എം മുകുന്ദന്റെ ഫേസ് ബുക്ക് പോസ്റ്റിന് മറുപോസ്റ്റുമായി ശാരദക്കുട്ടി 

പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ സ്മൃതി കുടീരം കാടും പടലും കയറി നശിച്ചു പോയെന്ന് പരിതപിച്ച് എം മുകുന്ദനിട്ട ഫേസ് ബുക്ക് പോസ്റ്റിനു മനോഹരമായ മറുപോസ്റ്റുമായി ശാരദക്കുട്ടി. 

“പുനത്തിൽ കുഞ്ഞബ്ദുള്ള…ഒരു വർഷത്തിന് ശേഷം… ഇത്രയേയുള്ളൂ നാമെല്ലാം ”  എന്ന വരികളോടൊപ്പം  വള്ളിച്ചെടികൾ തഴച്ച് വളർന്ന് പരേതന്റെ  പേര് കഷ്ടിച്ചു മാത്രം കാണാവുന്ന സ്മാരക ശിലയുടെ ചിത്രത്തോടെയായിരുന്നു മുകുന്ദന്റെ പോസ്റ്റ്.

എഴുത്തുകാരന്റെ സ്‌മൃതികുടീരം അവഗണിക്കപ്പെടുന്നതിലേക്കാണ് എം  മുകുന്ദൻ ശ്രദ്ധ ക്ഷണിച്ചത്.

കഥാകൃത്ത് വി  ആർ സുധീഷാണ് കുഞ്ഞബ്ദുള്ളയുടെ കബറിടത്തിന്റെ ഇന്നത്തെ അവസ്ഥ  മുകുന്ദന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നത്.

മരണമടഞ്ഞ്  ഒരു വർഷം  തികയുന്നതിനു മുന്നേ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ കബറിടം ആരും ശ്രദ്ധിക്കാനില്ലാതെ  കാടു കയറി നശിച്ചു പോയെന്ന വേദനയാണ് ഫേസ് ബൂക്കിലൂടെ മുകുന്ദൻ പങ്കുവെച്ചത്.

പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ കബറിടത്തെക്കുറിച്ചുള്ള മുകുന്ദന്റെ പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു.  അവഗണനയെപ്പറ്റി ഒട്ടേറെ  പേർ അതിനു കീഴെ  കമന്റുകളെഴുതി. മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ പുനത്തിലിനെ  പെട്ടന്ന് മറന്നു കളഞ്ഞതായി  പലരും പരിഭവിച്ചു.   നിരവധി പേർ  മുകുന്ദന്റെ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

എന്നാൽ മുകുന്ദന്റെ പോസ്റ്റിനു  മനോഹരമായ മറുപോസ്റ്റുമായാണ്  ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്. മുകുന്ദന്റെ  ” ഇത്രയേ ഉള്ളൂ ”  എന്ന പ്രയോഗത്തിന്റെ ചുവടുപിടിച്ച്  ” ഇത്രയേ ആകാവൂ ” എന്ന് ശാരദക്കുട്ടി  പറയുന്നു. മനുഷ്യർ കല്ലും സിമൻറും കോൺക്രീറ്റുമായല്ല പുല്ലും വള്ളിയും പുഴുവും പൂമ്പാറ്റയും മഞ്ഞും വെള്ളവുമായാണ് ഭൂമിയുടെ ഭാഗമാകേണ്ടത് എന്ന് കാവ്യാത്മകമായി  തിരുത്തുന്നു.

കുഞ്ഞിക്കയെപ്പോലൊരാൾക്ക് ഭൂമിയൊരുക്കുന്ന ഈ സ്മാരകം മതിയെന്നും  ഈ നിത്യഹരിതഭൂമിയിലാണ് ആ കാമുക ഹൃദയവും ശരീരവും സ്വാസ്ഥ്യവും തണുപ്പും അനുഭവിക്കുകയെന്നും അവർ പറയുന്നു.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ പാരസ്പര്യത്തെയും പുനത്തിലിന്റെ പ്രകൃതിയോടുള്ള അഗാധമായ പ്രണയത്തെയും ആഭിമുഖ്യത്തെയും ഓർമിപ്പിക്കുന്നതാണ് ശാരദക്കുട്ടിയുടെ വരികൾ.

“പച്ചമനുഷ്യൻ പച്ചയോടു ചേർന്നു കിടക്കട്ടെ ” എന്ന വരിയോടെയാണ്  പോസ്റ്റ് അവസാനിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഭൂമി ന്യായവില പുനർ നിർണയം സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി 

മന്ദാരം ഒക്ടോബർ 5ന്: വിവിധ ഗെറ്റപ്പുകളിൽ ആസിഫ് അലി