വിദ്യാഭ്യാസ രംഗത്ത് സ്വാശ്രയപൂർണമായ  ആവാസവ്യവസ്ഥ സൃഷ്ടിക്കണം: മന്ത്രി സി. രവീന്ദ്രനാഥ്

തിരുവനന്തപുരം :വിദ്യാഭ്യാസ രംഗത്ത് സ്വാശ്രയപൂർണമായ ആവാസവ്യവസ്ഥ രൂപപ്പെടുത്തിയെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. വിദ്യാലയങ്ങളെ ജനകീയമാക്കി വളർത്തി പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുകയെന്നതാണു സർക്കാരിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നടക്കുന്ന നവകേരളം കർമപദ്ധതി ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 
അടുത്ത അധ്യയന വർഷം ഈ വർഷത്തേതിനേക്കാൾ കൂടുതൽ വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിലെത്തുമെന്ന് ഉറപ്പുവരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം. മതിയായ കുട്ടികളില്ലാത്ത സ്‌കൂളുകളിൽ കൂടുതൽ വിദ്യാർഥികളെ എത്തിക്കാൻ ജനകീയ കർമപദ്ധതികൾ ആസൂത്രണം ചെയ്യണം. ജനങ്ങളെ പങ്കെടുപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് ഇക്കാര്യത്തിൽ ഉണ്ടാകേണ്ടത്. അങ്ങനെയായാൽ മാറ്റങ്ങൾ നിലനിർത്താൻ ജനങ്ങളുടെ പിന്തുണയുണ്ടാകും.  
 
സ്‌കൂളുകളിൽ അധ്യാപകരില്ലാത്ത സാഹചര്യമുണ്ടാകാതിരിക്കാൻ പഞ്ചായത്തുകൾ ജാഗരൂകരായിക്കണം. സ്ഥിരം അധ്യാപകരില്ലാത്ത സ്ഥിതിയുണ്ടെങ്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ ഉടൻ നിയമിക്കണം. ഇത് അനുവദിച്ച് സർക്കാർ ഉത്തരവുണ്ട്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ എട്ടു മുതൽ 12 വരെ ക്ലാസുകൾ ഹൈടെക് ആക്കിയിട്ടുണ്ട്. ചില സ്‌കൂളുകളിൽ പല കാരണങ്ങൾകൊണ്ടും ഈ സംവിധാനം പൂർണ പ്രവർത്തനക്ഷമമായിട്ടില്ല. ഭൗതിക സാഹചര്യങ്ങളുടെ കുറവുമൂലമാണ് ഇങ്ങനെവന്നിട്ടുള്ളത്. ഇതും പഞ്ചായത്തുകൾ ഇടപെട്ടു പരിഹരിക്കണം. എട്ടു മുതൽ 12 വരെ ക്ലാസുകൾ ഹൈടെക് ആയി എന്ന് ഉറപ്പുവരുത്തേണ്ടത് കടമയായി കാണാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കു കഴിയണം.
 
എൽ.പി, യു.പി. സ്‌കൂളുകൾ ഹൈടെക് ആക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിനും പഞ്ചായത്തുകളുടെ പിന്തുണ വേണമെന്നു മന്ത്രി പറഞ്ഞു. ഓരോ സ്‌കൂളിലും ഈ പദ്ധതി നടപ്പാക്കാൻ എന്തൊക്കെയാണു വേണ്ടതെന്ന്  കണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചാൽ  അതിനുള്ള തുടർ നടപടികൾ ചെയ്യും. ഹൈടെക് ക്ലാസ് ഒരുക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളിൽ പരിമിതികളുണ്ടെങ്കിൽ പഞ്ചായത്തുകൾ ഇടപെടണം. അടച്ചുറപ്പുള്ള മുറികൾ, അറ്റകുറ്റപ്പണി, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയവ ഉറപ്പുവരുത്താൻ പഞ്ചായത്തുകൾക്ക് ഏറെ സഹായം നൽകാനാകും. 
 
500ൽ കൂടുതൽ കുട്ടികളുള്ള സ്‌കൂൾ കെട്ടിടങ്ങൾ  നവീകരിക്കുന്നതിന് കിഫ്ബിയിൽപ്പെടുത്തി ഫണ്ട് ലഭ്യമാക്കാൻ സർക്കാർ പദ്ധതിരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതു മുന്നിൽക്കണ്ട് തങ്ങളുടെ അധികാരപരിധിയിലുള്ള സ്‌കൂളുകളിൽ പഞ്ചായത്തുകൾ പരിശോധന ആവശ്യങ്ങൾ സംബന്ധിച്ച സമഗ്ര റിപ്പോർട്ട് തയാറാക്കണം. ഒരു പഞ്ചായത്തിൽ ഒരു സ്‌കൂളിലെങ്കിലും മെച്ചപ്പെട്ട ലാബും ലൈബ്രറിയുമുണ്ടാകണം. 
 
ജൈവ വൈവിധ്യ ഉദ്യാനങ്ങൾ വിദ്യാലയങ്ങളിൽ ഉറപ്പാക്കണം. 33 ശതമാനം ഹരിതാവരണം എല്ലാ സ്‌കൂളുകളിലുമുണ്ടാകണമെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. കൃഷി, വനം വകുപ്പുകളുമായി ബന്ധപ്പെട്ട് ഇതു പൂർത്തിയാക്കാനുള്ള നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

യു എസ് ടിയുടെ വാർഷിക ഡെവലപ്പർ കോൺഫറൻസ് ‘ ഡി 3 ‘  ഡിസംബർ 6 മുതൽ 

സ്റ്റാര്‍ട്ടപ് യാത്ര ഗ്രാന്‍ഡ് ഫിനാലെ: അരുണിമ സി ആര്‍ മികച്ച വനിതാ സംരംഭക