in , ,

കടൽ ജീവികൾ കഴിയ്ക്കുന്നതെന്ത്? അറിയുമ്പോൾ നിങ്ങൾ ഞെട്ടും   

പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന തന്റെ പ്രസിദ്ധമായ കൃതിയിലൂടെ ഫ്രഡറിക് ഏംഗൽസ് ചൂണ്ടിക്കാട്ടുന്ന ഒരു വസ്തുതയുണ്ട്. മനുഷ്യൻ / പ്രകൃതി  വേറിട്ട രണ്ട് അസ്തിത്വങ്ങളല്ല. മറിച്ച്  ഒരേ അസ്തിത്വത്തിന്റെ രണ്ട്  ഭാഗങ്ങളാണ്.  പ്രകൃതിയിൽ നിന്ന് വേറിട്ട ഒരസ്തിത്വം  മനുഷ്യനില്ല. 

പ്രകൃതിക്കേൽപ്പിക്കുന്ന ഓരോ പരിക്കും വാസ്തവത്തിൽ മനുഷ്യാസ്തിത്വത്തെയാണ് ബാധിക്കുന്നത്. ഇത് മനുഷ്യന് മാത്രം ബാധകമായ ഒന്നല്ല. മറിച്ച് ഭൂമുഖത്തെ സകലജീവജാലങ്ങൾക്കും പൊതുവേ ബാധകമായ വസ്തുതയാണ്. മനുഷ്യരും മറ്റു ജീവജാലങ്ങളും അടക്കമുള്ള സകല ചരാചരങ്ങളും ഒരേ ആവാസ വ്യവസ്ഥയുടെ പരസ്പരാശ്രിത കണ്ണികളാണ്. ഒരേ ശൃംഖലയുടെ ഭാഗമായ കണ്ണികളിൽ ഏതെങ്കിലും ചിലത് ദുർബലപ്പെട്ടാൽ പ്രത്യക്ഷമായോ പരോക്ഷമായോ മറ്റുള്ളവയെയും അത് ബാധിക്കുന്നു. 

എന്നാൽ ഈ വസ്തുതയെ വേണ്ടത്ര യാഥാർഥ്യബോധ്യത്തോടെ ഉൾക്കൊള്ളാതെ പ്രകൃതിക്ക് മേൽ ആധിപത്യം ചെലുത്താനുള്ള മനുഷ്യരുടെ ശ്രമങ്ങൾ പ്രകൃതിയുടെ മൊത്തം നിലനില്പിനാണ് ആപത്തുകൾ സൃഷ്ടിക്കുന്നത്. 

ഏറെ പ്രയോജനപ്രദമെന്ന് തുടക്കത്തിൽ  വിലയിരുത്തപ്പെട്ട മനുഷ്യന്റെ പല കണ്ടെത്തലുകളും പിന്നീട് വിനാശകരമായിത്തീർന്നതിന് ചരിത്രത്തിൽ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. അവ സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതത്തെ വലിയ വില കൊടുത്തുകൊണ്ടാണ് പിന്നീട് നേരിട്ടിട്ടുള്ളതും. 

ocean_plastic4

പ്ലാസ്റ്റിക്കിനെ ഉദാഹരണമായി എടുക്കാം. മനുഷ്യവംശത്തിനാകെ പ്രയോജനപ്രദമായ കണ്ടെത്തലായാണ് ആദ്യ കാലങ്ങളിൽ പ്ലാസ്റ്റിക്ക് എന്ന അത്ഭുതത്തെ വിലയിരുത്തിയത്. ശാസ്ത്ര സാങ്കേതിക രംഗത്തെ വിപ്ലവകരമായ ഗതിമാറ്റമായി അതിന്റെ സാദ്ധ്യതകൾ കൊട്ടിഘോഷിക്കപ്പെട്ടു. 

ഒരു പരിധിവരെ ആഹ്ളാദിക്കാനുള്ള വകയുമുണ്ടായിരുന്നു. എന്നാൽ, പോകെപ്പോകെ, ഭൂമുഖത്ത് തുടച്ചുമാറ്റാനാവാത്ത വിധത്തിൽ പ്ലാസ്റ്റിക്ക് കൂമ്പാരങ്ങൾ നിറയുകയും മണ്ണും വെള്ളവും വായുവും അപകടകരമായ വിധത്തിൽ  മലിനമാക്കപ്പെടുകയും ചെയ്തതോടെ പ്ലാസ്റ്റിക്കിലെ മറഞ്ഞിരിക്കുന്ന വില്ലനെ തിരിച്ചറിയുകയായിരുന്നു. 

