red alert, Kerala, heavy rain, KSRTC, bus, Chennithala, Govt, Monsoon
in , ,

കാലവർഷക്കെടുതി: ആറ് ജില്ലകളിൽ റെഡ് അലേർട്ട്; റോഡിൽ താരമായി ആനവണ്ടി

കോഴിക്കോട്: കേരളത്തില്‍ ജൂണ്‍ 18 വരെ അതിശക്തമായ മഴയ്ക്ക് ( rain ) സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ സേന മുന്നറിയിപ്പു നല്‍കി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് എന്നീ ജില്ലകള്‍ക്കാണ് റെഡ് അലേര്‍ട്ട് ( red alert ) നല്‍കി.

ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നല്‍കി. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചു.

കേരളത്തിൽ കാലവർഷക്കെടുതി തുടരവെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിയെന്ന ആരോപണവുമായി സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.

കോഴിക്കോട് ഉരുള്‍പ്പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വൈകിയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ വലിയ വീഴ്ച സംഭവിച്ചുവെന്നതിനെ സംബന്ധിച്ച്‌ ചീഫ് സെക്രട്ടറിയെ അദ്ദേഹം അതൃപ്തി അറിയിച്ചു.

അതേസമയം, സാധാരണക്കാരന്റെ സാരഥിയായ ‘ആനവണ്ടി’ എന്നറിയപ്പെടുന്ന കെ എസ് ആര്‍ ടി സി ബസ് കാലാവർഷക്കെടുതിക്കിടെ താരമായി. മഴയില്‍ വെള്ളക്കെട്ടിലായ റോഡില്‍ മുന്നോട്ടു പോകാനാകാതെ മറ്റ് വാഹനങ്ങള്‍ വിഷമിച്ചു നില്‍ക്കവെയാണ് കെ എസ് ആര്‍ ടി സി പലയിടത്തും സർവീസ് നടത്തി കൈയ്യടി നേടിയത്.

പല ബസിന്റെയും ഹെഡ് ലൈറ്റ് വരെ വെള്ളത്തില്‍ മുങ്ങിയെങ്കിലും കെ എസ് ആര്‍ ടി സി ബസ് ഡ്രൈവർമാർ സാഹസികമായി വണ്ടിയോടിച്ച് യാത്രക്കാരെ സഹായിച്ചു. വലിയ ലോറികള്‍ പോലും പണിമുടക്കി വഴിയില്‍ കിടക്കുന്നിടത്ത് ‘ആനവണ്ടികള്‍’ ഇതൊന്നും ശ്രദ്ധിക്കാതെ ‘ബോട്ട് സര്‍വീസ്’ നടത്തുന്ന ദൃശ്യങ്ങൾ വൈറലായി.

കഴിഞ്ഞ ഒരാഴ്ചയായി മണ്‍സൂണ്‍ മഴ ശക്തമായതോടെ റോഡുകള്‍ മിക്കതും വെള്ളത്തിലായി. റോഡുകളില്‍ പുഴയിലേക്കാള്‍ അധികം വെള്ളം നിറഞ്ഞതോടെ പലയിടത്തും റോഡ് ഗതാഗതം താറുമാറായി.

കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ മാക്കൂട്ടം ചുരം റോഡ് ജൂലൈ 12 വരെ അടച്ചു. ഉരുള്‍പൊട്ടലില്‍ മാക്കൂട്ടത്ത് റോഡ് ഒലിച്ചുപോയ സാഹചര്യത്തിലാണ് പാത അടച്ചത്. കോഴിക്കോട് – കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു.

red alert, Kerala, heavy rain, KSRTC, bus, Chennithala, Govt, Monsoon

വയനാട് ഭാഗത്തു നിന്ന് കുറ്റ്യാടി ചുരം വഴിയാണ് കോഴിക്കോട് ഭാഗത്തേക്ക് വാഹനങ്ങള്‍ യാത്ര ചെയ്യുന്നത്. മാക്കൂട്ടത്ത് ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് കണ്ണൂരില്‍നിന്ന് വയനാട്, കര്‍ണാടക ഭാഗത്തേക്കുള്ള പാതയില്‍ കഴിഞ്ഞ ദിവസം മുതല്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലക്കുടിപ്പുഴ എന്നിവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്. മലപ്പുറത്ത് എട്ടു പഞ്ചായത്തുകളില്‍ കൃഷിസ്ഥലത്തും വീടുകളിലും വെള്ളം കയറി.

തൃശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ എല്ലാം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി അറിയിച്ചു. മണ്ണിടിഞ്ഞുവീണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ – ചെറുപുഴ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.

മഴക്കെടുതി രൂക്ഷമായ ഏഴ് ജില്ലകള്‍ക്ക് ദുരിതാശ്വാസത്തിനായി പണം അനുവദിച്ചു. കോഴിക്കോട് 90 ലക്ഷവും കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകള്‍ക്ക് 55 ലക്ഷവും നല്‍കും. വയനാട് 50 ലക്ഷം, ഇടുക്കി, കോട്ടയം ജില്ലകള്‍ക്ക് 35 ലക്ഷവും ദുരിതാശ്വാസ സഹായമായി നല്‍കും.

കക്കയം ഡാം ഉടന്‍ തുറന്നുവിടുമെന്ന് അധികൃതര്‍ അറിയിച്ചു. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍പുഴ,കടലുണ്ടിപ്പുഴ തുടങ്ങിയവയുടെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

മലയോര മേഖലയിലൂടെയുള്ള യാത്ര നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു.

തിരുവനന്തപുരത്ത് നെയ്യാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

ഇന്ന് ഉച്ചയോടെ വയനാട് ചുരത്തിലുണ്ടായ വന്‍മണ്ണിടിച്ചില്‍ മൂലം ചുരത്തിലൂടെ യാത്ര അസാധ്യമായി. ചുരത്തില്‍ ഒന്നാം വളവിനു സമീപം ചിപ്പിലിത്തോട് ആണ് മണ്ണിടിഞ്ഞത്. 30 മീറ്റര്‍ നീളത്തില്‍ റോഡ് പൊട്ടിയിട്ടുണ്ട്. മഴ തുടരുകയാണെങ്കില്‍ റോഡ് ഇനിയും ഇടിഞ്ഞ് താഴേക്ക് പതിക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നു.

ചെറുവാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഈ റോഡിലൂടെ കടത്തിവിടുന്നത്. കെ.എസ്.ആര്‍.ടി.സി ബസ്സുകളും ലോറികളും ചുരത്തിലൂടെ ഓടുന്നില്ല. ഗതാഗതം നിലച്ചതോടെ വയനാട് തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

red alert, Kerala, heavy rain, KSRTC, bus, Chennithala, Govt, Monsoon

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Sony , Sony Xperia XZ3 , leaked, images , dual camera system , Full HD+ display ,stereo speaker

ഡ്യൂവൽ ക്യാമറ സവിശേഷതയുമായി സോണി എക്സ്പീരിയ XZ3

Kerala Boat Race League , tourism minister ,Kadakampally Surendran

ടൂറിസത്തിന് മുതൽക്കൂട്ടായി കേരള ബോട്ട് റേസ് ലീഗ് ജലോത്സവം; വിശദീകരണവുമായി മന്ത്രി