ചരിത്രം തിരുത്തുന്ന വിധിയാണ് സുപ്രീം കോടതിയുടേത്. സ്വവർഗാനുരാഗം ഇന്ത്യയിൽ കുറ്റകൃത്യമല്ലാതായിരിക്കുന്നു. പരമോന്നത കോടതിയുടെ അഞ്ചംഗ ബഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത് . പ്രായപൂർത്തിയായ രണ്ടു വ്യക്തികളുടെ ലൈംഗിക താൽപ്പര്യം തികച്ചും സ്വാഭാവികമാണെന്നും അതിന്റെ പേരിൽ ആരോടും വിവേചനം പാടില്ല എന്നുമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടത്.
ബെഞ്ചിലെ ഏക വനിതയായ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിരീക്ഷണമാണ് ഏറ്റവും ശ്രദ്ധേ
‘പ്രകൃതി വിരുദ്ധമായി സ്വേച്ഛയോടെ ആണും പെണ്ണുമായ മനുഷ്യരോടും മൃഗത്തോടും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ജീവപര്യന്തം തടവോ പത്തു വർഷം വരെയുള്ള തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്’ എന്നാണ് 1861 ൽ മെക്കാളെയുടെ ബ്രിറ്റീഷ് ശിക്ഷാ നിയമം എഴുതിവച്ചത് . അത് അതേപടി പിന്തുടരുകയായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നിയമ നീതിന്യായ സംവിധാനങ്ങളും. ഈ വിധിയോടെ ഒരേ ലിംഗത്തിലുള്ളവരുടെ ലൈംഗിക ജീവിതം അസ്വാഭാവികമല്ല എന്ന , ലോകമെങ്ങും മാറിചിന്തിക്കുന്ന പുരോഗമന സമൂഹത്തിന്റെ കാഴ്ചപ്പാടുകളിലേക്ക് നമ്മുടെ രാജ്യവും എത്തിച്ചേർന്നിരിക്കുന്നു. യാഥാസ്ഥിതിക മതബോധത്തിൽ അധിഷ്ഠിതമായ ഒരു ഭരണകൂടം രാജ്യ ഭരണം കയ്യാളുമ്പോൾ വരുന്ന ഈ കോടതിവിധി പരമ്പരാഗത മത ബോധ്യങ്ങൾ പിന്തുടരുന്നവർക്കുള്ള കനത്ത പ്രഹരമായും കരുതാം.
എതർത്ഥത്തിലും ചരിത്രപരം എന്ന് മാത്രം വിശേഷിപ്പിക്കാനാവുന്ന പരമോന്നത കോടതി വിധിയുടെ പശ്ചാത്തലത്തിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഷിജു ദിവ്യ എഴുതുന്നു. ലെസ്ബിയൻ , ഗേ , ബൈ സെക്ഷ്വൽ, ട്രാൻസ് ജൻഡർ കമ്മ്യൂണിറ്റിയിൽ രതി മാത്രമേ ഉള്ളൂവെന്നും ലൈംഗികതയാണ് അത്തരം മനുഷ്യർക്കിടയിലെ ഏകമാത്ര വിനിമയം എന്നും കരുതുന്ന തെറ്റായ പൊതുബോധത്തെക്കുറിച്ചാ ണ് ഈ കുറിപ്പ്.
ഊരും പേരും ഉപേക്ഷിച്ചും മുഖമില്ലാത്ത ആൾക്കൂട്ടങ്ങളിൽ തങ്ങളെത്തന്നെ മറച്ചു പിടിച്ചും കാലങ്ങളിലും ദേശങ്ങളിലും അദൃശ്യരായിരുന്നവർ…
പൊതുബോധത്തിന്റെ പരിഹാസത്തേറ്റകളുടെ മുറിവുകൾ സഹിക്കവയ്യാതെ സ്വയം തീർത്തു കളഞ്ഞവർ …
ലക്ഷക്കണക്കിന് മനുഷ്യർ ആത്മാഭിമാനവും ആത്മബോധവും വീണ്ടെടുക്കുന്ന ചരിത്രദിനം. I PC 377 ആം വകുപ്പ് റദ്ദാക്കി സ്വവർഗ്ഗാനുരാഗത്തെ നിയമവിധേയമാക്കിയ ദിനം.
