കേരള പുനര്‍നിര്‍മാണ പദ്ധതി ഉപദേശക സമിതി യോഗം ചേര്‍ന്നു

തിരുവനന്തപുരം: വലിയ ദുരന്തങ്ങളില്‍ നിന്ന് വിജയകരമായി കരകയറിയ രാജ്യങ്ങളുടെ അനുഭവം കണക്കിലെടുത്താണ് കേരളത്തില്‍ പ്രളയാനന്തര പുനര്‍നിര്‍മാണം നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തങ്ങളൊഴിവാക്കുന്ന രീതിയില്‍ കാര്യക്ഷമമായ ഭൂവിനിയോഗവും ജലവിഭവസമ്പത്ത് ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുക എന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് വേണ്ടി ആവശ്യമെങ്കില്‍ പുതിയ നിര്‍മാണം സര്‍ക്കാര്‍ പരിഗണിക്കും.

കേരള പുനര്‍നിര്‍മാണ പദ്ധതി ഉപദേശക സമിതിയുടെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്നു തലത്തില്‍ പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പെട്ടെന്ന് നടപ്പാക്കേണ്ടവ, ഹ്രസ്വകാലം കൊണ്ട് പൂര്‍ത്തിയാക്കേണ്ടവ, ദീര്‍ഘകാല പദ്ധതികള്‍. പുനര്‍നിര്‍മാണം നടത്തുമ്പോള്‍ കാര്‍ഷിക രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പ്രളയത്തെ തുടര്‍ന്ന് കൃഷിഭൂമിയിലെ മണ്ണിന്‍റെ സ്വഭാവം തന്നെ മാറിയിട്ടുണ്ട്. അമ്ലാംശം വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജലസേചന മേഖലയിലെ പ്രശ്നങ്ങളും ഇതോടൊപ്പം പരിഗണിക്കണം. സമഗ്രമായ കാഴ്ചപ്പാടോടെ അടിസ്ഥാന സൗകര്യവികസനം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വീട് നഷ്ടപ്പെട്ടവര്‍ക്ക് പെട്ടെന്ന് തന്നെ വീട് പുനര്‍നിര്‍മിച്ച് നല്‍കേണ്ടതുണ്ട്. വീട് നിര്‍മിക്കാന്‍ പറ്റാത്ത സ്ഥലങ്ങളുണ്ട്. പുതിയ സ്ഥലം കണ്ടെത്തി ആ പ്രശ്നം പരിഹരിക്കണം. ഭൂമി വാങ്ങുന്നതിന് 6 ലക്ഷം രൂപ വരെ സര്‍ക്കാര്‍ സഹായം നല്‍കും. ധാരാളം പേര്‍ ഭൂമി സംഭാവന നല്‍കാന്‍ തയ്യാറായിട്ടുണ്ട്. സ്ഥലം കണ്ടെത്തുമ്പോള്‍ അതുകൂടി പരിഗണിക്കണം.

യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ  ഇ. ചന്ദ്രശേഖരന്‍, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി തോമസ്, മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖരന്‍, മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായര്‍, ഡോ. കെ.പി. കണ്ണന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാമചന്ദ്രന്‍, ബൈജു രവീന്ദ്രന്‍, ഹഡ്കോ മുന്‍ ചെയര്‍മാന്‍ വി. സുരേഷ്, ചീഫ് സെക്രട്ടറി ടോം ജോസ്, നിര്‍വഹണ സമിതി ചെയര്‍മാന്‍ ഡോ. കെ.എം. അബ്രഹം, ചീഫ് എക്സിക്യൂട്ടീവ് ഡോ. വി. വേണു, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തു. സമിതിയില്‍ അംഗങ്ങളായ അല്‍ഫോണ്‍സ് കണ്ണന്താനം വിദേശത്തായതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. മറ്റൊരു അംഗം ഡോ. മുരളി തുമ്മാരകുടി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഏറ്റവും വേഗത്തിലും കാര്യക്ഷമതയിലും പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പുനര്‍നിര്‍മാണ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച ഡോ. കെ.എം. അബ്രഹാം പറഞ്ഞു. മുമ്പത്തെക്കാള്‍ മികച്ച നിലയില്‍ എല്ലാം പുനര്‍നിര്‍മിക്കണം. ഭാവികേരളത്തെക്കുറിച്ചുളള സങ്കല്പങ്ങളും ആശയങ്ങളും വിവിധ വിഭാഗം ജനങ്ങളില്‍ നിന്ന് ക്രോഡീകരിക്കുകയും പ്രായോഗികമായ പുതിയ ആശയങ്ങളും പുതിയ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തും. സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യക്ഷമതയും ഇതോടൊപ്പം വര്‍ധിപ്പിക്കണം.

