പട്ടിക വർഗ വിദ്യാർഥികളുടെ താമസ സൗകര്യത്തിന് 100 കോടി രൂപ: മന്ത്രി എ.കെ. ബാലൻ

തിരുവനന്തപുരം: പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ താമസ സൗകര്യത്തിനായി 100 കോടി രൂപ ചെലവിൽ 12 സ്ഥാപനങ്ങൾ നിർമിക്കുമെന്നു പട്ടികജാതി – പട്ടികവർഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലൻ. കിഫ്ബിയിൽപ്പെടുത്തിയാകും ഇതിനു പണം കണ്ടെത്തുകയെന്നും അദ്ദേഹം പറഞ്ഞു. പട്ടിക വർഗ വികസന വകുപ്പിനു കീഴിൽ മണ്ണന്തലയിൽ നിർമിച്ച പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾക്കു സ്വന്തം കെട്ടിടം നിർമിക്കുമെന്നു മന്ത്രി പറഞ്ഞു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ, പ്രീമെട്രിക് ഹോസ്റ്റലുകൾ, കുറ്റിച്ചൽ, ആറളം എന്നിവിടങ്ങളിൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, യൂത്ത് ഹോസ്റ്റൽ, ഐ.ടി.സി കെട്ടിടം, തിരുവനന്തപുരം കട്ടേലയിൽ 100 പെൺകുട്ടികൾക്കു താമസിച്ചു പഠിക്കാൻ സൗകര്യത്തോടെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ എന്നിവ കിഫ്ബി പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഇതിന് ഭരണാനുമതി നൽകിയതായും മന്ത്രി പറഞ്ഞു.

ഹോസ്റ്റലുകളിൽ നല്ല ഭക്ഷണം, താമസ സൗകര്യം, പ്രത്യേക ടൂഷൻ മറ്റു സൗകര്യങ്ങൾ എന്നിവയ്ക്കു കൂടുതൽ പണം വകയിരുത്തിയിട്ടുണ്ടെന്നും നല്ല രീതിയിൽ ഇവ നടപ്പാക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

പട്ടിക വിഭാഗങ്ങൾക്കു മികച്ച വിദ്യാഭ്യാസം നൽകി മികച്ച തൊഴിൽ ലഭ്യത ഉറപ്പുവരുത്തുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. ഭൂമി ലഭ്യതയിലെ കുറവു മൂലം ഈ വിഭാഗങ്ങൾക്കുണ്ടായ പിന്നാക്കാവസ്ഥ മികച്ച തൊഴിൽ ലഭ്യതയിലൂടെ മറികടക്കാനാകും. നൈപുണ്യ വികസന പദ്ധതികൾവഴി പട്ടിക വിഭാഗങ്ങൾക്കു രാജ്യത്തിനകത്തും പുറത്തും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നടപടികൾ വിജയകരമായി നടപ്പാക്കുകയാണ്.

1350 പേരെ വിദേശ ജോലിക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയായിവരുന്നു. 100 പേരെ ഇതിനോടകം മലേഷ്യ, ഇന്തോനേഷ്യ, യു.എ.ഇ എന്നിവിടങ്ങളിൽ ജോലിക്ക് അയച്ചു. കൂടുതൽ തൊഴിൽ ലഭ്യതയ്ക്കായി യു.എ.ഇ, ഖത്തർ, കുവൈറ്റ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ തൊഴിൽ ദാതാക്കളുമായി ഈ മാസം അവസാനം ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ താഴേത്തട്ടിലുള്ള മനുഷ്യരുടെ നേർക്കാണു സർക്കാരിന്റെ നോട്ടമെന്നും ഇവരുടെ ഉന്നമനത്തിനാണു സർക്കാർ മുൻതൂക്കം നൽകുന്നതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണം – ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൊതുവിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ സർക്കാർ നടപ്പാക്കിയ പദ്ധതികൾ ഈ ലക്ഷ്യ പൂർത്തീകരണത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ദുരിതാശ്വാസം: ഈ ഘട്ടത്തില്‍ വേണ്ടത് സാമ്പത്തിക പിന്തുണ

ലോകം കീഴടക്കാൻ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ 650