കടലിലെ ഓളവും, കരയിലെ മോഹവും, അടങ്ങുകില്ലോമനേ…  

ഇന്ത്യൻ സിനിമയിലെ കൾട്ട് ചിത്രങ്ങളിൽ ഒന്നായി കാലം മാറ്റിത്തീർത്ത  ‘പോപ്പുലർ ക്ലാസ്സിക്‌’ കലാസൃഷ്ടിയെ കാഴ്ചയുടെയും കേൾവിയുടെയും  പുതു പുത്തൻ ലാവണ്യബോധ്യങ്ങളുടെയും ന്യൂ ജനറേഷൻ വർത്തമാന പരിസരത്ത് നിന്നും കണ്ടുനോക്കാവുന്നതാണ്.  ചെമ്മീൻ വീണ്ടും കണ്ട  അനുഭവത്തെപ്പറ്റി കെ വി കിഷോർകുമാർ എഴുതുന്നു …

കെ വി കിഷോർകുമാർ

ഇന്നലെ ചെമ്മീൻ വീണ്ടും കണ്ടു.

ഓർമ ശരിയാണെങ്കിൽ ഇത് അഞ്ചാമത്തെയോ ആറാമത്തെയോ  കാഴ്ചയാണ്. കണ്ട കാഴ്ചകളിലെല്ലാം പല രീതിയിലാണ് കാണാനായത്.

ഉറപ്പിച്ചുപറയാം. എല്ലാ അർത്ഥത്തിലും ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകമാണ് ഈ ചലച്ചിത്രം . ഓരോ തവണയും നിങ്ങൾക്കതിൽ നിന്ന് എന്തെങ്കിലും പുതുതായി  കണ്ടെടുക്കാനാവും.

പ്രണയത്തിന്റെ തീക്ഷ്ണത, പകയുടെ വേവ്, വിരഹത്തിന്റെ വിണ്ടുകീറലുകൾ…അങ്ങിനെ ചിലത്.

ഒരു ക്ലാസ്സിക് ചലച്ചിത്രമായല്ല അക്കാലത്തെ ചലച്ചിത്ര നിരൂപകർ ചെമ്മീനെ കണ്ടത്.ക്‌ളാസിക് എന്ന വാക്ക് അവരാരും ഉപയോഗിച്ചില്ല ,മറിച്ച് അവരതിനെ ജനപ്രിയ ചിത്രമാക്കി.

എന്നാൽ അരനൂറ്റാണ്ടിനിപ്പുറവും ആസ്വദിച്ച് കാണാനാവുന്ന ചലച്ചിത്രത്തെ  ക്‌ളാസിക് എന്ന് തന്നെ പറയണം. അതുകൊണ്ടാവും പിൽക്കാല ചലച്ചിത്ര  പഠനങ്ങൾ  ‘ ജനപ്രിയ ക്ലാസിക് ‘ എന്ന പ്രത്യേക വിശേഷണത്തോടെ ചെമ്മീനെപ്പറ്റി പറയുന്നത്.

പിറന്നു വീണ് അമ്പത് വർഷങ്ങൾക്കിപ്പുറവും മലയാളിയുടെ പ്രിയപ്പെട്ട ചലച്ചിത്രങ്ങളിൽ ഒന്നാണ് ചെമ്മീൻ .

തീരദേശത്തിന്റെ പശ്ചാത്തലത്തിൽ മുക്കുവ സംസ്ക്കാരത്തിന്റെ ജീവിത പരിസരങ്ങളെ അതീവ ചാരുതയോടെ ദൃശ്യവത്കരിച്ച ഒരു ദുരന്ത പ്രണയകഥയെന്ന് വേണമെങ്കിൽ ഒറ്റ വാക്യത്തിൽ ചെമ്മീനെ ചുരുക്കാം.

എന്നാൽ വാക്കുകൾക്കുള്ളിൽ ഒതുങ്ങി നില്ക്കാത്ത ദൃശ്യശ്രവ്യ വിസ്മയ പ്രപഞ്ചമാണ് ഫ്രെയിമിൽ നിന്ന് ഫ്രെയിമിലേക്ക് ചെമ്മീൻ കൊരുത്തു വച്ചത്.

മഹത്തായ കലാസൃഷ്ടികൾ ജനിക്കുന്നതിനു പിറകിൽ മഹാരഥന്മാരുടെ ആത്മസമർപ്പണത്തിന്റെ ഹൃദയമുദ്രകൾ പതിഞ്ഞു കിടക്കുമെന്ന് ഈ നിത്യഹരിത ചിത്രം നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു.

തകഴി ശിവശങ്കരപ്പിള്ള എന്ന അനുഗ്രഹീത എഴുത്തുകാരൻ മൂന്നാഴ്ച കൊണ്ട് എഴുതിത്തീർത്ത അതിപ്രശസ്ത നോവലിനെ ആധാരമാക്കി രാമു കാര്യാട്ട് എന്ന അനശ്വര പ്രതിഭ അഭ്രപാളിയിൽ തീർത്ത സർഗ വിസ്മയമാണ് ചെമ്മീൻ.