ഇന്ന് ഭൂഗോളത്തെ മലിനമാക്കുന്ന വൻ ദുരന്തമായി പ്ലാസ്റ്റിക്ക് തിരിച്ചറിയപ്പെടുന്നുണ്ട്. പ്ലാസ്റ്റിക്കാണ് ഇന്ന്  പരിസ്ഥിതിയിലെ ഏറ്റവും വിനാശകാരിയായ വില്ലൻ. ഈ രംഗത്തെ ഏറ്റവും പുതിയ ഗവേഷണ ഫലങ്ങൾ മുൻപെന്നത്തെക്കാൾ ഉൽക്കണ്ഠാജനകവും ഭീതിതവും ഹൃദയമിടിപ്പേറ്റുന്നതുമായി മാറിയിരിക്കുന്നു. അതിലേക്ക് വരാം. 

ബി ബി സി എർത്ത് ഈയിടെ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചു. ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഡോക്യുമെന്ററികാരനുമായ ഡേവിഡ് അറ്റെൻബൊറോയുമായുള്ള ഒരു അഭിമുഖം.  

മനുഷ്യൻ ഉൾപ്പെടെ പ്രകൃതിയും പരിസ്ഥിതിയും നേരിടുന്ന മേൽപ്പറഞ്ഞ  ആപത്തിന്റെ വ്യാപ്തത്തെ അദ്ദേഹം തന്റെ അഭിമുഖത്തിലൂടെ  വെളിപ്പെടുത്തുന്നുണ്ട്. താൻ കണ്ട അവിശ്വസനീയമായ  ഒരു ദൃശ്യത്തെയാണ് അറ്റെൻബൊറോ അഭിമുഖത്തിൽ വിവരിക്കുന്നത്. 

ocean_plastic3ഒരു ആൽബട്രോസ് പക്ഷി അതിന്റെ കുഞ്ഞിനുള്ള തീറ്റിയുമായി കൂട്ടിലെത്തുന്നു. ആഹാരത്തിനായി വാ തുറക്കുന്ന കുഞ്ഞിന് പക്ഷി നൽകുന്നത് മീനോ മറ്റോ ആവുമെന്നായിരുന്നു അത് കണ്ടു നിന്ന അദ്ദേഹം കരുതിയത്. എന്നാൽ ഒരു ഞെട്ടലോടെയാണ് ആ തീറ്റിവസ്തുവിനെ അദ്ദേഹം തിരിച്ചറിഞ്ഞത്- പ്ലാസ്റ്റിക്ക് ! 

തുടർന്നുള്ള നിരീക്ഷണങ്ങളിലൂടെയാണ് ആൽബട്രോസുകൾ പ്ലാസ്റ്റിക്ക് കഴിക്കുന്നത് സാധാരണ കാര്യമാണെന്ന്  അറ്റെൻബൊറോ മനസ്സിലാക്കുന്നത്. തികച്ചും ഹൃദയഭേദകമായ കാഴ്ചയെന്നാണ്  അറ്റെൻബൊറോ അതേപ്പറ്റി പറയുന്നത്. ഇഷ്ടപ്പെട്ട തീറ്റി തേടി ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുകയും വെള്ളത്തിൽ നിന്ന് അവ കൊത്തിയെടുത്ത് കൂട്ടിലെത്തിച്ച് കുഞ്ഞുങ്ങൾക്ക് നൽകുകയും ചെയ്യുന്ന, ഭക്ഷണക്കാര്യത്തിൽ അതീവ നിഷ്കർഷയും അവ കണ്ടെത്തുന്നതിൽ അതീവ വൈദഗ്ധ്യവും പുലർത്തുന്ന ആൽബട്രോസ് പക്ഷികളെ  പ്ലാസ്റ്റിക്ക് എങ്ങനെയാവും കബളിപ്പിക്കുന്നത്? 

