സമഗ്രമായ റെസിപ്പിയായിരുന്നു ആ സിനിമകളുടേത്

വലിയ ആൾക്കൂട്ടങ്ങൾ, ഐറ്റം ഡാൻസുകൾ, സംഘട്ടനങ്ങൾ, സസ്പെൻസുകൾ, അതിവൈകാരിക രംഗങ്ങൾ…സമഗ്രമായ റെസിപ്പിയായിരുന്നു ആ സിനിമകളുടേത്. ആ തിരക്കഥകളുടേയും സംവിധാനമികവിന്റെയും പടികൾ കൂടി ചവിട്ടിയാണ് വെറും നടന്മാർ താരങ്ങളും താരരാജാക്കന്മാരുമായത്. അവർക്ക് ഫാൻസ് അസോസിയേഷനുകളുണ്ടായത്… 

തമ്പി കണ്ണന്താനത്തെ ഷിജു ദിവ്യ അനുസ്മരിക്കുന്നു.
”രാജുമോന്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്, ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്, കിരീടവും  ചെങ്കോലും സിംഹാസനവുമുള്ള  ഒരു രാജാവ്, പിന്നീട് എന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു, പ്രിന്‍സ് രാജകുമാരന്‍ രാജാവിന്‍റെ മകന്‍ .YES I AM A PRINCE, UNDERWORLD PRINCE അധോലോകങ്ങളുടെ രാജകുമാരന്‍…”

സാഹിത്യം വായിക്കാത്ത ലോകത്തിന്റെ സാഹിത്യമാണ് സിനിമ. കവിത വായിക്കാത്ത ലോകത്തിന്റെ കവിതയാണ് സിനിമ. വീടില്ലാത്തവന്റെ  കൊട്ടാരവും പരാജയപ്പെടുന്നവന്റെ വിജയങ്ങളുമാണ് സിനിമ…സിനിമ മനുഷ്യനെ മയക്കുന്ന കറുപ്പാണ്.

ആർദ്രതയും ധാർമ്മികതയും പകർന്നു തരുമ്പോഴും മിഥ്യയായ പരലോക ചിന്തയും വിധി വിശ്വാസവും വളർത്തി വ്യവസ്ഥയ്ക്ക് വഴങ്ങുന്ന മനുഷ്യനെ സൃഷടിക്കുന്നതിനാലാണ് മാർക്സ് മതത്തെ കറുപ്പെന്നു വിളിച്ചത്. വ്യവസായ കാലത്തിന്റെ മതമാണ് സിനിമ. യഥാർത്ഥ ജീവിതത്തിലെ ദാരിദ്ര്യവും അടിമത്തവും അപകർഷങ്ങളും സിനിമ അതിന്റെ മാന്ത്രികവടി കൊണ്ട്  സമ്പന്നതയും സൗന്ദര്യവും സന്തോഷങ്ങളുമാക്കി തെറ്റിദ്ധരിപ്പിക്കുന്നു. കാമനകളുടെ മരീചികകളിൽ പ്രേക്ഷകരെ ദാഹാർത്തരാക്കി നടത്തുന്നു.

അതവിടെ നിൽക്കട്ടെ. ജനപ്രിയ സിനിമകൾക്കെതിരായ കുറ്റപത്രമല്ലിത്. ഇതൊക്കെയുണ്ടെങ്കിലും ഇവ മാത്രമൊന്നുമല്ല, മേൽച്ചൊന്നതുപോലെ അക്ഷര ജ്ഞാനമില്ലാത്തവന്റെ പോലും ഭാവനാലോകങ്ങളും കാമനാ ലോകങ്ങളും കുടിപാർക്കുന്നത് സിനിമയിലാണ്. അതവന് കവിതയും ഗാനവും കനവുകൾക്ക് ചിറകും നൽകുന്നുണ്ട് . പ്രണയിക്കാൻ പഠിപ്പിക്കുന്നുണ്ട് .

