ആംഗ്യഭാഷയെ ശക്തിപ്പെടുത്തുന്ന ഗവേഷണങ്ങള്‍ വേണം: ഗവര്‍ണര്‍

തിരുവനന്തപുരം: ബധിര-മൂക സമൂഹത്തിന്‍റെ ശാക്തീകരണത്തിന്  ഭാഷാ-സാംസ്കാരിക വൈവിധ്യത്തിനനുസൃതമായി ഇന്ത്യന്‍ ആംഗ്യഭാഷയിലൂന്നിയ ഗവേഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം.

ശ്രവണ-സംസാര വൈകല്യമുള്ളവരുടെ എണ്ണം ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ വികസിത രാഷ്ട്രങ്ങളേക്കാള്‍ ഇന്ത്യയില്‍ കൂടുതലാണെന്നും ഇത്തരം വൈകല്യങ്ങളെ മറികടക്കുന്നതിനുള്ള പരിഹാരമാര്‍ഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആംഗ്യഭാഷയ്ക്ക് പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) തിങ്കളാഴ്ച ആരംഭിച്ച അന്താരാഷ്ട്ര ബധിരവാരാചരണത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ആംഗ്യഭാഷയിലെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നിഷില്‍ മാത്രം ഒതുക്കിനിര്‍ത്താതെ സര്‍വ്വകലാശാലകളില്‍ വര്‍ദ്ധിത കോഴ്സായി ആംഗ്യഭാഷ ഉള്‍പ്പെടുത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം അടുത്തിടെ മൂന്നില്‍നിന്ന്  നാലുശതമാനമാക്കിയിരുന്നു. ഇവര്‍ക്കുള്ള അവസരങ്ങള്‍ അപര്യാപ്തമാണെന്നും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിയമപരമായ കടമ സമൂഹത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആംഗ്യഭാഷയെ ജനകീയമാക്കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി നയത്തില്‍ വിഭിന്നശേഷിയുള്ളവരുടെ ശാക്തീകരണം ലക്ഷ്യമിട്ടിട്ടുണ്ട്.   ഇത്തരം നടപടികളായിരിക്കണം ഈവര്‍ഷത്തെ ബധിരവാരാചരണത്തിന്‍റെ  ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു. വൈകല്യങ്ങളെ കൃത്യസമയത്ത് കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും വിദ്യാഭ്യാസം നല്‍കുന്നതിനുമുള്ള നിഷിന്‍റെ നിസ്തുലമായ പങ്കിനെ ഗവര്‍ണര്‍ പ്രകീര്‍ത്തിച്ചു.

ബധിര വിദ്യാലയങ്ങളിലെ അധ്യാപനത്തില്‍ പൊതുവായ അംഗ്യഭാഷയുടെ അഭാവമുണെന്ന് സാമൂഹ്യ നീതി സ്പെഷ്യല്‍ സെക്രട്ടറി ശ്രീ ബിജു പ്രഭാകര്‍ ഐഎഎസ് ചൂണ്ടിക്കാട്ടി. വിഎച്ച്എസ്ഇ സ്കൂളുകളില്‍ പോലും ബധിര വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് പരിശീലനം നേടിയ അധ്യാപകരില്ല. എല്ലാ ബധിര വിദ്യാലയങ്ങള്‍ക്കുമായി ഏകീകൃതമായ അംഗ്യഭാഷയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

സ്ഥാപനത്തിന്‍റെ പദ്ധതികള്‍ നിറവേറ്റുന്നതിനായി ആംഗ്യഭാഷാ വ്യാഖ്യതാക്കളെ കൂടുതലായി ആവശ്യമുണ്ടെന്നും  നിലവില്‍ ചുരുക്കം ആംഗ്യാഭാഷാ വ്യാഖ്യാതാക്കള്‍ക്കു മാത്രമേ പരിശീലനം നല്‍കാന്‍ കഴിയുന്നുളളൂവെന്നും  നിഷ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. കെ.ജി. സതീഷ് കുമാര്‍ പറഞ്ഞു.  വര്‍ദ്ധിച്ചു വരുന്ന ആവശ്യകത പരിഗണിച്ച് ഇത് വിപുലപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആംഗ്യഭാഷ ഉപയോഗിച്ച് നിഷിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ദേശീയഗാനത്തിന്‍റെ വീഡിയോ സിഡി  ഗവര്‍ണര്‍ പ്രകാശനം ചെയ്തു. പ്രസംഗങ്ങളും ദേശീയഗാനാലാപനവുമടക്കമുള്ള  പരിപാടികള്‍ ആംഗ്യഭാഷയിലും അവതരിപ്പിച്ചു. നിഷിന്‍റെ ഉപഹാരം ശ്രീ ബിജു പ്രഭാകര്‍ ഗവര്‍ണര്‍ക്കു കൈമാറി. നിഷിലെ ആംഗ്യഭാഷാ അധ്യാപകന്‍ ശ്രീ. സന്ദീപ് കൃഷ്ണന്‍ ബധിര വാരാചരണത്തെക്കുറിച്ചുള്ള അവലോകനം നടത്തി.  അക്കാദമിക്- ക്ലിനിക്സ്- ഇന്‍റര്‍വെന്‍ഷന്‍ വിഭാഗം കോര്‍ഡിനേറ്റര്‍ ശ്രീമതി ഡെയ്സി സെബാസ്റ്റ്യനും പങ്കെടുത്തു.

വാരാചരണത്തിന്‍റെ ഭാഗമായി പ്രമുഖ മലയാള വാര്‍ത്താ ചാനലുകള്‍ നിഷിലെ ആംഗ്യഭാഷാ പരിഭാഷകരുടെ സഹായത്തോടെ വാര്‍ത്താ ബുള്ളറ്റിനുകള്‍  സംപ്രേഷണം ചെയ്യുന്നുണ്ട്. ഇതോടനുബന്ധിച്ച്  ബുധനാഴ്ച വരെ ആക്കുളം നിഷ് ക്യാമ്പസില്‍ ആംഗ്യഭാഷാ സംബന്ധിയായ മത്സരങ്ങള്‍, സംസാര ഭാഷയെ ആംഗ്യഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ക്ലാസ്സുകള്‍,  പ്രമുഖ ബധിര വിദ്യാലയങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവയുണ്ടായിരിക്കും.

വാരാചരണത്തിന്‍റെ സമാപനസമ്മേളനം സെപ്റ്റംബര്‍ 26 ബുധനാഴ്ച കേരള ടൂറിസം സഹകരണ മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.  അന്നേദിവസം തലസ്ഥാനത്തെ നഗരസഭാ ഉദ്യോഗസ്ഥര്‍, ദന്ത ഡോക്ടര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ഇന്ത്യന്‍ ആംഗ്യഭാഷാ സാക്ഷരതാ പരിപാടിയും സംഘടിപ്പിക്കും.

ആംഗ്യഭാഷയ്ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇതാദ്യമായി ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനാചരണവും നിഷില്‍  സെപ്റ്റംബര്‍ 23 ഞായറാഴ്ച നടന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജീവനോപാധി പുനസ്ഥാപിക്കാന്‍ ഉപജീവന വികസന പാക്കേജ് പരിഗണിക്കണം: മുഖ്യമന്ത്രി

സ്വദേശത്തെ കൊച്ചിയില്‍ ആവാഹിച്ച്  ഉക്രെനിയന്‍ ആര്‍ട്ടിസ്റ്റ് അന്‍റോണ്‍  കാറ്റ്സ്