in ,

കടൽ മണം…കൊതിമണം

 – രതി പതിശ്ശേരി  – 

അകന്ന് മാറിയ കൈവേദനകൾ
അതേ ആഴത്തിൽ തിരിച്ചു തരുന്ന  ഓർമ്മകളാണ്
എനിക്ക്  കടൽ.

കടൽ എനിക്ക് പറഞ്ഞുതന്നത് അമ്മയാണ്
വൈകുന്നേരങ്ങളിലെ നനഞൊട്ടലിൽ
മീന്മണം ഏറ്റ കൂട്ടിപ്പിടുത്തങ്ങളിൽ

രതി പതിശ്ശേരി
രതി പതിശ്ശേരി

അരപ്പുകലക്കി പുളിയിൽ തിളപ്പിച്ച്
ചെറുതീയിൽ കിടക്കുന്ന കറി ക്കലത്തിലേക്കു
എന്തൊരു വേഗമാണ് ‘അമ്മ മീനുകളെ നന്നാക്കി ഇട്ടിരുന്നത്
വെന്തിറങ്ങിയ ആ ചൂട് മീൻ കൂട്ടാനിനും  ചോറിനും എന്ത് രസമായിരുന്നു അന്നൊക്കെ 4 മണിക്ക് സ്കൂൾ വിട്ടുവന്നാൽ മീൻവറുത്തതും ചോറും പിന്നെയും.

അപ്പുറത്തെ ഉപ്പവരുമ്പോൾതരുന്ന
ഗൾഫ് മിട്ടായിക്കും അത്തറിനും
ഞങ്ങൾ പകരം കൊടുക്കുക
പല പേരിലും വലിപ്പത്തിലുമുള്ള
മീനുകളാണ് .

കളിക്കിടയിൽ ഷെറഫിനെ അത്തറ് മണക്കുന്നു എന്ന് പറയുമ്പോൾ
നിനക്ക് മീൻമണമാണെന്ന് അവൻ എന്നെ കളിയാക്കലിൽ ഉന്തും.

ഞങ്ങടെ ഗൾഫ് കടലാണെന്നും
അവിടം വിളഞ്ഞാലേ
ഇവിടം നിറയു എന്നും
ഞാനന്നേ അറിഞ്ഞു വെച്ചു

കുഞ്ഞാണ്ടി വാസു ചൂണ്ടിപ്പിടിക്കുന്ന
ബ്രാലിനേം പിലോപ്പിയയെയും
ഞങ്ങടെ കടൽ മീനുകൾ വെട്ടിക്കും.

കുഞ്ഞിക്കടലാസിൽ കടലിനെ വരച്ചാണ് ഞാൻ ചിത്രകാരിയായത്. നിറയെ മീനുള്ള വഞ്ചിയിൽ തൊപ്പിവെച്ചു തുഴഞ്ഞു വരുന്ന എന്റെ അച്ഛനേയും.
ആഗ്രഹങ്ങൾക്ക് അന്ന് അവസാനമില്ല.

തിരുവഞ്ചേരി ഉത്സവത്തിന് പട്ടുപാവാടേം കുപ്പായോം, ചാന്തും ബലൂണും നിറയെ ഐസും.
എന്നിരുന്നാലും
വലുതാവലിന്റെ നീളം  വെയ്ക്കലിൽ എപ്പഴോ എനിക്ക് ആ കടലും തീരവും അവിടുത്തെ ആളുകളും ചേരുന്നില്ലെന്നു തോന്നിത്തുടങ്ങി.

മുക്കോത്തിക്കുട്ടി  എന്ന് പറയുന്നിടത്ത് ഒരു ഉന്നത കുല ജാതയുടെ
വകഭേദ മായി ജാതികോളത്തിൽ ചേർക്കപ്പെടാൻ
എല്ലാവരെപ്പോലെ ഞാനും ആഗ്രഹിച്ചുതുടങ്ങി .

മുതിർന്ന ക്ലാസ്സുകളിൽ അച്ഛന്റെ ജോലി ചോദിക്കുന്നിടത്തും എഴുത്തുന്നിടത്തും മത്സ്യത്തൊഴിലാളി എന്നതിന് പകരമായി കൃഷിക്കാരന്റെ ആംഗലേയമായ ഫാർമർ  എന്നും ഞാൻ നുണകളിൽ  സ്വയം പൂരിപ്പിച്ചു.

