എന്റേതാണ്‌ എന്നല്ല; എന്റേത്‌ കൂടിയാണ്‌ എന്ന് ചുറ്റുമുള്ളവരെ കാണാൻ ശ്രമിക്കാം

ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നതും അതേ സമയം ഒരിക്കലും എന്നെക്കൊണ്ടതിനാവില്ല എന്ന് ഉറപ്പുള്ളതുമായ മനോഹരമായ ഒരു സ്വീഡിഷ്‌ ആചാരത്തെക്കുറിച്ചാണ്‌ ഈ  പുസ്തകം. ‘ഡെത്ത്‌ ക്ലീനിംഗ്‌ ‘എന്നാണ്  ആ സ്വീഡിഷ്‌ സംഗതിയുടെ പേര് – ‘ഡോസ്റ്റാഡ്നിംഗ്‌ ‘ എന്നോ മറ്റോ ആണ്‌ അവരുടെ ഭാഷയിൽ.

ഒരു ജീവിതം ആരംഭിക്കുമ്പോൾ നിങ്ങൾ എത്ര ശ്രദ്ധയോടെയും താത്പര്യത്തോടെയും ഓരോരോ വസ്തുക്കൾ സ്വരൂപിച്ചു കൂട്ടിയോ, അതേ താത്പര്യത്തോടെ ഓരോന്നിനേയും കൈയ്യൊഴിയുകയും ശാന്തമായി മരണത്തിലേക്ക്‌ നടന്നു പോകുവാൻ തയ്യാറാവുകയും ചെയ്യുക എന്ന മഹത്തായ ഒരു സങ്കൽപമാണത്‌.


മാർഗരീത്ത മാഗ്‌നുസണിന്റെ The Gentle Art of Swedish Death Cleaning: How to Free Yourself and Your Family from a Lifetime of Clutter  എന്ന പുസ്തകത്തെക്കുറിച്ച് 

സതീഷ്‌കുമാർ 

എഴുതിയ ശ്രദ്ധേയമായ  ഫേസ്ബുക്ക് കുറിപ്പ്:


നിങ്ങളുടെ കുഞ്ഞുങ്ങളിൽ  ഒരാളെങ്കിലും നന്നേ ചെറുപ്പത്തിലേ മൂന്ന് ചക്രങ്ങളുള്ള ഒരു സൈക്കിൾ ഓടിച്ചിട്ടുണ്ടായിരുന്നോ? അല്ലെങ്കിൽ കുറച്ചു കൂടി മുതിർന്നതിനു ശേഷം രണ്ടു ചക്രങ്ങളുള്ള ഒരു കുട്ടി സൈക്കിൾ?

എന്താണിപ്പോൾ ഇങ്ങനെയൊരു ചോദ്യം എന്ന് അത്ഭുതപ്പെടാതിരിക്കൂ. ഇത്‌ അത്ര പ്രസക്തമായ ഒരു ചോദ്യമൊന്നുമല്ല. ഉണ്ട്‌ എന്നാണ്‌ നിങ്ങളുടെ ഉത്തരമെങ്കിൽ ഇനി ഒരു ചോദ്യം കൂടി വരാനുണ്ട്‌. എന്നെ സംബന്ധിച്ചിടത്തോളം ആ ചോദ്യത്തിന്റെ ഉത്തരമാണ്‌ പ്രധാനം.

എന്നിട്ട്‌ നിങ്ങൾ ആ സൈക്കിൾ എന്തു ചെയ്തു? നിങ്ങളുടെ കുട്ടിയുടെ കൗതുകവും താത്പര്യവും ഒടുങ്ങിയ ശേഷം ആ സൈക്കിൾ നിങ്ങൾ എന്തു ചെയ്തു? വഴിയോരത്തെ ആക്രിക്കടകളിൽ നോക്കൂ. എത്രമാത്രം അത്തരം സൈക്കിളുകളാണ്‌. ചുരുങ്ങിയത്‌ ഒരു അഞ്ചു വർഷമെങ്കിലും ആരും ഉപയോഗിക്കാതെ ഇരുന്ന് തുരുമ്പ്‌ കയറി നശിച്ച അത്തരം സൈക്കിളുകൾ. എന്തുകൊണ്ടാവും അതിങ്ങനെ നശിച്ച്‌ ഉപയോഗശൂന്യമായ്‌ തീരും വരെ ‌ മറ്റൊരു കുഞ്ഞിന്‌ നാമത്‌ നൽകാതിരുന്നത്‌‌?

