in ,

ചരിത്രം പുരസ്‌കൃതമാവുന്ന നിമിഷങ്ങൾ

നർത്തകി നടരാജിന് പത്മശ്രീ സമ്മാനിക്കുമ്പോൾ രാജ്യത്തെ ട്രാൻസ് സമൂഹം ഒന്നടങ്കമാണ് ആദരിക്കപ്പെടുന്നത്.
ഷിജു ദിവ്യയുടെ ഫേസ് ബുക്ക് പോസ്റ്റ്

ഷിജു ദിവ്യ

ചിലർക്ക് ലഭിക്കുമ്പോൾ ചില പുരസ്കാരങ്ങൾ ബഹുമാനിക്കപ്പെടുന്നു. ഒരു ചരിത്രമാകെ ആ പുരസ്കാരമേറ്റുവാങ്ങാൻ സന്നഹിതമാവുന്നു. നർത്തകി നടരാജ് ഈ വർഷത്തെ പത്മശ്രീക്ക് തെരെഞ്ഞെടുക്കപ്പെടുമ്പോൾ രാജ്യമാകെയുള്ള ട്രാൻസ് സമൂഹം കൂടിയാണ് ആദരിക്കപ്പെടുന്നത് . ചരിത്രവും സംസ്കാരവും നിർമ്മിച്ച എന്തെല്ലാം മുള്ളുവേലികളും കല്ലുപാതകളും പിന്നിട്ടാണ് ഒരോ ട്രാൻസ് വ്യക്തികളും തങ്ങളുടെ ജീവിതമുദ്രകൾ ഈ സമൂഹത്തിനു മുന്നിൽ അടയാളപ്പെടുത്തുന്നത് ? അപ്പോൾ പ്രകാശിതമാവുന്നത് അവരും അവരുടെ നേട്ടങ്ങളും മാത്രമല്ല . നിശ്ശബ്ദമാക്കപ്പെട്ട ഒരു സമൂഹത്തിന്റെ നേർത്തതെങ്കിലും കരുത്തുറ്റ ശുഭാപ്തി വിശ്വാസമാണ്.

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന നടരാജ് എന്ന ആൺകുട്ടി നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശവും തന്റെ ഉള്ളിൽ വളരുന്ന പെണ്ണിനെയും തിരിച്ചറിഞ്ഞപ്പോൾ കൈക്കൊണ്ട ധീരമായ തീരുമാനത്തിൽ നിന്നാണ് ‘നർത്തകി’ എന്ന കലാകാരിയുടെ ജന്മം . രണ്ടാം ജന്മത്തിന് നൽകിയ ‘നർത്തകി’ എന്ന പേര് മതി എത്രമേൽ തീവ്രമാണ് അവരുടെ നൃത്താഭിരുചി എന്നതറിയാൻ.

 “I believe that dance is one of the most incredible ways to create connection to our bodies and, fundamentally, our inner selves.”  എന്ന് അവർ പറയുന്നുണ്ട്.