ഈ ചോദ്യത്തിനുള്ള ഉത്തരം തിരഞ്ഞു പോകുമ്പോഴാണ് ജന്തുലോകം എത്തിനിൽക്കുന്ന ആപൽക്കരമായ സ്ഥിതിവിശേഷത്തിന്റെ വിശദാംശങ്ങൾ  വെളിപ്പെടുന്നത്.

പ്ലാസ്റ്റിക്ക് തീറ്റ ജീവിവർഗങ്ങളിൽ സർവ്വസാധാരണമായിരിക്കുന്നു! ഏതാണ്ട് നൂറ്റിയെൺപതോളം സ്പിഷീസുകളുടെ  പ്ലാസ്റ്റിക്ക് തീറ്റ ഇതിനോടകം ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ജലാശയങ്ങളിൽ ഒഴുകി നടക്കുന്ന സൂക്ഷ്മ പ്ലവകങ്ങൾ മുതൽ അതിഭീമന്മാരായ തിമിംഗലങ്ങൾ വരെ ഈ ഭൂമുഖത്തെ ഒരു ജീവ ശൃംഖല മുഴുക്കെ പ്ലാസ്റ്റിക്ക് തീറ്റക്കാരായി മാറിയിരിക്കുന്നു.

അടുത്തിടെ ബ്രിട്ടനിൽ നടന്ന ഒരു പഠന പ്രകാരം അവിടെ  പിടിക്കുന്ന  മത്സ്യങ്ങളിൽ മൂന്നിലൊന്നിന്റെയും കുടലിൽ നിന്ന് പ്ലാസ്റ്റിക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന കക്ക, ഞണ്ട് തുടങ്ങിയ മത്സ്യങ്ങളും പെടും. എല്ലാ ഇനത്തിലും വലിപ്പത്തിലും ഉള്ള മൽസ്യങ്ങൾ പ്ലാസ്റ്റിക്ക് ഭക്ഷണമാക്കുന്നുണ്ട് എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. 

തീർച്ചയായും പ്ലാസ്റ്റിക്കിന്റെ വ്യാപനം തന്നെയാണ് ഒന്നാമത്തെ പ്രശ്‍നം. ഏതാണ്ട് 12.7 ദശലക്ഷം ടൺ പ്ലാസ്റ്റിക്കാണ് പ്രതിവർഷം സമുദ്രങ്ങളിൽ അടിഞ്ഞുകൂടുന്നത് എന്നാണ് ഔദ്യോഗിക  കണക്ക്.  അതിൽ കൂടാനേ വഴിയുള്ളൂ. 

” ജന്തു പ്ലവകങ്ങളുടെ കാര്യത്തിൽ ഈ പ്ലാസ്റ്റിക്ക് തീറ്റ തികച്ചും സ്വാഭാവികമാണ്.കാരണം  ഒരു നിശ്ചിത വലിപ്പത്തിലുള്ള വസ്തുക്കൾ ഉള്ളിലേക്ക് കടത്തിവിടുന്ന  രീതിയിലാണ് പ്ലവകങ്ങളുടെ ഭക്ഷണ രീതി. അതിൽ വേണ്ടതും വേണ്ടാത്തതുമെല്ലാം ഉൾപ്പെടും. ഈ വലിപ്പത്തിലുള്ളതെല്ലാം അവയ്ക്ക് ഭക്ഷണമാണ്, ” എന്നാണ് കാനഡയിലെ സമുദ്ര പഠന ഇൻസ്റ്റിട്യൂട്ടിലെ ഇക്കോളജിസ്റ്റായ മൊയ്‌ര ഗാൾബ്രൈത്‌ പറയുന്നത്.

