അത്രമേൽ അസഹിഷ്ണുതയുള്ളവരാകയാൽ

Religious  , intolerance , secularism, Meesha, threats, novels, cartoons, author, cartoonist, Mathrubhumi, s hareesh , MA Baby, Taslima Nasrin , Salman Rushdie , Arundhati Roy, Gandhiji, Pardha , Biriyani , Bhashaposhini

‘നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര
നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര.’ എല്ലാവരുടേയും ചോരയുടെ നിറം ഒന്നു തന്നെ എന്നു പ്രസ്താവിക്കുന്നു കേരളത്തിന്റെ സ്വന്തം പൊട്ടൻ തെയ്യം. അതെ, രക്തത്തിൻറെ നിറമൊന്നാണെന്നിരിക്കിലും മാനവ സാഹോദര്യം അനിവാര്യമെന്നാകിലും മതത്തിന്റെ- രാഷ്ട്രത്തിന്റെ-നിറത്തിന്റെ പേരിൽ അസഹിഷ്ണുതയാൽ ( intolerance ) നാം തമ്മിൽ വൃഥാ രക്തപ്പുഴയൊഴുക്കുന്നു. വിശ്വസിക്കുന്ന ജാതിയും മതവും വ്യത്യസ്തമാണെന്നിരിക്കിലും നാമെല്ലാം ഒന്നാണെന്ന് പല കാലത്തും പ്രബുദ്ധർ വിളംബരം ചെയ്തിട്ടുണ്ട്.

സർവ്വജ്ഞപീഠം കയറിയെന്നാകിലും ഒരിക്കൽ ജാതി ചിന്ത രൂക്ഷമായി തലക്കു പിടിച്ച ശ്രീശങ്കരാചാര്യർ തന്നോട് ധിക്കാരത്തോടെ പെരുമാറിയപ്പോൾ ഒരു കാട്ടാളൻ ചൊന്നതിനർത്ഥവും മറ്റൊന്നായിരുന്നില്ല. സാക്ഷാൽ മഹേശ്വരനാണ് കാട്ടാളവേഷത്തിൽ ശങ്കരനു മുന്നിലെത്തി സത്യം വെളിവാക്കിക്കൊടുത്തതെന്നും തുടർന്ന് ശങ്കരാചാര്യർ അദ്വൈത സിദ്ധാന്തത്തിന്റെ പ്രചാരകനായെന്നുമാണ് പൊതുവെയുള്ള വിശ്വാസം.

എന്നാലിന്ന് താൻ വിശ്വസിക്കുന്ന മതവും ജാതിയുമാണ് സർവ്വശ്രേഷ്ഠമെന്നു കരുതി മറ്റുള്ളവരോട് അസഹിഷ്ണുതയോടെ പെരുമാറുന്ന പ്രവണത ഈ നവയുഗത്തിലും കൂടുതൽ പ്രകടമാകുകയാണ്. ‘മീശ’ എന്ന പേരിൽ എസ് ഹരീഷ് എഴുതിയ നോവൽ കഴിഞ്ഞ ദിവസങ്ങളിൽ സൃഷ്ടിച്ച കോലാഹലവും അതിനെ തുടർന്നുള്ള പ്രമുഖരുടെ പ്രതികരണങ്ങളും ശ്രദ്ധിച്ചാൽ ഏതൊരാൾക്കും മനസ്സിലാക്കാനാകുന്നത് അവസരവാദപരമായ പെരുമാറ്റമാണ്.

കപട മതേതര വാദികളും വർഗ്ഗീയ വാദികളും ചേർന്ന് നടത്തുന്ന ഈ ‘പൊറാട്ട് നാടക’ത്തിൽ നിഷ്പക്ഷത കാത്തുസൂക്ഷിക്കുന്നവർ പോലും അറിയാതെ ഓരോരോ പക്ഷം പിടിക്കുകയാണ്. ഒരു പ്രത്യേക മത വിഭാഗത്തെ മാത്രം ലക്‌ഷ്യം വച്ച് എന്തും ഏതും വിളിച്ചു പറയുന്നവർ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നതെന്ന് ഇനി എന്നാണ് തിരിച്ചറിയുക? വർഗ്ഗീയ ധ്രുവീകരണം കൂടുതൽ ശക്തമാകുകയാണെന്ന് ഇവർ തിരിച്ചറിയുന്നില്ലേ എന്നതാണ് പൊതുവെയുള്ള സംശയം.