കണ്ടാലും കണ്ടാലും കൊതിതീരാത്ത കടലിന്റെ ആയിരമായിരം ഭാവമുദ്രകളെ ക്യാമറയിൽ പകർത്തി വെച്ചത്  മാർക്കസ് ബർട്ട്ലി എന്ന പ്രതിഭാധനനായ ഛായാഗ്രാഹകനാണ്. ” കടലിലെ ഓളവും കരയിലെ മോഹവും ” അലിഞ്ഞു ചേർന്ന പ്രണയ വിരഹങ്ങളുടെ സാന്ദ്ര കല്പനകളെ കരുത്തുറ്റ ദൃശ്യ ബിംബങ്ങളിൽ സന്നിവേശിപ്പിച്ചത്  ഋഷികേശ് മുഖർജി എന്ന അതികായനും. മണപ്പുറത്തിന്റെ നട്ടുച്ചയിൽ നിലാവു കണ്ട ഭാവനാ കൗശലം.

നൂറ്റാണ്ടുകൾ പിന്നിട്ടാലും ചെമ്മീനിലെ ഗാനങ്ങൾ ആസ്വാദക ഹൃദയങ്ങളിൽ അലയടിച്ചുയരും.

ലളിത സുന്ദരവും വിഷാദാർദ്ര മധുരവുമായ പദാവലികൾ കോർത്ത് കോർത്ത് ഗാന രചയിതാവ് വയലാർ രാമവർമ്മ .സംഗീതത്തിന്റെ സമസ്ത ചാരുതയും രാഗതാളലയങ്ങളിൽ കുതിർത്ത് സലിൽ ചൗധരി. ഉള്ളുലയ്ക്കുന്ന ഭാവതീവ്രതയിൽ മന്നാഡേ.

ആത്മസംഘർഷങ്ങളുടെ  ദുരയും വെറിയും പകയും മനുഷ്യരൂപത്തിലേക്ക് പകർന്നാടി  കൊട്ടാരക്കര ശ്രീധരൻ നായർ .

പടം പിടിക്കാൻ കഷ്ടിച്ച് മാത്രം പ്രായപൂർത്തി കൈവന്ന ഇസ്സാ ഇസ്മായിൽ സേഠ് എന്ന കൺമണി ബാബു…

തീരുന്നില്ല ചെമ്മീൻ എന്ന കലാസൃഷ്ടിക്ക് പിറകിലെ ക്ലാസ്സിക്ക് കൂട്ടായ്മ…എസ്.എൽ.പുരം സദാനന്ദൻ, എസ്.പി. പിള്ള, അടൂർ സഹോദരിമാർ ഭവാനിയും പങ്കജവും, ഷീല, യേശുദാസ് ,ഉദയഭാനു, പി.ലീല, നിലമ്പൂർ ആയിഷ, എൽ. വൈദ്യനാഥൻ, ആർ.കെ.ശേഖർ, ശ്യാം, യു. രാജഗോപാൽ, കെ. ഡി. ജോർജ്…

മികച്ച  ചിത്രത്തിനുള്ള സുവർണ മെഡൽ ആദ്യമായി കരസ്ഥമാക്കിയ തെന്നിന്ത്യൻ സിനിമയെന്ന കീർത്തി മുദ്ര ചെമ്മീൻ നേടിയെങ്കിൽ അത്  പ്രതിഭാസമ്പന്നതയുടെ കരുത്തുറ്റ കൂട്ടായ്മയിൽ തന്നെ…

ചെമ്പൻകുഞ്ഞും പാപ്പിക്കുഞ്ഞും നല്ല പെണ്ണും കറുത്തമ്മയും പളനിയും പരീക്കുട്ടിയും ചക്കിയും പഞ്ചമിയും കടലിനും കരയ്ക്കുമിടയിൽ കാഴ്ച്ചപ്പെടുത്തിയ മനുഷ്യ ജീവിത തൃഷ്ണകൾ.

ഇന്ത്യൻ സിനിമയിലെ കൾട്ട് ചിത്രങ്ങളിൽ ഒന്നായി കാലം മാറ്റിത്തീർത്ത ഈ ‘ പോപ്പുലർ ക്ലാസ്സിക്‌ ‘ കലാസൃഷ്ടിയെ കാഴ്ചയുടെയും കേൾവിയുടെയും  പുതു പുത്തൻ ലാവണ്യബോധ്യങ്ങളുടെയും ന്യൂ ജനറേഷ ൻ വർത്തമാന പരിസരത്ത് നിന്നും കണ്ടുനോക്കാവുന്നതാണ്.

ചെമ്മീൻ ഇനിയും കാണും, കാണാൻ തോന്നുമ്പോഴെല്ലാം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഹിസ്റ്റീരിയ ബാധിച്ച ആള്‍ക്കൂട്ടത്തിന്റെ അഭിപ്രായമോ നിയമമാക്കേണ്ടത്?

ആന്റി മൈക്രോബിയല്‍ പ്രതിരോധത്തിന് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