religion, belief, India, caste, Kerala, violence, God, socila media, hospital, application form,
in , ,

മതമില്ലാത്ത മരുന്നും തേടി

മതം ( religion ): അത് ചിലർക്ക് തങ്ങൾ വിശ്വസിക്കുന്ന ദൈവത്തിലേക്കുള്ള പാതയാണ്. ചിലർക്ക് പ്രതികൂല സാഹചര്യങ്ങളിൽ ധൈര്യം പകരുന്ന വിശ്വാസമാണ്. ചിലർക്കത് തീവ്രമായ വികാരവും അന്ധമായ വിശ്വാസവും ഒട്ടേറെ ആചാരങ്ങളുടെ കേന്ദ്രവുമാണ്.

ഇനി ചില ‘ആൾ ദൈവങ്ങൾ’ക്കത് വരുമാന മാർഗ്ഗമാണ്; ആദരവ് നേടാനുള്ള കുറുക്കുവഴിയാണ്. മതം വേണമോ, വേണ്ടയോ എന്ന ചർച്ചകൾ പോലും അസ്വാഭാവികമായി കരുതപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്.

ജാതി-മത ചിന്തകളിലൂടെ ഉടലെടുത്ത അനാചാരങ്ങൾ തൂത്തെറിയാൻ ഒട്ടനേകം സാമൂഹിക പരിഷ്കർത്താക്കൾ അഹോരാത്രം പരിശ്രമിച്ചത് വൃഥാവിലായോ എന്ന് കരുതേണ്ട അവസ്ഥകളാണ് ഇപ്പോഴിവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക മതത്തെ മാത്രം വിമർശിക്കേണ്ട സാഹചര്യമല്ല നിലവിലുള്ളത്.

എന്നോ വലിച്ചെറിഞ്ഞു കളഞ്ഞ അനാചാരങ്ങളിൽ പലതും കൂടുതൽ തീക്ഷ്ണതയോടെ എല്ലാ മതങ്ങളിലും മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. ഭാഷയിൽ, ഭക്ഷണത്തിൽ എന്തിനധികം പറയുന്നു ചിന്തയിലും പ്രവർത്തിയിൽപ്പോലും സദാസമയവും മത പരിവേഷങ്ങൾ പ്രകടമാക്കുവാൻ ബഹുഭൂരിപക്ഷവും മത്സരിക്കുന്ന കാഴ്ചയാണ് സർവ്വ സാധാരണമായിക്കൊണ്ടിരിക്കുന്നത്.

മൃഗ രക്ഷകരെന്ന് അവകാശപ്പെട്ട് സഹജീവികളായ മനുഷ്യരെ കൊല്ലാക്കൊല ചെയ്യാൻ മടിക്കാതെ തീവ്രനിലപാടുമായി ഒരു കൂട്ടർ ഒരു വശത്ത്. തങ്ങളുടെ മതത്തിനെതിരെ മറ്റ് മതസ്ഥർക്ക് ഉരിയാടാൻ പോലും അർഹതയില്ലെന്ന് നിലപാടിൽ അധ്യാപകനുൾപ്പെടെയുള്ളവരെപ്പോലും  ആക്രമിക്കുന്നവർ മറുവശത്ത്. ‘നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണമെന്ന’ തത്വം മറന്ന് വിദ്യാഭ്യാസ രംഗത്തും ആത്മീയതയിലും പാപക്കറയുമായി മാധ്യമങ്ങൾക്ക് വിഷയീഭവിച്ചവർ മറ്റൊരു വശത്ത്.

ചില പ്രത്യേക മതങ്ങളെ മാത്രം വിമർശിച്ചും എന്നാൽ മറ്റ് ചില മതങ്ങളിലെ കൊള്ളരുതായ്മകൾ സൂചിപ്പിക്കാൻ പോലും ഭയപ്പെട്ടും നടക്കുന്ന വിപ്ലവകാരികളെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ നേതാക്കൾ അധികമുണ്ടീ നാട്ടിൽ. വോട്ടു ബാങ്ക് മാത്രം മുന്നിൽക്കണ്ട് മതാധ്യക്ഷന്മാർക്കു മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നു മറ്റ് ചില നേതാക്കൾ. ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷ പ്രീണനവും തുടർക്കഥയാകുമ്പോൾ കാലം പിന്നോട്ട് സഞ്ചരിക്കുകയാണോ എന്ന ആശങ്കയിതാ ബാക്കിയാകുന്നു.

