എസ്.എ.ടി. ആശുപത്രി: പീഡിയാട്രിക് നെഫ്രോളജി ശക്തിപ്പെടുത്തുന്നു

പുതുതായി അനുവദിച്ചത് ഡോക്ടര്‍മാരുടെ 3 തസ്തികകള്‍; പ്രതിവര്‍ഷം ചികിത്സയ്‌ക്കെത്തുന്നത് 10,000 കുട്ടികള്‍; വൃക്ക മാറ്റിവയ്ക്കാനുള്ളത് 22 കുട്ടികള്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 3 തസ്തികള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

ഒരു പ്രൊഫസര്‍ രണ്ട് സീനിയര്‍ റസിഡന്റ് തസ്തികകളാണ് സൃഷ്ടിച്ചത്. 2020 ഓടുകൂടി ഡി.എം. നെഫ്രോളജി കോഴ്‌സ് തുടങ്ങാന്‍ സാധിക്കുന്നതാണ്. ഇതിലൂടെ വൃക്ക രോഗ ചികിത്സയ്ക്കും ഗവേഷണത്തിനും കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ പീഡിയാട്രിക് നെഫ്രോളജി വിഭാഗമുള്ള ഏക സ്ഥാപനമാണ് എസ്.എ.ടി. ആശുപത്രി. കോഴിക്കോട് മുതല്‍ തിരുനല്‍വേലി വരെയുള്ള സ്ഥലങ്ങളില്‍ നിന്നും വൃക്കരോഗത്തിന് ഇവിടെ ചികിത്സ തേടിയെത്താറുണ്ട്.

പ്രതിവര്‍ഷം 10,000 ത്തിലധികം കുട്ടികളാണ് ഈ വിഭാഗത്തില്‍ ചികിത്സ തേടിയെത്താറുള്ളത്. ജന്മനായുള്ള വൃക്ക തകരാറുള്ളവരാണ് ഇതില്‍ അധികവും. ജീവിതശൈലീ രോഗങ്ങള്‍ കാരണം മുതിര്‍ന്നവര്‍ക്ക് പിടിപെടുന്നതു പോലെ വൃക്കരോഗം വരുന്നവരും കുറവല്ല. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കാത്ത് കഴിയുന്ന 22 കുട്ടികള്‍ക്കാണിപ്പോര്‍ ഡയാലിസിസ് ചെയ്യുന്നത്.

വൃക്ക മാറ്റിവച്ച കുട്ടികളും തുടര്‍ചികിത്സയ്ക്കായി ഇവിടെയാണ് എത്തുന്നത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ തികച്ചും സൗജന്യ ചികിത്സയാണ് ഇവിടെ നല്‍കുന്നത്. ബുധനാഴ്ചയും വെള്ളിയാഴ്ചയുമാണ് ഈ വിഭാഗത്തില്‍ ഒ.പി. പ്രവര്‍ത്തിക്കുക.

2007ലാണ് മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് നെഫ്രോളജി തുടങ്ങിയതെങ്കിലും 2015ലാണ് പ്രത്യേക വിഭാഗമായത്. 20 കിടക്കകളാണ് പീഡിയാട്രിക് വാര്‍ഡില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതുകൂടാതെ 5 ഡയാലിസിസ് മെഷീനുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ സഹായത്തോടെ അമേരിക്കയിലെ സിന്‍സിന്നാറ്റി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലുമായി ഇവിടത്തെ നെഫ്രോളജി വിഭാഗം സഹകരിച്ച് വിദഗ്ധ ഉപദേശങ്ങള്‍ സ്വീകരിക്കുന്നുണ്ട്.

മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി എസ്.എ.ടി. ആശുപത്രിയിലും വലിയ മാറ്റമാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ സര്‍ക്കാര്‍ വന്നശേഷം എസ്.എ.ടി. ആശുപത്രി റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തില്‍ 3 പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ന്യൂനെറ്റോളജി വിഭാഗം ശക്തിപ്പെടുത്തുകയും ചെയ്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ലൈംഗിക പീഡനക്കേസിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് വനിതാ എസ് പി ഹൈക്കോടതിയിൽ

സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാനുള്ള അനുമതിക്കായി വേദാന്ത മദ്രാസ് ഹൈക്കോടതിയിൽ