ഇപ്പോൾ  പ്രതിപത്തിയില്ലെങ്കിലും എനിക്കുമുണ്ട് ജനപ്രിയ സിനിമകൾ ത്രസിപ്പിച്ച ഒരു കൗമാരം. കൂടൊഴിഞ്ഞു എന്നുവച്ച്  ചേക്കേറിയ ഇടങ്ങളോട് നന്ദികേടരുതല്ലോ, വന്ന വഴികൾ മറക്കാനും… റിലീസിങ്ങ് ദിവസങ്ങളിൽ ക്യൂവിൽ വലിഞ്ഞുകയറി കുപ്പായക്കുടുക്കു പൊട്ടിയും ആവേശം സൃഷ്ടിച്ച സംഭാഷണങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ഓല ടാക്കീസുകൾക്കു ചുറ്റുമലഞ്ഞ് ഹൃദിസ്ഥമാക്കിയും പിന്നിട്ട കൗമാരം. കശുവണ്ടിയും അടക്കയും പെറുക്കി വിറ്റും ഇലമുറിച്ച് ഹോട്ടലുകളിലെത്തിച്ചും കിട്ടുന്ന കാശു മുഴുവൻ തിയറ്ററുകളിലെത്തിച്ച കാലം. ആ കാലത്ത് ചില കൂട്ടുകാർ ശരീരം അല്പം ചെരിച്ച് താടി ഉന്തിച്ച് മൂക്കിലൂടെ പറയാറുള്ള ഡയലോഗുകളിൽ ഒന്നാണ് മേലെക്കൊടുത്തത്. രാജാവിന്റെ മകൻ എന്ന ഹിറ്റ്  സിനിമയിലെ സംഭാഷണമാണിതെന്ന് അറിയാത്തവരുണ്ടാവില്ല.

ക്ഷമിക്കണം ! തമ്പി കണ്ണന്താനത്തെക്കുറിച്ചാണ്  തുടങ്ങിയത്. പറഞ്ഞു പറഞ്ഞത് ഞങ്ങളുടെ തലമുറയെക്കുറിച്ചായിപ്പോയി . ക്ഷമിക്കുക…

കണ്ണന്താനത്തെക്കുറിച്ചെന്താണ്  പറയുക? കയ്യിൽ ചോരക്കറയുള്ള മരണം മണക്കുന്ന വഴികളിലൂടെ വരുന്ന അദ്ദേഹത്തിന്റെ നായകരെക്കുറിച്ചോ? അതോ കല്ലിൽ കന്മദമെന്ന പോലെ അവരിലവശേഷിക്കുന്ന നന്മകളെക്കുറിച്ചോ… ?  പാപത്തിന്റെ ശമ്പളം മരണമെന്ന വാക്യം ഓർമ്മിപ്പിക്കും പോലെ പുതിയ ജീവിതം വച്ചു നീട്ടി അവരെ തട്ടിയെടുത്ത കാലത്തിന്റെ ക്രൗര്യമോ? അവരില്ലാതാവുമ്പോൾ അനാഥമാവുന്ന ഇതര കഥാപാത്ര ജീവിതങ്ങളെക്കുറിച്ചോ?

വലിയ ആൾക്കൂട്ടങ്ങൾ, ഐറ്റം ഡാൻസുകൾ, സംഘട്ടനങ്ങൾ, സസ്പെൻസുകൾ, അതിവൈകാരിക രംഗങ്ങൾ…  സമഗ്രമായ റെസിപ്പിയായിരുന്നു ആ സിനിമയുടേത്. ആ തിരക്കഥകളുടേയും സംവിധാനമികവിന്റെയും പടികൾ കൂടി ചവിട്ടിയാണ് വെറും നടന്മാർ താരങ്ങളും താരരാജാക്കന്മാരുമായത്. അവർക്ക് ഫാൻസ് അസോസിയേഷനുകളുണ്ടായത്. ഒരിക്കൽ പിന്നിട്ട കാമനാ ലോകങ്ങളുടെ കല്പടവുകളിലേക്ക് ഞാൻ ഒന്നു കൂടിത്തിരിഞ്ഞു നോക്കുന്നു. അവിടെ  തമ്പി കണ്ണാന്തനവും അദ്ദേഹത്തിന്റെ സിനിമകളുമുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കുരുടൻ ആനയെക്കണ്ടതു പോലെ എന്നത് ഗാന്ധിയന്മാർ ഗാന്ധിജിയെ കണ്ട പോലെ എന്നു തിരുത്താം

ആയതിനാൽ, ഞാനിന്ന് കോഴിമുട്ടകളെക്കുറിച്ച്‌ സംസാരിക്കാൻ ആഗ്രഹിക്കുന്നു…