ക്ലാസ് മീറ്റിംഗുകളിൽ, കടലിൽ നിന്നും കയറി വരുന്ന അച്ഛന് പകരമായി ഒരു ഗൾഫ് കാരൻ  അച്ഛനെ ഞാൻ സങ്കല്പിച്ചുണ്ടാക്കി  .

ചിലപ്പോ  കോൺവെന്റ് സ്കൂളിലെ  കുട്ടികൾ  അവരുടെ കൂടെ എന്നെ കൂട്ടില്ല എന്ന് ഭയന്നിട്ടായിരിക്കണം അങ്ങനത്തെ കുഞ്ഞു നുണകൾ ഞാൻ പറഞ്ഞോണ്ടിരുന്നത്.

എന്നാലും, രാത്രികളിൽ  ഉപ്പുവെള്ളത്തിൽ കുതിർന്ന  നോട്ടുകൾ അച്ഛൻ കീശയിൽ നിന്നും എടുത്ത്  അമ്മയുടെ കയ്യിൽ അരിക്കലത്തിന്റെ മൂടിയിൽ വെച്ച് ഉണക്കാൻ ഏൽപ്പിക്കുന്നത് കാണുമ്പോൾ ഞാൻ പറഞ്ഞപോയ നുണകളിൽ പശ്ചാത്തിപ്പിച്ച്‌  മുത്തപ്പനെ പ്രാർത്ഥിച്ച്  ഉറങ്ങുമായിരുന്നു അന്നൊക്കെ.
sea_fishermanകാലം അതിന്റെ ചൂരൽ പ്രയോഗത്താൽ  വേഗം  പാഞ്ഞുപോയി.

പഠിപ്പും പത്രാസും മക്കൾക്ക് ആയതോടെ അച്ഛൻ പടിഞ്ഞാറൻ മേഖലയോട് സുല്ല് പറഞ്ഞ് രാഷ്ട്രീയത്തിന്റെ ഇൻക്വിലാബിലേക്കു ചേക്കേറി.

ഡിഗ്രി  കഴിഞ് BEd പഠനത്തിനായി കോട്ടയത്തെ കോളേജിൽ എത്തിയപ്പോൾ ക്ലാസ്സിലെ  ഓ.ഇ.സി വിളികൾ  എനിക്ക് വീണ്ടും സമാധാനക്കേടുണ്ടാക്കി

കോളേജിൽ നിന്നും ജാതിയിലെ ആനുകൂല്യമായി ലഭിക്കുന്ന stipend വാങ്ങാൻ നിൽക്കുന്ന വരിയിലാണ് രഹസ്യങ്ങളൊക്കെയും പരസ്യങ്ങളാവുന്നത്.

ആർക്കും മുഖം കൊടുക്കാതെയുള്ള ആ രഹസ്യപ്പാച്ചിലിൽ തട്ടിവീഴാതെ കാത്തത്  എന്തിനെയായിരുന്നോ  ആവോ?

ഫിലോസഫി പഠിപ്പിച്ചിരുന്ന അജിത് സാറിനെ  കണ്ണുവെച്ച്‌ പാവം അച്ഛനെ മേനോൻ ആക്കിയ കഥയും ഓർമ്മയിലില്ലാതില്ല.

ഓർമകൾക്ക് കടലോളം ഉപ്പുണ്ട്.

പഠിപ്പൊക്കെ കഴിഞ്ഞ് കുറേയായപ്പോൾ ചിന്തകൾക്കൊക്കെ പതം വന്ന്  ഞാൻ കടപ്പുറത്തെ വറുതിയുടെ പൊടികാറ്റിലേക്കു വീണ്ടും ചാഞ്ഞു.

രാജ്യത്തെ സമ്പന്ന വ്യവസ്ഥയുടെ  ഉയർച്ച താഴ്ചയെ പ്രതിഫലിപ്പിക്കുന്ന ഒരു മേഖല എന്ന നിലയ്ക്ക് പിന്നീട് അഭിമാനം  ആയി ഈ കടപ്പുറവും, ചാകരയും, അവിടുത്തെ കോലാഹലങ്ങളും.

അതിനിടയിൽ സ്വപ്നങ്ങളിൽ വന്നുപോയ മരയ്ക്കാന്റെ ഉപ്പുനോവുകളിൽ പടർന്ന തുണി ശീല യായി  അഭിനയിച്ചും നോക്കി.

