മരണത്തിന്റെ മറ്റൊരു ലോകം കണ്ടു വന്ന സചേതന രക്തസാക്ഷ്യമാണ് സൈമൺ ബ്രിട്ടോ  

ഷിജു ദിവ്യ

ഒരു പാട് വെല്ലുവിളികളതിജീവിച്ചാണ് സീന ബ്രിട്ടോയുടെ ജീവിതത്തിലെത്തിയത്. ത്യാഗമെന്ന് വിളിച്ച് ഞാനതിനെ അവഹേളിക്കുന്നില്ല. ഏറ്റവും തീവ്രമായി പ്രണയം നിറച്ച് സീന ബ്രിട്ടോയുടെ അതിജീവന സമരത്തിലൊപ്പം നിന്നു . വീൽചെയർ , ഊന്നുവടികൾ, മരുന്നുകൾ, പുസ്തകങ്ങൾ, വായനക്കുറിപ്പുകൾ , സൗഹൃദ സന്ദർശനങ്ങൾ, സംവാദങ്ങൾ … എത്ര വലിയ ശൂന്യതയാണ് അവരെ കാത്തിരിക്കുന്നത്. ഈ ഏകാന്തത മറികടക്കാൻ അവർക്ക് കഴിയട്ടെ …സത്യവും സ്നേഹവും കൊണ്ട് നമ്മിലെല്ലാം വേരാഴ്ത്തിയ ഒരു മഹാ ജീവിതമാണ് കടപുഴകി വീണത്. അതിജീവിക്കാൻ നമുക്കും കഴിയട്ടെ .

സൈമൺ ബ്രിട്ടോയെ ഷിജു ദിവ്യ അനുസ്മരിക്കുന്നു  


ഹൃദയം തൊടുന്ന ബോദ്ധ്യങ്ങൾക്കനുസരിച്ച് ജീവിച്ച കുറ്റത്തിന് ജീവിതം കവർന്നെടുക്കപ്പെട്ട മനുഷ്യരുടെ വംശാവലിയെ നാം രക്തസാക്ഷികളെന്ന് വിളിക്കുന്നു. 

അതിൽ ചിലർ ചൂണ്ടക്കൊളുത്തിൽ നിന്നൂർന്നു പോവുന്ന മീനുകളെപ്പോലെ പാതി മുറിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വീഴാറുണ്ട് . മനുഷ്യകുലത്തിനു വേണ്ടി തങ്ങളുടെ വംശമനുഭവിച്ച മുറിവുകളെക്കുറിച്ച് നമ്മെ പഠിപ്പിക്കാൻ. മരണത്തിന്റെ മറ്റൊരു ലോകം കണ്ടു വന്ന സചേതന രക്തസാക്ഷ്യമാണ് സഖാവ് സൈമൺ ബ്രിട്ടോ. 

അനന്യമായ ആർജ്ജവം കൊണ്ടു മാത്രമല്ല ആഴമുള്ള രാഷ്ട്രീയ സ്ഥൈര്യവും സ്നേഹഭരിതമായ ചേർത്തുനിർത്തലും കൊണ്ട് ഉടലിന്റെ പാതി നിശ്ചലതയെ ഉയിരുകൊണ്ടയാൾ പൂരിപ്പിച്ചു . അങ്ങനെ അതിജീവനമെന്ന പദത്തിന് പര്യായമായി .

മഹാരാജാസ് കോളേജിന്റെ അങ്കണത്തിൽ വെട്ടേറ്റു വീണിടത്ത് നിന്നും ആശുപത്രിക്കിടക്കയിലേക്ക്. പ്രതീക്ഷകളുടെ ഊന്നു വടിയിലും ഉരുൾ ചക്രങ്ങളിലും ഉടലൂന്നി ജീവിതത്തിലേക്ക് . നിയമസഭാ പ്രതിനിധിയായതടക്കമുള്ള ദൈനം ദിന പ്രായോഗിക രാഷ്ട്രീയം മാത്രമല്ല , ചേതോഹരമായ ഭാഷയിൽ രചിച്ച അഗ്രഗാമിയടക്കമുള്ള രണ്ട് നോവലുകൾ . ജനാധിപത്യ ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യ നിഷേധമായ അടിയന്തിരാവസ്ഥക്കാലം വിദ്യാർത്ഥിയായിരുന്ന ബ്രിട്ടോവിന്റെ മനസ്സിൽ വരച്ചിട്ട ചിത്രങ്ങളും അനുഭവങ്ങളുമാണ് ‘അഗ്രഗാമി’യെന്ന നോവൽ . അവാന്റ്ഗാർഡ് എന്ന പദത്തെ തത്തുല്യമായി ഉൾക്കൊള്ളുമോ ‘അഗ്രഗാമി’ എന്ന മലയാള പദം? വിപ്ലവകാരികളുടെ അഗ്രഗാമിയായിരുന്നു ബ്രിട്ടോ.

വടകരയിൽ ഒരു SFI പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് ആദ്യമായ് സഖാവിനെ പരിചയപ്പെടുന്നത് . ആ ദിനം ഓർമ്മകളിലെന്നുമുണ്ടാവും .