വിവാദത്തിനു വേണ്ടി വെറുമൊരു വിവാദം

വിമർശനം വിമലീകരണ പ്രക്രിയയാണെന്നും മറ്റൊരാൾ തന്നെ വിമർശിക്കുന്നതിലൂടെ അയാൾ തന്നെ നിരന്തരം ശുദ്ധീകരിക്കുന്ന പ്രവർത്തിയാണ് ചെയ്യുന്നതെന്നും അതിനാൽ താൻ വിമർശകരോട് അത്യന്തം കടപ്പെട്ടിരിക്കുന്നു എന്നും ഭക്തകവി കബീർ ദാസ് പ്രഖ്യാപിച്ചത് നൂറ്റാണ്ടുകൾക്ക് മുൻപാണ്.

എന്നാൽ ഇക്കാലത്ത് അത്രയേറെ ഹൃദയ വിശാലത പുലർത്തുന്നവർ വിരളമാണെന്നിരിക്കെ പ്രശസ്തി നേടുവാനും വ്യക്തിഹത്യക്കും വേണ്ടി വെറുതെ വിമർശനം നടത്തി വിവാദങ്ങൾ സൃഷ്‌ടിക്കുന്നവർ കൂടി വരികയാണ്. അവർ ചെയ്യുന്നതിന്റെ പരിണിത ഫലം എത്ര ഭീകരമാണെന്ന് ഇവർ ഒരുവേള ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ എന്നാണ് സാധാരണക്കാരുടെ അഭിപ്രായം. പരസ്പര ബഹുമാനം പുലർത്തിക്കൊണ്ട് മാത്രമേ മതസാഹോദര്യവും  മാനവ സ്നേഹവും പുലർത്താനാകൂ എന്ന് ഏത് കുഞ്ഞിനാണ് അറിവില്ലാത്തത്!

ചിലർ വെറുതേ ‘മീശ’ പിരിക്കുമ്പോൾ

അമ്പലങ്ങളിൽ നല്ല വേഷഭൂഷാദികളോടെ പോകുന്ന സ്ത്രീകളെ കുറിച്ച് ഒരു കഥാപാത്രം നടത്തുന്ന പരാമർശമാണല്ലോ ‘മീശ’ വിവാദത്തിലാകുവാൻ കാരണം. മതത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചും ആചാരത്തെ കുറിച്ചുമുള്ള ചിന്തകൾ മാറ്റി വച്ചാൽ പോലും അങ്ങേയറ്റം നികൃഷ്‌ടമായ സ്ത്രീ വിരുദ്ധതയാണ് പ്രസ്തുത വാചകത്തിൽ സാഹിത്യകാരൻ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നത് നിഃസംശയം.

ആവിഷ്കാര സ്വാതന്ത്ര്യം ആണെന്ന് വാദിച്ചാൽ പോലും ആ വാചകങ്ങളിലെ സ്ത്രീ വിരുദ്ധത കണ്ടില്ലെന്ന് നടിക്കാനാവില്ല തന്നെ. ഒരു പ്രത്യേക വിഭാഗത്തെ മനഃപൂർവ്വം അധിക്ഷേപിച്ചു കൊണ്ടല്ല ഒരാൾ തന്റെ ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും കൊണ്ടാടേണ്ടത്. കുറുക്കു വഴിയിലൂടെ ( കു ) പ്രശസ്തി നേടാൻ ചിലർ ഇത്തരം രീതികൾ അവലംബിക്കുന്നത് തികച്ചും അപലപനീയം തന്നെയാണ്.

വിവാദങ്ങൾ സാഹിത്യത്തിൽ

തസ്ലീമ നസ്രീൻ, സൽമാൻ റുഷ്ദി എന്നിവർ തീവ്ര മത മൗലിക വാദികളിൽ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണി ഇപ്പോഴും തുടരുകയാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് അടുത്തിടെയുണ്ടായ ചില സംഭവ വികാസങ്ങൾ വ്യക്തമാക്കുന്നു. മഹാത്മാഗാന്ധിക്കെതിരെ അരുന്ധതി റോയി നടത്തിയ വിവാദ പരാമർശങ്ങൾ പിന്‍വലിച്ച് സാഹിത്യകാരി മാപ്പു പറയണമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആവശ്യപ്പെട്ടത് ഏതാനും വർഷങ്ങൾക്ക് മുൻപായിരുന്നുവല്ലോ.

