കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ 1000 കോടി രൂപയുടെ നിക്ഷേപ സാധ്യതകളുമായി ഫണ്ടുകള്‍

കൊച്ചി: സീഡിംഗ് കേരളയുടെ ഭാഗമായി അടുത്ത നാല് വര്‍ഷത്തേക്ക് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ 1000 കോടിയില്‍ പരം രൂപയുടെ നിക്ഷേപ സാധ്യതകളുമായി മുന്നോട്ടു വന്ന നാല് എയ്ഞജല്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ (വിസി) ഫണ്ടുകളെ സര്‍ക്കാര്‍ തെരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന സീഡിംഗ് കേരള സമ്മേളനത്തിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ കൊച്ചിയില്‍ അറിയിച്ചതാണിക്കാര്യം.

നഷ്ടസാധ്യത കണക്കിലെടുക്കാതെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വിവിധ വികസന ഘട്ടങ്ങളില്‍ നടത്തുന്ന നിക്ഷേപത്തിനാണ് എയ്ഞ്ജല്‍ നിക്ഷേപങ്ങള്‍ എന്ന് പറയുന്നത്. ധനപരമായ നിക്ഷേപത്തിനു പുറമെ വിദഗ്ധ പങ്കാളിത്തവും എയ്ഞ്ജല്‍ നിക്ഷേപത്തിന്‍റെ പരിധിയില്‍ വരും. എയ്ഞ്ജല്‍, വിസി നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഓഫ് ഫണ്ട് മാതൃകയാണ് സ്വീകരിച്ചിട്ടുള്ളത്. 

വര്‍ഷം 15 കോടി രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ നിക്ഷേപമായി നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ ലഭിച്ച അഭൂതപൂര്‍വമായ പ്രതികരണത്തെ തുടര്‍ന്ന് അടുത്ത നാല് വര്‍ഷത്തേക്ക് 60 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. എയ്ഞജല്‍ -വിസി നിക്ഷേപകര്‍ ഇതില്‍ നിന്ന് എത്ര ഉയര്‍ന്ന തുകയുടെ നിക്ഷേപവാഗ്ദാനമാണ് നല്‍കുന്നതെന്നതായിരുന്നു മാനദണ്ഡം. നാല് ഫണ്ടുകള്‍ ചേര്‍ന്ന് 1000 കോടിയില്‍ പരം രൂപയുടെ നിക്ഷേപ സാധ്യതകളാണ് നല്‍കിയതെന്ന് ഐടി സെക്രട്ടറി പറഞ്ഞു. ഈ ഫണ്ടുകളെയാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ തെരഞ്ഞെടുത്തത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ വാഗ്ദാനം ചെയ്ത തുകയുടെ 25 ശതമാനമെങ്കിലും നിക്ഷേപം നടത്തണമെന്നതാണ് കരാര്‍. അതിനാല്‍ തന്നെ 300 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ ഉറപ്പാണെന്നും ഐടി സെക്രട്ടറി ചൂണ്ടിക്കാട്ടി.

യൂണികോണ്‍ ഇന്ത്യ വെന്‍ച്വേഴ്സ്, ഇന്ത്യന്‍ ഏയ്ഞ്ജല്‍ നെറ്റ് വര്‍ക്ക്, എക്സീഡ് ഇലക്ട്രോണ്‍ ഫണ്ട്, സ്പെഷ്യാലി ഇന്‍സെപ്റ്റ് ഫണ്ട് എന്നിവയാണ് തെരഞഞ്ഞെടുക്കപ്പെട്ട നാല് എയ്ഞജല്‍ ഫണ്ടുകള്‍. പൂര്‍ണമായും ബഹിരാകാശമേഖലയിലെ സാങ്കേതികവിദ്യയിലധിഷ്ഠിതമായ സ്റ്റാര്‍ട്ടപ്പുകളില്‍ മാത്രമായിരിക്കും എക്സീഡ് ഫണ്ട് നിക്ഷേപിക്കുന്നത്. അര്‍ബുദരോഗ ചികിത്സ, ദുരന്തനിവാരണം തുടങ്ങി പ്രത്യേക പ്രമേയത്തിലധിഷ്ഠിതമായ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുമെന്നും ഐടി സെക്രട്ടറി പറഞ്ഞു.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപത്തിന്‍റെ അപര്യാപ്തത നാല് ഫണ്ടുകളെ തെരഞ്ഞെടുത്തതിലൂടെ പരിഹരിച്ചതായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതല്‍ വിപണികേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ നിക്ഷേപശേഷിയുള്ള സമൂഹത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുമായി ബന്ധിപ്പിക്കുന്നതിനു വേണ്ടിയാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സീഡിംഗ് കേരള സര്‍ക്കാര്‍ ആരംഭിച്ചത്. കേരളത്തിനു പുറത്തുള്ള എയ്ഞ്ജല്‍ നിക്ഷേപകരെ പരിചയപ്പെടുത്തുന്നതായിരുന്നു ആദ്യ രണ്ട് സീഡിംഗ് കേരള പരിപാടികളും. എന്നാല്‍ നിക്ഷേപ ശേഷിയുള്ള കേരളത്തിലെ വ്യക്തികളെയും സ്ഥാപനങ്ങളെയും സ്റ്റാര്‍ട്ടപ്പ് മേഖലയുമായി പരിചയപ്പെടുത്തുന്നതായിരുന്നു സീഡിംഗ് കേരളയുടെ മൂന്നാം ഘട്ടം. നിലവില്‍ സ്റ്റാര്‍ട്ടപ്പുകളില്‍ വ്യാപകമായി നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങളുടെ അനുഭവങ്ങളും പരിപാടിയില്‍ പങ്കു വച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരവും പരിപാടിയില്‍ ഒരുക്കിയിരുന്നു.

വിദഗ്ധര്‍ നയിച്ച പാനല്‍ ചര്‍ച്ചകളും സംരംഭകരുടെ അവതരണങ്ങളും പരിപാടിയില്‍ നടന്നു. കെഎസ്ഐഡിസി ചെയര്‍മാന്‍ ഡോ.ക്രിസ്റ്റി ഫെര്‍ണാണ്ടസ്  (റിട്ട. ഐഎഎസ്) സമാപനസമ്മേളനത്തില്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്ക്രീം: കത്വയിലെ പെൺകുട്ടിക്ക്‌ സ്റ്റുഡന്‍റ്സ് ബിനാലെയുടെ സമർപ്പണം  

യു എസ് ടി ഗ്ലോബലിന് വീണ്ടും ടോപ് എംപ്ലോയർ അവാർഡ്