സ. ടി. പി. ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ട സന്ദർഭത്തിൽ ആ അനുപമ രക്തസാക്ഷിത്വത്തിന് അഭിവാദ്യമർപ്പിക്കാൻ ബ്രിട്ടോ ഒഞ്ചിയത്തെത്തി . രമേച്ചിയെയും അഭിനന്ദിനെയും ചേർത്തു നിർത്തി ഒഞ്ചിയത്തിന്റെ ജനതയ്ക്കൊപ്പം അദ്ദേഹം നിലയുറപ്പിച്ചു. മുഖത്തേറ്റ വെട്ടുകൾക്കു പുറമെ ചന്ദ്രശേഖരന്റെ വ്യക്തി ജീവിതത്തെപ്പോലും നുണകൾ കൊണ്ടും അപവാദങ്ങൾ കൊണ്ടും വീണ്ടും വീണ്ടും വെട്ടിവീഴ്ത്താനുള്ള ശ്രമങ്ങൾ വ്യാപകമായി നടക്കുന്ന വേളയിൽ ചന്ദ്രശേഖരൻ ഉശിരനായ കമ്മ്യൂണിസ്റ്റാണെന്നും പോർമുഖങ്ങളിൽ വീണുപോവുന്ന രക്തസാക്ഷിത്വങ്ങളിൽ ഉജ്ജ്വലമാണ് അദ്ദേഹത്തിന്റെതെന്നും ബ്രിട്ടോ പറഞ്ഞു. അത് ആ സന്ദർഭത്തിന്റെ വൈകാരികതയിൽ വന്ന വെറും വാക്കായിരുന്നില്ല . എപ്പോഴൊക്കെ ചന്ദ്രശേഖരൻ വർത്തമാനങ്ങളിൽ നിറഞ്ഞോ അപ്പോഴൊക്കെ ബ്രിട്ടോ വികാരാധീനനാവാറുണ്ടായിരുന്നു. നഷ്ടബോധത്തിന്റെയും ആദരവിന്റെയും സമ്മിശ്ര വികാരങ്ങളിൽ ചന്ദ്രശേഖരനെ അടയാളപ്പെടുത്താറുണ്ടായിരുന്നു. 

പ്രിയ ബ്രിട്ടോ,

താങ്കൾ പകർന്ന സ്നേഹത്തിനുമുണ്ട് ഒരു പങ്ക് , ഈ നാടിന്റെ അതിജീവനത്തിൽ .

തന്നെ വീഴ്ത്തിയ കലാലയത്തിന്റെ ഇടനാഴികളിൽ വീണ്ടും വിദ്യാർത്ഥി ജീവിതത്തിന്റെ ചോര വീണപ്പോൾ ബ്രിട്ടോ വീണ്ടുമെത്തി. അഭിമന്യു ബ്രിട്ടോയ്ക്ക് ഒരു സഖാവ് മാത്രമായിരുന്നില്ല . ഒരച്ഛന്റെ സ്നേഹത്തോടെ പ്രാണനിൽ കൊത്തിവച്ചതായിരുന്നവനെ . അഭിമന്യു വീണപ്പോൾ വട്ടവടയെന്ന ദേശത്തിന്റെ മാത്രമല്ല , ബ്രിട്ടോയുടെ ജീവിതത്തിന്റെയും ഒരു വിളക്കുകാലാണ് അണഞ്ഞത്.

ഒരു പാട് വെല്ലുവിളികളതിജീവിച്ചാണ് സീന ബ്രിട്ടോയുടെ ജീവിതത്തിലെത്തിയത് . ത്യാഗമെന്ന് വിളിച്ച് ഞാനതിനെ അവഹേളിക്കുന്നില്ല. ഏറ്റവും തീവ്രമായി പ്രണയം നിറച്ച് സീന ബ്രിട്ടോയുടെ അതിജീവന സമരത്തിലൊപ്പം നിന്നു . വീൽചെയർ , ഊന്നുവടികൾ , മരുന്നുകൾ , പുസ്തകങ്ങൾ , വായനക്കുറിപ്പുകൾ , സൗഹൃദ സന്ദർശനങ്ങൾ , സംവാദങ്ങൾ … 

എത്ര വലിയ ശൂന്യതയാണ് അവരെ കാത്തിരിക്കുന്നത് .

ഈ ഏകാന്തത മറികടക്കാൻ അവർക്ക് കഴിയട്ടെ …

സത്യവും സ്നേഹവും കൊണ്ട് നമ്മിലെല്ലാം വേരാഴ്ത്തിയ ഒരു മഹാ ജീവിതമാണ് കടപുഴകി വീണത്. അതിജീവിക്കാൻ നമുക്കും കഴിയട്ടെ .  

– എഫ് ബി പോസ്റ്റ് 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വനിതാ മതിൽ: ശൈലജ ടീച്ചർ ആദ്യ കണ്ണി; ബൃന്ദാ കാരാട്ട് അവസാന കണ്ണി

എല്ലാ ജില്ലകളിലും മാരത്തോണ്‍ സംഘടിപ്പിക്കും:  മന്ത്രി