വിടാനുള്ളതാണ് വീട് എന്നാണ് ടി എൻ ജോയ് വിശ്വസിച്ചത്…   

ഒരു വീടിനും പാകമാകാത്ത ഒരാളായിരുന്നു അദ്ദേഹം 

നജ്മൽ ബാബുവിന്റെ അന്ത്യാഭിലാഷം നിവേറ്റാൻ ഉറ്റവരായ സച്ചിമാഷ്, കെ.ജി.എസ്, കെ.വേണു, പി.എൻ ഗോപീകൃഷ്ണൻ, സുനിൽ പി.ഇളയിടം, അബ്ദുൾ ഗഫൂർ തുടങ്ങിയവർ കുടുംബക്കാരുമായി നടത്തിയ ചർച്ചകൾ വിഫലമാവുകയായിരുന്നു. ഒരു വിഭാഗം ആർ.ഡി.ഒ യിൽ നിന്ന് താൽക്കാലിക ഓഡർ വാങ്ങിയിരുന്നെങ്കിലും കളക്ടറും പോലീസും ലീഗൽ ഹെയർഷിപ്പ് പഴുതുപയോഗിച്ചായിരിക്കണം നജ്മൽ ബാബുവിന്റെ ഇച്ഛക്ക് വിരുദ്ധമായി ശരീരം കുടുംബക്കാർക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. ഇത് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷത്തേയും സ്വന്തം ശരീരത്തിനുമേലുള്ള നിർണയാവകാശത്തേയും നിരാകരിക്കുന്ന കടുത്ത അപരാധമായിപ്പോയി.

നജ്മൽ ബാബു എന്ന ടി .എൻ ജോയിയെ ടി ആർ രമേശ് അനുസ്മരിക്കുന്നു.

കെ.സച്ചിദാനന്ദൻ പറയും പോലെ തന്റെ ശരികളെ നിർഭയമായി പിന്തുടർന്ന ഒരാളായിരുന്നു നജ്മൽ ബാബു (ടി .എൻ ജോയ് ). ഹൈന്ദവ ഭീകരവാദത്തോടുള്ള എതിർപ്പെന്ന നിലയിൽ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചതായി പ്രഖ്യാപിച്ചിരുന്നു. മരണശേഷം തന്റെ ശരീരം ചേരമാൻ പള്ളിയിൽ അടക്കം ചെയ്യാനാനുളള അനുമതിയും വാങ്ങിയിരുന്നു. സ്ഥാപനവത്ക്കരിക്കപ്പെട്ട ഒന്നിനോടും ഒരു മമതയും ഉള്ള ആളായിരുന്നില്ല അദ്ദേഹം. നജ്മൽ ബാബുവായിരിക്കേ തന്നെ എല്ലാ മതവിഭാഗങ്ങളും മതരാഷ്ട്രീയ സംഘടനകളും എതിർത്ത ചുംബന സമരത്തിന്റെ പ്രബലനായ വക്താക്കളിൽ ഒരാളായി പ്രവർത്തിച്ചു . മാത്രവുമല്ല, മൈത്രേയനൊപ്പം ‘ സെക്സ് വർക്കേഴ്സിന് ‘ വേണ്ടി പ്രവർത്തിക്കുകയും തുടർന്ന് അവരുടെ അവകാശത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്തു. സാഹിത്യം, ചിത്രകല, ശിൽപകല, സംഗീതം തുടങ്ങിയ സുകുമാരകലകളോടൊക്കെ കടുത്ത പ്രണയമായിരുന്നു അദ്ദേഹത്തിന്.

