in ,

വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ സഹായം: മുഖ്യമന്ത്രി

വയനാട്: മഴക്കെടുതിയിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക്  നാല് ലക്ഷം രൂപയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ ജില്ലയിൽ നേരിട്ട നാശനഷ്ടങ്ങൾ വിലയിരുത്തി വയനാട് കളക്‌ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായി അദ്ദേഹം.  ഭൂമി മാത്രം നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം രൂപയും വീട് പൂർണ്ണമായി തകർന്നവർക്ക് നാല് ലക്ഷം രൂപയും നൽകും. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ഒരു കുടുംബത്തിന് 3800 രൂപ വീതം നൽകും.

വളർത്തു മൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് പ്രത്യേകം സഹായം നൽകും. ദുരിതാശ്വാസ പ്രവർത്തനത്തിന്  എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാറുകൾ സഹകരിച്ചാണ് നീങ്ങുന്നത്. അയൽ സംസ്ഥാനത്ത് നിന്നും സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പുകളിൽ കഴിയുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. റേഷൻ കാർഡ് മുതലായ പ്രധാനപ്പെട്ട രേഖകൾ നഷ്ടമായവർക്ക് പ്രത്യേകം അദാലത്തുകൾ നടത്തി രേഖകൾ നൽകും. ഇതിനായി ഫീസ് ഈടാക്കില്ല. അദാലത്ത് നടത്തുന്ന തിയതി അടിയന്തരമായി തീരുമാനിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് പുതിയ പുസ്തകങ്ങൾ നൽകാനുള്ള നടപടി സ്വീകരിക്കും.

ക്യാമ്പുകളിൽ സഹായം നേരിട്ടു നൽകുന്നതിനു പകരം ജില്ലാ കളക്ടർ മുഖേന നൽകണം. ക്യാമ്പുകളിൽ മെഡിക്കൽ സംഘത്തിന്റെ അതീവ ശ്രദ്ധ വേണം. ജില്ലയിലെ പ്രധാന റോഡുകൾ പുനസ്ഥാപിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കും.  വൈത്തിരി പോലീസ് സ്റ്റേഷൻ എത്രയും വേഗം പൂർവസ്ഥിതിയിലാക്കാൻ നിർദ്ദേശം നൽകി.

പ്രളയബാധിത പ്രദേശങ്ങൾ, കോളനികൾ എന്നിവിടങ്ങളിൽ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം.  ശുചീകരണ പ്രവർത്തനങ്ങളിൽ സർക്കാറിന്റെ മാത്രം ഇടപെടലുകൾ മതിയാവില്ല.  ആരോഗ്യം-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം ജനകീയ ഇടപെടലുകളും ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ജില്ലയിലെ ജനപ്രതിനിധികൾ കാലവർഷക്കെടുതിയുടെ  സ്ഥിതിഗതികൾ മുഖ്യമന്ത്രിയെ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ  മുഖ്യമന്ത്രി അഭിനന്ദിച്ചു.

മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.ഐ.ഷാനവാസ് എം.പി, എം.എൽ.എ മാരായ സി.കെ.ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, ജില്ലാ കളക്ടർ എ.ആർ.അജയകുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ്് ഉദ്യോഗസ്ഥർ തുടങ്ങിയവർ അവലോകനയോഗത്തിൽ സംബന്ധിച്ചു.

പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത് 

കേരളത്തിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കേന്ദ്രം മതിയായ ധനസഹായം നൽകണമെന്നു ആവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്ത് നൽകി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനു ഒപ്പം നിന്നു വേണ്ട സഹായം നൽകണമെന്നും അഭ്യർത്ഥിച്ചു.

വൈദ്യ സഹായവുമായി ഐ എം എ

വയനാട്,ആലപ്പുഴ,മലപ്പുറം ഇടുക്കി തുടങ്ങിയ ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ ജില്ലാ ഭരണ കൂടങ്ങളുമായി ചേർന്നു മെഡിക്കൽ ക്യാമ്പുകളിൽ ഐ എം എ പങ്കെടുക്കുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജയരാജനെ മന്ത്രിയാക്കുന്നത് അധാര്‍മികം: എംഎം ഹസന്‍

കോക്കനട്ട് ചലഞ്ചിൽ പങ്കാളിയാകൂ, സമ്മാനങ്ങൾ നേടൂ