എസ് എ ടി. ആശുപത്രി നവീകരണം: 5 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയുടെ നവീകരണത്തിനായി 5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എസ്.എ.ടി. ആശുപത്രി എ. ബ്ലോക്കിന്റെ സമഗ്ര നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായാണ് തുക അനുവദിച്ചത്. കാലപ്പഴക്കം കൊണ്ട് ഏറെ ബുദ്ധിമുട്ടുന്ന ആശുപത്രി കെട്ടിടത്തില്‍ ഇതോടെ വലിയ സൗകര്യങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

കാലപ്പഴക്കം മൂലമുള്ള കെട്ടിടത്തിന്റെ ബലക്ഷയം മാറ്റി അനുയോജ്യമായ വിധത്തില്‍ പ്ലാസ്റ്റര്‍ ചെയ്യുക, ടെയില്‍സ് പാകുക, വാതിലുകള്‍-ജനാലകള്‍ തുടങ്ങിയ തടിപ്പണികള്‍, പെയിന്റിംഗ്, വാട്ടര്‍സപ്ലൈ ലൈന്‍, ടോയ്‌ലറ്റുകള്‍ തുടങ്ങിയവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും നവീകരണത്തിനുമായാണ് ഇത്രയേറെ തുക അനുവദിക്കുന്നത്.

ആലപ്പുഴ മുതല്‍ കന്യാകുമാരി വരെയുള്ള സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസ കേന്ദ്രമായ എസ്.എ.ടി.യില്‍ പ്രതിവര്‍ഷം പതിനായിരത്തില്‍പരം കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കുന്നത്. 1945ല്‍ രാജകുടുംബമാണ് ഈ ആശുപത്രിക്ക് തുടക്കം കുറിച്ചത്. 1952 ല്‍ എസ്.എ.ടി. ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ കെട്ടിടത്തില്‍ പിന്നീട് ചില അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും ഇത്രയും വിപുലമായി നവീകരിക്കുന്നത് ഇതാദ്യമാണ്.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ മാതൃശിശു ആശുപത്രികൂടിയാണ് എസ്.എ.ടി. പ്രതിദിനം ആയിരത്തോളം രോഗികള്‍ ഈ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നു. കേരളത്തിലെ തെക്കന്‍-മധ്യ ജില്ലകളിലേയും തമിഴ്‌നാട്ടിലെ ചില ജില്ലകളിലേയും ഗര്‍ഭിണികളും കുട്ടികളും ചികിത്സയ്ക്കായ് എത്തുന്ന പ്രധാന വിദഗ്ധ ആശുപത്രി കൂടിയാണ് എസ്.എ.ടി.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എസ്.എ.ടി.യുടെ വികസനത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. എസ്.എ.ടി. ആശുപത്രിയില്‍ നാമമാത്രമായിരുന്ന പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ 6 കോടി രൂപ ചെലവഴിച്ച് കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമാക്കി. ഇതുവഴി കുട്ടികളിലും നവജാത ശിശുക്കളിലും കാണപ്പെടുന്ന ശസ്ത്രക്രിയ ആവശ്യമില്ലാത്ത ജനിതക ഹൃദ്രോഗങ്ങള്‍ പൂര്‍ണമായും സൗജന്യമായി ചികിത്സിക്കാവുന്നതാണ്. ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് അധ്യാപക അനധ്യാപകരുടെ 13 തസ്തികകളും സൃഷ്ടിച്ചു. എസ്.എ.ടി.യില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ആര്‍ദ്രം പദ്ധതി ആരംഭിച്ചു. തിരുവന്തപുരം മെഡിക്കല്‍ കോളേജിന് മാത്രമായി 225 സ്റ്റാഫ് നഴ്‌സ് തസ്തിക സൃഷ്ടിച്ചപ്പോള്‍ ഇതില്‍ 91 തസ്തിക എസ്.എ.ടി. ആശുപത്രിക്കാണ് അനുവദിച്ചത്. എസ്.എ.ടി.യില്‍ റീപ്രൊഡക്റ്റിവ് മെഡിസിന്‍ വിഭാഗം, എം.സി.എച്ച് കോഴ്‌സ് തുടങ്ങുന്നതിനായി മതിയായ തസ്തിക അനുവദിച്ചു. നിയോനേറ്റോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അധ്യാപക തസ്തികയും സൃഷ്ടിച്ചു. എസ്.എ.ടി.യില്‍ ആരംഭിച്ച പുതിയ മാതൃ ശിശു മന്ദിരത്തിന്റെ തുടര്‍ന്നുള്ള രണ്ട് നില പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.

മെഡിക്കല്‍ കോളേജില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 717.29 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി എസ്.എ.ടി.യില്‍ പുതിയ ബ്ലോക്കും കൂടുല്‍ സൗകര്യങ്ങളും വരുന്നതാണ്. ഇതോടെ ലോകശ്രദ്ധയിലേക്ക് എസ്.എ.ടി. ആശുപത്രി മാറും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

”ഇരുട്ടിന്‍റെ പ്രഹരമേറ്റ യുവ മലയാളം സിനിമ”  ബിനാലെയില്‍

നിശാഗന്ധി നൃത്തോത്സവത്തിന് തുടക്കമായി: തനതു നൃത്തരൂപങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്ന് ഗവര്‍ണര്‍