Movie prime

സീഡിംഗ് കേരള 2020: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ചത് 70 കോടി രൂപയുടെ നിക്ഷേപം

കേരള സ്റ്റാര്ട്ടപ്പ് മിഷന് കൊച്ചിയില് സംഘടിപ്പിച്ച നിക്ഷേപക സംഗമമായ സീഡിംഗ് കേരളയില് സ്റ്റാര്ട്ടപ്പ് സംരംഭങ്ങള്ക്ക് ലഭിച്ചത് 70 കോടി രൂപയുടെ നിക്ഷേപ പ്രഖ്യാപനം. സീഡിംഗ് കേരളയുടെ സമാപനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്. നിക്ഷേപം ലഭിച്ച പ്രമുഖ സ്റ്റാര്ട്ടപ്പ് സംരംഭങ്ങള് ഇവയാണ്: തൊഴില് മത്സര പരീക്ഷകളില് സഹായിക്കുന്ന ഏറെ ജനപ്രിയമായ ആപ്പായ എന്ട്രി. രാജ്യത്തെ വിവിധ പിഎസ്സികള്, ബാങ്കിംഗ് മേഖല, കേന്ദ്രസര്ക്കാര് തൊഴില് മത്സര പരീക്ഷകള് തുടങ്ങിയവയില് പ്രയോജനപ്രദമാണ് ഈ ആപ്. ഗുഡ് ക്യാപിറ്റല് എന്ന വെഞ്ച്വര് ക്യാപിറ്റല് More
 
സീഡിംഗ് കേരള 2020: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ചത്  70 കോടി രൂപയുടെ നിക്ഷേപം

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമമായ സീഡിംഗ് കേരളയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ലഭിച്ചത് 70 കോടി രൂപയുടെ നിക്ഷേപ പ്രഖ്യാപനം. സീഡിംഗ് കേരളയുടെ സമാപനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്. നിക്ഷേപം ലഭിച്ച പ്രമുഖ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ഇവയാണ്:

തൊഴില്‍ മത്സര പരീക്ഷകളില്‍ സഹായിക്കുന്ന ഏറെ ജനപ്രിയമായ ആപ്പായ എന്‍ട്രി. രാജ്യത്തെ വിവിധ പിഎസ്സികള്‍, ബാങ്കിംഗ് മേഖല, കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ മത്സര പരീക്ഷകള്‍ തുടങ്ങിയവയില്‍ പ്രയോജനപ്രദമാണ് ഈ ആപ്. ഗുഡ് ക്യാപിറ്റല്‍ എന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടാണ് നിക്ഷേപം നടത്തിയത്.

ബാഡ്മിന്‍റണ്‍, ഫുട്ബോള്‍ എന്നിവ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ക്ലബ് ശൃംഖലയായ സ്പോര്‍ട്സ്ഹുഡ്. 21 ക്ലബുകളിലായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്പോര്‍ട്സ് ക്ലബ് ശൃംഖലയാണ് ഇവരുടേത്. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീഫണ്ടാണ് സ്പോര്‍ട്സ്ഹുഡില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്.

പത്തു ഭാഷകളില്‍ വേദാഷ്ഠിത ജ്യോതിഷ സേവനങ്ങള്‍ നല്‍കുന്ന ആസ്ട്രോവിഷന്‍. രാജ്യത്തെ ഏറ്റവും വലിയ വിവാഹവെബ് പോര്‍ട്ടലുകളില്‍ ഒന്നായ മാട്രിമോണി ഡോട് കോമാണ് ആസ്ട്രോവിഷനില്‍ നിക്ഷേപം നടത്തിയത്. 170 രാജ്യങ്ങളില്‍ ഉപഭോക്താക്കളുള്ള ഈ കമ്പനി ഇതിനകം 11 കോടി ജാതകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

ഡയപ്പറുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുതകുന്ന ബംബെറി എന്ന ഹരിത ഡയപ്പര്‍ നിര്‍മാണ സ്ഥാപനം. പുനരുപയോഗിക്കാവുന്ന ഈ ഡയപ്പറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് പ്രകൃതിദത്ത നാരുകളില്‍ നിന്നുണ്ടാക്കുന്ന തുണി ഉപയോഗിച്ചാണ്. കേരള എയ്ഞ്ജല്‍ നെറ്റ്വര്‍ക്കിലെ ഒരു സംഘം നിക്ഷേപകരാണ് ബംബെറിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.

മറ്റേണിയ കെയര്‍ ടെക്നോളജീസിന്‍റെ ഐലൗ നയന്‍ മന്ത്സ് എന്ന ഉത്പന്നത്തില്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്വിഫിന്‍ വെഞ്ച്വേഴ്സ് ആണ് നിക്ഷേപിച്ചിരിക്കുന്നത്. ആധുനിക കാലത്ത് ഗര്‍ഭിണികള്‍ക്കും പ്രസവം കഴിഞ്ഞ അമ്മമാര്‍ക്കും ഉപദേശങ്ങളും വെര്‍ച്വല്‍ റിയാലിറ്റി സഹായങ്ങളുമാണ് ഈ ഉത്പന്നം വാഗ്ദാനം ചെയ്യുന്നത്.

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ബാങ്കിംഗ്, ആശുപത്രി തുടങ്ങിയ മേഖലയിലെ എച്ച് ആര്‍ സേവനങ്ങളും നിയമനങ്ങളും ഏകോപിപ്പിക്കുകയാണ് സാപ്പി ഹയര്‍ ആപ്പ് ചെയ്യുന്നത്. സ്മാര്‍ട്ട് സ്പാര്‍ക്സാണ് ഇതില്‍ നിക്ഷേപം നടത്തിയത്.

പൊതു സുരക്ഷ ,വനിത സുരക്ഷ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ബട്ടണ്‍ റോബോട്ടിക് സിസ്റ്റത്തിന് പവിഴം ഗ്രൂപ്പ് നല്‍കുന്ന സാമൂഹ്യപ്രതിബദ്ധത ഫണ്ട് കൈമാറുന്ന ചടങ്ങും സീഡിംഗ് കേരളയില്‍ നടന്നു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത വാട്ട്എസേല്‍ എന്ന സംരംഭത്തില്‍ കെഎസ് യുഎം നിക്ഷേപിച്ച ആറു ലക്ഷം രൂപ തിരികെ നല്‍കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു.