സണ്ടക്കോഴി ഗോഡ്ഫാദറിന് സമാനമെന്ന് വിശാൽ 

വിശാൽ എന്ന നടനെ തമിഴകത്തെ മുൻനിര നായകരിൽ ഒരാളാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ച ചിത്രമാണ് സണ്ടക്കോഴി. ആക്ഷൻ ചിത്രങ്ങളൊരുക്കുന്നതിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകൻ എൻ ലിംഗുസാമിയുടെ ഈ ചിത്രം 2005ലാണ് പ്രദർശനത്തിനെത്തിയത്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ഈ വിജയ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായെത്തുകയാണ് സംവിധായകൻ.

വിശാൽ തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സണ്ടക്കോഴി 2ൽ കീർത്തി സുരേഷ് നായികയായെത്തുന്നു. നവരാത്രിയോടനുബന്ധിച്ച് ഒക്ടോബർ 18നാണ് ഏറെ പ്രതീക്ഷയർപ്പിക്കപ്പെട്ടിട്ടുള്ള ഈ രണ്ടാം ഭാഗം പ്രേക്ഷകർക്ക് മുന്നിലെത്തുക.

രണ്ടാം ഭാഗത്തിൽ അഭിനയിച്ചതോടെ സണ്ടക്കോഴി ഹോളിവുഡിലെ എക്കാലത്തെയും ക്ലാസ്സിക്കായി വിലയിരുത്തപ്പെടുന്ന ദി ഗോഡ് ഫാദർ സിരീസിന് സമാനമാണെന്ന് തനിക്ക് ആത്മവിശ്വാസത്തോടെ പറയുവാൻ സാധിക്കുമെന്നായിരുന്നു ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത വിശാൽ അഭിപ്രായപ്പെട്ടത്. ആദ്യ ഭാഗം തനിക്കായി നിശ്ചയിക്കപ്പെട്ടിരുന്ന ചിത്രമല്ലെന്നും സംവിധായകനുമായുള്ള സൗഹൃദത്തിൽ അദ്ദേഹം തന്നെ വിശ്വസിച്ച് തന്റെ ആദ്യ ചിത്രം പോലും പുറത്തിറങ്ങിയിട്ടില്ലാത്ത സാഹചര്യത്തിൽ നായകനാക്കുവാൻ ധൈര്യം കാട്ടിയെന്നും താരം കൂട്ടിച്ചേർത്തു.

ചിത്രത്തിലെ നായികയായ കീർത്തി സുരേഷിനെ മഹാനടി എന്ന ചിത്രത്തിലെ പ്രകടനത്തിനായി പ്രശംസിച്ച വിശാൽ കീർത്തിയിലെ എഴുത്തുകാരിയെയും സംവിധായികയെയും പ്രകീർത്തിക്കാനും മറന്നില്ല.

ഓൺലൈൻ റിവ്യൂകളെക്കുറിച്ചാണ് താരം കൂടുതലായും സംസാരിച്ചത് ഏവരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെ താൻ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ താരം റിലീസിന് ശേഷം മൂന്ന്  ദിവസത്തേക്കെങ്കിലും ഇത്തരം റിവ്യൂകൾ  ഒഴിവാക്കുവാൻ അഭ്യർത്ഥിക്കുകയായിരുന്നു. ആ മൂന്ന് ദിവസങ്ങൾ നിർമ്മാതാക്കൾക്കും സംവിധായകർക്കും തങ്ങളുടെ ചിത്രങ്ങളെ രക്ഷിക്കുവാനുള്ള അവസരമാകുമെന്നാണ് താരത്തിന്റെ പക്ഷം.

ആദ്യ ഭാഗം പിന്നീട്ടിട്ട് പതിമൂന്ന് വർഷമായെന്നത് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും വിശാൽ എന്ന നടനിൽ ഒരുമാറ്റവും ഈ കാലയളവിൽ താൻ കാണുന്നില്ലെന്നുമാണ് സംവിധായകൻ ലിംഗുസാമി അഭിപ്രായപ്പെട്ടത്.

ചിത്രീകരണം ഏറെ ക്ലേശകരമായിരുന്നുവെന്നും ഈ ചിത്രത്തിന്റെ സമയത്ത് തന്നെയാണ് താൻ മഹാനടിയുടെ ഷൂട്ടിങ്ങിൽ വ്യാപൃതയായിരുന്നതെന്നും കീർത്തി സുരേഷ് ഓഡിയോ ലോഞ്ച് ചടങ്ങിൽ വ്യക്തമാക്കി . മീര ജാസ്മിൻ ഏറെ ശ്രദ്ധേയമാക്കിയ ആദ്യ ഭാഗത്തിലെ നായികാ കഥാപാത്രത്തോളം മികച്ചതാക്കുവാൻ  തനിക്ക് സാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായും താരം വ്യക്തമാക്കി.

വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാർ, രാജകിരൺ എന്നിവർക്ക് പുറമെ അതിഥി വേഷത്തിൽ മീര ജാസ്മിൻ അവതരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ശക്തിവേൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് പ്രവീൺ കെ എൽ നിർവഹിക്കുന്നു.  ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഡോ. എ.പി.ജെ. അബ്ദുള്‍ കലാം പുരസ്‌കാരം മന്ത്രി ശൈലജ ടീച്ചര്‍ക്ക്

യൂറോപ്യന്‍ മൈക്രോ ഫിനാന്‍സ് അവാര്‍ഡ് 2018: ഇസാഫ് ബാങ്ക് ഫൈനലില്‍