സമാനമാണ് കടൽപ്പുഴുക്കളുടെ കാര്യവും. ജന്തു പ്ലവകങ്ങളെപ്പോലെ ഭക്ഷണക്കാര്യത്തിൽ അവയ്ക്കും പ്രത്യേകിച്ചൊരു  വിവേചനമില്ല. സമുദ്രാന്തർഭാഗത്തെ അടിത്തട്ടിലൂടെ ഇഴഞ്ഞു നീങ്ങി കിട്ടുന്നതെല്ലാം, എക്കലും ഊറലും  മട്ടുമടക്കം എല്ലാം  ആഹാരമാക്കുന്ന കടൽപ്പുഴുക്കൾക്കും  പ്ലാസ്റ്റിക്ക് നിത്യാഹാരമായി തീർന്നിരിക്കുന്നു. ഒരു കണക്കു പ്രകാരം മറ്റു സ്പിഷീസുകളെ അപേക്ഷിച്ച്  ഏതാണ്ട്  138 ഇരട്ടി  പ്ലാസ്റ്റിക്കാണ് കടൽപ്പുഴുക്കൾ ആഹാരമാക്കുന്നത്. ഇതിനു കാരണം അവയുടെ സ്പർശിനികൾക്ക് പിടിച്ചെടുക്കാൻ ഏറ്റവും അനുയോജ്യമായ വലിപ്പത്തിലുള്ള പ്ലാസ്റ്റിക്ക് ശകലങ്ങളുടെ  ആധിക്യം  തന്നെ.

ocean_plastic1

സൂക്ഷ്മ പ്ലവകങ്ങൾക്കും കടൽപ്പുഴുക്കൾക്കും മാത്രമല്ല ഇത്തരത്തിൽ പ്ലാസ്റ്റിക്ക് ആഹാരമാവുന്നത്. സമുദ്ര ജലത്തിൽ കഴിയുന്ന മിക്കവാറും ജീവിവർഗങ്ങളുടെ നിത്യാഹാരമായി പ്ലാസ്റ്റിക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. “എന്തുകൊണ്ട് പ്ലാസ്റ്റിക്ക് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തണമെങ്കിൽ കുറേക്കൂടി ആഴത്തിൽ തിരഞ്ഞു പോകേണ്ടിയിരിക്കുന്നു, ” കാലിഫോർണിയൻ  ഫിഷെറീസ് ശാസ്ത്രജ്ഞയായ മാത്യൂ സവോക്ക പറയുന്നു.  

മനുഷ്യരിൽ നിന്ന് വിഭിന്നമായി  മൃഗങ്ങൾക്ക് വ്യത്യസ്തമായ സംവേദന ശേഷിയാണുള്ളത്. തീർത്തും വ്യത്യസ്തങ്ങളായ  സംവേദനേന്ദ്രിയങ്ങളാണ്    അവയെ വേറിട്ട് നിർത്തുന്നത്. ചിലത്  മനുഷ്യരേക്കാൾ മെച്ചപ്പെട്ടതാണെങ്കിൽ മറ്റു ചിലത്  താരതമ്യേന മോശവും.

പ്ലാസ്റ്റിക്ക് കണ്ട്  ആഹാര പദാർത്ഥങ്ങളായി അവ  തെറ്റിദ്ധരിക്കുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. ഉദാഹരണത്തിന്, പ്ലാസ്റ്റിക്ക് പെല്ലെറ്റുകൾ കാണുമ്പോൾ  മീൻ മുട്ടകളായി അവക്ക് തോന്നുന്നു. നാം മനുഷ്യരെപ്പോലെ ഒറ്റക്കാഴ്ചയിൽ തന്നെ  ഭക്ഷ്യവസ്തുവിനെയും അല്ലാത്തതിനെയും  കൃത്യമായി വിവേചിച്ചറിയാനുള്ള ശേഷി എന്തായാലും അവയ്ക്കില്ല. 

ഒരു വസ്തുവിനെ കണ്ടാൽ  അത് തിന്നാനുള്ളതാണോ അല്ലയോ എന്ന് എളുപ്പത്തിൽ തിരിച്ചറിയാനുള്ള സാമാന്യ വിവേചന ശക്തി  മനുഷ്യർക്കുണ്ട്. അത്തരത്തിലാണ് നമ്മുടെ സംവേദനേന്ദ്രിയങ്ങൾ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. 

മറിച്ച് മറ്റു ജീവ ജാലങ്ങളുടെ കാര്യത്തിൽ കാഴ്ചകൊണ്ട് തന്നെ കാര്യം നടക്കണമെന്നില്ല. ഉദാഹരണത്തിന് ആൽബട്രോസ് പക്ഷികൾ ആഹാരത്തെ മനസിലാക്കുന്നത് പ്രധാനമായും ഘ്രാണേന്ദ്രിയം ഉപയോഗപ്പെടുത്തിയാണ്. അതായത്, ഒരു വസ്തു ഭക്ഷ്യയോഗ്യമാണോ അല്ലയോ എന്ന് അത് മണത്തറിയുന്നു. തങ്ങൾക്കു  പരിചിതമായ ഭക്ഷ്യവസ്തുവിന്റെ ഗന്ധമുള്ളതെന്തും ഭക്ഷണമായി അവ തെറ്റിദ്ധരിക്കുന്നു. ആൽബട്രോസ്സുകളെപ്പോലെ നിരവധി പക്ഷികളും മത്സ്യങ്ങളും ഇത്തരത്തിൽ മണം പിടിച്ച് ഇര തേടുന്നവയാണ്. 