ഇന്തോനേഷ്യ, ജപ്പാന്‍ എന്നീ ഇടക്കിടെ ദുരന്തങ്ങള്‍ ഉണ്ടാകുന്ന രാജ്യങ്ങളുടെ അനുഭവം കണക്കിലെടുക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.. നമ്മുടെ സാമൂഹ്യ സാഹചര്യത്തിന് അനുയോജ്യമായിരിക്കണം പുനര്‍നിര്‍മിതി. വീടുകള്‍ പരിസ്ഥിതി സൗഹൃദമായി പുനര്‍നിര്‍മിക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എം. ചന്ദ്രശേഖര്‍: ജലവിഭവ മാനേജ്മെന്‍റ് അത്യാവശ്യമാണ്. പ്രവൃത്തികള്‍ സര്‍ക്കാര്‍ വകുപ്പുകളുടെ പതിവ് നടപടിക്രമങ്ങള്‍ക്ക് അതീതമായി ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ല.  മേല്‍നോട്ടത്തിന് സ്വതന്ത്രമായ ഏജന്‍സിയുണ്ടാകണം. ധനസമാഹരണത്തിന് മസാല ബോണ്ട് ഇറക്കുന്നത് നല്ല ആശയമാണ്.

ഡോ. കെ.പി. കണ്ണന്‍: പുനര്‍നിര്‍മാണം തുടര്‍പ്രക്രിയയായി കാണണം. എല്ലാ നിര്‍മാണത്തിലും പരിസ്ഥിതി സൗഹൃദ സമീപനം വേണം. വെള്ളത്തോടൊപ്പം ജീവിക്കുക എന്ന ആശയം സ്വീകരിക്കാവുന്നതാണ്. നമ്മുടെ എല്ലാ ജലസംഭരണികളുടെയും സംഭരണ ശേഷി കൂട്ടണം. ധനസമാഹണത്തിന്‍റെ ഭാഗമായി കിട്ടാന്‍ സാധ്യതയുളള നികുതി കൂടുതല്‍ പിരിക്കണം. കിട്ടേണ്ടേ നികുതിയും കിട്ടുന്ന നികുതിയും തമ്മിലെ അന്തരം ഇപ്പോള്‍ 25 മുതല്‍ 35 ശതമാനമാണ്. അതു കുറയ്ക്കാന്‍ കഴിയും.

ടി.കെ.എ. നായര്‍: നാശനഷ്ടം വിലയിരുത്തിയ ഐക്യരാഷ്ട്രസഭ ടീമിന്‍റെ റിപ്പോര്‍ട്ടില്‍ ഒട്ടേറെ നല്ല നിര്‍ദേശങ്ങളുണ്ട്. ആവ സ്വീകരിക്കാവുന്നതാണ്. ഭൂവിനിയോഗത്തിന് ശാസ്ത്രീയമായ രീതി അവലംബിക്കണം. ജലവിഭവ മാനേജ്മെന്‍റും പ്രധാനമാണ്. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കണം.

വി. സുരേഷ്: ഭാഗികമായി തകര്‍ന്ന വീടുകള്‍ പെട്ടെന്ന് റിപ്പയര്‍ ചെയ്ത് വാസയോഗ്യമാക്കാന്‍ കഴിയും. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് പകരം വീടുകള്‍ നിര്‍മിക്കുമ്പോള്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാം. ധനസമാഹരണത്തിന് ടാക്സ് ഫ്രീ ബോണ്ട് പുറത്തിറക്കണം. ദുരന്തം നേരിട്ട സ്ഥലങ്ങളില്‍ പുനര്‍നിര്‍മാണ ആവശ്യത്തിന് ടാക്സ് ഫ്രീ ബോണ്ട് ഇറക്കാന്‍ കേന്ദ്രം അനുമതി നല്‍കാറുണ്ട്.

ഡോ. മുരളി തുമ്മാരുകുടി: ലോകരാഷ്ട്രങ്ങളുടെ അനുഭവങ്ങള്‍ മനസ്സിലാക്കുന്നതിന് കേരളത്തില്‍ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കാവുന്നതാണ്. ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ സേവനം പുനര്‍നിര്‍മാണത്തിന് ലഭിക്കും. പുനര്‍നിര്‍മാണത്തില്‍ യുവജനങ്ങള്‍ക്കും സ്ത്രീ കള്‍ക്കും നല്ല പങ്കാളിത്തം നല്‍കണം.

ബൈജു രവീന്ദ്രന്‍: ക്രൗഡ് ഫണ്ടിംഗ് വലിയ വിജയമാക്കുന്നതിന് സമൂഹ മാധ്യമം ഉപയോഗിക്കണം. മലയാളികളായ വിദഗ്ധര്‍ ലോകത്തിന്‍റെ പല ഭാഗത്തും ഉണ്ട്. പുനര്‍നിര്‍മാണ കാലയളവിലേക്ക് അവരുടെ സേവനം ലഭ്യമാക്കാവുന്നതാണ്.

രണ്ടാഴ്ചയിലൊരിക്കല്‍ ഉപദേശക സമിതി ചേരാനാണ് ഉദ്ദേശിക്കുന്നുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത യോഗം നവംബര്‍ 13-ന് ചേരും. ഉപദേശക സമിതി അംഗങ്ങളുമായി തുടര്‍ച്ചയായ ആശയവിനിമയത്തിന് പ്രത്യേക ഇന്‍റര്‍നെറ്റ് അധിഷ്ഠിത വേദി ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയത്തെ അടയാളപ്പെടുത്താന്‍ മൊബൈല്‍ ആപ് 

തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി എഐസിസിയുടെ ശക്തി, ലോക് സമ്പര്‍ക്ക് പദ്ധതികള്‍ക്ക് തുടക്കം