മതവും ജാതിയും പരിഗണിച്ച് വിദ്യാഭ്യാസത്തിലും ജോലിയിലും ആനുകൂല്യങ്ങൾ നൽകുമ്പോൾ മികവ് ഉണ്ടായിട്ടു കൂടി സാമ്പത്തിക ഭദ്രതയില്ലാത്തതിന്റെ പേരിൽ പുറംതള്ളപ്പെടുന്നവർ അനവധിയാണെന്ന് ഏവർക്കുമറിയാമെങ്കിലും ആ വിഷയം ചർച്ച ചെയ്യുവാൻ പോലും ഇക്കാലത്ത് സാംസ്കാരിക നായകന്മാരും രാഷ്ട്രീയക്കാരും ഉൾപ്പെടെയുളളവർ ആരെയൊക്കെയോ ഭയക്കുന്നു എന്ന് നമ്മിൽപ്പലർക്കുമറിയാം.

സ്‌കൂൾ പ്രവേശന വേളയിലെ ജാതി-മത ചിന്തകൾ

കേരളത്തില്‍ ജാതിയും മതവുമില്ലാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണം വർദ്ധിക്കുകയാണെന്ന രീതിയിൽ ഈ വർഷം മാർച്ചിൽ സർക്കാർ പുറത്തു വിട്ട കണക്കുകൾ മാധ്യമങ്ങളിൽ വൻ വാർത്താപ്രാധ്യാന്യം നേടിയിരുന്നു. എന്നാൽ രണ്ടു ദിവസത്തിനകം തന്നെ ആ ശുഭ വാർത്തയിൽ കല്ലുകടിയുണ്ടായി.

ജാതിയും മതവും രേഖപ്പെടുത്താതെ സ്‌കൂള്‍ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് വന്‍ വര്‍ദ്ധന ഉണ്ടായതായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയിൽ അറിയിച്ചതിനെ തുടർന്ന് മതവും രാഷ്ട്രീയവും കലുഷിതമാക്കിയ വർത്തമാനകാലത്തിൽ നല്ലൊരു വാർത്തയാണ് ഇതെന്ന രീതിയിൽ ചർച്ചകൾ അരങ്ങേറി.

സ്‌കൂള്‍ പ്രവേശന സമയത്ത് ജാതി, മതം എന്നിവയുടെ കോളം പൂരിപ്പിക്കാന്‍ തയ്യാറാവാത്ത ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികളാണ് നിലവില്‍ ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.

religion, belief, India, caste, Kerala, violence, God, socila media, hospital, application form, students , caste, religion, avoid, students, kerala, school, education minister, Prof. C. Raveendranath

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ പത്ത് വരെ പഠിക്കുന്ന 1,23,630 വിദ്യാർത്ഥികൾ മതം, ജാതി എന്നിവയ്ക്കുള്ള കോളങ്ങള്‍ പൂരിപ്പിക്കാതെ പ്രവേശനം നേടിയെന്നും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒന്നാം വര്‍ഷത്തില്‍ 278 വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷത്തില്‍ 239 വിദ്യാര്‍ത്ഥികളും ജാതിയും മതവുമില്ലാതെ പ്രവേശനം നേടിയെന്നുമാണ് വിദ്യാഭ്യാസ മന്ത്രി സഭയെ അറിയിച്ചത്.

എന്നാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജാതി, മതം എന്നീ കോളങ്ങള്‍ പൂരിപ്പിക്കാതെ ആരും തന്നെ പ്രവേശനം നേടിയിട്ടില്ലെന്നും ജനനരേഖകളിലും സ്‌കൂള്‍ രേഖകളിലും നേരത്തെ ജാതിയും മതവും രേഖപ്പെടുത്തുക നിര്‍ബന്ധമായിരുന്നുവെങ്കിലും ഇപ്പോള്‍ ജാതിയില്ല, മതമില്ല എന്ന് രേഖപ്പെടുത്താനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

മനുഷ്യനെ ഒരുമിപ്പിക്കാനല്ല, മറിച്ച് തമ്മിലടിപ്പിക്കുവാനാണ് ജാതിയും മതവും ഇന്നേറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതെന്ന പരാതികൾ ഫലം കണ്ടു എന്നാണ് ആ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ചിലർ വാഴ്ത്തി. എന്നാൽ ആ പ്രശംസയ്ക്ക് അൽപ്പായുസ്സേ ഉണ്ടായിരുന്നുളളൂ.

