ഉത്തരവാദിത്ത ടൂറിസം കേരളത്തെ ആഗോള സുസ്ഥിര വികസന ലക്ഷ്യത്തിലെത്തിക്കും: ഹാരോള്‍ഡ് ഗുഡ്വിന്‍

തിരുവനന്തപുരം: ഉത്തരവാദിത്ത വിനോദ സഞ്ചാരത്തില്‍ കൈവരിച്ച നേട്ടങ്ങളിലൂടെ കേരളത്തിന് അനായാസമായി 2030-ലെ ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാനാവുമെന്ന് ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ഹാരോള്‍ഡ് ഗുഡ്വിന്‍ പറഞ്ഞു.

കേരളത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ പ്രാദേശിക സമൂഹങ്ങള്‍ക്ക് വിനോദസഞ്ചാരം വഴി ഉപജീവന മാര്‍ഗം തെളിഞ്ഞുവെന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ജോലിക്കൊപ്പം അധികവരുമാനം കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്ന് ഉത്തരവാദിത്ത വിനോദസഞ്ചാരത്തെക്കുറിച്ചു സംഘടിപ്പിച്ച  ‘പെപ്പര്‍’ എന്ന രാജ്യാന്തര സിമ്പോസിയത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം. പാരമ്പര്യേതര സാങ്കേതികവിദ്യയിലും മണ്ണ്-ജലം എന്നിവയുടെ മാനേജ്മെന്‍റിലും കേരളത്തിന് മികച്ച നേട്ടം കൈവരിക്കാനാവുമെന്ന് ഹാരോള്‍ഡ് ഗുഡ്വിന്‍ പറഞ്ഞു.

കാര്‍ബണ്‍ മലിനീകരണത്തെക്കുറിച്ച് എല്ലാവരും ആശങ്കപ്പെടുമ്പോള്‍ കേരളം സൗരോര്‍ജമടക്കമുള്ള പാരമ്പര്യ മാര്‍ഗങ്ങളില്‍ വിജയം കൈവരിച്ചിട്ടുണ്ട്. ജലവിഭവ മാനേജ്മെന്‍റ്, ഉല്പാദനക്ഷമതയുള്ള കൃഷിരീതികള്‍, ഭൂവിനിയോഗം, പുഷ്പ-ഫല കൃഷിയിലെ ഉല്പാദനക്ഷമത എന്നിവയെല്ലാം കേരളത്തിന്‍റെ മെച്ചങ്ങളാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിലുള്ള പങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകത്തില്‍തന്നെ മികച്ച പ്രദേശങ്ങളിലൊന്നാണെന്ന് മാഞ്ചസ്റ്റര്‍ മെട്രോപൊളീറ്റന്‍ സര്‍വകലാശാലയിലെ എമറിറ്റസ് പ്രൊഫസറും വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് ഉപദേഷ്ടാവും കൂടിയായ അദ്ദേഹം പറഞ്ഞു.

തദ്ദേശഭരണ സ്ഥാപനങ്ങളുമായി ടൂറിസം മന്ത്രിക്കും ഡയറക്ടര്‍ക്കുമുള്ള ബന്ധം കേരളത്തിലെപ്പോലെ ഒരു പക്ഷേ കാണാന്‍ കഴിയുക സ്പെയിനിലെ ബാര്‍സലോണ നഗരത്തില്‍ മാത്രമായിരിക്കും.

കേരളത്തിലെ രാഷ്ട്രീയ സംവിധാനവും പഞ്ചായത്തുകളും പ്രാദേശിക ജനവിഭാഗത്തിന്‍റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നുണ്ട്. 

കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിച്ചും സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുണ്ടാക്കിയുമായിരിക്കും കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിനുവേണ്ട സഹായങ്ങള്‍ ചെയ്യാന്‍ കഴിയുക. സൂനാമിയുടെ പേരില്‍ മറ്റു  പ്രദേശങ്ങളില്‍ നാട്ടുകാരെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍നിന്ന് ഒഴിപ്പിച്ച  സ്ഥിതിവിശേഷം കേരളത്തിലുണ്ടായിട്ടില്ല. പ്രകൃതിദുരന്തങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബാധിക്കുമ്പോള്‍ അതിന് വളരെ പെട്ടെന്ന് പ്രചാരം ലഭിക്കും. പക്ഷേ അതില്‍നിന്ന് ടൂറിസം മേഖല മോചനം നേടുമ്പോള്‍ അത്തരത്തിലുള്ള പ്രചാരം ലഭിക്കുകയുമില്ല.

ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങള്‍ വേണ്ട രീതിയില്‍ വിപണനം ചെയ്താല്‍ ഗ്രാമീണര്‍ക്കാണ് അതിന്‍റെ നേട്ടം ലഭിക്കുന്നതെന്ന് ഹാരോള്‍ഡ് ഗുഡ്വിന്‍ ചൂണ്ടിക്കാട്ടി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കൊച്ചി മെട്രോയിൽ ഫീഡിങ് റൂം 

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം