in ,

സഹാപീഡിയ ഇന്ത്യ ഹെറിറ്റേജ് വാക്കിന് ‘പാറ്റാ’ ഗോള്‍ഡ് പുരസ്കാരം

കൊച്ചി: അന്താരാഷ്ട്ര പ്രശസ്തമായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റാ) ഗോള്‍ഡ് പുരസ്കാരത്തിന് ഓണ്‍ലൈന്‍ സാംസ്കാരിക എന്‍സൈക്ലോപീഡിയായ സഹാപീഡിയയുടെ ഹെറിറ്റേജ് വാക്ക് അര്‍ഹമായി. ബാങ്കോക്ക് ആസ്ഥാനമായ പാറ്റായുടെ പൈതൃക-സാംസ്കാരിക വിഭാഗത്തിലെ പുരസ്കാരമാണിത്.

സഹാപീഡിയയും യെസ് ആര്‍ട്സും ചേര്‍ന്നാണ് ഇന്ത്യ ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. പൈതൃക സ്മാരകങ്ങളുടെ സാംസ്കാരിക പ്രാധാന്യത്തെ നടന്നുകണ്ട് അനുഭവിച്ച്  മനസിലാക്കുന്ന രീതിയാണ് ഹെറിറ്റേജ് വാക്ക്. രാജ്യത്തൊട്ടാകെ വിവിധ പൈതൃക-സാംസ്കാരിക കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ഈ പദയാത്രാ മഹോത്സവം അടുത്തിടെയാണ് സമാപിച്ചത്.

മക്കാവു ഗവണ്‍മന്‍റ് ടൂറിസം ഓഫീസ് (എംജിടിഒ) യാണ് ഈ പുരസ്കാരം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഇക്കൊല്ലം ടൂറിസം ട്രാവല്‍ രംഗത്തെ 27 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് പുരസ്കാരം പ്രഖ്യാപിച്ചിട്ടുള്ളത്.

ലോകത്തെമ്പാടുമുള്ള 87 സ്ഥാപനങ്ങളില്‍ നിന്നുമായി ഇരുനൂറോളം അപേക്ഷകളാണ് ഈ പുരസ്കാരത്തിന് ലഭിച്ചത്. സപ്തംബര്‍ 14 ന് മലേഷ്യയില്‍ വച്ച് നടക്കുന്ന ‘പാറ്റാ’ ട്രാവല്‍ മാര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

യെസ് ബാങ്കിന്‍റെ ആഭിമുഖ്യത്തിലുള്ള യെസ് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡിവിഷനായ യെസ്  ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറുമായി സഹകരിച്ചാണ് ഇന്ത്യ ഹെറിറ്റേജ് വാക്ക് സഹാപീഡിയ സംഘടിപ്പിച്ചത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് അവബോധമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്‍റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ പിന്തുണയും ഈ പദ്ധതിക്കുണ്ടായിരുന്നു.

ഈ ഫെബ്രുവരി മുതലാണ് ഇന്ത്യ ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവല്‍ സഹാപീഡിയ സംഘടിപ്പിച്ചത്. രാജ്യത്തെ 20 നഗരങ്ങളിലായിരുന്നു വാക്ക്. ചരിത്ര കുതുകികള്‍, വിനോദ സഞ്ചാരികള്‍, എന്നിവരടക്കമുള്ള പൊതുസമൂഹത്തില്‍നിന്ന് മികച്ച പ്രതികരണമാണ് ഈ പരിപാടിയ്ക്ക് ലഭിച്ചത്.

എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിക്കണമെന്ന തീരുമാനത്തിന്‍റെ ഭാഗമായി ജയ്പൂരിലും മുംബൈയിലും ഭിന്നശേഷിയുള്ളവര്‍ക്കായി പ്രത്യേകം വാക്ക് സംഘടിപ്പിച്ചു. കൊച്ചിയില്‍ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രം, ഇടപ്പള്ളി കേരള മ്യൂസിയം എന്നിവിടങ്ങളില്‍ നടത്തിയ  ഹെറിറ്റേജ് വാക്കിന് വന്‍ പ്രതികരണമാണ് ലഭിച്ചത്.

ചെറുകിട നഗരങ്ങളായ പട്ന, ഇറ്റാനഗര്‍, വരാണസി, ഉദയ്പൂര്‍, ജോധ്പൂര്‍ എന്നിവിടങ്ങളിലും വാക്ക് നടത്തിയിരുന്നു. ഓണ്‍ലൈന്‍ ചലച്ചിത്രോത്സവങ്ങള്‍, ഡോക്യുമെന്‍ററി പ്രദര്‍ശനങ്ങള്‍, സംഭാഷണ പരിപാടികള്‍, ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

രാജ്യത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ പൊതുജനത്തിനു സമക്ഷം അവതരിപ്പിക്കാന്‍ സഹാപീഡിയ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ‘പാറ്റാ’നല്‍കിയ അംഗീകാരമായി ഈ പുരസ്കാരത്തെ കാണുന്നുവെന്ന് സഹാപീഡിയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുധാ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യ ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവലിന്‍റെ രണ്ടാം പതിപ്പിന് തയ്യാറെടുക്കുന്ന ഈ വേളയില്‍ ലഭിച്ച പുരസ്കാരം ഇരട്ടി മധുരമായെന്നും അവര്‍ പറഞ്ഞു.

കേവലം പൗരാണിക സ്മാരകങ്ങള്‍ പുനരുദ്ധരിക്കുന്നതില്‍ നിന്ന് വിഭിന്നമായി പൈതൃകത്തെക്കുറിച്ചറിയാന്‍ ജനങ്ങള്‍ കാണിക്കുന്ന താത്പര്യം പ്രോത്സാഹനജനകമാണെന്ന് യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയും യെസ് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ചെയര്‍മാനുമായ റാണ കപൂര്‍ പറഞ്ഞു.

രാജ്യത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെ ശേഷി പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനും ഉത്തരവാദിത്ത ടൂറിസത്തിലൂടെ ചരിത്രത്തെക്കുറിച്ച് ആയിരക്കണക്കിന് പേര്‍ക്ക് അവബോധം നല്‍കാന്‍ അവസരമുണ്ടാക്കിയതിലും ഹെറിറ്റേജ് വാക്ക് വിജയകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രാന്വേഷികളായ ചെറുപ്പക്കാര്‍ക്ക് രാജ്യത്തിന്‍റെ സാംസ്കാരിക പൈതൃകം പകര്‍ന്ന് നല്‍കാനും അവരവരുടെ നഗരങ്ങളിലെ പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത മനസിലാക്കി കൊടുക്കാനും കഴിഞ്ഞുവെന്നത് ഹെറിറ്റേജ് വാക്കിന്‍റെ പ്രധാന വിജയമായി കരുതുന്നുവെന്ന് യെസ് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റ് ഡോ. സുബി ചതുര്‍വേദി പറഞ്ഞു.

രാജ്യത്താകമാനം ചലനങ്ങളുണ്ടാക്കിയാണ് ഇന്ത്യ ഹെറിറ്റേജ് വാക്കിന്‍റെ ആദ്യ ലക്കം കടന്നു പോയതെന്ന് സഹാപീഡിയ സെക്രട്ടറി വൈഭവ് ചവാന്‍ ചൂണ്ടിക്കാട്ടി. സാംസ്കാരിക-പൈതൃകത്തെക്കുറിച്ച് സമഗ്രമായ വിവരങ്ങള്‍ നല്‍കുകയെന്നതാണ് സഹാപീഡിയയുടെ ലക്ഷ്യം. അതിനായി സാംസ്കാരിക പ്രവര്‍ത്തകരുമായി മികച്ച ബന്ധവും സഹകരണവും സ്ഥാപിക്കേണ്ടതുണ്ട്. ‘പാറ്റാ’ പുരസ്കാരം അതിലേക്കുള്ള ശക്തമായ ചവിട്ടുപടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യ പസഫിക് മേഖലയിലെ ടൂറിസം വ്യവസായം കാണിച്ച ഉത്തരവാദിത്തത്തിന്‍റെ മൂല്യമാണ് ഈ പുരസ്കാര പ്രഖ്യാപനത്തിന്‍റെ പ്രചോദനമെന്ന് ‘പാറ്റാ’സിഇഒ ഡോ. മാരിയോ ഹാര്‍ഡി പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജിയോ മൺസൂൺ ഹംഗാമ എക്സ്ചേഞ്ച് പദ്ധതിക്ക് തുടക്കമായി

slavery, Kerala, maid, police, complaint, media, allegation, minister, security, driver, Gavaskar, camp followers, rich , poor, 

കേരളത്തിലും അടിമപ്പണിയോ? വീണ്ടും ആരോപണം