അടിമത്തത്തിലേക്കോ നമ്മുടെ പുരോഗതി?

ബ്രിട്ടീഷ് ഭരണത്തിൽ നിന്നും രാജ്യം വിമുക്തമായതിന്റെ  സ്മരണയ്ക്കായി വർഷാവർഷം  സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന നാമേവരും ഒരു ചോദ്യം അവനവനോട് തന്നെ ചോദിക്കണ്ടതുണ്ട്. സത്യത്തിൽ നാം സ്വതന്ത്രരാണോ ?  ഏവരും പൂർണ്ണ സ്വാതന്ത്ര്യം  സത്യത്തിൽ അനുഭവിക്കുന്നുണ്ടോ? ആയിരകണക്കിന് പേർ തങ്ങളുടെ ജീവനും ജീവിതവും സ്വപ്നങ്ങളുമെല്ലാം നഷ്ടപ്പെടുത്തി നേടിയെടുത്തത് അഭിപ്രായ സ്വാതന്ത്ര്യം കൂടിയല്ലേ.   ചിന്തിക്കുവാനും ആശയങ്ങൾ പ്രകടിപ്പിക്കുവാനും ചോദ്യങ്ങൾ ഉന്നയിക്കുവാനുമെല്ലാമുള്ള അവകാശം  നിഷേധിക്കപ്പെടുമ്പോൾ  മറ്റൊരു അടിമത്തത്തിലേക്ക് നാം നയിക്കപ്പെടുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മറ്റൊരാളുടെ ചിന്തകളെ നിയന്ത്രിക്കുക എന്ന ഹോളിവുഡ് ചിത്രത്തിലെ ഫാന്റസി തന്നെയല്ലേ മീശ എന്ന നോവൽ പിൻവലിക്കുവാൻ എസ് ഹരീഷ് എന്ന എഴുത്തുകാരനെ പ്രേരിപ്പിച്ച സംഭവത്തിൽ അക്ഷരാർത്ഥത്തിൽ നടപ്പിലായത് എന്ന് സംശയിച്ചു പോയാലും അതിശയമില്ല. സെക്സി ദുർഗ്ഗ എന്ന്  പേര് നൽകിയത് കൊണ്ട് മാത്രം അന്താരാഷ്ട്ര റോട്ടർഡാം ചലച്ചിത്ര മേളയിൽ ഹിവോസ് ടൈഗർ പുരസ്‌കാരം ഉൾപ്പെടെ വിവിധ  മേളകളിൽ അനേകം പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ചിത്രത്തിന് സ്വന്തം നാട്ടിൽ പ്രദർശനം നിഷേധിച്ചത് സ്വതന്ത്ര സുന്ദര ഭാരതത്തിൽ തന്നെയാണ്.

S Durga , public screenings , eligible, censor board , film, IFFK, Kamal, Sanal Kumar Sasidharan,

ഒടുവിൽ സംവിധായകന്റെ നിയമപോരാട്ടം പേരിലെ മാറ്റത്തോടെ പ്രദർശനാനുമതി  നേടിക്കൊടുത്തു. അത്തരമൊരു സന്ദർഭത്തിൽ പരാജയപ്പെട്ടത് ആരാണ്. അടിച്ചമർത്തലുകൾക്ക് ഭാഗികമായെങ്കിലും വിധേയമാകേണ്ടി വന്ന സംവിധായകനല്ല മറിച്ച് സ്വാതന്ത്ര്യം എന്ന ആശയം തന്നെയല്ലേ..

തങ്ങളുടെ വിശ്വാസങ്ങളും അഭിപ്രായങ്ങളും  മാത്രം അംഗീകരിക്കപ്പെടണമെന്ന  വാശിയിൽ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് അതിർവരമ്പ് നിർണ്ണയിക്കുന്നവർ മലയാള ചലച്ചിത്ര ചരിത്രത്തിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന നിർമ്മാല്യത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. കേരള സമൂഹം അതിന്  സാക്ഷിയായത് ഏറെ  ഖേദകരകമായ  സംഭവമായിരുന്നു.  ഇന്നായിരുന്നെങ്കിൽ നിർമ്മാല്യം എന്ന ചിത്രത്തിന്റെ പ്രദർശനം സാധ്യമാകുമായിരുന്നില്ല എന്ന പ്രസ്താവന കാലം പുരോഗമിക്കുമ്പോൾ സമൂഹം പിന്നിലേക്ക് സഞ്ചരിക്കുന്ന കൗതുക കാഴ്ച നമുക്ക് സമ്മാനിക്കുന്നു.

