രാജ്യത്ത് 200 കോടി രൂപയുടെ നഗര സുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് സെക്യൂർ കാം; ആസ്ഥാനം കൊച്ചി

കൊച്ചി: യു എ ഇ ആസ്ഥാനമായ സെക്യൂരിറ്റി സർവൈലൻസ്, ഐ ടി സൊല്യൂഷൻസ് കമ്പനിയായ സെക്യൂർ കാമിന്റെ പ്രവർത്തനം കൊച്ചിയിലേക്ക്. തങ്ങളുടെ ‘ സെക്യൂർ അവർ സിറ്റി ‘ എന്ന ആഗോള ക്യാപയിനിന്റെ ഭാഗമായ  പ്രവർത്തനങ്ങൾ ഇന്ത്യയിലും വ്യാപിപ്പിക്കുന്നതിന്റെ ചുവടുപിടിച്ചാണ് കമ്പനിയുടെ കൊച്ചി ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ത്യൻ നഗരങ്ങളുടെ  സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യം വച്ചുള്ള  പദ്ധതിയിൽ  ഏതാണ്ട് 200 കോടി രൂപ ചിലവഴിക്കും. 2025 ഓടെ ലോകത്തെ150 ഓളം രാജ്യങ്ങളിലെ ഓരോ നഗരത്തെയെങ്കിലും സമ്പൂർണ സി സി ടി വി സുരക്ഷാ വലയത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ്  ” സെക്യൂർ അവർ സിറ്റി ”  അഥവാ ” നമ്മുടെ നഗരങ്ങളെ സുരക്ഷിതമാക്കുക ” എന്ന ആഗോള സുരക്ഷാ കാമ്പയിന് കമ്പനി തുടക്കം കുറിച്ചിട്ടുള്ളത്. ഇതിന്റെ  ഭാഗമായി ഓരോ നഗരത്തിലും 10,000 ത്തോളം കാമറകൾ സ്ഥാപിക്കും. ഏതാണ്ട്  1.5 ബില്യൺ അമേരിക്കൻ ഡോളറാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.  

ഇന്ത്യയിൽ കമ്പനിയുടെ പ്രവർത്തനം സെക്യൂർ കാം ഇന്ത്യ എന്ന പേരിലാണ്. കൊച്ചിക്കു പുറമെ ബെംഗളൂരുവിലും കമ്പനി  ഓഫീസ് തുറന്നിട്ടുണ്ട്. യു എ ഇ ആസ്ഥാനമായ കമ്പനിയെ നയിക്കുന്നത് പ്രവാസി മലയാളിയായ റിജോയ് തോമസാണ്‌.

 

കൊച്ചി നഗരം സ്വാഭാവികമായും ആദ്യപരിഗണനയിൽ തന്നെ ഉണ്ടായിരുന്നതായി സെക്യൂർ കാം ചെയർമാനും സി ഇ ഒ യുമായ റിജോയ് തോമസ് പറഞ്ഞു. ” ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുള്ള സെക്യൂർ കാമിന്റെ  പ്രവർത്തനങ്ങൾ പടിപടിയായി രാജ്യം മുഴുവൻ വ്യാപിപ്പിക്കും. താമസിയാതെ രാജ്യത്തിൻറെ നാലു വിദൂര കോണുകളിലും കമ്പനിയുടെ സജീവമായ സാന്നിധ്യം ഉണ്ടാകും ” , അദ്ദേഹം വ്യക്തമാക്കി. 

 

ഐ ടി മേഖലയിൽ ത്വരിതഗതിയിലുള്ള മുന്നേറ്റം രേഖപ്പെടുത്തുന്ന ഇന്ത്യൻ വിപണിയിൽ തങ്ങളുടെ  പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനെപ്പറ്റി വിശദീകരിച്ച അദ്ദേഹം  സെക്യൂർ കാമിന്റെ സാധ്യതകളെപ്പറ്റി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ” അടുത്ത മൂന്നു വർഷത്തിനകം സർവീലൻസ് കാമറ വ്യവസായം ഇരട്ടയക്ക വളർച്ച രേഖപ്പെടുത്തും. 15 മുതൽ 20 ശതമാനം വരെ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ  നിർണായക പങ്കാണ് കമ്പനിക്ക് വഹിക്കാനുള്ളത് ” , അദ്ദേഹം കൂട്ടിച്ചേർത്തു.

 

യു എ ഇ യിലും ജി സി സി രാജ്യങ്ങളിലും ഐ ടി സൊല്യൂഷൻസ്, സെക്യൂരിറ്റി രംഗത്തെ അതികായരായ സെക്യൂർ കാം അവിടത്തെ  വൻകിട കോർപറേറ്റ് സ്ഥാപനങ്ങളുമായി യോജിച്ചാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയടക്കമുള്ള പുതിയ വിപണികൾ കീഴടക്കാനാവും വിധത്തിൽ, സ്വന്തമായി വികസിപ്പിച്ചെടുത്ത നൂതന ബ്രാൻഡഡ് ഉല്പന്നങ്ങൾ താമസിയാതെ അവതരിപ്പിക്കും.