പവിത്രൻ തീക്കുനി തന്റെ ‘പർദ്ദ’ എന്ന കവിത പിൻവലിച്ചതും ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകം നിരോധിച്ചതും ‘ബിരിയാണി’ എന്ന ചെറുകഥയ്‌ക്കെതിരെ ഒരു വിഭാഗം ആളുകൾ അണിനിരന്നതും ‘ ഭാഷാപോഷിണി’ ഒരു ചിത്രം അച്ചടിച്ചിറക്കിയ ശേഷം അത് പിൻവലിച്ചതും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലായിരുന്നുവോ അതോ പ്രീണന നയത്തിന്റെ ഭാഗമായിരുന്നുവോ എന്നതാണ് ഇപ്പോഴും സാധാരണക്കാരുടെ സംശയം.

കേരളത്തിന്റെ അയൽസംസ്ഥാനത്ത് പെരുമാൾ മുരുകൻ എന്ന സാഹിത്യകാരന്റെ ‘അർദ്ധനാരീശ്വരൻ’ എന്ന നോവൽ വിവാദത്തിൽപ്പെട്ടത് രണ്ടു വർഷം മുൻപായിരുന്നു. വിശ്വാസങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് നോവൽ രചിക്കപ്പെട്ടു എന്നതായിരുന്നു പെരുമാൾ മുരുകൻ നേരിട്ട പ്രധാന ആരോപണം. അസഹിഷ്ണുത എത്രത്തോളം വളർന്നു പന്തലിച്ചു എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു ആ വിവാദം. ഹിന്ദു ദൈവമായ ‘ഗണപതി’ തമിഴ്‌നാട്ടിലേയ്ക്ക് ഇറക്കുമതി ചെയ്യപ്പെട്ട ദൈവമാണെന്ന ഭാരതി രാജയുടെ പ്രസ്താവനയും അടുത്തിടെ വിവാദമായിരുന്നുവല്ലോ.

ചില കാർട്ടൂൺ വിവാദങ്ങൾ

പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് വിവാദത്തിലായ ഫ്രഞ്ച് മാധ്യമസ്ഥാപനത്തിലുണ്ടായ വെടിവയ്പ്പില്‍ ഫ്രാന്‍സിലെ ഏറ്റവും പ്രശസ്തരായ മൂന്നു കാര്‍ട്ടൂണിസ്റ്റുകൾ ഉൾപ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2016-ൽ കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടന്ന വേളയിൽ കാൻസിലെ ബീച്ചുകളില്‍ ബുര്‍ഖയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടർന്ന് ആക്ഷേപഹാസ്യ മാസികയായ ‘ചാര്‍ലി ഹെബ്‌ഡോ’ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നു.

താടി നീട്ടി വളര്‍ത്തിയ പുരുഷനും ഹിജാബ് ധരിച്ച സ്ത്രീയും നഗ്‌നരായി ബീച്ചിലേക്ക് ഓടുന്നത് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചത് വൻ വിവാദമായിരുന്നു. 2015 ജനുവരിയിലാണ് ആക്ഷേപ ഹാസ്യ പ്രസിദ്ധീകരണമായ ‘ചാര്‍ലി ഹെബ്‌ഡോ’യിൽ ആക്രമണം നടന്നതെങ്കിൽ തമിഴ്‌നാട്ടിലെ കാർട്ടൂണിസ്റ്റായ ബാല അറസ്റ്റിലായത് കഴിഞ്ഞ വർഷമായിരുന്നു.

തിരുനെല്‍വേലി കളക്ട്രേറ്റിന് മുന്‍പില്‍ കടബാദ്ധ്യതയാൽ നട്ടംതിരിഞ്ഞ നാലംഗ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയെയും പോലീസിനെയും കളക്ടറെയും വിമര്‍ശിച്ച് ബാല വരച്ച കാർട്ടൂണില്‍ അശ്ലീലമുണ്ടെന്നും പ്രമുഖരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ആരോപിച്ച് ഐടി ആക്ട് പ്രകാരമാണ് അന്ന് കാർട്ടൂണിസ്റ്റിനെ അറസ്റ്റ് ചെയ്തത്.