വിസ്തൃത മനോഭാവമുള്ള ഒരു സമൂഹം നമുക്ക് മുന്നേ കടന്നു പോയിരുന്നു എന്നതിനുദാഹരണമാണ് എക്കാലത്തെയും നിർമ്മാല്യത്തിന്റെ സമ്പൂർണ വിജയം. വിശ്വാസം,  രാഷ്ട്രീയം എന്നിങ്ങനെ വാദങ്ങളും കാരണങ്ങളും എന്ത് തന്നെ നിരത്തിയാലും  കലാകാരന്റെ ഭാവനയ്ക്ക്  മുന്നിൽ വേലി കെട്ടുവാൻ അവയൊന്നും ഒരു കാലത്തും പ്രസക്തമാവുകയില്ല. നിർമ്മാല്യം, ഹേ റാം പോലെയുള്ള ചിത്രങ്ങൾ ഇന്നത്തെ കാലത്ത് സംഭവിക്കുകയില്ലെന്ന് ഉലകനായകൻ കമൽഹാസൻ പരാമർശിക്കുമ്പോൾ സമ്പൂർണ്ണ സാക്ഷരത  കൈവരിച്ച കേരളവും ഒന്ന് തിരിഞ്ഞ് നോക്കേണ്ടിയിരിക്കുന്നു.

ജീവിതം മുഴുവൻ തന്റെ ആരാധനാമൂർത്തിക്കായി ഉഴിഞ്ഞ് വെച്ച് ഒടുവിൽ തന്റെ തകർച്ചതിരിച്ചറിയുന്ന അവസരത്തിൽ  കല്ലിൽ തീർത്ത ഈശ്വരന് നേരെ തുപ്പുന്ന വെളിച്ചപ്പാടിനെ  അനശ്വരമാക്കുകയായിരുന്നു എം ടിയുടെ നിർമ്മാല്യത്തിൽ പി ജെ ആന്റണി. ക്ഷേത്രത്തിനുള്ളിൽ വെച്ച്  രതിയിലേർപ്പെടുന്ന കമിതാക്കളുടെ രംഗവുമെല്ലാം ഇന്നത്തെ സെൻസറിങ്ങിൽ അപ്രത്യക്ഷമാകുമെന്ന കാര്യം നിസ്സംശയമാണ്. അതിന് നമുക്ക് മുന്നിലുള്ള സമീപകാല ഉദാഹരണമാണ് ‘”പദ്മാവത്” .  ചരിത്രം വളച്ചൊടിയ്ക്കപ്പെട്ടു എന്നാരോപിച്ച് സംവിധായകനെതിരേ രാജ്യമെങ്ങും പല കൂട്ടർ വ്യാപക പ്രതിഷേധമാണ് നടത്തിയത്.  ഒടുവിൽ പ്രതിഷേധക്കാർക്ക് വിശദീകരണം  നൽകി പദ്മാവതിയെ ‘പദ്മാവത്‘  എന്നാക്കിയപ്പോൾ  പ്രദർശനം സാധ്യമായി. ഇത്തരമൊരു സാഹചര്യത്തിലാണ് തുടക്കത്തിൽ  പറഞ്ഞ ചോദ്യങ്ങൾ ഏറെ പ്രസക്തമാകുന്നത്.

Padmavat, release, Kerala,protests, movie, SC, states, Pakistan, attack, school bus, arrest, censor board, bollywood,  Rajastan, Gujarat, Maharashtra, 

കലയെയും കലാകാരനേയും നിയന്ത്രിക്കുവാൻ ആർക്കാണ് അവകാശം. വിശ്വാസങ്ങളെ വൃണപ്പെടുത്തുവാനും തകർക്കുവാനും ഒരു കലാ സൃഷ്ഠിക്കെങ്ങനെയാണ് കഴിയുക. മതങ്ങളുടെയും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും നിലനിൽപിനെ ഇത്തരം ചലച്ചിത്രങ്ങൾ ഭീഷണിയിലാക്കുന്നു എന്ന് ആരോപിക്കുന്നിടത്താണ് സെക്സി ദുർഗ്ഗയുടെ സംവിധായകൻ സനൽ കുമാർ ശശിധരന്റെ  ” If you fear a film, how  strong is  your religion” എന്ന ചോദ്യം പ്രസക്തമാകുന്നത്.

 – പ്രശാന്ത് എസ് കുമാർ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മനുഷ്യപങ്കാളിത്ത പ്രളയസിദ്ധാന്തം

ഗാഡ്ഗിൽ ശരിയെന്ന് സാധാരണക്കാരും മനസ്സിലാക്കി തുടങ്ങി: സി ആർ നീലകണ്ഠൻ