ഇന്ത്യയിൽ മാത്രം 20000 കോടി രൂപയ്ക്കു മുകളിലുള്ള വിപണിയാണ് തങ്ങൾ ലക്ഷ്യം വെയ്ക്കുന്നതെന്നും 2019 അവസാനത്തോടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ സെക്യൂർ കാം ചുവടുറപ്പിക്കുമെന്നും റിജോയ് തോമസ് പറയുന്നു. 

 

ആഗോള തലത്തിൽ 1.5 മില്യൺ കെട്ടിടങ്ങൾക്ക് സൗജന്യ സി സി ടി വി സുരക്ഷ നൽകാനുള്ള വിപുലമായ പദ്ധതിക്ക് കമ്പനി  തുടക്കം കുറിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായ് ബുർജ് ഖലീഫയിലെ പ്രശസ്തമായ അർമാനി ഹോട്ടലിൽ വെച്ച് കഴിഞ്ഞ ഒക്ടോബറിലാണ് പദ്ധതിയുടെ ലോഞ്ചിങ് നടന്നത്. ഒന്നാം ഘട്ടത്തിൽ ഇന്ത്യയുൾപ്പെടെ 13 രാജ്യങ്ങളിൽ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

 

 

ഇന്ത്യയിൽ പദ്ധതി നടപ്പിലാക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് സെക്യൂർ കാം സി ഒ ഒ എമിൽ ജോസ് പറഞ്ഞു.

” ഘട്ടം ഘട്ടമായി അഞ്ചു നഗരങ്ങളിലാണ് സെക്യൂർ ഔർ സിറ്റി പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ നഗരം ഏതെന്ന് ജൂണിൽ പ്രഖ്യാപിക്കും. പദ്ധതിയുടെ ഭാഗമാവാൻ  താൽപ്പര്യമുള്ളവർക്ക് securecam.org ൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഏറ്റവുമധികം ആളുകൾ രജിസ്റ്റർ ചെയ്ത നഗരത്തിനാവും മുൻഗണന നൽകുന്നത് ” , എമിൽ വ്യക്തമാക്കി.

 

ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നഗര സുരക്ഷിതത്വം ഉറപ്പാക്കാൻ ആവുമെന്നും നഗരങ്ങളുടെ  സുരക്ഷിതത്വം രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുമെന്നുമുള്ള പ്രചരണത്തിനാണ് ലക്ഷ്യമിടുന്നത്.

നഗരങ്ങളിലെ സാമ്പത്തിക വളർച്ചയെ പിറകോട്ടടിപ്പിക്കുന്ന ഒരു ഘടകം കുറ്റകൃത്യങ്ങളിലെ വർധനവാണ്. ഇക്കാര്യത്തിൽ യു എ ഇ ഒരു മാതൃകാ രാജ്യമാണ്. പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്താൽ എമിറേറ്റ്സിന്റെ ക്രമസമാധാന ചുമതലയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരം ഒരു ആഗോള  കാമ്പയിന് തുടക്കം കുറിക്കാൻ പ്രചോദനമായത് യു എ ഇ അനുഭവങ്ങളാണ് ” , യു എ ഇ പൗരനും വ്യാപാര പങ്കാളിയും സെക്യൂർ കാം ഐ ടി സൊല്യൂഷൻസ് വിഭാഗം മാനേജിങ് ഡയറക്ടറുമായ അഹ്മദ് സരൂർ അൽ മരാർ വ്യക്തമാക്കി.

 

പദ്ധതിയുടെ ഭാഗമായി അഞ്ചിലൊന്ന് ഇന്ത്യൻ നഗരങ്ങളിൽ കുറഞ്ഞത് 10,000 സി സി ടി വി കാമറകൾ സൗജന്യമായി നൽകും. പരമാവധി 30 ദിവസം വരെയുള്ള ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്ന എട്ടു ചാനലുള്ള ഹൈ ഡെഫനിഷൻ കാമറ  യൂണിറ്റാണ് നൽകുന്നത്. സൗജന്യ ഇൻസ്റ്റലേഷനും രണ്ടുവർഷത്തെ വാറണ്ടിയും ഒരു വർഷത്തെ സേവനവും ഉറപ്പുനല്കുന്നുണ്ട്. ഹാർഡ് ഡിസ്ക് കപ്പാസിറ്റി വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്തമായിരിക്കും. 

 

നിലവിലുള്ള സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നഗരസുരക്ഷ ഉറപ്പാക്കുകയും പൗരന്മാർക്ക് സമാധാന ജീവിതം കൈവരുത്തുകയുമാണ് തങ്ങളുടെ  ലക്ഷ്യമെന്ന് റിജോയ് പറഞ്ഞു. തുടക്കത്തിൽ ഓരോ രാജ്യത്തും ഓരോ നഗരം എന്ന നിലയിൽ ഇത് പ്രാവർത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത്.  

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഇംഫാൽ വിമാനത്താവളം പ്രൊജക്റ്റ് മാനേജ്മെൻറ് കരാർ കിറ്റ് കോ നേടി 

രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടെതിർക്കുക, കുടിപ്പക രാഷ്ട്രീയത്തിന് വളവും വെള്ളവും നല്കാതിരിക്കുക