അത്തരമൊരു ആഗ്രഹത്തെ ഒരിക്കലും നടക്കാത്ത ഒരാശയായി കൊണ്ടു നടക്കുന്ന ഒരു കുട്ടിയെ കണ്ടെത്തുക എന്നത്‌ ഒട്ടും പ്രയത്നം ആവശ്യമില്ലാത്ത ഒന്നായിട്ടു പോലും നമ്മിൽ പലരും എന്തുകൊണ്ടാവും അങ്ങനെയൊരു  ഇഷ്ടദാനത്തിന്‌ മുതിരാതിരുന്നിട്ടുണ്ടാവുക?

അഞ്ചു വർഷം എന്നത്‌ ഞാൻ ചെറിയൊരു കാലയളവ്‌ പറഞ്ഞതാണ്‌. വീട്ടുടമസ്ഥന്റെ കല്യാണം കഴിഞ്ഞ്‌ ജർമ്മനിയിൽ പോയ മകൾ ഉപയോഗിച്ചിരുന്ന മുച്ചക്രവണ്ടി പോലും ചിലനേരങ്ങളിൽ തൊഴുത്തിന്റെ മേൽത്തട്ടിൽ നിന്ന് മൃഗഡോക്ടറായ എന്റെ കഷണ്ടിയിൽ തോണ്ടാറുണ്ട്‌ ജോലിക്കിടയിൽ പലപ്പോഴും.

സൈക്കിൾ മാത്രമല്ല, അങ്ങനെ എന്തൊക്കെയോ സാധനങ്ങൾ…കഴിഞ്ഞ അഞ്ചോ പത്തോ വർഷമായി ഒരിക്കൽപോലും ഉപയോഗിച്ചിട്ടില്ലാത്തതും, ഇനി വിദൂരഭാവിയിൽ പോലും ഉപയോഗിക്കാൻ സാധ്യതയില്ലാത്തതുമായ അനവധി സംഗതികളുണ്ട്‌ ഓരോ മലയാളി വീടുകളിലും.

അന്യന്‌ അത്യാവശ്യമായ ഒന്നായിരിക്കുമ്പോൾ തന്നെ അനാവശ്യമായ സ്ഥലം മുടക്കികളായി പ്രഭയറ്റ്‌ കഴിയാൻ വിധിക്കപ്പെട്ട അനവധി സാധനങ്ങൾ.

അടുക്കളപ്പുറത്തെ വർക്ക്‌ ഏരിയയിൽ പൊടിപിടിച്ചു കിടക്കുന്ന ആ തയ്യൽ മെഷീൻ, കഴിഞ്ഞതിന്റെ മുന്നിലെക്കൊല്ലം വീണ്‌ കാലൊടിഞ്ഞപ്പോൾ വാങ്ങിയ ആ വാക്കർ, അച്ഛൻ അവസാന നാളുകളിൽ ഉപയോഗിച്ച ചക്രക്കസേര, പഴയ ഡൈനിംഗ്‌ ടേബിൾ, ആ ഒരു ജോടി ഷട്ടിൽ ബാറ്റുകൾ, നിങ്ങൾ കൈകൊണ്ട്‌ തൊടാറില്ലാത്ത യുറേക്കാ ഫോബ്സിന്റെ വാക്വം ക്ലീനർ, നിറം ഇഷ്ടമല്ലാത്തത്‌ കൊണ്ട്‌ കുട്ടികൾ ഉപയോഗിക്കാത്ത നിങ്ങളുടെ പഴയ ആ ട്രോളി ബാഗ്‌…

ശ്രദ്ധിച്ചു നോക്കൂ. നിങ്ങളുടെ വീടിന്റെ ഒരു പത്ത്‌ ശതമാനം സ്ഥലമെങ്കിലും കൈയ്യടക്കി വെച്ചിരിക്കുന്നത്‌  ഇനി ഒരിക്കൽപോലും ഉപയോഗിക്കാനിടയില്ലാത്ത ഇത്തരം സാധനങ്ങളാണ്‌. വെള്ളം കയറി പുറത്തേക്ക്‌ വലിച്ച്‌ ഇറക്കിയിട്ടപ്പോളാണ്‌ ഇതൊക്കെ എന്തിനായിരുന്നു എന്നു മാത്രമല്ല എവിടെയായിരുന്നു എന്നു പോലും നിങ്ങൾ അമ്പരന്നത്‌‌.

