ട്രാന്‍ജെന്‍ഡര്‍മാര്‍ക്ക് സ്വയം തൊഴില്‍ ധനസഹായം: 30 ലക്ഷത്തിന്റെ ഭരണാനുമതി

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ സാമൂഹ്യ പുനര്‍സംയോജനം സാദ്ധ്യമാക്കുന്ന തരത്തിലുള്ള സ്വയം തൊഴില്‍ പദ്ധതി നടപ്പിലാക്കുന്നതിന് 30 ലക്ഷം രൂപ വനിതാ വികസന കോര്‍പ്പറേഷന് കൈമാറുന്നതിനുള്ള ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ ധനസഹായമായി സബ്‌സിഡി നിരക്കില്‍ ഒരു വ്യക്തിക്ക് പരമാവധി മൂന്നു ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറും വനിതാ വികസന കോര്‍പ്പറേഷന്‍ എം.ഡി.യും ചേര്‍ന്നാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. ഇവര്‍ക്ക് മറ്റുള്ളവരെപ്പോലെ സ്വന്തം കാലില്‍ നില്‍ക്കാനും പുതിയ സംരംഭങ്ങള്‍ തുടങ്ങാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലും ഇതു സംബന്ധിച്ച് തീരുമാനം എടുത്തിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സ്വയം സംരംഭകരാക്കി മാറ്റാനും അതിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുവാനുമായി സംരഭകത്വ പരിശീലന പരിപാടികളും സംഘടിപ്പിച്ചു വരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി 90 ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

സമൂഹത്തില്‍ ഏറ്റവുമധികം അവഗണന അനുഭവിക്കുന്ന വിഭാഗമായ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരുന്നതിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരുന്നത്.

ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ഈ പോളിസിയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ ക്ഷേമത്തിനായി സാമൂഹ്യനീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. കൂടാതെ ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിപുലമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും വ്യക്തിഗത ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ചലച്ചിത്രോത്സവം: ലോക സിനിമയിലെ മിന്നും മുത്തുകൾ ഇത്തവണ മത്സരത്തിന്

ശബരിമല: ടാറ്റ പ്രൊജക്ട്സ് 25 കോടിയുടെ പ്രവൃത്തി സൗജന്യമായി ചെയ്തു