ശബരിമലയിൽ ഭക്തരുടെ തിരക്ക് ഏറുന്നു

പമ്പ: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ധർമ്മശാസ്താ ക്ഷേത്ര നട തുറന്ന ആദ്യ രണ്ട് ദിനങ്ങളിൽ അയ്യപ്പഭക്തരുടെ തിരക്ക് പൊതുവെ കുറവായിരുന്നു. എന്നാൽ 19, 20 തീയതികളിൽ പതിനായിരക്കണക്കിന് ഭക്തരാണ് ശരണം വിളികളുമായി അയ്യപ്പ ദർശനം നടത്തിയത്.

നവംബർ 20-ാം തീയതി പൊതു അവധി ആയതിനാൽ തന്നെ ഭക്തരുടെ തിരക്ക് വർദ്ധിക്കുകയായിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ് മനസ് നിറഞ്ഞാണ് ഓരോ ഭക്തരും മലയിറങ്ങുന്നത്. ഭക്തി നിര്‍ഭരവും  ശാന്തവുമായ അന്തീക്ഷത്തിലാണ് ശബരിമല സന്നിധാനവും പരിസര പ്രദേശങ്ങളും.

നട തുറന്ന് നാല്  ദിവസം കഴിയുബോള്‍ അയ്യപ്പഭക്തരുടെ ശരണം വിളിയാല്‍ മുഖരിതമാണ് അയ്യപ്പ സന്നിധാനം. ഇതര സംസ്ഥാനങ്ങളിൽ നിന്നുളള ഭക്തരാണ് ആദ്യ ദിനങ്ങളിൽ എത്തിയവരിൽ അധികവും. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ശബരിമലയിലൊരുക്കിയിരിക്കുന്ന ക്രമീകരണങ്ങളിൽ തൃപ്തിയും സന്തോഷവും രേഖപ്പെടുത്താൻ അയ്യപ്പഭക്തർ മറക്കുന്നില്ല.

മണിക്കൂറുകൾ നീണ്ട ക്യൂ, ദർശനത്തിനായി വലിയ നടപ്പന്തൽ ഉൾപ്പെടെയുള്ളിടത്ത് മണിക്കൂറുകളുടെ കാത്തിരിപ്പ്. ഇതൊന്നും ഇപ്പോൾ വേണ്ട. എല്ലാം കൃത്യമായ ക്രമീകരണത്തിലൂടെ നടക്കുകയാണ്.അയ്യപ്പനെ കൺകുളിർക്കെ കണ്ട് പ്രാർത്ഥിച്ച് നിറഞ്ഞ മനസ്സോടെ മടങ്ങുകയാണ് ഓരോ അയ്യപ്പഭക്തനും.

മാളികപ്പുറങ്ങളും കുട്ടികളുമായും മിനിട്ടുകൾ നീണ്ട ദർശന സൗഭാഗ്യം നേടിയാണ് പുണ്യമലയിറങ്ങുന്നത്. ഇരുമുടി കെട്ടുമായി എത്തുന്നവർക്ക് നെയ്യഭിഷേകത്തിനുള്ള സമയം പുലർച്ചെ 3.15 മുതൽ ഉച്ചക്ക് 12 മണി വരെയാക്കി ദീർഘിപ്പിച്ചതിലും ഭക്തർ സന്തുഷ്ടരാണ്. ഇരുമുടി ഇല്ലാതെ വരുന്നവർക്ക് അയ്യപ്പദർശനത്തിന് പ്രത്യേകം വഴി സജ്ജമാക്കിയിട്ടുണ്ട്.നെയ്യഭിഷേകം ചെയ്യാനെത്തുന്നവർക്ക് വിരിവെച്ച് സന്നിധാനത്ത് തങ്ങി ,പുലർച്ചെ നെയ്യഭിഷേകവും കഴിഞ്ഞ് മടങ്ങാം.

അയ്യപ്പഭക്തർക്ക് യാതൊരു നിയന്ത്രണവും ശബരിമലയിലില്ല.നെയ്യഭിഷേക ടിക്കറ്റ് വിതരണത്തിന് നിരവധി കൗണ്ടറുകൾ ക്രമീകരിച്ചിട്ടുണ്ട്. അപ്പം, അരവണ വാങ്ങാനും പ്രത്യേക സജ്ജീകരണങ്ങൾ സന്നിധാനത്ത് റെഡിയാണ്. പ്രസാദ വിതരണത്തിന് കൗണ്ടറുകൾ നിരവധിയാണ്. ഭക്തർക്കായി 24 മണിക്കൂറും അന്നദാനം നൽകി കൊണ്ട് ദേവസ്വം ബോർഡും ഭക്തരെ സ്വീകരിക്കുകയാണ്.

അയ്യപ്പഭക്തർക്ക് താമസിക്കാൻ ആവശ്യാനുസരണം  മുറികളും ദേവസ്വംബോര്‍ഡ്  ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും പുലർച്ചെ 3.15 ന് തുറക്കുന്ന അയ്യപ്പസന്നിധി രാത്രി 10.50ന് ഹരിവരാസനം പാടി 11 മണിക്കാണ് അടയ്ക്കുന്നത്. ദേവസ്വംബോര്‍സും സർക്കാരും  പൊലീസും ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാക്കുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ ഭക്തജന തിരക്കേറും. അപ്പം അരവണ കൗണ്ടറുകള്‍ പൂര്‍ണ്ണതോതിലാണ് പ്രവര്‍ത്തിക്കുന്നത് ഭക്തര്‍ക്ക് അനുഗ്രമായിട്ടുണ്ട്. പൊലീസിന് സഹായകരമായി ദുരന്തനിവാരണ സേനയും ദ്രുതര്‍മ്മസേനയും സന്നിധാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്. തീര്‍ഥടാകരെ സഹായിക്കുന്നതിനും കുടിവെളള വിതരണം ചെയ്യുന്നതിനായി വിവിധയിടങ്ങളില്‍ ദേവസ്വംബോര്‍ഡ്  ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

ഭക്തരെ നിലക്കലിൽ നിന്ന് പമ്പയിലെത്തിക്കാൻ യഥേഷ്ടം ചെയിൻ സർവ്വീസുകളുമായി കെ.എസ് ആർ ടി സി യും മുന്നിലുണ്ട്. മെഡിക്കൽ ടീമുകളും എപ്പോഴും സജ്ജരാണ്.എല്ലാ വകുപ്പുകളുടെയും കൂട്ടിയോജിപ്പിച്ചുള്ള പ്രവർത്തനം ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം സുഖകരമാക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഭാരത് ജ്യോതി അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക്

മനസാ വാചാ