എന്തു കൊണ്ടാവും നമ്മളിതൊന്നും ഒഴിവാക്കാഞ്ഞത്‌? നമ്മൾ അത്ര പിശുക്കന്മാരായിട്ടൊന്നുമല്ല. ഒരു പക്ഷേ ആരെങ്കിലുമൊരാൾ ചോദിച്ചിരുന്നെങ്കിൽ നമ്മൾ തീർച്ചയായും കൊടുക്കുകയും ചെയ്തേനേ. പക്ഷെ, ഒരു തരം മടി, അതവിടെ ഇരുന്നോട്ടെ എന്ന ഒരു വെറും തോന്നൽ. വൈകാരികമായി അത്രമേൽ പ്രിയപ്പെട്ടവയൊഴിച്ചുള്ളവയെല്ലാം വീട്ടിൽ വെറുതേയിരുന്ന് ഉപയാഗശ്യന്യമാവുന്നതിന്‌  അത്രയും സിമ്പിളായ കാരണങ്ങളേ ഉള്ളൂ…

പഴയവ അങ്ങനെ കൊടുക്കാമോ?

പഴയവ ആളുകളങ്ങനെ സ്വീകരിക്കുമോ?

അതവരുടെ അത്മാഭിമാനത്തെ മുറിപ്പെടുത്തുകയില്ലേ എന്നൊക്കെ ആശങ്കപ്പെടുന്നവരുണ്ടാകും. അവരോട്‌ എനിക്ക്‌ പറയുവാനുള്ളത്‌ ഒന്ന് മാത്രമാണ്‌. നിങ്ങൾ കൊടുക്കുന്നത്‌ പഴയതോ പുതിയതോ എന്നതിനേക്കാൾ പ്രധാനം നിങ്ങൾ ഏതു വിധത്തിൽ കൊടുക്കുന്നു എന്നതിനാണ്‌.

എപ്പോൾ ഏത്‌ അവസരത്തിൽ, എന്ത്‌ തരം മനോഭാവത്തോടെ കൊടുക്കുന്നു എന്നതാണ്‌ തീർച്ചയായും പ്രധാനം.

ചാക്കുകളിൽ വാരിക്കെട്ടിയ നിലയിൽ ദുരിതാശ്വാസക്യാമ്പുകളിൽ തള്ളപ്പെട്ട പഴയ വസ്ത്രങ്ങൾ അവർക്ക്‌ അപമാനകരമായി തോന്നിയത്‌ മേൽപറഞ്ഞ കാര്യങ്ങളിലെ ശരിയില്ലായ്മ കൊണ്ടാണ്‌. അവ പാക്ക്‌ ചെയ്യപ്പെട്ട രീതിയും അവ വിതരണം ചെയ്യപ്പെട്ട രീതിയും അതിന്റെ ആവശ്യക്കാരനെ ബഹുമാനിക്കും വിധമായിരുന്നില്ല.

എന്റെ സ്നേഹം എന്നതിനേക്കാൾ എന്റെ ഭിക്ഷ എന്ന നിലയിലാണ്‌ അവ അവരോട്‌ സംസാരിച്ചത്‌. അവയൊന്നും തീരെ പഴയവയോ ഉപയോഗശൂന്യമായവയോ ആയിരുന്നില്ല. അവ ക്യാമ്പുകളിലേക്ക്‌ അയച്ചവരുടെ ഉദ്ദേശവും ശുദ്ധം തന്നെയായിരുന്നിരിക്കണം.  എങ്കിലും അവ നിരാകരിക്കപ്പെട്ടു.

മറ്റൊരിടത്ത്‌ മറ്റൊരു സമയത്ത്‌ സ്നേഹപൂർവ്വം കൈമാറ്റം ചെയ്യപ്പെട്ടിരുന്നുവെങ്കിൽ കൊടുക്കുന്നതിന്റേയും വാങ്ങുന്നതിന്റേയും ആഹ്ളാദം ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്ന അവയിൽ പലതും അനാഥമായി ആർക്കും വേണ്ടാത്ത അനാവശ്യവസ്തുക്കളായി നിർദ്ദാക്ഷിണ്യം ഉപേക്ഷിക്കപ്പെട്ടു.

