സ്ത്രീകള്‍ക്ക് ആദരവും അംഗീകാരവും സര്‍ക്കാരിന്റെ സാംസ്‌കാരിക പ്രതിബദ്ധത: മുഖ്യമന്ത്രി 

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് അര്‍ഹമായ ആദരവും അംഗീകാരവും നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ സാംസ്‌കാരിക പ്രതിബദ്ധതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യ വനിതാ പോലിസ് ബറ്റാലിയന്റെ ആസ്ഥാനമന്ദിരം മേനംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആധുനിക സമൂഹത്തില്‍ സ്ത്രീകളുടെ സാമൂഹിക പദവി ഉയര്‍ത്തിക്കൊണ്ടു വരാന്‍ നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ വികസന പദ്ധതികളിലെല്ലാം സ്ത്രീപക്ഷ സമീപനം വേണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

കേരളത്തിലാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഒരു വകുപ്പുതന്നെ രൂപീകരിച്ചിട്ടുള്ളത്. അടുത്ത കാലത്താണ് പോലിസില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് വനിതാ പോലിസ് ബറ്റാലിയന്റെ ആസ്ഥാനമന്ദിരം തുറന്നത്. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ പുരുഷനോടൊപ്പം തുല്യത വേണമെന്ന കര്‍ശനമായ നിലപാടിന്റെ ഉദാഹരണമാണ് വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വിശ്രമിക്കാനുള്ള അവകാശം നല്‍കികൊണ്ട് ഓഡിനന്‍സ് പുറത്തിറക്കിയത്. ഓരോ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് സ്ഥാപന ഉടമകളുടെ ഉത്തരവാദിത്വമാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും തടയാന്‍ ശക്തമായ പോലിസ് സംവിധാനമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. വനിതാ പോലീസ് പഞ്ചായത്തുകള്‍തോറും സന്ദര്‍ശിച്ച് പരാതികള്‍ സ്വീകരിക്കണം. പൊലിസിന് മാനവികതയുടെ മുഖമാണ് വേണ്ടത്. എന്നാല്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതില്‍നിന്ന് പിന്മാരുത്. കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ ചില ഛിദ്രശക്തികള്‍ രംഗത്തു വന്നിട്ടുണ്ട്. ഇത്തരക്കാര്‍ പോലിസിന്റെ ഐക്യം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. വനിതാ ബറ്റാലിയന്റെ ആസ്ഥാനമന്ദിരം എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അധ്യക്ഷത വഹിച്ചു. പോലിസ് കൈപ്പുസ്തകത്തിന്റെ പ്രകാശനം കമലാ വിജയന്‍ നിര്‍വഹിച്ചു. ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശിഷ്ടാതിഥിയായിരുന്നു. എ.സമ്പത്ത് എം.പി, കഠിനകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ഫെലിക്‌സ് എന്നിവര്‍ ആശംസ നേര്‍ന്നു. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ സ്വാഗതവും എസ്.പി. നിശാന്തിനി നന്ദിയും പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പൊതുമേഖല പുത്തന്‍ വിപണനതന്ത്രം ആവിഷ്കരിക്കണം: ധനമന്ത്രി

ശിശുമരണം കുറയ്ക്കുന്നതില്‍ പരമാവധി പുരോഗതി കൈവരിച്ച സംസ്ഥാനമായി കേരളം