നമ്മൾ നിർത്തുന്ന ഇടത്തിൽ നിൽക്കില്ലലോ ജീവിതം.
അത് പുതു വഴികൾ വെട്ടിക്കൊണ്ടിരിക്കും.

കുറേക്കാലത്തെ സ്കൂൾ അദ്ധ്യാപികയുടെ വേഷത്തിന്റെ ഇടവേളയിൽ കിട്ടിയ മത്സ്യഫെഡിലെ ഒരു പ്രോജക്ടിന്റെ ഭാഗമായ ജോലിയിൽ പ്രവേശിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി.

ഞങ്ങളുടെ  (കടപ്പുറത്തെ)  ആളുകളുടെ ഇടയിലേക്ക് കൂടുതൽ  സ്നേഹത്തിന്റെ അധികാരത്തോടെ കടന്ന് ചെല്ലാം എന്ന ഗർവും ഉണ്ടായി.
ജീവിതം പഠിപ്പിക്കുകയും പഠിക്കുകയും നമ്മളെ പാകമാക്കുകയും ചെയ്യും ചില ജോലികൾ. തൃശൂർ ടൗണിൽ നിന്നും  ഓഫീസ് തൃപ്രയാർക്ക് വന്നതും ഓഫീസിൽ വരുന്നവർ ഇത്  നമ്മടെ പതിശ്ശേരിയുടെ മോളല്ലേ എന്ന് പറയുന്നതും ഞാൻ മേനോൻ ആക്കാൻ കൊതിച്ചിരുന്ന എന്റെ അച്ഛൻ ഈ മത്സ്യ ത്തൊഴിലാളി മേഖലയിൽ ഒരു തറവാടി തന്നെയാണ് ആണ് എന്നറിയുന്നതും എനിക്ക് അതിരില്ലാത്ത സന്തോഷമാണ്  തന്നിരുന്നത്.
sea_boat
കൂടെ ഒരു പേര് ചേർക്കാനോ wife of എന്ന് കൂട്ടിയെഴുതാനോ എനിക്ക് തെല്ലുമേ ആശയുണ്ടായിട്ടില്ല. മറിച്ചു പതിശ്ശേരി ശേഖരന്റെ മകൾ എന്ന് കൂട്ടിവായിക്കാനുള്ള പൂതി കെടുന്നുമില്ല.
അന്നത്തെ  ആ കുഞ്ഞു നുണകൾ  തേമ്പിത്തന്ന ഇത്തിരി സ്വാദൊക്കെ നാവിൽ നിന്നും മാഞ്ഞങ്ങനെ പോയി.
ഇന്ന് ഒന്നിന്റേം സ്വാദ് അറിയുന്നില്ല. ഒന്നും മനസ്സ് നിറയ്ക്കുന്നുമില്ല .

ഇഷ്ടങ്ങളൊക്കെ എന്ത് എന്ന് ചോദിച്ചാൽ അങ്ങനെ പ്രത്യേകിച്ചൊരിഷ്ടം ഒന്നിനോടും ഇല്ല.

പക്ഷെ,

ഇടയ്ക്കൊക്കെ  ഒരു അലവലാതിയായി,
വായ് തോന്നിയപോലെ മേയാൻ ഒരു പൂതിയൊക്കെയുണ്ട് .
ആ പൂതി കേറുമ്പോ ആരോടും മിണ്ടാണ്ട്, പടിഞ്ഞാട്ട് അങ്ങട് നടക്കും.
അമ്മ പറഞ്ഞു തന്ന ഞങ്ങടെ ഗൾഫ് കാണാൻ. അവിടെ സുകുമാരച്ചേട്ടനും അപ്പു മൂത്താരുമൊക്കെ വലകെട്ടുന്ന നോക്കി കുറച്ചങ്ങനെ നില്ക്കും.
ജാനു എട്ടത്തി അവർക്ക്  ഒഴിച്ചു കൊടുക്കുന്ന കഞ്ഞിയിൽ നിന്നും ഒരു തവി കോരി കുടിക്കാൻ ചുമ്മാ തട്ടി മുട്ടി നിക്കും. ഏന്തിപ്പേ പോന്നു എന്നുള്ള ചോദ്യത്തെ വെർതെ എന്ന കള്ളച്ചിരിയിൽ  ഒതുക്കും.