ആവശ്യക്കാർ നമുക്ക്‌ ചുറ്റും തന്നെ ഇല്ലാഞ്ഞിട്ടാണോ? നിങ്ങളെ അടുക്കളപ്പണിയിൽ സഹായിക്കാൻ വരുന്ന ആ സ്ത്രീയുടെ ബന്ധുക്കളായ പെൺകുട്ടികൾ. പഴയ പത്രങ്ങൾ വാങ്ങാൻ വരുന്ന ആ കൗമാരക്കാരൻ. നിങ്ങളുടെ ബ്യൂട്ടിപാർലറിലെ സഹായികളായി ജോലി ചെയ്യുന്ന ആ പെൺകുട്ടികൾ. നിങ്ങളുടെ ഫ്ലാറ്റിലെ/ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരൻ. നിങ്ങളുടെ വേസ്റ്റ്‌ എടുക്കുവാൻ നിത്യവും വരുന്ന ആ ചേച്ചിമാർ. നിങ്ങൾ നിത്യം പോകുന്ന മാളിലെ ലിഫ്റ്റ്‌ ഓപ്പറേറ്ററായ ആ ചെറുപ്പക്കാരി.

ചോദിച്ചു നോക്കിയിട്ടുണ്ടോ ‘എന്റെ ചില വസ്ത്രങ്ങളുണ്ട്‌ , ഉപയോഗിച്ചത്‌. തന്നാൽ വിരോധമുണ്ടോ ‘എന്ന്? ഇല്ല എന്നാണ്‌ ഉത്തരമെങ്കിൽ നല്ല വൃത്തിയായി അലക്കി പാക്ക്‌ ചെയ്ത്‌ അവർക്ക്‌ കൊടുത്തു നോക്കിയിട്ടുണ്ടോ? അവർ അത്‌ അമൂല്യമായി സൂക്ഷിച്ച്‌ വിശേഷ അവസരങ്ങളിലേക്കായി മാറ്റി വെയ്ക്കുന്നത്‌ കണ്ടിട്ടുണ്ടോ.

കേരളത്തിൽ, മദ്ധ്യവർഗ്ഗത്തിനും ദരിദ്രർക്കുമിടയിൽ പേരില്ലാത്ത ഒരു സാമ്പത്തിക വിഭാഗം കൂടിയുണ്ട്‌ നിലവിൽ. അവരിൽ പെട്ടവരാണ്‌ ഞാൻ മുൻപ്‌ പറഞ്ഞവരിൽ പലരും. നിങ്ങളോട്‌ യാചിക്കുവാൻ സ്വാതന്ത്ര്യമോ മനസോ ഇല്ലാത്തവർ. മാന്യമായി ജീവിക്കുന്നുണ്ട്‌ എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയുള്ളവർ.

നമ്മൾ പറഞ്ഞുവന്നത്‌ അതിനെപ്പറ്റിയല്ല. നമുക്ക്‌ ആവശ്യമില്ലാത്ത വസ്തുക്കളെ അനന്തമായി സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയാണ്‌

അവ അങ്ങനെ സൂക്ഷിച്ചു വെയ്ക്കാതെ ആവശ്യക്കാർക്ക്‌ അപ്പോഴപ്പോൾ കൊടുക്കാൻ ശ്രമിച്ചാലോ എന്നാണ്‌.

ഒരാൾക്ക്‌ എത്ര ഭൂമി വേണം എന്നതുപോലെ തന്നെ സങ്കീർണ്ണമാണ്‌ ഒരാൾക്ക്‌ എത്രയൊക്കെ സൗകര്യങ്ങളും സാമഗ്രികളും വേണം എന്നുള്ളതും. എല്ലാ മനുഷ്യർക്കും മിനിമം സൗകര്യങ്ങൾ ഉറപ്പായ ഒരിടത്ത്‌ സാധ്യമായ ആളുകൾക്ക്‌ അവർക്ക്‌ വേണ്ടത്രയും സൗകര്യങ്ങൾ ആകുന്നതിൽ ചില്ലറ അസൂയയൊക്കെ തോന്നാമെങ്കിലും അതിൽ വലിയ തെറ്റൊന്നുമില്ല എന്നതാണ്‌ സമൂഹം പൊതുവേ അംഗീകരിച്ചിട്ടുള്ള സംഗതി.