Religious  , intolerance , secularism, Meesha, threats, novels, cartoons, author, cartoonist, Mathrubhumi, s hareesh , MA Baby, Taslima Nasrin , Salman Rushdie , Arundhati Roy, Gandhiji, Pardha , Biriyani , Bhashaposhini

വിവാദമുയർത്തി യോഗക്ഷേമ സഭ

എസ് ഹരീഷ് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന ‘മീശ’ എന്ന നോവലിലെ പരാമർശങ്ങൾ സമൂഹവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനാൽ അത് പിൻവലിച്ച് മാപ്പു പറയണമെന്നാണ് ‘മാതൃഭൂമി’ പത്രാധിപർക്കയച്ച കത്തിൽ ‘യോഗക്ഷേമ സഭ’ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സാമൂഹ്യപരിഷ്കരണത്തിനും സ്വതന്ത്ര ചിന്തക്കും തീകൊളുത്തിയ പ്രമുഖ സംഘടനയെ തീവ്ര ഹിന്ദുത്വവർഗീയവാദികൾ ഒരു ചട്ടുകമായി ഉപയോഗിക്കുകയാണെന്ന ആരോപണം പരക്കെ ഉയരുന്നുണ്ട്.

വിടി ഭട്ടതിരിപ്പാട്, ഇഎംഎസ് തുടങ്ങിയ സാമൂഹിക വിപ്ലവകാരികൾ പ്രവർത്തിച്ചിരുന്നതിനാൽ മഹത്തായ പാരമ്പര്യം അവകാശപ്പെടാവുന്ന ‘യോഗക്ഷേമ സഭ’യെ കേരളത്തിലെ സ്വതന്ത്ര ചിന്തയെ ഭീഷണിപ്പെടുത്തുവാനാണ് വർഗ്ഗീയ വാദികൾ നിലവിൽ വിനിയോഗിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം.

ആശയത്തെ ആശയം കൊണ്ട് നേരിടാതെ

ഒരു കൃതിയോടുള്ള എതിർപ്പിന്റെ പേരിൽ തൃപ്പൂണിത്തുറയിൽ മാതൃഭൂമിയുടെ പുസ്തകമേളയെ ആക്രമിച്ചത് ഒരു തരത്തിലും ന്യായീകരണം അർഹിക്കുന്നില്ല. കാരണം, ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ കൈയ്യൂക്ക് കാട്ടിയല്ലെന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്.

ഒരു പോസ്റ്ററിന്റെ പേരിൽ കത്തിക്കുത്തിന് ഇരയായ ‘അഭിമന്യു’ എന്ന വിദ്യാർത്ഥിയായ രാഷ്ട്രീയ പ്രവർത്തകന് നേരിട്ട ദുര്യോഗം സമൂഹം ഞെട്ടലോടെയാണ് ശ്രവിച്ചത്. വർഗ്ഗീയ വാദികളുടെ പങ്ക് വ്യക്തമായ ആ കേസിൽ ഇടത് പക്ഷ സർക്കാർ മെല്ലെപോക്ക് നയം സ്വീകരിക്കുകയാണെന്നും ഇത്തരം വിഷയങ്ങളിൽ പ്രീണന നയമാണ് മിക്ക പാർട്ടികളും കൈക്കൊള്ളുന്നതെന്നും പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്.

പ്രമുഖരുടെ പ്രതികരണങ്ങളിൽ ഇരട്ടത്താപ്പുകൾ

‘മീശ’ നോവൽ പിൻവലിച്ചതിൽ പ്രതിഷേധിച്ചും വിലപിച്ചും പരിതപിച്ചും സച്ചിതാനന്ദൻ, എം എ ബേബി, ചെന്നിത്തല തുടങ്ങിയ സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ചേകനൂർ മൗലവിക്കേസിലും അദ്ധ്യാപകന്റെ കൈവെട്ടു കേസിലും ഈ പ്രമുഖർ പാലിച്ച മൗനവും ഇരട്ടത്താപ്പും സമൂഹമാധ്യമങ്ങളിൽ പരക്കെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

അത്യധികം സ്ത്രീ വിരുദ്ധതയാണ് വിവാദ നോവലിലുള്ളതെങ്കിലും അതിനെതിരെ പ്രതികരിക്കാതെ മതവും രാഷ്ട്രീയവും മാത്രം നോക്കി പ്രതികരിക്കുവാനാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രമുഖർ തയ്യാറായിരിക്കുന്നതെന്നും പരക്കെ ആക്ഷേപമുണ്ട്. പൊതുവെ നിഷ്പക്ഷത പുലർത്തുന്ന സാധാരണക്കാരെ വർഗ്ഗീയ വാദികളുടെ ചേരികളിലേയ്ക്ക് അടുപ്പിക്കുവാൻ മാത്രമേ പ്രമുഖരുടെ ഇത്തരം ഇരട്ടത്താപ്പ് നിർദയം തുടരുന്നതിലൂടെ ഉപകരിക്കൂ എന്നതാണ് പൊതുവെയുള്ള വീക്ഷണം.

