വിദ്യാലയങ്ങളിൽ ശുചിത്വ ഓഡിറ്റിങ്‌; സമ്പൂർണ ശുചിത്വം ലക്ഷ്യം

തിരുവനന്തപുരം: വിദ്യാലയങ്ങളുടെ സമ്പൂർണ ശുചിത്വം ലക്ഷ്യംവച്ചു സ്‌കൂളുകളിൽ സെപ്റ്റംബർ 27 മുതൽ ശുചിത്വ ഓഡിറ്റിങ്. ഹരിതകേരളം മിഷനും പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ഹരിതോത്സവം പരിപാടിയുടെ ഭാഗമായാണിത്.

ശുചിത്വ ഓഡിറ്റിങ്ങിന്റെ ഭാഗമായി രാവിലെ സ്‌കൂൾ അസംബ്ലിയിൽ ശുചീകരണത്തിന്റെ പ്രാധാന്യം സംബന്ധിച്ച പ്രതിജ്ഞ ചൊല്ലും. പ്രളയാനന്ത ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന തീവ്രശുചീകരണ യജ്ഞവുമായി ബന്ധപ്പെടുത്തിയാണു ഹരിതോത്സവം പരിപാടി നടത്തുന്നതെന്നു ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടിവ് വൈസ് ചെയർപേഴ്‌സൺ ഡോ ടി.എൻ. സീമ പറഞ്ഞു.

മാലിന്യം വേർതിരിച്ചു പുനർചംക്രമണത്തിന് കൈമാറുന്ന രീതി ക്ലാസുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ വിശദമാക്കും. ക്ലാസിലും വീട്ടിലും മാലിന്യം സൃഷ്ടിക്കപ്പെടുന്നതു പരമാവധി കുറയ്ക്കണമെന്നു നിഷ്‌കർഷിക്കും. ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യം എത്ര ചെറിയ അളവായാലും അപ്പപ്പോൾ വേർതിരിക്കേണ്ട രീതിയും ക്ലാസിൽ വിശദമാക്കും. ഇതിനു ശേഷമാകും  ശുചിത്വ ഓഡിറ്റിങ് ആരംഭിക്കുക.

ഇന്നു മുതൽ ഒക്ടോബർ ഒന്നു വരെയാണ് ശുചിത്വ ഓഡിറ്റിങ്. ഒക്ടോബർ ഒന്നിന് മാലിന്യ സംസ്‌കരണ മാർഗങ്ങളെക്കുറിച്ചു സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ശിൽപ്പശാലയിൽ ശുചിത്വ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിക്കും. ഒക്ടോബർ രണ്ടു മുതൽ മൂന്നു ദിവസങ്ങളിലായി സ്‌കൂൾ ശുചീകരണ പ്രവർത്തനം നടക്കും.

ഒക്ടോബർ അഞ്ചിന് ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന പോസ്റ്റ്ഓഡിറ്റിങ്ങിൽ ഓരോ ഗ്രൂപ്പും തങ്ങൾ ശുചീകരിച്ച വിദ്യാലയ ഭാഗം സമ്പൂർണ ശുചിത്വം നേടിയതായി പ്രഖ്യാപിക്കുകയും തുടർന്ന് തദ്ദേശ സ്ഥാപന പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികൾ എന്നിവർ ചേർന്ന് അസംബ്ലിയിൽവച്ച് സ്‌കൂൾ സമ്പൂർണ ശുചിത്വം നേടിയതായി പ്രഖ്യാപിക്കുകയും ചെയ്യും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആയുഷ്മാന്‍ ഭാരത്: ഭൂരിപക്ഷം ജനങ്ങളും പദ്ധതിയില്‍ നിന്നും പുറത്താകുമെന്ന് ആശങ്ക

യു എസ് ടി ഗ്ലോബൽ ചിപ്പ് ഡിസൈൻ കമ്പനിയായ സെവിടെക് സിസ്റ്റംസിനെ ഏറ്റെടുത്തു