പ്ലാസ്റ്റിക്കിലെ ഡീമീഥയ്ൽ സൾഫൈഡ് പുറപ്പെടുവിക്കുന്ന ഗന്ധം ഇത്തരത്തിൽ വഴി തെറ്റിക്കുന്നതാണ് എന്ന് ഗവേഷണ ഫലങ്ങൾ തെളിയിച്ചിട്ടുണ്ട്.

ocean_plastic5കാഴ്ചയുടെ കാര്യത്തിൽ പോലും പെട്ടെന്നുള്ള നിഗമനങ്ങളിൽ എത്തിച്ചേരാൻ ആവില്ല എന്നാണ് ഗവേഷണ ഫലങ്ങൾ പറയുന്നത്.

ഉദാഹരണത്തിന് കടലാമയുടെ കാര്യം തന്നെ എടുക്കാം.  മനുഷ്യരെപ്പോലെ കടലാമകളും കാഴ്ചശക്തി ഉപയോഗപ്പെടുത്തി  ഭക്ഷണ പദാർത്ഥത്തെ തിരിച്ചറിയാൻ കഴിവുള്ളവയാണ് എന്നാണ് വെപ്പ്. എന്തിന് , അവക്ക് അന്തരീക്ഷത്തിലെ  അൾട്രാ വയലറ്റ് രശ്മികളെപ്പോലും തിരിച്ചറിയാനുള്ള കഴിവുണ്ടത്രേ. പക്ഷേ  അപകടകാരികളായ  പ്ലാസ്റ്റിക്കുകൾ കടലാമകളെയും കബളിപ്പിക്കുന്നു. 

ആസ്‌ത്രേലിയയിൽ  ക്യൂൻസ് ലാൻഡ് സർവകലാശാലയിൽ പ്രൊഫെസ്സറായ  ക്വമാർ ഷുയ്ലെർ  കടലാമകളുടെ കാഴ്ചാ രസതന്ത്രത്തെ പ്പറ്റി ഒട്ടേറെ  ഗവേഷണം നടത്തിയിട്ടുണ്ട്. കാഴ്ച ശക്തി, ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുന്ന രീതി, വിവിധയിനം കടലാമകളുടെ പ്ലാസ്റ്റിക്ക് തീറ്റ എന്നിവയെപ്പറ്റി പഠനം നടത്തിയപ്പോൾ കണ്ടെത്തിയ വസ്തുതകൾ  ശ്രദ്ധേയമാണ്. താരത്യമേന പ്രായം കുറഞ്ഞവ വിവേചനം കൂടാതെ പ്ലാസ്റ്റിക്ക് അകത്താക്കുമ്പോൾ, പ്രായം ചെന്നവയുടെ തീറ്റയിൽ വ്യത്യാസമുണ്ട്. മൃദുവും നിറമില്ലാത്തതുമായ പ്ലാസ്റ്റിക്ക് വസ്തുക്കളാണ് അവയ്ക്ക് കൂടുതൽ  പ്രിയം. കടലാമകൾക്കിടയിൽ, പ്ലാസ്റ്റിക്ക് സഞ്ചികൾ  ജെല്ലി ഫിഷുകളായി  തെറ്റിദ്ധരിക്കപ്പെടുന്നു എന്ന  ഏറെക്കാലമായി ഉണ്ടായിരുന്ന  ഒരു ധാരണ ഉറപ്പിക്കാനും തന്റെ പഠനത്തിലൂടെ കഴിഞ്ഞെന്ന് ഷുയ്ലെർ വിശ്വസിക്കുന്നു.

