in

സ്ക്രീം: കത്വയിലെ പെൺകുട്ടിക്ക്‌ സ്റ്റുഡന്‍റ്സ് ബിനാലെയുടെ സമർപ്പണം  

കൊച്ചി: സ്റ്റുഡന്‍റ്സ് ബിനാലെ പ്രദര്‍ശനങ്ങള്‍ നടക്കുന്ന മട്ടാഞ്ചേരി ടെംപിള്‍ വേദിയിലേക്ക് കടക്കുമ്പോള്‍ തന്നെ സന്ദര്‍ശകരെ സ്വീകരിക്കുന്നത് മരം കൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ പ്രതിഷ്ഠാപനമാണ്. ഇതിന്‍റെ രൂപത്തില്‍ ആദ്യം സംശയം തോന്നാമെങ്കിലും ആകാശത്തേക്കു നോക്കി നിലവിളിക്കുന്ന പെണ്‍കുട്ടിയുടെ മുഖമാണിതിന്.

ജമ്മു കശ്മീരിലെ കത്വയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആസിഫ എന്ന പെണ്‍കുട്ടിയ്ക്ക് സമര്‍പ്പിക്കപ്പെട്ട ഈ പ്രതിഷ്ഠാപനം സന്ദര്‍ശകരുടെ മനസ് നീറുന്ന പ്രതീതിയാണ് ഉളവാക്കുന്നത്. സ്ക്രീം (അലര്‍ച്ച) എന്നാണ് ഈ പ്രതിഷ്ഠാപനത്തിന് നല്‍കിയിരിക്കുന്ന പേര്.

കൊച്ചി ബിനാലെയോട് സമാന്തരമായി നടക്കുന്ന സ്റ്റുഡന്‍റ്സ് ബിനാലെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ പ്രധാന സംരംഭമാണ്. സമകാലീന കലാവിദ്യാര്‍ത്ഥികളിലെ പ്രതിഭകള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ തങ്ങളുടെ കലാവിരുതും വീക്ഷണവും പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരവുമാണ് സ്റ്റുഡന്‍റ്സ് ബിനാലെയിലൂടെ കൈവരുന്നത്. കലാകാരന്മാരും ഗവേഷകരുമായ ആറ് ക്യൂറേറ്റര്‍മാര്‍ ചേര്‍ന്നാണ് സ്റ്റുഡന്‍റ്സ് ബിനാലെ പ്രദര്‍ശനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സാര്‍ക്ക് രാജ്യങ്ങളില്‍   നിന്നുള്‍പ്പെടെ 200 വിദ്യാര്‍ത്ഥി ആര്‍ട്ടിസ്റ്റുകളാണ് സ്റ്റുഡന്‍റ്സ് ബിനാലെയില്‍ പങ്കെടുക്കുന്നത്.

അലിഗഢ് മുസ്ലീം സര്‍വകലാശാലയിലെ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥികളായ വസീം മുഷ്താഖ്, സബിര്‍ അലി, അഭിഷേക് ശര്‍മ്മ, പവന്‍ പാല്‍, മുഹമ്മദ് അമന്‍, സാജന്‍, നവാസിഷ്, മൊഹ്സീന അഫ്താബ്, ഗസാല പ്രവീണ്‍, രഞ്ജന്‍ കുമാര്‍ പ്രസാദ്, അഫ്ഷാന്‍ അന്‍ജും എന്നിവരാണ് ഈ പ്രതിഷ്ഠാപനം ഉണ്ടാക്കിയിരിക്കുന്നത്.

തടിമില്ലില്‍ നിന്നും ശേഖരിച്ച വിറക് കഷണങ്ങള്‍ കൊണ്ടാണ് ഈ പ്രതിഷ്ഠാപനം മുഖ്യമായി ഉണ്ടാക്കിയിരിക്കുന്നത്. ഇരുമ്പില്‍ തീര്‍ത്ത ഫ്രെയിമില്‍  തുണിയും പലക കഷണങ്ങള്‍ തറച്ചാണ് ഇതിന്‍റെ നിര്‍മ്മാണരീതി. രണ്ട് കൈപ്പത്തികളും വശങ്ങളിലേക്ക് വച്ച് ആകാശത്തേക്കു നോക്കി അലറിക്കരയുന്ന ഈ രൂപം കാണുമ്പോള്‍ ആസിഫയുടെ മുഖമാണ് എല്ലാവരുടെയും മനസിലേക്ക് ഓടി വരുന്നത്.

