കാട്ടാക്കടയ്ക്ക് ആവേശമായി പുഴനടത്തം

തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പുഴനടത്തം സംഘടിപ്പിച്ചു.

കാട്ടാക്കടയുടെ ജീവനാടിയായ കുളത്തുമ്മൽ തോടിന്റെ സംരക്ഷണത്തിനായും ജലസ്രോതസുകളുടെ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമായാണ് പുഴനടത്തം സംഘടിപ്പിച്ചത്. ഐ.ബി. സതീഷ് എം.എൽ.എ പുഴ നടത്തം ഉദ്ഘാടനം ചെയ്തു.

നീർച്ചാലുകളുടെ സംരക്ഷണം നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് എം.എൽ.എ പറഞ്ഞു. ജലം മലിനമാകുന്നതിലൂടെ നിരവധി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. ആരോഗ്യകരമായ പുതുതലമുറയ്ക്കായി ജലസ്രോതസുകളെ സ്വന്തം മക്കളെപ്പോലെക്കണ്ട് സ്‌നേഹിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 മൈലാടിക്കുളം മുതൽ അമ്പലത്തിൻകാല വരെയുള്ള 11 കിലോമീറ്റർ ദൂരമായിരുന്നു ജലസംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിയ പുഴനടത്തം. എം.എൽ.എയ്‌ക്കൊപ്പം ജില്ലാ കളക്ടർ ഡോ. കെ വാസുകിയും പുഴ നടത്തത്തിന് നേതൃത്വം നൽകി. നീർച്ചാലുകളുടെയും പുഴകളുടെയും സംരക്ഷണം നാട്ടുകാർ ആത്മാർത്ഥമായി ഏറ്റെടുക്കണമെന്നും മാലിന്യം വലിച്ചെറിയുന്നവർ ആ തെറ്റ് തിരുത്തി ആരോഗ്യകരമായ ഭാവിയെ വാർത്തെടുക്കുന്നതിന് കൂടെ കൂടണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

ജില്ലയിലെ 16 ഓളം സർക്കാർ വകുപ്പുകളുടെ ഉദ്യോഗസ്ഥർ പുഴനടത്തത്തിൽ പങ്കെടുത്തു. കുളത്തുമ്മൽ തോടിനെ സംരക്ഷിക്കാൻ അവരവരുടെ വകുപ്പുകൾക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തും.

കാട്ടാക്കട ഗ്രാമപഞ്ചായത്ത് നടത്തിയ പഠനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരമാകും തുടർന്നുള്ള പ്രവർത്തനങ്ങൾ കുളത്തുമ്മൽ തോടിന്റെ  സംരക്ഷണത്തിനായുള്ള പുഴനടത്തത്തിന് ഹരിത കർമ്മസേന, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സ്‌കൂൾ വിദ്യാർഥികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത, വൈസ് പ്രസിഡൻറ് ശരത്ചന്ദ്രൻ നായർ, ഭൂവിനിയോഗ കമ്മിഷണർ എ. നിസാമുദ്ദീൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്. ബിജു, മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ റോയ് മാത്യു തുടങ്ങിയവരും പുഴ നടത്തത്തിൽ പങ്കാളികളായി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷവും സെമിനാർ കൊച്ചിയിൽ

യുവതിയെ ഊരുവിലക്കിയ സംഭവം: വനിതാ കമ്മീഷന്‍ കേസെടുത്തു