ശബരിമല സുരക്ഷാ ക്രമീകരണം: ദേവസ്വം, പൊലീസ് സംയുക്ത യോഗം ചേര്‍ന്നു

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമല,നിലയ്ക്കല്‍,പമ്പ എന്നിവിടങ്ങളില്‍ ഒരുക്കേണ്ട പൊലീസ് സുരക്ഷ,ട്രാഫിക് നിയന്ത്രണം,പാര്‍ക്കിംഗ് സംവിധാനം എന്നിവ  സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ് അധികാരികളുമായി ചര്‍ച്ച നടത്തി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ദേവസ്വം പ്രസിഡന്‍റ് എ.പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എഡിജിപി അനന്തകൃഷ്ണന്‍,ഐജി മനോജ് എബ്രഹാം എന്നിവരാണ് പൊലീസ് സുരക്ഷയെയും ട്രാഫിക് സംവിധാനത്തെയും കുറിച്ച് യോഗത്തില്‍ വിവരിച്ചത്.മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പൊലീസിനെ ഇക്കുറി ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കും.

നിലയ്ക്കലില്‍ ഒരു എസ്പിയുടെ നേതൃത്വത്തിലാകും സുരക്ഷ ഒരുക്കുക.പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും  പാര്‍ക്കിംഗ്,ട്രാഫിക് നിയന്ത്രണം എന്നിവയ്ക്കായി പരിചയ സമ്പന്നരായ പോലീസ്  ഉദ്ദ്യോഗസ്ഥരെയാകും ചുമതലപ്പെടുത്തുകയെന്നും എഡിജിപി പറഞ്ഞു.

നിലയ്ക്കല്‍,പമ്പ എന്നിവിടങ്ങളില്‍ പൊലീസിന്‍റെ ബാരിക്കിഡുകള്‍ സ്ഥാപിക്കും.സുരക്ഷയുടെ ഭാഗമായി, ഭക്തരുടെ ബെയ്സ് പോയിന്‍റായ നിലയ്ക്കലില്‍ സിസിടിവികള്‍ സ്ഥാപിക്കുമെന്ന് ഐജി മനോജ് എബ്രഹാം അറിയിച്ചു.ബോംബ് സ്ക്വാഡിന്‍റെ സേവനം നിലയ്ക്കല്‍ ബേയ്സ് ക്യാമ്പില്‍ ഉണ്ടാകും.ശബരിമല സന്നിധാനത്തും, പതിനെട്ടാംപടി, സോപാനം എന്നിവിടങ്ങളിലും പ്രത്യേകപരിശീലനം നല്‍കിയ പൊലീസ് ഉദ്ദ്യോഗസ്ഥരുടെ സ്പെഷ്യല്‍ ടീമിനെ  മാത്രമെ നിയോഗിക്കുകയുള്ളൂ.

സോപാനം ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ അയ്യപ്പഭക്തരോട് പോലീസ് മുറയില്‍  പെരുമാറുന്നുവെന്ന നിരന്തരമായ പരാതിയെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്നും മനോജ് എബ്രഹാം യോഗത്തെ അറിയിച്ചു.പമ്പയില്‍ ബാരിക്കിഡുകള്‍ സ്ഥാപിച്ച് ഭക്തരുടെ തിരക്ക് നിയന്ത്രണവിധേയമാക്കുമെന്നും പൊലീസ് ഉദ്ദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

അതേസമയം നിലയ്ക്കലില്‍ കുടിവെള്ളം,ടോയിലറ്റ് ,വിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങി ഭക്തര്‍ക്ക് വേണ്ട എല്ലാ അടിസ്ഥാനസൗകര്യങ്ങളും ക്രമീകരിക്കും,പൊലീസുകാര്‍ക്കായി നിലയ്ക്കലില്‍ താമസം,ഭക്ഷണം എന്നിവയ്ക്കുള്ള ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡ് തന്നെ പ്രധാനം ചെയ്യുമെന്നും പ്രസിഡന്‍റ് എ.പത്മകുമാര്‍ വ്യക്തമാക്കി.

നിലയ്ക്കല്‍-പമ്പ ബസ്സ് യാത്രക്ക് കൂപ്പണ്‍സംവിധാനമൊരുക്കും.പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കുന്നതിന് പൊലീസിന്‍റെ സഹായം ആവശ്യമാണെന്നും പ്രസിഡന്‍റ് പറഞ്ഞു.നിലയ്ക്കലില്‍ ജനറേറ്റര്‍ സംവിധാനം ഒരുക്കുന്നുണ്ട്.നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡിന്‍റെ കൈവശമുള്ള മു‍ഴുവന്‍ ഭൂമിയിലും പാര്‍ക്കിംഗിന് സൗകര്യമൊരുക്കും.ഭക്തര്‍ക്കായുള്ള സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നുണ്ടെന്നും പ്രസിഡന്‍റ് എ.പത്മകുമാര്‍ യോഗത്തില്‍ വ്യക്തമാക്കി.

കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഈ മാസം 29 ന് പമ്പയിലും നിലയ്ക്കലും ബോര്‍ഡും പൊലീസും സംയുക്ത പരിശോധന നടത്തുമെന്നും പ്രസിഡന്‍റ് അറിയിച്ചു.ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍,കെ.പി.ശങ്കരദാസ്,ദേവസ്വം കമ്മീഷണര്‍ എന്‍.വാസു,ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചീനീയര്‍ ജനറല്‍ ശങ്കരന്‍പോറ്റി, ചീഫ് എഞ്ചീനിയര്‍ വിനയകുമാര്‍, എക്സിക്യൂട്ടീവ് എഞ്ചീനിയര്‍ അജിത്ത്കുമാര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വേളിയില്‍ 9 കോടി രൂപയുടെ മിനിയേച്ചര്‍ ട്രെയിന്‍ വരുന്നു

ആയുഷ്മാന്‍ ഭാരത്: ഭൂരിപക്ഷം ജനങ്ങളും പദ്ധതിയില്‍ നിന്നും പുറത്താകുമെന്ന് ആശങ്ക