മൃഗ ലോകത്തെ പ്ലാസ്റ്റിക്ക് ഉപഭോഗത്തിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം, നിറങ്ങൾ വ്യത്യസ്ത പ്രായത്തിലും സ്പിഷീസിലും ഉള്ള പക്ഷിമൃഗാദികളിൽ ചെലുത്തുന്ന സ്വാധീനമാണ്. കടലാമകൾക്ക് വെളുത്ത പ്ലാസ്റ്റിക്കിനോടാണ് പ്രിയം എന്ന്  ഷുയ്ലെർ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം ഷിയർ വാട്ടേഴ്സ് എന്നൊരിനം പക്ഷികൾ ചുവന്ന നിറത്തിലുള്ള പ്ലാസ്റ്റിക്ക് തിരഞ്ഞെടുത്ത് തിന്നുന്നവയാണ്.

കാഴ്ച, ഗന്ധം എന്നിവക്ക് പുറമേ  മറ്റു ചില സംവേദനോപാധികളും ഭക്ഷ്യവസ്തുക്കളെ  തിരിച്ചറിയാനായി ജന്തുലോകം  ഉപയോഗപ്പെടുത്തുന്നുണ്ട്. 

തിമിംഗലങ്ങൾ, ഡോൾഫിനുകൾ  തുടങ്ങി  ചിലയിനം സമുദ്ര ജീവികൾ പ്രതിധ്വനിയെ  ഉപയോഗപ്പെടുത്തുന്നതായി ഗവേഷണ ഫലങ്ങൾ പറയുന്നു. 

അതായത് ഭക്ഷ്യവസ്തുക്കളിൽ നിന്ന്  വരുന്ന  പ്രതിധ്വനിയിൽ നിന്നാണ് ഒരു വസ്തു ഭക്ഷ്യയോഗ്യമാണോ അല്ലയോ എന്ന് അവ മനസ്സിലാക്കുന്നത്. 

നൂറായിരം തരം പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ഡംപിങ് കേന്ദ്രമായി മാറിയ നദീമുഖങ്ങളിലും സമുദ്രാന്തർ ഭാഗങ്ങളിലുമുള്ള ജീവജാലങ്ങൾ  ഇത്തരത്തിൽ ‘ എക്കോ ലൊക്കേഷൻ ‘ മൂലവും കബളിപ്പിക്കപ്പെട്ട് പ്ലാസ്റ്റിക്ക് തീറ്റക്കാരായി പരിണമിക്കുകയാണ്. ചത്ത് കരയ്ക്കടിഞ്ഞ തിമിംഗലങ്ങളുടെ ആമാശയത്തിനകത്ത് നിന്നും പ്ലാസ്റ്റിക്ക് ബാഗുകളും മോട്ടോർ വാഹനങ്ങളുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

ചിലർ കരുതുന്നത് മിണ്ടാപ്രാണികളായ ഈ മൃഗങ്ങളെല്ലാം  അവയുടെ മൂഢത്വം കൊണ്ട് പ്ലാസ്റ്റിക്കുകൾ ആഹാരമാക്കുന്നെന്നാണ്. 

അതൊരു തെറ്റായ ധാരണയാണ്. സഹസ്രാബ്ദങ്ങളിലെ പരിണാമപ്രക്രിയയിലൂടെ  ഉരുത്തിരിഞ്ഞതും  അസാമാന്യശേഷിയുള്ളതുമായ  ഇര തേടൽ കഴിവ്  പ്രകടമാക്കുന്ന ജീവി വർഗങ്ങളാണ് ഇവയൊക്കെത്തന്നെ. സുദീർഘമായ ആ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ  ഈ  ഭൂമുഖത്ത്  പ്ലാസ്റ്റിക്ക്  അവതരിച്ചിട്ട് ചുരുങ്ങിയ നാളുകളെ ആയിട്ടുളളൂ എന്ന് പറയാം. എന്നിട്ടും ജന്തുജാലങ്ങളുടെ സ്വാഭാവിക ശേഷികളെ വെല്ലുന്ന  വിധത്തിലുള്ള വില്ലത്തരം പുറത്തെടുക്കാൻ പ്ലാസ്റ്റിക്കിന് കഴിഞ്ഞിരിക്കുന്നു.

ocean_plastic6

പ്ലാസ്റ്റിക്കിന്റേത് ഒരു അപൂർവ ജന്മമാണ്. അത്  കാഴ്ചയിൽ ഭക്ഷ്യവസ്തുവിനെ അനുസ്മരിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. നാമിപ്പോൾ മനസ്സിലാക്കിയതുപോലെ ഗന്ധം കൊണ്ടും ശബ്ദം കൊണ്ടും പക്ഷിമൃഗാദികളെ കബളിപ്പിക്കുന്നു. ആഹാരപദാർത്ഥമായി തെറ്റിദ്ധരിപ്പിക്കുന്നു. 