ഇമാൻ കാര്യവും ഇസ്ലാം കാര്യവും അനുസരിച്ച് ജീവിക്കുന്ന ഒരാളെയാണല്ലോ മുസ്ളിം വിശ്വാസി എന്ന് വിളിക്കുന്നത്. സക്കാത്ത്, നോമ്പ്, നിസ്ക്കാരം ഇവ അനുഷ്ഠിക്കുക ,ഖുറാൻ ദൈവീക ഗ്രന്ഥമായും മുഹമ്മദിനെ ദൈവത്തിന്റെ പ്രവാചകനായും അംഗീകരിക്കുക, അന്ത്യനാളിൽ വിശ്വസിക്കുക , ദൈവത്തിന്റെ മലക്കുകളിൽ വിശ്വസിക്കുക തുടങ്ങി സ്വർഗം നരകം എന്നിവയിലും വിശ്വസിക്കുന്ന ഒരാളാണല്ലോ ഇസ്ളാം വിശ്വാസി. ഇതൊന്നും അനുഷ്ഠിക്കുകയോ, ഇതിലൊന്നും വിശ്വസിക്കുകയോ ചെയ്ത ആളല്ല നജ്മൽ ബാബു. അദ്ദേഹം സുലൈമാൻ മൗലവിക്കയച്ച കത്തിലും താനൊരു വിശ്വാസിയല്ലെന്ന് പറഞ്ഞിരുന്നു. എന്നിട്ടും അത്തരമൊരാളെ ഒരു ഇസ്ളാം വിശ്വാസിയായി അംഗീകരിക്കാൻ ഇസ്ളാം മതവും പൊളിറ്റിക്കൽ ഇസ്ളാമും തയ്യാറായെങ്കിൽ ആ മത സംഘടനക്കുള്ളിൽ ഉള്ളവർക്ക് അത് ഒരു പ്രചോദനമാവുമെന്ന് കരുതാം. മാത്രമല്ല, അതിനെ ഒരു മാറ്റത്തിന്റെ നാന്ദിയുമായി കാണാമെന്ന് തോന്നുന്നു.

നജ്മൽ ബാബുവിന്റെ അന്ത്യാഭിലാഷം നിവേറ്റാൻ ഉറ്റവരായ സച്ചിമാഷ്, കെ.ജി.എസ്, കെ.വേണു, പി .എൻ ഗോപീകൃഷ്ണൻ, സുനിൽ പി.ഇളയിടം, അബ്ദുൾ ഗഫൂർ തുടങ്ങിയവർ കുടുംബക്കാരുമായി നടത്തിയ ചർച്ചകൾ വിഫലമാവുകയായിരുന്നു. ഒരു വിഭാഗം ആർ.ഡി.ഒ യിൽ നിന്ന് താൽക്കാലിക ഓഡർ വാങ്ങിയിരുന്നെങ്കിലും കളക്ടറും പോലീസും ലീഗൽ ഹെയർഷിപ്പ് പഴുതുപയോഗിച്ചായിരിക്കണം നജ്മൽ ബാബുവിന്റെ ഇച്ഛക്ക് വിരുദ്ധമായി ശരീരം കുടുംബക്കാർക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. ഇത് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷത്തേയും സ്വന്തം ശരീരത്തിനുമേലുള്ള  നിർണയാവകാശത്തേയും നിരാകരിക്കുന്ന കടുത്ത അപരാധമായിപ്പോയി.

1981ൽ ആണ് ഞാൻ ആദ്യമായി നജ്മൽ ബാബുവെന്ന ടി.എൻ ജോയിയെ കാണുന്നത്. അന്തിക്കാട് ഹൈസ്കൂളിൽ അന്ന് കെ.അജിതയടക്കം പങ്കെടുക്കുന്ന വലിയ ഒരു സെമിനാർ നടക്കുകയുണ്ടായി. രണ്ടു എം.എൽ ധാരകൾ തമ്മിലുള്ള സംവാദമായിരുന്നു അത്. ഈ പരിപാടിക്ക് ശേഷം ജനകീയ സംസ്കാരിക വേദിയിലും വിപ്ലവ വിദ്യാർത്ഥി സംഘടനയിലുമുൾപ്പെട്ട ഞങ്ങളുടെ സംഘത്തിന്റെ ഒരു നാടകവും ഉണ്ടായിരുന്നു. അവിടെ വെച്ചാണ് നല്ല വസ്ത്രങ്ങൾ ധരിച്ച് നെറ്റിയിലേക്ക് വീണു കിടക്കുന്ന ചുരുളൻ തലമുടിയും വലിയ കണ്ണുകളുമുള്ള സുന്ദരനായ ഒരാളെ ചൂണ്ടിക്കാട്ടി അതാണ് ടി.എൻ ജോയി എന്ന് ആരോ പറഞ്ഞത്.

ഇത് കേട്ട അദ്ദേഹം ഒന്ന് പുഞ്ചിരിക്കുക മാത്രമെ ചെയ്തുള്ളു. പിന്നീടാണ് പുസ്തകങ്ങൾക്കായി ഞാനും സൂര്യകാന്ത്യയിൽ എത്തപ്പെടുന്നത്. അവിടെ ചെല്ലുമ്പോഴെല്ലാം  വായനയുടെ മഹാസമാധിയിലായിരിക്കും അദ്ദേഹം. അന്നവിടം കവികളുടേയും ചിന്തകരുടേയും രാഷ്ട്രീയ പ്രവർത്തകരുടേയും യുവാക്കളുടേയും ഇടത്താവളമായിരുന്നു. സാമ്പ്രദായിക രീതികൾ വിട്ട് പുതുവഴികൾ തേടുന്നവരായിരുന്നു അവരെല്ലാം .വലിപ്പ ചെറുപ്പവ്യത്യാസമില്ലാതെ, പ്രായഭേദങ്ങളില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറാനാവുമായിരുന്നു ടി.എൻ ജോയിക്ക്. പിന്നീടെപ്പോഴൊ ടി.എൻ ജോയിയുമായി ഞാനും ഗാഢ സൗഹൃദത്തിലായി.