ദാരിദ്ര്യത്തിന്റെയും ഒറ്റപ്പെടലിന്റെയും കഠിന പാതകൾ താണ്ടി നമാനൂർ ജയരാമന്റെ കീഴിൽ ഭരതനാട്യത്തിന്റെ പ്രാഥമിക പാഠങ്ങൾ അഭ്യസിക്കുന്ന നർത്തകി പിന്നീട് കെ.പി. കിട്ടപ്പപിള്ളൈയുടെ പ്രധാന ശിഷ്യയാവുന്നു.  പതിനേഴാം നൂറ്റാണ്ടിലെ തഞ്ചാവൂർ നൃത്ത പാരമ്പര്യത്തിൽ  അടിയുറച്ച ശൈലിയും ഭാവുകത്വവും നർത്തകിയിൽ ഉറപ്പിക്കുന്നത് ഈ കാലമാണ് . തഞ്ചാവൂർ തമിഴ് സർവ്വകലാശാലയിൽ കിട്ടപ്പപ്പിളൈയുടെ സഹായിയായി ദീർഘകാലം പ്രവർത്തിച്ച നർത്തകി പിന്നീട് ആ ഭാവുകത്വപാരമ്പര്യത്തെ മുന്നോട്ടു കൊണ്ടു പോവാൻ സ്വന്തമായി ‘നർത്തകി നൃത്തകലാലലയം ‘ ആരംഭിച്ചു. ആദ്യം മധുരയിലും പിന്നീട് ചെന്നൈയിലും ഇപ്പോൾ ബ്രിട്ടൺ , അമേരിക്ക , ക്യാനഡ എന്നിവിടങ്ങളിലും ശാഖകളുള്ള വിപുലമായ ഒരു നൃത്തവിദ്യാലയ ശൃംഖലയാണത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ എം പാനൽ ആർടിസ്റ്റ് , ദൂരദർശന്റെ ദേശീയതലത്തിലെ ടോപ്പ് ഗ്രേഡ് ആർടിസ്റ്റ് , തമിഴ്നാടിന്റെ പരമോന്നത ബഹുമതിയായ ‘കലൈമാമണി’ പുരസ്കാരം തുടങ്ങിയവ ഇവരുടെ നേട്ടങ്ങളിൽ ചിലതാണ് . ബാല്യകാലം മുതലുള്ള ആത്മമിത്രം ശക്തിയുമായി ചേർന്നാണ് ഈ വഴികളെല്ലാം നർത്തകി നടരാജ് പിന്നിടുന്നത് .

വളരെ നിശ്ശബ്ദമായി , തമിഴകത്തെ ട്രാൻസ് കമ്മ്യൂണിറ്റിയുടെ അതിജീവന ശ്രമങ്ങളെ പിന്തുണയ്ക്കുന്ന സാമൂഹിക പ്രവർത്തക കൂടിയാണ് നർത്തകി.

പെൺമയും നൃത്തവും അവർക്ക് വേറിട്ടുനിൽക്കുന്ന രണ്ട് അസ്തിത്വങ്ങളല്ല . പെൺമയിലേക്ക് ഉയരാനുള്ള ചിറകായി നൃത്തത്തെയും നൃത്തത്തിലേക്ക് ചേർത്തു നിർത്തുന്ന വേരായി തന്നിലെ സ്ത്രീത്വത്തെയും അവർ കരുതുന്നു.

പുരുഷാധികാര വ്യവസ്ഥയുടെ നിയന്ത്രണത്തിനപ്പുറമുള്ള ശരീരത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമായി നൃത്തത്തെ ആവിഷ്കരിക്കുകയും അത് ദൈവത്തിലേക്കുള്ള വഴിയായ് കരുതുകയും ചെയ്യുന്നതാണ് അവരുടെ കലാദർശനം.

‘തിരുനങ്കൈ’ അഥവാ ‘ദൈവത്തിരുമകളായി’ സ്വയം തിരിച്ചറിയുന്ന നർത്തകി. ”പെണ്ണെന്നത് പുരുഷന് ആനന്ദിക്കാൻ മാത്രമുള്ള മാംസപിണ്ഡമല്ലെന്ന് ” ഉറപ്പിച്ചു പറയുന്നുണ്ട്.

ആ കാൽച്ചിലങ്കകളിൽ കിലുങ്ങുന്നത് പാരമ്പര്യത്തിന്റെ ഗന്ധമുള്ള പഴന്തമിഴ് കവിതകൾ മാത്രമല്ല , അതിജീവനത്തിന്റെയും സാമൂഹ്യബോധത്തിന്റെയും സ്നേഹമന്ത്രണങ്ങൾ കൂടിയാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മമത – സി ബി ഐ പോര്

ജനസംഖ്യാധിഷ്ഠിത ക്യാന്‍സര്‍ രജിസ്ട്രി സ്ഥാപിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