തുടക്കത്തില്‍ പൊതുജനങ്ങള്‍ക്ക് കൂടി പങ്കാളിത്തമുള്ള തത്സമയ പ്രതിഷ്ഠാപനം അവതരിപ്പിക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആഗ്രഹമെന്ന് സ്റ്റുഡന്‍റ്സ് ബിനാലെ ക്യൂറേറ്റര്‍മാരിലൊരാളായ ശുക്ല സാവന്ത് പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ അത് വേണ്ടെന്നു വച്ചു. രാഷ്ട്രീയമായി സംവദിക്കുന്ന പ്രതിഷ്ഠാപനമായിരിക്കണമെന്ന നിര്‍ബന്ധം മൂലമാണ് സ്ക്രീം നിര്‍മ്മിച്ചതെന്ന് ശുക്ല പറഞ്ഞു. വിദ്യാര്‍ത്ഥികളിലാര്‍ക്കും ഇത്രയും വലിയ പ്രതിഷ്ഠാപനം ചെയ്ത് ശീലമില്ലായിരുന്നു. എന്നാല്‍ ബിനാലെ ഫൗണ്ടേഷന്‍റെ നിര്‍മ്മാണവിഭാഗത്തിന്‍റെ ശക്തമായ പിന്തുണയും ഉണ്ടായിരുന്നതായി അവര്‍ ഓര്‍മ്മിച്ചു.

കലാസൃഷ്ടിയിലെ വ്യക്തിഗതമായ താത്പര്യങ്ങളും നിര്‍മ്മാണ രീതികളും ഒഴിവാക്കി കൊണ്ടാണ് അലിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഈ പ്രതിഷ്ഠാപനം ഒരുക്കിയത്. സര്‍വകലാശാലയിലെ അധ്യാപകരുടെയും ബിനാലെ ഫൗണ്ടേഷനിലെ ക്യൂറേറ്റര്‍മാരുടെയും ഉപദേശകരുടെയും സഹായം ഇക്കാര്യത്തില്‍ അവര്‍ക്ക് ലഭിച്ചു. 

ഇന്നത്തെ വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചു വരുന്ന ലൈംഗികാതിക്രമങ്ങളുടെ ഗൗരവമായ യാഥാര്‍ത്ഥ്യം ജനങ്ങളിലെത്തിക്കാന്‍ കൂടിയാണ് ഈ പ്രതിഷ്ഠാപനം ഒരുക്കിയിരിക്കുന്നത്. യാദൃശ്ചികമായാണ് ഉപയോഗ ശൂന്യമായ തടിക്കഷണങ്ങള്‍ കൊണ്ട് ഈ പ്രതിഷ്ഠാപനം ഉണ്ടാക്കിയതെങ്കിലും പല സന്ദര്‍ശകരും ഇതിന് നല്‍കിയ മാനം വ്യത്യസ്തമാണ്.

സ്ത്രീകളോടും കുട്ടികളോടും വിലയില്ലാത്ത സമൂഹത്തിന്‍റെ മനോഭാവം ഈ പാഴ്വസ്തുക്കളുടെ ഉപയോഗത്തിലൂടെ മുന്നോട്ടു വയ്ക്കാനായെന്ന് പല സന്ദര്‍ശകരും ചൂണ്ടിക്കാട്ടിയതായും ശുക്ല സാവന്ത് പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഔഷധ സസ്യ കൃഷി പ്രോത്സാഹിപ്പിക്കാൻ കർഷക സമ്മേളനം

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ 1000 കോടി രൂപയുടെ നിക്ഷേപ സാധ്യതകളുമായി ഫണ്ടുകള്‍