അപ്പാഴെക്കും വിശാല ഇടതുപക്ഷം എന്നൊരു കാഴ്പ്പാടിൽ അദ്ദേഹം എത്തിയിരുന്നു. വിചിന്തനം, ഇടപെടൽ തുടങ്ങി പ്രസിദ്ധീകരണങ്ങൾ ഈ കാഴ്ചപ്പാടിന്റെ വെളിപ്പെടലായിരുന്നു. സ്ഥാപനവത്ക്കരിക്കപ്പെട്ട  ഇടത് പാർട്ടികൾക്കുള്ളിൽ സംവാദത്തിന്റെ തുറസ്സുകൾ സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹം ലക്ഷ്യമാക്കിയത്. പ്രസിദ്ധീകരണത്തിന്റെ പേര് തന്നെ ‘ ഇടപെടൽ ‘ എന്നായിരുന്നല്ലോ. സോവിയറ്റ് യൂണിയൻ തകരുകയും പുതിയ സംഭവങ്ങൾ അരങ്ങേറുകയും ചെയ്തിരുന്നു. ആ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഇത്.

അന്ന് ‘ഇടപെടലിൽ’ അദ്ദേഹം കുറിച്ചു വെച്ച പലതും പെട്ടന്ന് തന്നെ റദ്ദാവുകയോ അതിന്റെ പ്രസക്തി നഷ്ടപ്പെടുകയോ ചെയ്തു. എങ്കിലും അതിലൊന്നും അദ്ദേഹം നിരാശനായിരുന്നില്ല. എപ്പോഴും പ്രത്യാശ ഭരിതനായിരുന്നു അദ്ദേഹം. സംഗീതത്തിൽ വലിയ കമ്പമായിരുന്നു. പിന്നീട് രമേശ് നാരയണനിൽനിന്ന് സംഗീതം അഭ്യസിക്കുകയും ചെയ്തു. ബ്യൂട്ടീഷനായും പ്രവർത്തിച്ചു.

വെങ്കിടിയുടെ വീട്ടിൽ താമസിക്കുന്ന സന്ദർഭം. വെള്ളയമ്പലത്തെ ഇടി കേന്ദ്രത്തിൽ വെച്ച് കൊടിയ മർദ്ദനത്തിനിടയിൽ ബോധമില്ലാതെ വെളിപ്പെടുത്തിയ ഒരു കാര്യം അദ്ദേഹത്തെ വേട്ടയാടുന്നുണ്ടെന്ന കാര്യം പലരും പറഞ്ഞ് കേട്ടിട്ടുണ്ട് . അതിന്റെ പേരിൽ ആത്മനിന്ദ അനുഭവിച്ചിരുന്നോ എന്നൊരു സംശയവും ഞങ്ങൾക്കുണ്ടായിരുന്നു. സംസാരത്തിനിടയിൽ സന്ദർഭമൊത്തുവന്നപ്പോൾ സുന്ദരയ്യയുടെ ഓർമക്കുറിപ്പിൽ ഇതിനെ സംബന്ധിച്ച് പറഞ്ഞകാര്യം ഞാനും അസലുവും സൂചിപ്പിച്ചു. കൊടിയ മർദ്ദനത്തിനു മുന്നിൽ മനുഷ്യർക്ക് അധികം നേരം പിടിച്ചു നിൽക്കാനാവില്ലെന്നും പിടിക്കപ്പെടാത്തവർക്ക് രക്ഷപ്പെടാനുള്ള സമയം മാത്രം പിടിച്ചു നിൽക്കുകയേ  നിർവ്വാഹമുള്ളു എന്നുമായിരുന്നു അത്. അതുകൊണ്ട്  ഇക്കാര്യത്തിൽ പശ്ചാതാപമോ ആത്മനിന്ദയുടെ പ്രശ്നമോ ഉദിക്കുന്നില്ലെന്നും ഞങ്ങൾ തറപ്പിച്ച് പറഞ്ഞു. ഗാഢമായെന്നാലോചിച്ച ശേഷം മുഖം വിടരുന്നത്  കണ്ടു.

തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ അദ്ദേഹം എന്നും ഉറച്ചു നിന്നു. നാരായണൻകുട്ടിയുടെയും സത്നാം സിംഗിന്റെയും കൊലപാതകത്തിനെതിരെ വലിയ ആൾദൈവ സ്വരൂപത്തോടണദ്ദേഹം ഏറ്റുമുട്ടിയത്. സാമൂഹ്യാനീതിക്കെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളിൽ തുറന്ന മനസ്സോടെ കഴിയുംവിധം പങ്കെടുത്തു. അടിയന്തരാവസ്ഥ തടവുകാരുടെ അവകാശത്തിനു വേണ്ടി വർഷങ്ങളോളം പ്രവർത്തിച്ചു. ഇക്കാര്യത്തിൽ സാമ്പ്രദായിക ഇടതുപക്ഷ നിലപാടുകളിൽ അസ്വസ്ഥനുമായിരുന്നു .

ഹൈന്ദവ ഫാസിസ്റ്റ് ശക്തികളെ എതിരിടാനുള്ള ആർജ്ജവമോ, ധൈര്യമോ ഇല്ലാതെ ഹൈന്ദവതയെ തന്നെ എടുത്തുകാട്ടി അതിനെ മയപ്പെടുത്തുന്ന സാമ്പ്രദായിക ഇടതുപക്ഷത്തിന്റെ രീതികളിൽ അദ്ദേഹം ഒരിക്കലും തൃപ്തനായിരുന്നില്ല. ഫാസിസത്തിനെതിരെ സോഷ്യൽ ഡമോക്രസി കൈകൊണ്ട നിലപാടുകളുടെ വെളിച്ചത്തിൽ ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ലെങ്കിലും പ്രതീക്ഷ അദ്ദേഹം കൈവിട്ടിരുന്നില്ല. അതേ സമയം സാമ്പ്രദായിക ഇടതുപക്ഷങ്ങളുമായുള്ള ബന്ധങ്ങളിൽ എന്തോ വിള്ളൽ വീണിരുന്നു.

മരിക്കുന്നതിന്ന് മൂന്നു  ദിവസം മുൻപ് ആത്മഹത്യ ചെയ്ത കോട്ടപ്പുറത്തുള്ള മണിയൻ സഖാവിന്റെ വീട്ടിൽ വെച്ച് കാണുമ്പോൾ നന്നേ ക്ഷീണിതനായിരുന്നു. മണിയൻ സഖാവിന്റെ വേർപാടായിരിക്കും കാരണമെന്നാണ് എല്ലാവരും കരുതിയത്. മരണം സമീപസ്ഥമായിരുന്നുവെന്ന്  ആരും കരുതിയതേയില്ല.

അവസാനം വരേയും അദ്ദേഹം സാമൂഹ്യസമത്വം സ്വപ്നം കാണുകും അതിൽ വിശ്വസിക്കുകയും ചെയ്തു. സഹജീവികളോടുള്ള അനുകമ്പ ,കാലുഷ്യമോ വിദ്വേഷമോ ഇല്ലാത്ത മനസ്സ് ഇതൊക്കെ അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ പ്രത്യേകതകളായിരുന്നു. വീട് വിടാനുള്ളതാണെന്നാണ് അദ്ദേഹം വിശ്വസിച്ചത്.ഒരു വീടിനും പാകമാകാത്ത ഒരാളായിരുന്നു അദ്ദേഹം . മാർക്സിസവും അസ്തിത്വവാദവും അദ്ദേഹത്തിന്റെ വീക്ഷണങ്ങളിൽ കൂടി  കലർന്ന് കിടന്നു. വലിയ വായനക്കാരനായിട്ടും എഴുത്തിൽ അതൊന്നും എന്തുകൊണ്ടോ പ്രതിഫലിപ്പിക്കാനാവാതെ പോയി .നാട്യങ്ങളൊന്നുമില്ലാത്ത പിണങ്ങുകയും അതേ വേഗത്തിൽ ഇണങ്ങുകയും ചെയ്യുന്ന പച്ചമനുഷ്യനായിരുന്നു നജ്മൽ ബാബു. ഒരു കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

‘അവന്’ ക്ഷേത്രത്തില്‍ പോകാമെങ്കില്‍ ‘അവള്‍ക്കും’ പോകാം.  

നവോത്ഥാന മുന്നേറ്റങ്ങളെ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം