Movie prime

ഡൽഹി അക്രമങ്ങളെക്കുറിച്ചുള്ള ട്രംപിന്റെ പ്രതികരണം “നേതൃത്വപരമായ പരാജയം” വെളിവാക്കുന്നുവെന്ന് ബേണി സാൻഡേഴ്‌സ്

ഡൽഹിയിലെ അക്രമ സംഭവങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രതികരണം ” നേതൃത്വത്തിന്റെ പരാജയം” വെളിവാക്കുന്നതായി ബേണി സാൻഡേഴ്സ്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാവാൻ ഒരുങ്ങുന്നയാളാണ് ബേണി സാൻഡേഴ്സ്. വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വ്യാപകമായ അക്രമ സംഭവങ്ങളോടും മനുഷ്യാവകാശ ലംഘനങ്ങളോടുമുള്ള ട്രംപിന്റെ പ്രതികരണത്തെയാണ് സാൻഡേഴ്സ് വിമർശിച്ചത്. മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലുള്ള നേതൃത്വത്തിന്റെ പരാജയമാണ് ഇത് കാണിക്കുന്നത്. ഇതിനിടെ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പത്തിനാലായി ഉയർന്നു. “ഇരുന്നൂറു ദശലക്ഷം മുസ്ലിങ്ങളുടെ സ്വദേശമാണ് ഇന്ത്യ. വ്യാപകമായ മുസ്ലിം വിരുദ്ധ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരിക്കുന്നു. ഒട്ടേറെപ്പേർക്ക് പരിക്കുപറ്റിയിട്ടുണ്ട്. More
 
ഡൽഹി അക്രമങ്ങളെക്കുറിച്ചുള്ള ട്രംപിന്റെ പ്രതികരണം “നേതൃത്വപരമായ പരാജയം” വെളിവാക്കുന്നുവെന്ന് ബേണി സാൻഡേഴ്‌സ്

ഡൽഹിയിലെ അക്രമ സംഭവങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രതികരണം ” നേതൃത്വത്തിന്റെ പരാജയം” വെളിവാക്കുന്നതായി ബേണി സാൻഡേഴ്‌സ്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാവാൻ ഒരുങ്ങുന്നയാളാണ് ബേണി സാൻഡേഴ്‌സ്.

വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വ്യാപകമായ അക്രമ സംഭവങ്ങളോടും മനുഷ്യാവകാശ ലംഘനങ്ങളോടുമുള്ള ട്രംപിന്റെ പ്രതികരണത്തെയാണ് സാൻഡേഴ്‌സ് വിമർശിച്ചത്. മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലുള്ള നേതൃത്വത്തിന്റെ പരാജയമാണ് ഇത് കാണിക്കുന്നത്. ഇതിനിടെ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പത്തിനാലായി ഉയർന്നു.

“ഇരുന്നൂറു ദശലക്ഷം മുസ്ലിങ്ങളുടെ സ്വദേശമാണ് ഇന്ത്യ. വ്യാപകമായ മുസ്ലിം വിരുദ്ധ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരിക്കുന്നു. ഒട്ടേറെപ്പേർക്ക് പരിക്കുപറ്റിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് ട്രംപിന്റെ പ്രതികരണം. മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് നിലപാടെടുക്കുന്നതിൽ നേതൃത്വം നേരിടുന്ന പരാജയത്തെയാണ് ഇത് കാണിക്കുന്നത്”- ബേണി സാൻഡേഴ്‌സ് ട്വീറ്റ് ചെയ്തു.

സാൻഡേഴ്‌സിന്റെ ട്വീറ്റിന് പിറകെ പ്രതികരണവുമായി ബി ജെ പി സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് രംഗത്തുവന്നു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു പങ്കുവഹിക്കാൻ ഇന്ത്യക്കാരെ നിർബന്ധിക്കുകയാണ് സാൻഡേഴ്‌സൺ എന്നാണ് അദ്ദേഹംപറഞ്ഞത്. അമേരിക്കൻ തിരഞ്ഞെടുപ്പിൽ എത്രമാത്രം നിഷ്പക്ഷരാവാം എന്നാണ് ഇന്ത്യക്കാർ നോക്കുന്നത്. എന്നാൽ ഇദ്ദേഹം അതിൽ ഇടപെടാൻ നമ്മെ നിർബന്ധിക്കുന്നു. അതേസമയം ഡെമോക്രാറ്റിക് സ്ഥാനാർഥി സ്ഥാനത്തേക്ക് തയ്യാറെടുക്കുന്ന സാൻഡേഴ്‌സിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ബി ജെ പി ജനറൽ സെക്രട്ടറിയുടെ ട്വീറ്റ് താമസിയാതെ ഡിലീറ്റ് ചെയ്തു.

ഡൽഹിയിലെ അക്രമങ്ങളെ അപലപിച്ചുകൊണ്ട് ഒട്ടേറെ പ്രതികരണങ്ങൾ അമേരിക്കയിൽ നിന്ന് ഉണ്ടാവുന്നുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാവാൻ ഒരുങ്ങുന്ന എലിസബത്ത് വാറനും പ്രതികരണവുമായി രംഗത്തെത്തി. മതസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉൾപ്പെടെ നമ്മുടെ മൂല്യങ്ങളെപ്പറ്റി സത്യസന്ധമായി സംസാരിക്കാൻ നമുക്കാവണം. സമാധാനപരമായി സമരം ചെയ്യുന്നവർക്കെതിരെയുള്ള അതിക്രമങ്ങൾ ഒരു തരത്തിലും സ്വീകാര്യമല്ല.

ഡൽഹിയിലെ സംഭവവികാസങ്ങൾ ഞെട്ടലുളവാക്കുന്നതായി യു എസ് കോൺഗ്രസ് അംഗം പ്രമീള ജയപാൽ പറഞ്ഞു. ഇത് കാണിക്കുന്നത് മതപരമായ അസഹിഷ്ണുതയുടെ മാരക വളർച്ചയാണ്. “ധാർമിക നേതൃത്വത്തിന്റെ ദുരന്തപൂർണമായ പരാജയം” എന്നാണ് അലൻ ലോവന്താളിന്റെ പ്രതികരണം.

കശ്‍മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ്രതികരണങ്ങളിലും തന്റെ നിലപാടുകൾ ബേണി സാൻഡേഴ്‌സ് വ്യക്തമാക്കിയിരുന്നു. താഴ്‌വരയിൽ നിന്നുള്ള വാർത്തകൾ ആശങ്കപ്പെടുത്തുന്നതായും ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണ് കശ്‍മീർ വിഷയത്തിൽ ഇന്ത്യൻ സർക്കാരിന്റെ സമീപനങ്ങൾ എന്നുമായിരുന്നു അന്ന് സാൻഡേഴ്‌സ് പറഞ്ഞത്.