വലവിരിക്കുംപോലെ  ആളുകൾ പരന്നു തുടങ്ങുമ്പോഴേക്കും അടുത്ത കാഴ്ചയിൽ തുടുക്കാം എന്ന് മനസ്സിൽ പറഞ്ഞുറപ്പിച്ച്  മടങ്ങും .
വെള്ളത്തിലിറങ്ങുകയേ ഇല്ല.

കരയിൽ ഇരുന്ന് കൊതിക്കും…

seagullകൊതികളെ കെടുത്തരുതല്ലോ  അല്ലെ.
അവനിലേക്കുള്ള  പാത സഞ്ചാരയോഗ്യമായതിന്  പിന്നിലും
ഈ കടലും മീനുകളുമൊക്കെ തന്നെ.

ഈ ഉപ്പുരസത്തിൽ പതുങ്ങിയും പഴകിയും
വീണ്ടും പുതുങ്ങിയും
ഇഷ്ടങ്ങളിലെ ലഹരിയോടെയിങ്ങനെ.

രാവിലെയും വൈകിട്ടും കടലിന് ഏറെക്കുറെ ഒരേ താളമാണ്.
തുടങ്ങുമ്പോഴും ഒടുങ്ങുമ്പോഴുള്ള ആ  സൗമ്യതാളം.
കടലോളം കവിതകൾ,
കടൽക്കരയോളം പരന്ന കഥകൾ
കടൽ പശ്ചാത്തലമായ  ചലച്ചിത്രങ്ങൾ
കടൽ കാക്കകൾ ,
കടൽ കൊക്കുകൾ ,
മീൻ പിടിക്കുന്നവർ,
അരായിയിൽ  കെട്ടിയിട്ട വഞ്ചികൾ ,
മെഷീൻ ഘടിപ്പിച്ച് പാഞ്ഞോടുന്ന വലിയ ഇൻബോർഡുകൾ.

കാറ്റാടിക്കൂട്ടങ്ങളുടെ തിമിർപ്പ്,
തൊട്ടുരുമ്മിയിരിക്കുന്ന പ്രണയിനികൾ
ആൾക്കൂട്ടത്തിലെ ഒറ്റകൾ
കടലേറ്റങ്ങൾ ..
കണ്ടേ ..കണ്ടില്ലേ  എന്ന്  പറഞ്ഞ്
തൊട്ടോടിപ്പോവുന്ന കടൽത്തിര
കടലിനെ  ഓർക്കുമ്പോൾ തേട്ടുന്ന ഇമേജുകൾ എല്ലായ്പ്പോഴും ഒന്നാണ്.
കടൽക്കരയാകെ ചെഞ്ചൊപ്പ് പരത്തി
മുങ്ങാംകുഴിയിടുന്ന അസ്തമയ സൂര്യനെ ബിംബവൽക്കരിക്കാത്തവർ ഇല്ല

sea_setting sun

വിഷാദം നിറഞ്ഞ ആ സാന്ധ്യ മേഘങ്ങളിൽ  നിന്നും
ഒരു  തുള്ളി  കടം എടുക്കാതെ  കടൽക്കരയിൽ നിന്ന് മടങ്ങുന്നവരുമില്ല.

അതിഥിയായും ആതിഥേയയായും കടൽ നീലവിതാനത്തിൽ
തൊട്ടു തൊട്ടങ്ങനെ..
Why do we love the sea!!!
ഇതൊക്കെ തന്നെയാവുമല്ലേ കടലിനെ നാം ഇഷ്ടത്താൽ ചേർക്കുന്നത് …

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

weekly-cartoon-manasa-vacha-march-5-2018

21 അംഗങ്ങളുള്ള കോൺഗ്രസിനെ ഒഴിവാക്കി 2 അംഗങ്ങളുള്ള ബിജെപി മേഘാലയയിൽ ഭരണം പിടിച്ചു.

Indian Railway , luxury trains, tariff ,Palace on Wheels, 50% , Golden Chariot, Maharaja Express, Deccan Odyssey , Royal Orient, travel,slashed , 50 per cent,Centre ,decision , Railway Ministry, State Tourism Departments, partners,stakeholders, trains ,coordination

ഇന്ത്യന്‍ റെയില്‍വേ ആഡംബര തീവണ്ടികളുടെ നിരക്കുകൾ കുറയ്ക്കാനൊരുകുന്നു