പ്രസ്താവനകളും എതിരഭിപ്രായങ്ങളും 

തൊടുപുഴ ന്യൂമാൻ കോളേജിലെ കൈവെട്ടി മാറ്റപ്പെട്ട ജോസഫ് എന്ന അദ്ധ്യാപകനെ പറ്റി രാഷ്ട്രീയ നേതാവായ ബേബി നേരത്തെ പ്രതികരിച്ച രീതിയെ അപലപിച്ചും അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പ്രസ്താവനയ്ക്ക് താഴെ നിരവധി ആളുകളാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ബേബിയുടെ പ്രസ്താവനയ്ക്ക് ബിജെപി അനുഭാവി കൂടിയായ സംവിധായകന്‍ അലി അക്ബർ നൽകിയ കമന്റിന് ബേബിയുടെ പോസ്റ്റിന് ലഭിച്ചതിലേറെ ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

മുൻ മുഖ്യമന്ത്രി അച്യുതാനന്ദനെ വികൃതമാക്കി മിമിക്രി കാണിച്ചെന്നു മുറവിളികൂട്ടിക്കൊണ്ട് ഒരു വിഭാഗം മിമിക്രി വേദികൾ ആക്രമിച്ചത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് ഭൂഷണമായിരുന്നോ എന്നും ചിലർ ആരായുന്നുണ്ട്. വിദ്യാ ദേവതയായ സരസ്വതി ദേവിയെ ചിലർ മോശമായി ചിത്രീകരിച്ചതും കവി കുരീപ്പുഴ ശ്രീകുമാർ പരസ്യമായി ദേവതകളെയും ആചാരങ്ങളെയും അപമാനിച്ചതും തുടർന്നുണ്ടായ വിവാദവും ചിലർ കമന്റുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ഇത്തരം വാദപ്രതിവാദങ്ങൾ മനുഷ്യ മനസ്സുകളിലെ കാലുഷ്യവും അമർഷവും നന്നായി വെളിപ്പെടുത്തുന്നുണ്ട്. വരാനിരിക്കുന്ന വിപത്തിലേക്കുള്ള ചൂണ്ടുപലകയാണ് പല അഭിപ്രായങ്ങളും. അതിനാൽ ഇനിയും കണ്ണടച്ച് ഇരുട്ടാകുന്ന നിലപാട് പ്രമുഖർ വെടിയണമെന്നും തങ്ങൾ ഇപ്പോൾ പുലർത്തുന്ന നയങ്ങളെ അവർ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. മതനിരപേക്ഷതയിലെ മാറുന്ന സാഹചര്യം എത്രയും വേഗം അധികൃതർ തിരിച്ചറിഞ്ഞെങ്കിൽ എത്ര നന്നായേനെ.

മതിയാക്കാമീ അവസരവാദ നിലപാടുകൾ 

രാഷ്ട്രീയ സാമൂഹിക മുതലെടുപ്പിനും വോട്ട് ബാങ്ക് സംരക്ഷണത്തിനും വേണ്ടി മഹത്തായ രാഷ്ട്രീയ പാരമ്പര്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പ്രബുദ്ധരായ സാംസ്‌കാരിക പ്രവർത്തകരും ഒരു പ്രത്യേക വിഭാഗത്തോട് മാത്രം ശത്രുത പുലർത്തുകയും മറ്റുള്ളവരോട് പ്രീണന നയം സ്വീകരിക്കുന്നതും തീവ്ര മത വികാരം പുലർത്തുന്ന സംഘടനകൾക്ക് പ്രയോജനം ചെയ്യുമെന്നാണ് സമൂഹത്തിൽ നിന്നുയരുന്ന മുന്നറിയിപ്പ്.