കുട്ടികളുടെ ജാതി മത കണക്കിൽ തെറ്റുണ്ടെന്ന് ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നൽകി. മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചതായി ആരോപിച്ച പ്രതിപക്ഷം വിവാദ പ്രസ്താവനയിൽ മന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് സഭയില്‍ ചോദിച്ച സാങ്കേതിക ചോദ്യത്തിന് സാങ്കേതികമായി മറുപടി പറയുക മാത്രമാണ് താൻ ചെയ്തതെന്ന് മന്ത്രി തിരുത്തി. ‘സമ്പൂര്‍ണ്ണ’ എന്ന വെബ്സെെറ്റിലെ കണക്കുകള്‍ അതുപോലെ പറയുക മാത്രമാണ് താൻ ചെയ്തതെന്നും ഇതിന് ജാതിയും മതവും വിശ്വാസവുമായി യാതൊരുവിധ ബന്ധമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

അതോടെ ആ വിഷയത്തിന് പരിസമാപ്തിയായി. മതത്തിന്റെ പേരില്‍ മനുഷ്യർ പരസ്പരം പോരാടുകയും ജാതി മാറി പ്രണയച്ചതിന്റെ പേരില്‍ പിതാവ് തന്നെ സ്വന്തം മകളെ കൊലപ്പെടുത്തുകയും നവവരന്റെ മരണത്തിന് ഭാര്യ വീട്ടുകാർ തന്നെ കാരണക്കാരായതിലൂടെ ദുരഭിമാന കൊല അരങ്ങേറുകയും ചെയ്യുന്ന ഇക്കാലത്ത് സമൂഹത്തിൽ നിശബ്ദമായ വിപ്ലവം നടക്കുന്നതായുള്ള തെറ്റിദ്ധാരണ അങ്ങനെ അവസാനിച്ചു.

വൈദ്യത്തിലെ മത ചിന്തയ്‌ക്കെതിരെ വൈറലായി ഒറ്റ വരി

മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ വീണ്ടും കൊലകളും അക്രമങ്ങളും അരങ്ങേറിക്കൊണ്ടിരിക്കെ ഇപ്പോഴിതാ  ഒരു നല്ല വാർത്ത അറിയാനിടയായി. തന്റെ അമ്മയുമൊത്ത് ആശുപത്രിയിൽ പോയ സുനില്‍ എന്ന ചെറുപ്പക്കാരൻ നടത്തിയ ചെറിയൊരു പ്രവർത്തി കുറഞ്ഞ പക്ഷം ആ ആശുപത്രിയിലെങ്കിലും നല്ലൊരു മാറ്റം സൃഷ്‌ടിച്ചു.

സംഭവം ഇങ്ങനെയാണ്: ആശുപത്രി അധികൃതർ നൽകിയ അപേക്ഷാ ഫോമിൽ ക്രിസ്ത്യന്‍, ഹിന്ദു, മുസ്‌ലിം, ബുദ്ധ എന്നീ ഓപ്ഷനുകള്‍ക്ക് മേല്‍ ആ യുവാവ് വെട്ടുകളിട്ടു. എന്നിട്ട് അതിന് ചുവട്ടില്‍ ഇങ്ങനെ എഴുതി ‘മതം ഇല്ലാത്ത മരുന്ന് മതി’. മരുന്നു തേടിയെത്തുന്നവരോട് മതം ആരായുന്നതിന്റെ നിരർത്ഥകത അങ്ങനെയാണ് ആ യുവാവ് ചോദ്യം ചെയ്തത്.

തുടർന്ന് സുനില്‍ തന്നെ പങ്കു വച്ച്‌ ഫോമിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പുതിയൊരു മാറ്റത്തിന് ആശുപത്രി അധികൃതർ തയ്യാറായി. മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച അവർ ഇനി മതമില്ലാത്ത രജിസ്‌ട്രേഷന്‍ ഫോം മതിയെന്നു തീരുമാനിച്ചു. പുതിയ രജിസ്‌ട്രേഷന്‍ ഫോമാണ് ഇപ്പോള്‍ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ആശുപത്രിയിൽ ഉപയോഗിക്കുന്നത്.

ഒരു യുവാവിന്റെ അസാധാരണമായ ചിന്തയും പ്രവർത്തിയും ഒരു ആശുപത്രി ഫോമിലൂടെ ലോകത്തിന് മാതൃകയായി. ആശുപത്രിയിലെ രജിസ്‌ട്രേഷന്‍ ഫോമില്‍ മതം ചോദിച്ച കോളത്തിന് നേരെ ‘എനിക്ക് മതമില്ലാത്ത മരുന്ന് മതി’ എന്നു എഴുതാന്‍ തോന്നിയ യുവാവിന്റെ ചിന്തയ്ക്ക് ഇതിനോടകം ധാരാളം കൈയ്യടികൾ ലഭിച്ചിരിക്കുകയാണ്.

