in ,

കഥാപാത്രത്തെത്തന്ന വിരലുകൾ മുത്തുന്നത് ഈ വായനക്കാരിയുടെ ഒരാരാധനാരീതിയാണ്

സേതുവിൻറെ വിരലുകൾ മുത്തി ശാരദക്കുട്ടി   

 മലയാള നോവൽ സാഹിത്യ ലോകത്തെ ക്‌ളാസ്സിക് രചനയാണ്‌ പാണ്ഡവപുരം. ഏറെ വായിക്കപ്പെടുകയും ഗൗരവപൂർവം ചർച്ചചെയ്യപ്പെടുകയും ചെയ്ത രചന. പുതു തലമുറ വായനക്കാരും പാണ്ഡവപുരം തേടി ലൈബ്രറികളിലും പുസ്തകോത്സവങ്ങളിലും എത്തുന്നു  എന്നുള്ളതാണ് അതിന്റെ  വിജയം. കഥയും ക്രാഫ്റ്റും കഥാപാത്രങ്ങളുമെല്ലാം നിരവധി പഠനങ്ങൾക്ക് വിധേയമായി. പാണ്ഡവപുരത്തെ ദേവി എന്ന ഒറ്റ  കഥാപാത്രം  മതി മലയാളമുള്ളിടത്തോളം സേതു എന്ന എഴുത്തുകാരൻ ഓർമിക്കപ്പെടാൻ. മലയാളത്തിന്റെ അതിർവരമ്പുകൾ മുറിച്ചു കടന്നും പാണ്ഡവപുരം പോയി. നിരവധി ഭാഷകളിൽ, അനവധി ദേശങ്ങളിൽ അത് വിവർത്തനം ചെയ്യപ്പെട്ടു. അതിനു മുൻപും പിൻപും എഴുതിയതിനെയല്ലാം മറന്നും  മാറ്റിവെച്ചും സേതുവിൻറെ പേര് പാണ്ഡവ പുരത്തോടു കൂട്ടിത്തുന്നുന്ന ഒരു മാസ്മരികതയുണ്ട് . അത്  അവിസ്മരണീയമെന്ന് എഴുത്തുകാരൻ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ഒ  വി വിജയന് ഖസാക്കിന്റെ ഇതിഹാസം പോലെ, വി കെ എന്നിന് പിതാമഹൻ പോലെ, കാക്കനാടന് ഉഷ്ണമേഖല പോലെ, മുകുന്ദന് മയ്യഴിപ്പുഴപോലെ, കുഞ്ഞബ്ദുള്ളയ്ക്ക് സ്മാരകശിലകൾ പോലെ സേതുവിന്‌ പാണ്ഡവപുരവും. 

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി പാണ്ഡവപുരത്തെ ഓർത്തെടുക്കുന്നു. ചിന്താവിഷ്ടയായ സീത പോലെ ഈ കാലയളവിൽ സ്ത്രീകൾ വായിക്കേണ്ട മറ്റൊരു കൃതി പാണ്ഡവപുരമാണ് എന്ന് ഉറപ്പിച്ചു പറയുന്നു . സേതുവുമായുള്ള  കൂടിക്കാഴ്‌ച്ചയ്ക്കിടെ അദ്ദേഹത്തിന്റെ വിരലുകളിൽ ഉമ്മ വെയ്ക്കുന്ന ചിത്രം കൂടി  പങ്കുവെച്ചാണ് ശാരദക്കുട്ടി  അദ്ദേഹത്തോടുള്ള  ആരാധന പ്രകടിപ്പിക്കുന്നത്.


ശാരദക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് 

“മറ്റേതോ ഉണർവ്വിനു വേണ്ടി കാത്തിരിക്കുകയായിരുന്ന അവൾക്കു ചുറ്റും ഒരു ക്ഷേത്രമുണ്ടായി. അവൾ അതിനകം ഒരു സ്വർണ വിഗ്രഹമായി മാറിക്കഴിഞ്ഞിരുന്നു. അവൾ പാണ്ഡവപുരത്തെ കന്യകകളുടെ, സുമംഗലികളുടെ രക്ഷകയായി.”

ചിന്താവിഷ്ടയായ സീത പോലെ ഈ കാലയളവിൽ സ്ത്രീകൾ വായിക്കേണ്ട മറ്റൊരു കൃതി പാണ്ഡവപുരമാണ്. 

എല്ലാരും മയങ്ങിക്കിടക്കെ ഒരുരാത്രിയിലാണ്, അവൾ ആ വീടു വിട്ടോടിയത്. പുരുഷന്റെ വേഷമണിഞ്ഞ്, തലപ്പാവു കെട്ടി, പൊയ് മീശയണിഞ്ഞ് ആളനക്കമില്ലാത്ത രാജവീഥിയിലൂടെ അവൾ ധൈര്യത്തോടെ നടന്നകന്നത്, ഉച്ഛിഷ്ടത്തെ പോലെ അവൾ വെറുത്തവരിൽ നിന്നാണ്.

എങ്ങനെയായിരിക്കുമവൾ നടന്നു നടന്ന് കാടും മേടും താണ്ടി ആ കുന്നിന്റെ മുകളിലെത്തിയത് ? വിഷപ്പാമ്പുകൾ പിണഞ്ഞു കിടക്കുന്ന കൂറ്റൻ മരങ്ങളുടെ നടുവിലുള്ള ഒരു പാറയിൽ ചമ്രം പടിഞ്ഞ് നിർഭയയായിരുന്നത്? പിന്നീടവൾ കണ്ണു തുറന്നതേയില്ലല്ലോ. ഇരുന്നയിരുപ്പിൽ നിന്നനങ്ങിയതേയില്ലല്ലോ. ഋതുഭേദങ്ങൾ അവളറിഞ്ഞതേയില്ലല്ലോ. ആ പാറയും അതേ വിഗ്രഹവും ഇപ്പോഴും ദാ ഇവിടെ എന്റെയുള്ളിലുണ്ട്.

സ്വന്തം തീരുമാനത്തിന്റെ വിശുദ്ധിയിൽ വിശ്വസിച്ചായിരുന്നു അവളുടെ ഓരോ പ്രവൃത്തിയും. ആ ഉന്മാദിനി തന്ന ധൈര്യമൊരു ധൈര്യം തന്നെയായിരുന്നു.

കഥാപാത്രത്തെത്തന്ന വിരലുകൾ മുത്തുന്നത് ഈ വായനക്കാരിയുടെ ഒരാരാധനാരീതിയാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആലപ്പാട് ഖനനം: തദ്ദേശ വാസികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല

വേദ പഠനം ലക്ഷ്യമിട്ട് ദേശീയ വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കാൻ മോദി സർക്കാർ