സ്വവർഗ്ഗാനുരാഗത്തിന്റെ പ്രശ്നം കേവലം ശരീരത്തിന്റെ പ്രശ്നം മാത്രമാണെന്നു കരുതുന്നതു കൊണ്ടാണ് നാമതിനെ സ്വവർഗ്ഗരതി എന്നു മാത്രം വിളിച്ചു ശീലിച്ചത്. രതി പാപമായതുകൊണ്ടോ ലൈംഗികത അശ്ലീലമായതു കൊണ്ടോ അല്ല, ഇങ്ങനെ പറയുന്നത്.
പ്രണയവും സൗഹൃദവും ദാമ്പത്യവും മാനസിക / ശാരീരിക വിനിമയങ്ങളും ചേർന്ന ആൺ/ പെൺ ബന്ധങ്ങളെ നമ്മളാരും രതി എന്ന് വിളിക്കാറില്ലല്ലോ? അനേക വിനിമയങ്ങളിൽ ഒന്നാണല്ലോ, ഒന്നു മാത്രമാണല്ലോ രതി. പിന്നെ സ്വവർഗ്ഗത്തിൽ മാത്രം നാമെന്തിനാണ് അവയെ രതി എന്നു മാത്രം ചുരുക്കി വിളിക്കുന്നത് ? ( പ്രകൃതി വിരുദ്ധമെന്ന് ഇപ്പോഴും എഴുതുന്ന മാദ്ധ്യമങ്ങളുള്ള കാലത്താണിത് പറയുന്നത് എന്നത് വേറെ കാര്യം.)
നാളെ മുതൽ കാര്യങ്ങളെല്ലാം സുഗമമാവുമൊന്നോ, കല്ലെറിഞ്ഞവർ കെട്ടിപ്പിടിക്കുമെന്നോ അല്ല …
മുറിവേൽപ്പിക്കുന്ന മുൾത്തലപ്പുകൾ മുത്തമിടുന്ന പൂക്കളാവുമെന്നോ അല്ല ..
സ്ത്രീധന നിരോധന നിയമം നിൽക്കവേ തന്നെ പൊട്ടിത്തെറിക്കുന്ന ഗ്യാസ് സിലിണ്ടറുകൾക്കൊപ്പം പൊട്ടിത്തെറിക്കുന്ന പെൺജീവിതങ്ങളുണ്ട് …
നെൽവയൽ സംരക്ഷിക്കാൻ നിയമമുണ്ടായിട്ടും ചതുപ്പുകളിൽ ചത്വരങ്ങളും മണിമാളികകളുമുയരുന്നുണ്ട് …
എഴുതപ്പെട്ട താളുകളിൽ മാത്രം ജീവിക്കുന്ന അനേകം നിയമങ്ങളുണ്ട് നിരാശപ്പെടാൻ. പക്ഷേ ഈ നിയമം തെരുവിൽ പൊരുതി നേടിയ ഒരു ജനതയുണ്ട്. അതിനവരെ പ്രാപ്തരാക്കിയ അരക്ഷിത ജീവിതമുണ്ട് .എനിക്കവരുടെ പോരാട്ടത്തിൽ ശുഭാപ്തി വിശ്വാസമുണ്ട് . അവർക്ക് , ജീവിതത്തിൻറെ വൈവിധ്യങ്ങളുടെ ഉത്സവങ്ങൾക്ക് ആ ശുഭാപ്തിവിശ്വാസത്തിൻറെ മഴവില്ലഭിവാദ്യങ്ങൾ..
ആശംസകൾ.
Comments
0 comments