ഫോമില്‍ ഫോണ്‍ നമ്പര്‍ ഉള്ളതിനാൽ നിരവധി ആളുകൾ അദ്ദേഹത്തെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു.’നല്ലമാറ്റങ്ങള്‍ക്ക് ചിലപ്പോള്‍ നാലു വരി മതിയാകുമെന്നാണ്’ സുനിലിന്റെ അഭിപ്രായം. കോട്ടയത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സുനിൽ എംബിഎ ബിരുദധാരിയാണ്. തന്നിലൂടെ ചെറുതെങ്കിലും നല്ലൊരു മാറ്റം ഉണ്ടായതിൽ അദ്ദേഹം അതീവ സന്തുഷ്‌ടനാണ്. ഇത്തരം മനോഭാവവുമായി ഇനിയും ധാരാളം ആളുകൾ മുന്നോട്ടു വരട്ടെ എന്നാണ് പൊതുവെയുള്ള അഭിപ്രായം.

religion, belief, India, caste, Kerala, violence, God, socila media, hospital, application form, caste and religion , students, minister, notice C Ravindranath, education minister, notice, opposition, kerala assembly, schools, admission, software,

വർഗ്ഗീയ വിഷത്തെയകറ്റാം; മതമൈത്രി പുലർത്താം

ഒരുവന്റെ ഭക്തിചിന്തയ്ക്ക് മതമോ ആചാരനുഷ്ഠാനങ്ങളോ അനിവാര്യമല്ലെന്നിരിക്കിലും അവയുടെ പ്രസക്തി ഏറുന്നത് യഥാർത്ഥ ആത്മീയതയ്ക്ക് വിലങ്ങു തടിയാകുമെന്നതിൽ സംശയമില്ല. മതേതര രാഷ്ട്രമാണെന്നിരിക്കിലും എന്തിലുമേതിലും മതത്തിന് അമിത പ്രാധാന്യം നൽകുന്ന നമ്മുടെ രാജ്യത്ത് നിത്യവും മതത്തിന്റെ പേരിൽ എത്രയേറെ കുറ്റകൃത്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്!

കേരളം ( അന്നത്തെ മലബാർ ) ഒരു ഭ്രാന്താലയമാണെന്നു പണ്ടൊരു യോഗിവര്യൻ അഭിപ്രായപ്പെട്ടതു തന്നെ വീണ്ടും നമേവരും ആവർത്തിക്കേണ്ടി വരുമോ എന്നതാണ് പൊതുവേയുള്ള ആശങ്ക. ജാതീയതക്കെതിരെ പോരാടിയ യുഗപുരുഷനെ സ്വകാര്യ സ്വത്തായി ഒരു കൂട്ടർ പ്രഖ്യാപിച്ച ഈ നാട്ടിൽ ഉത്തരേന്ത്യയിൽ പതിവായി അരങ്ങേറുന്ന ദുരഭിമാനക്കൊല പോലുള്ള കലാപരിപാടികളും അടുത്തിടെയായി അരങ്ങേറുന്നതിന് നാം സാക്ഷ്യം വഹിച്ചുവല്ലോ.

ഏതൊരു മത വിശ്വാസവും പിന്തുടരാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും അനുവദിച്ചിട്ടുണ്ടെന്നിരിക്കെ തന്റെ മതം മാത്രമാണ് ഉത്കൃഷമെന്നും മറ്റുള്ള മതങ്ങൾ ഉന്മൂലനം ചെയ്യപ്പെടണമെന്നുമുള്ള ചില മത ഭ്രാന്തമാരുടെ ചിന്താഗതികളും പ്രവത്തികളും രാജ്യത്തിന് ഭീഷണിയായി നിലകൊള്ളുന്നു.

മറ്റു മതസ്ഥരോടുള്ള വൈരം, മതപരിവർത്തന ശ്രമങ്ങൾ എന്നിവ സമൂഹത്തിൽ മതസൗഹാർദ്ദത്തിനും മാനവ മൈത്രിക്കും വിലങ്ങുതടിയാകുന്നു. മനുഷ്യരെ തമ്മിലടിപ്പിച്ച് മുതലെടുപ്പ് നടത്തുന്ന വർഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മതം തികച്ചും വ്യക്തിപരമായ വിഷയമായി സൂക്ഷിച്ചു കൊണ്ട് രാഷ്ട്ര പുനർനിർമ്മാണ പ്രവർത്തനത്തിൽ തോളോടു തോൾ ചേർന്ന് ഏവരും ഭാഗഭാക്കാകേണ്ട സമയം ആഗതമായിരിക്കുന്നു. വിദ്യാഭ്യാസം, ആതുര സേവനം പോലുള്ള മേഖലകളിൽപ്പോലും മത ജാതി ചിന്തകൾ വേരുറപ്പിച്ച ഈ വേളയിൽ അതിനെതിരെ ചെറുവിരലെങ്കിലും അനക്കുവാൻ നമേവരും തങ്ങളാലാകും വിധം തയ്യാറായെങ്കിൽ എത്ര നന്നായേനെ.

ശാലിനി വി എസ് നായർ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Train, Indian Railway, travel, IRCTC , food, complaints, live streaming , solution,

തീവണ്ടി യാത്രികരുടെ പരാതികൾക്ക് പരിഹാരമൊരുങ്ങുന്നു

പറക്കാനുള്ള എളുപ്പവഴികൾ