ആ സാമൂഹിക സമ്മതി നിലനിൽക്കുന്നതുകൊണ്ടാണ്‌ ലംബോർഗ്ഗിനി ഓടിക്കാൻ കഴിയാത്ത റോഡുകളെക്കുറിച്ചുള്ള  മല്ലികാസുകുമാരന്റെ സങ്കടങ്ങളെ തമാശയായിട്ടാണെങ്കിൽ പോലും ജനങ്ങൾ അംഗീകരിച്ചു കൊടുക്കുന്നത്‌. ചെളി വെള്ളത്തിൽ ചവിട്ടി നടക്കുന്ന കലക്ടറെ നാം പുകഴ്ത്തി സ്തുതിക്കുമ്പോൾ കൂടെ നടക്കുന്ന പോലീസുകാരുൾപ്പെടെയുള്ളവർ നമ്മുടെ കണ്ണിലങ്ങനെ പ്രത്യേകം പെടാതെ പോകുന്നതും നാം ചിലർക്ക്‌ ചില ജീവിത രീതികൾ സങ്കൽപ്പിച്ച്‌ ചാർത്തി നൽകിയിട്ടുണ്ട്‌ എന്നതിനാലാണ്‌.

അതവിടെ നിൽക്കട്ടെ. വെള്ളം കയറി നാശമാക്കിയ വീടുകളിൽ നിന്ന് വലിച്ച്‌ പുറത്തിട്ട ഇത്തരം വസ്തൂക്കളുടെ ബാഹുല്യം കണ്ടതു കൊണ്ടാണ്‌ ഇപ്പോൾ ഇത്‌ എഴുതുവാനിടയായത്‌ എങ്കിലും ഇതിന്റെ മൂലകാരണം ഒരു പുസ്തകമാണ്‌. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ‘ ദ ജന്റിൽ ആർട്ട്‌ ഓഫ്‌ സ്വീഡിഷ്‌ ഡെത്ത്‌ ക്ലീനിംഗ് ‘‌ എന്ന പുസ്തകം. ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നതും അതേ സമയം ഒരിക്കലും എന്നെക്കൊണ്ടതിനാവില്ല എന്ന്  ഉറപ്പുള്ളതുമായ മനോഹരമായ ഒരു സ്വീഡിഷ്‌ ആചാരത്തെക്കുറിച്ചാണ്‌ ആ പുസ്തകം. ‘ഡെത്ത്‌ ക്ലീനിംഗ്‌ ‘എന്നാകുന്നു ആ സ്വീഡിഷ്‌ സംഗതിയുടെ പേര്. ‌‘ഡോസ്റ്റാഡ്നിംഗ്‌ ‘എന്നോ മറ്റോ ആണ്‌ അവരുടെ ഭാഷയിൽ .

ഒരു ജീവിതം ആരംഭിക്കുമ്പോൾ നിങ്ങൾ എത്ര ശ്രദ്ധയോടെയും താത്പര്യത്തോടെയും ഓരോരോ വസ്തുക്കൾ സ്വരൂപിച്ചു കൂട്ടിയോ,അതേ താത്പര്യത്തോടെ ഓരോന്നിനേയും കൈയ്യൊഴിയുകയും ശാന്തമായി മരണത്തിലേക്ക്‌ നടന്നു പോകുവാൻ തയ്യാറാവുകയും ചെയ്യുക എന്ന മഹത്തായ ഒരു സങ്കൽപമാണത്‌. നിങ്ങൾ ആലോചിച്ചിട്ടുണ്ടൊ കാലമെത്തി മരിക്കുന്ന ഒരുവന്‌ അവന്റെ അവസാന നാളുകളിൽ ഇന്നലെ വരെ അവന്റെയായിരുന്ന എന്തൊക്കെ വസ്തുക്കളാണ്‌ അനാവശ്യമായി വരിക? കുളിമുറിയിൽ വഴുക്കാത്ത ഒരു ജോടി ചെരുപ്പിനോളം വിലയുണ്ടാകുമോ യുവാവായിരുന്നപ്പോൾ  അയാൾ ചീറിപ്പാഞ്ഞു നടന്നിരുന്ന ആ സ്പോർട്ട്സ്‌ ബൈക്കിന്‌? ശ്വാസം കിട്ടാതെ വിമ്മിട്ടപ്പെടും നേരം വലിക്കാനുള്ള ആ ഇൻഹേലറിന്റെ നൂറിലൊന്ന് വിലയുണ്ടാകുമോ അവരുടെ അടുക്കള അലമാരിയിലെ ആ ക്രിസ്റ്റൽ പാനപാത്രങ്ങൾക്ക്‌?ഊരാനും ഇടാനും എളുപ്പമുള്ള കനം കുറഞ്ഞ കുപ്പായങ്ങൾ, തണുപ്പിനെ പ്രതിരോധിക്കാനുള്ള ഒരു സ്വെറ്റർ, ബലമുള്ള ഒരു ഊന്നുവടി, കൈവരികൾ പിടിപ്പിച്ച വഴുക്കൽ കുറഞ്ഞ കുളിമുറി. അയാളുടെ /അവളുടെ പ്രയോറിട്ടികൾ എത്രവേഗത്തിലാണ്‌ മാറി മറിയുന്നത്‌ അല്ലേ..