സൂക്ഷ്മ പ്ലവകങ്ങൾ മുതൽ തിമിംഗലങ്ങൾ വരെയുള്ള നാനാജാതി ജന്തുലോകത്തിന് തിന്നാൻ പാകത്തിൽ അനേകശതം ആകൃതികളിൽ, വലിപ്പത്തിൽ സമുദ്രത്തിലേക്ക് തള്ളപ്പെടുന്നു. അതാണ് പ്രശ്‍നം. അങ്ങിനെവരുമ്പോൾ , അറ്റെൻബൊറോയുടെ ആൽബട്രോസ് പറഞ്ഞു തരുന്ന ഈ കഥയുടെ ആഘാതത്തിൽ നിന്ന് രക്ഷപെടാൻ  മനുഷ്യവംശത്തിന് മുന്നിൽ എളുപ്പ വഴികളൊന്നുമില്ല. 

മഹാനായ ഏംഗൽസ് പറഞ്ഞുതന്ന അടിസ്ഥാനാശയത്തിലേക്ക് ചുവടു വയ്ക്കുകയേ അപ്പോൾ മാർഗമുള്ളൂ. പ്രകൃതി തന്നെയാണ് മനുഷ്യൻ എന്ന അടിസ്ഥാന ആശയം അതിന്റെ സത്തയിൽ തന്നെ തിരിച്ചറിയണം. അതായത് ഈ ഭൂമുഖത്തെ അജയ്യമായി കീഴടക്കി സർവാധിപതിയായി വാഴാനുള്ള മനുഷ്യേച്ഛക്ക് തടയിടണം.പ്രകൃതിക്കുമേൽ ചെലുത്തുന്ന ഓരോ സമ്മർദ്ദത്തിനും തിരിച്ചടികൾ ഉണ്ടാകുമെന്ന ജാഗ്രതയിലേക്ക് ഉണരണം. പാരിസ്ഥിതികാഘാതങ്ങളെ തെല്ലും വകവെയ്ക്കാതെ  മണ്ണും വെള്ളവും വായുവും മലിനമാക്കിയുള്ള മനുഷ്യരാശിയുടെ തേർവാഴ്ചക്ക് തടയിടണം. പ്ലാസ്റ്റിക്ക് എന്ന പൊതു ശത്രുവിനെതിരെയുള്ള ഏതു നീക്കവും  അതിൽ ഗുണം ചെയ്യും. 

Leave a Reply

Your email address will not be published. Required fields are marked *

Latvian tourist Liga , liga, sister, Pinarayi, santhi kavadam ,meeting, office, CM,  Ilze DGP,  Liga's death , drug,  postmortem report,  card players, Kovalam ,Liga , aswathy jwala , boat, ferryman , drug, Latvian woman, death, police, investigation, custody, Latvian woman Liga , DNA, dead body, confirmed, tourist, mystery, death, cops, Kerala, sister, Latvian tourist Liga , Liga , death, Chennithala, Aswathy , Jwala, CM, DGP, police, missing, foreign woman, Kovalam, complaint, 

ലിഗയുടെ സംസ്കാരം നാളെ ശാന്തികവാടത്തിൽ; സഹോദരി മുഖ്യമന്ത്രിയെ കണ്ടു

bank frauds , RBI, loan, Reserve Bank, RTI, query, Over 23,000 cases , Rs 1 lakh crore , 5 years,fraud , various banks, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, rotomac, Vikram Kothari,CBI, arrest, bank, loans, Rs 800 crore, fraud, pen owner, accused,raid, FIR, wife, son, banks,

ബാങ്ക് വായ്പാ തട്ടിപ്പുകൾ: അഞ്ച്​ വർഷത്തിനിടെ നഷ്‌ടമായത്‌ ഒരു ലക്ഷം കോടിയിലേറെ രൂപ