ഒരു പ്രത്യേക മതത്തെ മാത്രം ഉന്നം വച്ച് നടത്തുന്ന പോർവിളികൾ സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവിന് മാത്രമേ ഉപകരിക്കൂ എന്നതിനാൽ ആ പ്രവണത മതിയാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കപട മതേതരത്വം, സ്വജനപക്ഷപാതം, പ്രീണന നയം എന്നിവ
മതമൗലികവാദികൾക്ക് ഗുണപ്രദമായേക്കാം. എന്നാൽ സമൂഹത്തിൽ നില നിൽക്കുന്ന മതസാഹോദര്യത്തിന് അതെല്ലാം വെല്ലുവിളിയാണെന്നത് മറക്കാതിരിക്കാം.

നഷ്‌ടമാകുന്ന സഹിഷ്ണുത

Religious  , intolerance , secularism, Meesha, threats, novels, cartoons, author, cartoonist, Mathrubhumi, s hareesh , MA Baby, Taslima Nasrin , Salman Rushdie , Arundhati Roy, Gandhiji, Pardha , Biriyani , Bhashaposhini , India, Secular State United Nations, Human Rights Meet,No State Religion, United Nations Human Rights Council meeting, Geneva, attorney general, mukul rohatgi, new delhi, attacks, minorities, Indian delegation, meet, human rights, record, world's largest multi-layered democracy,AFSPA, military, kashmir, pakistan, 

എല്ലാ മതങ്ങളിലും ചില ദുരാചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അവയെല്ലാം ചർച്ച ചെയ്യപ്പെട്ട് മതങ്ങളെ കൂടുതൽ ശുദ്ധീകരിക്കേണ്ട ചുമതല മതമേലധ്യക്ഷന്മാർക്കും വിശ്വാസികൾക്കും ഉണ്ടെന്നിരിക്കെ അതിന് തയ്യാറാവാതെ അന്യ മതങ്ങളെ അധിക്ഷേപിക്കുന്ന പ്രവണതയാണ് ഇക്കാലത്ത് സമൂഹമാധ്യമങ്ങളിലും മറ്റും കൂടുതലായി കണ്ടു വരുന്നത്. സ്വന്തം തെറ്റ് തിരുത്താതെ മറ്റുള്ളവരെല്ലാം ശരിയായ ശേഷം മാത്രമേ താനും നന്നാകൂ എന്ന നിലപാട് അത്യന്തം ഖേദകരമാണ്.

അതിഹീനമായ സ്ത്രീവിരുദ്ധതയും കരുതിക്കൂട്ടിയുള്ള ജാതി-മത അധിക്ഷേപവും ഒക്കെ സാമൂഹിക വിപത്തുകളിലേക്കുള്ള പാതകളാണെന്നും അവയെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നീ ന്യായവാദങ്ങൾ നിരത്തി നീതീകരിക്കുവാനുള്ള പ്രവണത അത്യന്തം അപലപനീയമാണെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.

പ്രമുഖർ പ്രതികരിക്കുന്നെങ്കിൽ മത സൗഹാർദ്ദം നിലനിർത്തുവാനായി പ്രതികരിക്കണമെന്നും അല്ലാതെ എരിതീയിൽ എണ്ണയൊഴിക്കും മട്ടിൽ വിവാദ പ്രസ്താവനകൾ നടത്തി തങ്ങളുടെ കപട മതേതരത്വം പ്രകടമാക്കിക്കൊണ്ട് സ്വയം ആളാകുന്നത് മതിയാക്കണമെന്നുമാണ് സാധാരണക്കാർ ആഗ്രഹിക്കുന്നത്.

കാലങ്ങളായി പുലരുന്ന വിശ്വാസങ്ങളെ വൃഥാ വൃണപ്പെടുത്തുന്ന പ്രവണത നിരുത്സാഹപ്പെടുത്തണമെന്നും തീവ്ര നിലപാടുകൾ പിന്തുടരുന്ന ജാതി മത സംഘടനകൾക്ക് നല്ല വേരോട്ടം ലഭിക്കുന്ന തീവ്ര മതമൗലിക വികാരങ്ങൾക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റരുതെന്നുമാണ് പൊതുജനങ്ങളുടെ പൊതുവെയുള്ള ആവശ്യം.

ശാലിനി വി എസ് നായർ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മേക്കര്‍ വില്ലേജ് മികവിന്‍റെ കേന്ദ്രം: യു എസ് കോണ്‍സല്‍ ജനറല്‍

weekly-cartoon-hakus-manasa-vacha-July 23-2018

രചനയും വർഗീയതയും