത്യൻ, മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജാ ബീഗം, എ.ഡി.എം. വി.ആർ. വിനോദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ചരിത്ര ദൗത്യത്തിന്റെ ഭാഗമാകണം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കേരളത്തെ പുനർ നിർമിക്കാനുള്ള യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും കൈയയച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും ദേവസ്വം – സഹകരണം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർഥിച്ചു.

സെപ്റ്റംബർ 11 മുതൽ 15 വരെ ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ നടക്കുന്ന ധനസമാഹരണ യജ്ഞത്തിന് ജില്ലയിലെ മുഴുവൻ ആളുകളുടേയും പിന്തുണയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. തങ്ങൾക്ക് ആവുംവിധം ചെറുതും വലുതുമായ സംഭാവനകൾ നൽകി ചരിത്ര ദൗത്യത്തിന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യർഥിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രതിരോധ മരുന്ന് എല്ലാ ആശുപത്രികളിലും ലഭ്യമാക്കണം: രമേശ് ചെന്നിത്തല

സഹായവുമായി വൈകോയും