സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍ ശക്തിപ്പെടുത്താന്‍ 13 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികളും പ്രസവം നടക്കുന്ന ആശുപത്രികളിലെ ഡെലിവറി പോയിന്റുകളും ശക്തിപ്പെടുത്താന്‍ 12.79 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികളില്‍ നൂതന ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 9.79 കോടി രൂപയും മാതൃമരണ നിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെ പ്രസവം നടക്കുന്ന ആശുപത്രികളിലെ ഡെലിവറി പോയിന്റുകളില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 3 കോടി രൂപയുമാണ് അനുവദിച്ചത്. എത്രയും വേഗം ഈ ഉപകരണങ്ങള്‍ ആശുപത്രിയില്‍ പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡിസ്‌പോസിബിള്‍ ഡെലിവറി കിറ്റ്, ഡിസ്‌പോസബിള്‍ സിസേറിയന്‍ കിറ്റ്, ഇന്‍ഫ്യൂഷന്‍ പമ്പ്, നോണ്‍ പ്ന്യൂമാറ്റിക് ആന്റിഷോക്ക് ഗാര്‍മെന്റ്, ഫീറ്റല്‍ മോണിറ്റര്‍, മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, ഡെലിവറി സെറ്റ്, പോര്‍ട്ടബിള്‍ സ്‌പോട്ട് ലൈറ്റ്, ലേബര്‍ സ്യൂട്ട്, ഇന്‍കുബേറ്റര്‍ തുടങ്ങിയ നവീന ഉപകണങ്ങളും സാമഗ്രികളുമാണ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയ്ക്കായി സജ്ജമാക്കുന്നത്. പ്രസവം നടക്കുന്ന മറ്റ് ആശുപത്രികളിലേക്കായി ഫീറ്റല്‍ മോണിറ്റര്‍, മള്‍ട്ടിപാരാമീറ്റര്‍ മോണിറ്റര്‍, ഡെലിവറി സെറ്റ്, നോണ്‍ പ്ന്യൂമാറ്റിക് ആന്റിഷോക്ക് ഗാര്‍മെന്റ് തുടങ്ങിയവ വാങ്ങാനാണ് തുക അനുവദിച്ചത്. 

മാതൃമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനത്തിനുള്ള പ്രധാനമന്ത്രി സുരക്ഷാ മാതൃത്വ അഭിയാന്‍ അവാര്‍ഡ് സംസ്ഥാനം കരസ്ഥമാക്കിയിരുന്നു. മാതൃമരണനിരക്കും ശിശുമരണ നിരക്കും കുറയ്ക്കുന്നതിനായി ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളുമാണ് ഒരുക്കി വരുന്നത്. ആശുപത്രികളുടെ പശ്ചാത്തല സൗകര്യ വികസനം, ലേബര്‍റൂം, ഓപ്പറേഷന്‍ തീയറ്റര്‍ നവീകരണം എന്നിവ നടന്നു വരുന്നു. ഇതോടൊപ്പം ഗര്‍ഭകാല പരിപാലനത്തിനും ഗര്‍ഭിണികള്‍ക്കുള്ള സേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുമായി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യാനുസരണമുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സമയനിഷ്ഠ: ഗോ എയര്‍ മുന്നില്‍

ശംഖുമുഖം ബീച്ച് കാര്‍ണിവലിന് തുടക്കമായി