അത്രയേ ഉള്ളൂ കാര്യം.

ഇന്നിപ്പോൾ സ്വന്തമാക്കി അഹങ്കരിക്കുന്നതൊക്കെയും നിങ്ങളെ സംബന്ധിച്ചിടത്തോളം ഉപയോഗശൂന്യമാവുന്ന ഒരു കാലം വരിക തന്നെ ചെയ്യും

ആ യാത്രക്കുള്ള ഒരുക്കമാണ്‌ ഈ പറഞ്ഞ ‘ഡെത്ത്‌ ക്ലീനിംഗ്‌’. അനാവശ്യമായവയെ ഉപേക്ഷിച്ചുപേക്ഷിച്ച്‌ പോകുക. ഒന്നും കൂടെ കരുതാനാവാത്ത ആ അവസാന യാത്രക്ക്‌ പുറപ്പെടുമ്പോൾ അവനവന്റെ എന്ന് വളരെ ലളിതമായ ചിലത്‌ മാത്രം ഭൂമിയിൽ ശേഷിപ്പിക്കുക.

എത്ര മനോഹരമായ ആശയമാണ്‌ അല്ലേ? പക്ഷേ നമ്മളേക്കൊണ്ടതാകുമോ? നിങ്ങളുടെ കാര്യം എനിക്ക്‌ അറിഞ്ഞുകൂട . പക്ഷേ എനിക്കതിന്‌ ആവില്ല എന്നത്‌ ഏതാണ്ട്‌ ഉറപ്പാണ്‌. അത്രമേൽ അറ്റമില്ലാത്തതാണ്‌ ആശാപാശം. അല്ലെങ്കിൽ അത്രയൊന്നും വളർന്നിട്ടില്ല എന്റെ മനസ്‌.

എങ്കിലും  ചിലത്‌ ശ്രമിക്കാം എന്ന് തോന്നുന്നു. വൈരാഗ്യങ്ങളെ, വാശികളെ, ഒക്കെ ആദ്യമുപേക്ഷിക്കാം. ഞാൻ എന്ന ഭാവത്തേയും, എനിക്ക്‌, എനിക്ക്‌ എന്ന ആർത്തിയേയും ഉപേക്ഷിക്കാം. എന്റേതാണ്‌ എന്ന ഭാവത്തിൽ നിന്നും എന്റേത്‌ കൂടിയാണ്‌ എന്ന് ചുറ്റുമുള്ളവരെ കാണാൻ ശ്രമിക്കാം.

അതിമോഹങ്ങളെ, അസൂയയെ, ഒക്കെ പതുക്കെ പതുക്കെ  വഴിയിലുപേക്ഷിക്കാം. മനസിലെങ്കിലും പ്രായോഗികമാക്കാം   മരണത്തിനുവണ്ടിയുള്ള ആ ശുചീകരണം. അത്‌ സാധ്യമായാൽ, ഒരു പക്ഷേ, മറ്റേതും എളുപ്പത്തിൽ സാധ്യമാവുമായിരിക്കും, അല്ലേ?

മനസ്‌ ശുദ്ധമായാൽ മനുഷ്യനോളം നല്ലൊരു ജീവി ഭൂമിയിലുണ്ടോ?

(ഈ പുസ്തകം ഞാൻ വായിച്ചിട്ടില്ല കേട്ടോ. പുസ്തകത്തെക്കുറിച്ച്‌ വായിക്കുക മാത്രമാണ്‌ ചെയ്തത്‌. അടുത്ത വായന ഇതു തന്നെ എന്ന് നിശ്ചയിച്ചിട്ടുമുണ്ട്‌. നിങ്ങളിലാർക്കെങ്കിലും എനിക്കൊരു സ്നേഹസമ്മാനം തരണമെന്നുണ്ടെങ്കിൽ ഞാൻ ഈ പുസ്തകത്തെ ശുപാർശ  ചെയ്യുന്നു.)

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കൊച്ചി വിമാനത്താവളം തുറന്നു

കേടായ ഉപകരണങ്ങൾക്ക് ജീവൻ നൽകി ആറ്റിങ്ങൽ ഗവ ഐ ടി ഐ നൈപുണ്യ കർമ്മസേന